നീലാകാശം പച്ചക്കടൽ പിന്നെ കാറ്റും

ഒരു ദിവസം. പകൽ ആകാശത്ത്. പിന്നെ കടലിൽ. ഉച്ചക്ക് ബസിൽ. വൈകീട്ട് ട്രെയിനിൽ...തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് ‘വൺഡേ വണ്ടറിനൊപ്പം’ പോയി വരാം....

അക്ഷമയുടെ ആദ്യ ബഞ്ചിലായിരുന്നു പാർവതിയെന്ന രണ്ടാം ക്ലാസുകാരി. വേണമെങ്കിൽ വിമാനം ‘കൈകാണിച്ച് നിർത്തി’ കയറിപ്പോകാൻ റെഡിയായി നിൽക്കുന്നു. സ്കൂൾ ബസിൽ ചാടി കയറുന്ന പോലെ എളുപ്പമാണെന്നു വിചാരിച്ചെങ്കിലും ‘പൊലീസ് മാമന്റെ’ തോക്കു കണ്ടപ്പോൾ ടീച്ചറിന്റെ കൈയിലെ ചൂരൽ ഓർമ വന്നെന്നു തോന്നുന്നു. അതോടെ കക്ഷി അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്തേക്ക് തിരിച്ചു പോന്നു.

പാർവതി മാത്രമല്ല തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം നമ്പർ ടെർമിനലിനു പുറത്തു നിന്ന അമ്പത്തിരണ്ടു പേരുടെ മനസ്സും പരീക്ഷാ റിസൽട്ടു നോക്കുമ്പോൾ സിസ്റ്റം ഹാങ്ങായി പോയ അതേ അവസ്ഥയായിരുന്നു. ആകെയൊരു വെപ്രാളം. കൂട്ടത്തിൽ ഒന്നോ രണ്ടോ പേരൊഴികെ എല്ലാവരും വിമാനത്തിൽ ആദ്യമായാണ് കയറാൻ പോകുന്നത്. ഇനീപ്പോ വിമാനത്തിൽ കയറീട്ട് എന്തൊക്കെ ചെയ്യണം? ഇനി സെക്യൂരി ചെക്കിങ്ങിൽ... ടെൻഷനടിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങളുണ്ട്.

നമ്മളൊരു യാത്ര പോകുകയാണ്. ആകാശത്തു വച്ച് സൂര്യോദയം കണ്ട് കടലിൽ നട്ടുച്ചകണ്ട് കരയിൽ നിന്ന് അസ്തമയം ആസ്വദിക്കാവുന്ന സുന്ദര യാത്ര....ഒരേ ദിവസം വിമാനത്തിലും മിനിഷിപ്പിലും ബസ്സിലും ട്രെയിനിലും യാത്ര ചെയ്യാനാകുന്ന അദ്ഭുത യാത്ര കേരള സർക്കാരിന്റെ ടൂർഫെഡാണ് ഒരുക്കുന്നത്.

സമയം വെളുപ്പിനെ നാലുമുപ്പതു കഴി‍ഞ്ഞിരിക്കുന്നു. ടൂർഫെഡ് പ്രതിനിധി ശ്യാം ഹാജർ. എല്ലാവർക്കും ടിക്കറ്റും ടാഗും വിതരണം ചെയ്തു ഇനി ചെക്കിൻ ചെയ്യാം.....

ടിക്കറ്റും കൊണ്ട് ഓടാൻ നിൽക്കുന്നതിനിടയിൽ രണ്ടാം ക്ലാസുകാരി പാർവതി വന്ന് ഒരു സ്വകാര്യം ചോദിച്ചു: ‘‘വിമാനത്തിന്റെ ജനലിൽ കൂടി പുറത്തേക്കു നോക്കിയാൽ പല്ലു കാണാൻ പറ്റ്വോ?

വിമാനത്തിനുള്ളിൽ. ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

‘പല്ലോ’ എന്നു തിരിച്ചു ചോദിക്കും മുന്നേ നന്നായി ചിരിച്ചു കാണിച്ചു. മുൻവശത്തെ രണ്ടു പല്ല് മാഞ്ഞു പോയിരിക്കുന്നു.... ‘ആകാശത്തേക്ക് പറന്നുപോയ’ ആ പല്ലാണ് വിമാനത്തിൽ കയറിയപ്പോൾ കണ്ടുമുട്ടാൻ സാധ്യതയുണ്ടോ എന്ന് അന്വേ ഷിക്കുന്നത്....

ഈ യാത്രയ്ക്ക് മുമ്പ് ഒരു കൈകാര്യം ഉറപ്പിക്കണം. പാദസരവും കിലുക്കി മുടിയും ആട്ടി നടന്നു പോവുന്ന സ്കൂൾ കുട്ടിയുടെ മനസ്സിലേക്ക് ഒരു കൂടുമാറ്റം നടത്തണം. വിമാനത്തിലെ കുഞ്ഞു ജനാലയിൽക്കൂടി എത്തി വലിഞ്ഞു നോക്കുമ്പോൾ കാണുന്ന മേഘരൂപങ്ങളിൽ, കടൽത്തിരയിൽ തെന്നുന്ന കപ്പലിൽ ഒക്കെ കൗതുകം കൊളളുന്ന മനസ്സ്.... മറിച്ചായാൽ യാത്രയുടെ മഴവില്ലൊടിഞ്ഞു പോകും. എന്നാലിനി ഐശ്വര്യമായി വിമാനത്തിലേക്കു കയറാം....

ദിലീപേട്ടാ...താങ്ക്യൂൂൂ....

‘വെട്ടം’ സിനിമയിൽ ദിലീപിന്റെ കഥാപാത്രം നായികയെ പറ്റിക്കുന്നതാണ് വിമാനത്തിലേക്ക് വലം കാലെടുത്തു വച്ചപ്പോൾ തൃശൂരിലുളള ബാലന് ഓർമ വന്നത്. മൂക്കിൽ പഞ്ഞി വച്ച് തലയ്ക്കു മുകളിലൂടെ വെളളം ഒഴിക്കുന്ന സിനിമയിലെ നായികയെ പോലെ അബദ്ധങ്ങൾ ചെയ്യരുതെന്ന് ഉറപ്പിച്ചാണ് വിമാനത്തിൽ കയറിയത്.

കൈകൂപ്പി മുഖത്ത് പുഞ്ചിരി സ്റ്റിക്കർ ഒട്ടിച്ചു നടന്ന എയർ ഹോസ്റ്റസുമാരെ കണ്ടപ്പോൾ ബാലന്റെ നെ‍ഞ്ചിടിപ്പ് പാണ്ടിയിലും പഞ്ചാരിയിലും മാറി മാറി കൊട്ടി.‘‘കുറേ നാളായി വിമാനത്തിൽ കയറിയവരുടെ വീമ്പു പറച്ചിൽ കേൾക്കാൻ തുടങ്ങിയിട്ട്. ഇപ്പോഴല്ലേ മനസ്സിലായത് ഇതു വെറും സിംപിളാണെന്ന്.

എന്നാലും ഇവരീ പറയണ കേൾക്കുമ്പോൾ ഒരിത്....ദേ, കേട്ടില്ലേ വിമാനത്തിനുളളിൽ ഓക്സിജൻ കുറഞ്ഞാൽ മുകളിൽ നിന്ന് എന്തോ സാധനം താഴേക്ക് വരുമെന്നോ ലൈറ്റു തെളി യുമെന്നോ..... എന്തൊക്കെയോ പറയുന്നുണ്ട്.... നമ്മളതൊന്നും കേൾക്കേണ്ട...’’ ‘പേടിക്കാതെ’ ബാലൻ കുഞ്ഞു ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു.

വിമാനം അനങ്ങിത്തുടങ്ങിയപ്പോഴേ കുട്ടികൾ കൈയടിച്ചു. എല്ലാവരും സീറ്റ് ബെൽറ്റ് ഇട്ട് ടേക്ക് ഓഫിന് റെഡിയായി മസിലും പിടിച്ച് ഇരുന്നു. കാറ്റ് കൊടുങ്കാറ്റാവും പോലെ ഓട്ടം. പിന്നെ ചിറകു വിരിച്ചുളള പറക്കൽ. നനുത്ത മേഘങ്ങൾക്കിടയിലൂടെ താഴേക്ക് നോക്കി. ചെറിയ വെളിച്ചത്തിൽ പച്ചപുതപ്പ് പരന്നു കിടക്കുന്നു. കുറച്ചപ്പുറം കുഞ്ഞനുറുമ്പുകളെ പോലെ കെട്ടിടങ്ങൾ. നിമിഷങ്ങൾക്കുളളിലാണ് മേഘക്കടലിനു മുകളിലേക്ക് വിമാനം എത്തിയത്. നിശ്ചലമായ മേഘത്തിരമാലകൾക്ക് മീതെ അനങ്ങാതെ നിൽക്കുന്ന ഒരു കപ്പൽ പോലെ.....

ആകാശത്തിലെ സൂര്യോദയം...

എത്ര ഉയരത്തിലാണു പറക്കുന്നതെന്ന വിവരം സീറ്റിനു മുന്നിലെ സ്ക്രീനിൽ തെളിഞ്ഞു. കൂട്ടത്തിൽ ഏതോ സയൻസ് മാഷ് ഉണ്ടെന്നു തോന്നുന്നു, ഉയരം കൂടുമ്പോൾ അന്തരീക്ഷ മർദം എങ്ങനെ കുറയുന്നു എന്നതിനെക്കുറിച്ച് കാര്യമായി ക്ലാസ് എടുക്കുന്നുണ്ട്. ഇനി ചോദ്യം ചോദിക്കുമോ ആവോ....

പെട്ടെന്നാണ് ഇന്റർവെല്ലിനു ബെല്ലടിക്കുമ്പോൾ ക്ലാസിൽ പൊട്ടുന്ന ആരവം വിമാനത്തിനുളളിൽ മുഴങ്ങിയത്. അകലെ മേഘങ്ങൾക്കപ്പുറം സൂര്യൻ ഉദിച്ചു നിൽക്കുന്നു. ഇതാ ‘ആകാശത്തിലെ സൂര്യോദയം....’ ആരോ പറഞ്ഞു. മാനവും മേഘവും ചുവപ്പിന്റെ പലതരം ചായങ്ങളിൽ കുളിച്ചു തുടങ്ങി, വിമാനത്തിന്റെ കിളിവാതിലിലൂടെ സ്വർണ നൂലിഴകൾ അകത്തേക്ക് വിരുന്നു വന്നതോടെ മനസ്സിൽ പല പ്രഭാതങ്ങൾ തെളിഞ്ഞു വന്നു. അരയാലിൽ, വയൽവരമ്പിൽ, കായൽക്കരയിൽ, ഫ്ലാറ്റിലെ ജനലിനപ്പുറം ഉദിച്ചുയരുന്ന പലതരം ‘സൂര്യനമ്മാവന്മാർ’. പക്ഷേ, ആനയും കുതിരയും ഒട്ടകവും മാറുന്ന മേഘ രൂപങ്ങൾക്കിടയിലെ ഈ പ്രഭാതത്തിന് ഇതിലൊന്നും കാണാനാകാത്ത സൗന്ദര്യമുണ്ട്.

ആറ് മുപ്പത്. അൽപസമയത്തിനുളളിൽ കൊച്ചിയിലെത്തുമെന്ന അറിയിപ്പ്. ‘അയ്യോ എത്തിയോ’ എന്ന ഭാവത്തിൽ ഒരു ചേട്ടൻ ചാടിയെഴുന്നേറ്റു. ചിരിയോടെ എത്തിയ ക്യാബിൻ ക്രൂ ‘ബേജാറാവല്ലേ’ എന്ന് ഇംഗ്ലീഷിൽ പറഞ്ഞ് കക്ഷിയെ പിടിച്ചിരുത്തി. സീറ്റ് ബെൽറ്റ് ഇടുന്ന ശബ്ദം. മേഘക്കടലിൽ നിന്ന് പുറത്തിറങ്ങി...താഴെ കൊച്ചിയുടെ പച്ച. നേർത്ത വര പോല കായൽ, വിമാനമൊന്ന് ലാലേട്ടനായി– തോളു ചെരിച്ചു ലാൻഡിങ്ങിനു തയാറെടുത്തു.

നിമിഷങ്ങൾക്കുളളിൽ റൺവേയിലേക്കുളള യാത്ര തുടങ്ങി. അടുത്തിരുന്ന ഒരമ്മ മകന്റെ കൈയിൽ മുറുക്കിപ്പിടിച്ചു. കുട്ടിക്കാലത്തെങ്ങോ കയറിയ ജയന്റ് വീലാണെന്നു തോന്നുന്നു അമ്മയുടെ മനസ്സിൽ തെളിഞ്ഞത്.... കൊച്ചിയുടെ മണ്ണിൽ വിമാനം തൊട്ടെങ്കിലും ആർക്കും ഇറങ്ങാൻ തോന്നിയില്ല. ഇറങ്ങുമ്പോൾ സെൽഫി എടുക്കുന്നതിന്റെ തിരക്ക്....

യാത്രാസംഘം എയർപോർട്ടിൽ

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നു പുറത്തേക്കുളള വഴിയിൽ വച്ച് വീണ്ടും ആ രണ്ടാം ക്ലാസുകാരിയെ കണ്ടു–പറിഞ്ഞുപോയ പല്ല് ആകാശത്തു വച്ച് കാണാൻ നിന്ന പാർവ തിയെ....കിലുക്കം സിനിമയിൽ‌ ‘ജ്യോതീം വന്നില്ല ഒന്നും വന്നില്ല’ എന്നു പറയുന്ന രേവതിയുടെ ഭാവം മുഖത്ത്....

‘‘പല്ലു പോയപ്പോ അപ്പൂപ്പനാ പറഞ്ഞേ, അത് ആകാശത്തേക്കാ പോയതെന്ന്. ഇപ്പോ പറയണു മഴ പെയ്തപ്പോ അത് കടലിൽ വീണിട്ടുണ്ടാവുമെന്ന്. അടുത്തത് കടലിലേക്കല്ലേ പോവുന്നത്, ഇനി അവിടെ നോക്കാം.’’ ആ പാദസരക്കിലുക്കത്തിനൊപ്പം നമുക്കും കടലിലേക്കു പോകാം.

അറബിക്കടലൊരു മണവാളൻ....

നെടുമ്പാശ്ശേരിയിൽ നിന്ന് മറൈൻ ഡ്രൈവിലേക്കുളള ബസ്. അവിടെയാണ് പ്രഭാത ഭക്ഷണം. അതു കഴിഞ്ഞ് സാഗര റാണി എന്ന ചെറുകപ്പലിൽ കടലിലേക്കു പോവും. ബസ് ആലുവാപ്പുഴ കടന്നപ്പോൾ ഒപ്പമുളള ടൂർഫെ‍ഡ് മാർക്കറ്റിങ് അസിസ്റ്റന്റ് ശ്യാം യാത്രയെക്കുറിച്ച് പറഞ്ഞു തുടങ്ങി.

ബസിൽ മട്ടാഞ്ചേരിയിൽ പോകുവാൻ തയാറായി നിൽക്കുന്ന സംഘം

‘‘നാലു തരം വാഹനത്തിൽ ഒരേ ദിവസം സഞ്ചരിക്കാനാവുന്നു എന്നതാണ് ഈ യാത്രയുടെ ഏറ്റവും വലിയ കൗതുകം. രാവിലെ എയർ ഇന്ത്യയുടെ ഫ്ലൈറ്റിന് കൊച്ചിയിൽ എത്തും. പിന്നെ സാഗരറാണിയിൽ രണ്ടര മണിക്കൂർ കടലിലൂടെയുളള യാത്ര. അതു കഴിഞ്ഞ് ഉച്ചഭക്ഷണം. പിന്നെ, ബസിൽ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി കാണാൻ പോവും. വൈകീട്ട് അഞ്ചു മണിയോടുകൂടി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തും. അവിടെ നിന്ന് ജനശതാബ്ദി എക്സ്പ്രസിന് തിരുവനന്തപുരത്തേക്കു മടങ്ങും. അതാണ് യാത്രയുടെ പ്ലാൻ.’’

ബസിപ്പോൾ കടമക്കുടിയുടെ ഗ്രാമസൗന്ദര്യത്തിനരികിലൂടെ വല്ലാർപാടത്തേക്ക് പറക്കുകയാണ്. വിശപ്പിന്റെ ഹോണടി മുഴങ്ങിയിട്ടാണെന്നു തോന്നുന്നു. ബസിലൊരു ഉഷാറില്ല. ഹോട്ടലിലെത്തിയപ്പോൾ ഇഡ്ഢലിയും ദോശയും ബ്രഡ് റോസ്റ്റുമെല്ലാം കാത്തിരിക്കുന്നു. പിന്നെ ഒരു നിമിഷം വൈകിയില്ല. അറ്റാാാക്ക്ക്ക്....

ബെല്ലും ബ്രേക്കും ഇല്ലാതെ ബ്രേക്ക്ഫാസ്റ്റ് കഴിച്ച ക്ഷീണത്തിലിരിക്കുമ്പോൾ ദാ വിളിക്കുന്നു ടൂർ ഗൈഡ് സതീഷ്. സാഗരറാണി റെഡിയായി നിൽക്കുന്നു. ഉടൻ പുറപ്പെടണം. ഹൈക്കോടതി ബോട്ട് ജെട്ടിയിലാണ് കടലിന്റെ റാണി മയങ്ങിക്കിടക്കുന്നത്. എട്ടരയ്ക്കും പതിനൊന്നിനും രണ്ടിനും വൈകീട്ട് അഞ്ചരയ്ക്കുമാണ് സാഗരറാണിയുടെ സാധാരണ യാത്രകൾ. ആതിഥേയനായി ശ്രീകാന്തുണ്ട്. സാഗരറാണിയിലെ ഗൈഡ്. ശ്രീകാന്ത് യാത്രയെക്കുറിച്ച് ആമുഖം തന്നു.

‘‘കടലിൽ ഏതാണ്ട് പത്തു കിലോമീറ്ററോളം മുന്നോട്ടു പോവും. വന്ദേമാതരത്തോടെയാണ് യാത്ര ആരംഭിക്കുന്നത്. കൊച്ചിയുടെ ചരിത്രം കടലിലേക്കു പോകുമ്പോൾ പറയും, തിരിച്ചു വരുമ്പോൾ’’ ആമുഖം പകുതിക്കു വച്ചു നിർത്തി. യാത്രയിലെ സസ്പെൻസ് കളയണ്ടല്ലോ.

സാഗരറാണി. ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

കൊച്ചി സ്വദേശിയായ സാജൻ പി. പ്രകാശാണ് ക്യാപ്റ്റൻ. ക്യാപ്റ്റൻ റൂമിലെത്തിയതോടെ വലിയൊരു ഹോൺ മുഴങ്ങി. കടലിലെ കൗതുകങ്ങളിലേക്ക് സാഗരറാണി പതുക്കെ യാത്രയായി. കായലിനരികിൽ വിടർന്നു വലുതാകുന്ന മാന്ത്രികപ്പൂവു പോലെ കൊച്ചി. ആഡംബരക്കാഴ്ചകളിലേക്ക് കണ്ണും നട്ടിരിക്കുകയാണ് എഴുപത്തഞ്ചു കഴിഞ്ഞ രവീന്ദ്ര പൈയും ഭാര്യ വരലക്ഷ്മിയും. ഈ പ്രായത്തിൽ യാത്രയോ എന്നു ചോദിക്കുന്നവരോട് പൈയുടെ ഉത്തരം പൊട്ടിച്ചിരിയാണ്. ഇതൊക്കെ ഒരു യാത്രയാണോ എന്നാണ് ആ ചിരിയുടെ അർഥം.

‘‘റിട്ടയർ ചെയ്തു കഴിഞ്ഞാണ് യാത്ര കാര്യമായി തുടങ്ങിയത്. ശ്രീലങ്ക, സിങ്കപ്പൂർ, മലേഷ്യ, മസ്ക്കറ്റ്, ദുബായ്....ഇവിടൊക്കെ പോയിട്ടുണ്ട്. അമൃതസറും ആഗ്രയും ഗോവയും ഈ ജനുവ രിയിൽ പോയി, അതിലൊന്നുമില്ലാത്ത മറ്റൊരു രസം ഈ യാത്രയ്ക്കുണ്ട്.’’ ക്യാമറയുമായി രവീന്ദ്രപൈ പോയി.

കൊച്ചി, കായൽ‌ കാഴ്ചകളിലൂടെ കൊതിപ്പിക്കുന്നുണ്ട്. മറൈൻവാക്ക് വേയും ചീനവലപ്പാലവുമൊക്കെ പിന്നിട്ട് കൊച്ചിൻ ക്രൂഡ് ഓയിൽ ടെർമിനലിനരികിലൂടെ ക്രൂഡ് ഓയിൽ കപ്പലുകളെ മറികടന്ന് സാഗര റാണി മുന്നോട്ടു പോയി. അകലെ വില്ലിങ്ടൻ ഐലൻഡ്. കൊച്ചിയുടെ തലവര മാറ്റിയെഴുതിയത് ഈ മനുഷ്യനിർമിത ഐലൻഡായിരുന്നു.

കായലിൽ നിന്ന് കടലിലേക്ക്. ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

പതിന്നാലു മുതൽ പതിനാറു മീറ്റർ ആഴമുളള കപ്പൽ ചാലിലൂ ടെയാണ് പോവുന്നതെന്നു പറഞ്ഞപ്പോൾ കപ്പലിനുളളിലൂടെ ഭയത്തിന്റെ കുഞ്ഞു കാറ്റു കടന്നു പോയി. അഴിമുഖത്തു നിന്ന് കടലിലേക്കു കയറിയപ്പോൾ ക്യാപ്റ്റന്റെ മുറിയിലേക്ക് കയറി.

അതാ വരുന്നു ഇരട്ടക്കുട്ടി....

‘‘ഇന്നു നല്ല കാലാവസ്ഥയാണ്.’’ നീലാകാശം ചൂണ്ടി ക്യാപ്റ്റൻ.’’ ആ കാണുന്നതാണ് ആങ്കറേജ്. കപ്പലുകളുടെ പാർക്കിങ് ഏരിയ. കൊച്ചിയിലേക്കുളള കപ്പലുകൾ ഇവിടെ എത്തും. പിന്നീട് പൈലറ്റ് ബോട്ട് വന്ന് തുറമുഖത്തേക്ക് വഴി കാട്ടും. തിരകളില്ലാത്ത കടലാസാണ് എല്ലാവർക്കും ഇഷ്ടം. കാറ്റൊന്നു കുറുമ്പു കാണിച്ചാൽ തിരയും വികൃതിയാവും. അതു പക്ഷേ, നമ്മുടെ യാത്രക്കാർക്ക് ഇഷ്ടമല്ല. രണ്ട് എഞ്ചിന്റെ ഇരട്ടച്ചങ്കുളള ഉരുക്കു വനിതയാണ് സാഗര റാണി. ഇവൾക്കൊരു ഇരട്ട സഹോദരിയുണ്ട്. കുറച്ചു കഴിഞ്ഞാൽ നമുക്കരികിലൂടെ കടന്നു പോവും. അതാ വരുന്നു ട്വിൻ സിസ്റ്റർ...’ ’ മുന്നിലെ പരന്ന കടൽ ചൂണ്ടി ക്യാപ്റ്റൻ പറഞ്ഞു. പാത്തും പതുങ്ങിയും വന്നു ക്യാപ്റ്റന്റെ മുറി കാണാൻ വന്ന കുട്ടിക്കൂട്ടം തല പുറത്തേക്കിട്ട് എത്തി വലിഞ്ഞ് നോക്കി. അകലെയുളള വെള്ളപ്പൊട്ട് അടുത്തടുത്തു വന്നു. മറ്റൊരു സാഗര റാണി. രണ്ടു ബോട്ടിലെയും യാത്രക്കാർ‌ ആർപ്പു വിളിച്ചു.

യാത്രാ സംഘം സാഗരറാണിയിൽ

ഇങ്ങനെ ഇരുന്നാൽ ശരിയാകില്ലെന്നു പറഞ്ഞ് ഗൈഡ് യാത്രക്കാരെ ഉഷാറാക്കി. സാഗരറാണിയിലെ പാട്ടുകാരായ ശ്രീനാഥും പ്രിയയും വന്നു. പിന്നെ പാട്ടിന്റെ ഓളമിളകി....

അനുരാഗിണീ ഇതാ എൻ
കരളിൽ വിരിഞ്ഞ പൂക്കൾ....


പാട്ടുകേട്ട് കടലിന്റെ കരളിൽ കുളിരിളകി. എന്നാൽ ആ കുളിരിലേക്ക് അടിപൊളിപ്പാട്ടിന്റെ തീ വീണു. അന്തിക്കടപ്പുറത്തും.....വേൽമുരുകാ ഹരോഹരയുമെല്ലാം തിരകൾ തീർത്തു. കുട്ടികൾ മാത്രമല്ല മുതിർന്നവർ പോലും പാട്ടിനൊത്ത് ചുവടു വച്ചു. കായൽക്കാറ്റു പോലെ രണ്ടര മണിക്കൂർ കടന്നു പോയതറിഞ്ഞില്ല. ഒടുവിൽ കരയടുക്കാൻ നേരം സാഗരറാണിയെക്കുറിച്ചുളള പാട്ട് മുഴങ്ങി.

‘‘നീല സാഗര വീചിയിലൂടെ....
നീളെ നീളെ ഒഴുകി നടപ്പൂ.....’’

ചരിത്രമുറങ്ങുന്ന മണ്ണിലേക്ക്

തീർന്നു തീർന്നു പോകുന്ന യാത്രയുടെ മധുരമോർത്ത് ഊണിനൊപ്പമുളള പായസം കുടിച്ചു. അല്പം വിശ്രമിക്കാം. അതിനിടയിലാണ് ആലപ്പുഴയിലുളള മഹേശ്വരനെയും കുടുംബത്തെയും കണ്ടത്. ‘‘ആറ്റിക്കുറുക്കി എടുത്ത നല്ലൊരു യാത്രയാണിത്. ആലപ്പുഴയിൽ നിന്ന് ഞങ്ങൾ തലേ ദിവസം തിരുവനന്തപുരത്ത് എത്തി. വിമാനയാത്രയാണ് ഇതിലെ ഹൈലൈറ്റ്. ഒരു വിമാനത്താവളത്തിൽ എന്തൊക്കെയാണ് നടക്കുന്നതെന്നൊക്കെ കുട്ടികൾക്ക് മനസ്സിലാക്കാനായി, ഇനിപ്പോകുന്ന സ്ഥലവും കേരള ചരിത്രവുമായൊക്കെ ബന്ധമുണ്ടല്ലോ. അതും ഇവർക്ക് കണ്ടറിയാമല്ലോ....’’ മഹേശ്വരൻ പറയുമ്പോൾ ബസ് ഫോർട്ടു കൊച്ചിക്കു പുറപ്പെട്ടു കഴിഞ്ഞിരുന്നു.

യാത്രാസംഘം ബസിൽ

വാസ്കോഡഗാമയെ അടക്കം ചെയ്ത സെന്റ് ഫ്രാൻസിസ് ചർച്ച്. അകത്തളത്തിൽ നൂറ്റാണ്ടുകളുടെ ഓർമച്ചിറകടി. നീലാകാശത്തേക്ക് തല ഉയർത്തി നിൽക്കുന്ന പളളിയുടെ പ്രൗഢിയിൽ നിന്ന് പുറത്തേക്കിറങ്ങി. ഫോർട്ട് കൊച്ചി ബീച്ചിലേക്ക് നടന്നു. മൂന്നു മണിച്ചൂടിനെ കടൽക്കാറ്റ് തോൽപ്പിച്ചു. തീരത്തുമുണ്ട് പോയ കാലത്തേക്ക് എത്തിക്കുന്ന ചില കാഴ്ചകൾ. പണ്ടു കാലത്ത് ഉപയോഗിച്ചിരുന്ന സ്റ്റീം ബോയ്‌ലറുകളും ആങ്കറും പിന്നിട്ട് നടന്നു. അപ്പുറം കായലിന് കാവൽ നിൽക്കുന്ന ചീന വലകൾ സായിപ്പിന് ചീനവലയുടെ എൻജിനീയറിങ് ഇന്നും അദ്ഭുതമാണ്. അതുകൊണ്ടാകും ഞാൻ കയറു വലിക്കാം താൻ പടമെടുക്ക് എന്നു പറഞ്ഞ് ഒരു സായിപ്പ് ക്യാമറ വലക്കാരെ ഏൽപ്പിച്ചത്!!!!

തീരത്ത് കച്ചവടം പൊടിപൊടിക്കുന്നു, കൊച്ചിയിൽ ആഡംബരക്കപ്പലടുത്താൽ കച്ചവടം പൊടിപാറുന്നത് ഫോർട്ട് കൊച്ചി തീരത്താണ്. കരകൗശല ഉൽപന്നങ്ങൾ മുതൽ ‘പെടയ്ക്കണ’ മീനിന്റെ കച്ചവടം വരെ അതിഥികളെ വട്ടമിട്ടു പറക്കുന്നു. മീനുമായി ചെന്നാൽ ലൈവായി കുക്ക് ചെയ്തു കൊടുക്കുന്ന ഹോട്ടലുകളുമുണ്ട്....

മട്ടാഞ്ചേരിയിലേക്കുളള വഴിയിൽ ഓർമച്ചൂടിൽ മാത്രം ‘ജീവിക്കുന്ന പഴയ കെട്ടിടങ്ങൾ കണ്ടു. പലതും റിസോർട്ടുകളായി. ചിലതിലേക്ക് മറവിയുടെ ചിതലുകൾ പതുക്കെ അരിച്ചെത്തി തുടങ്ങിയിരിക്കുന്നു. കേരള ചരിത്രം നിഴൽ വീഴ്ത്തി നിൽക്കുന്ന മട്ടാഞ്ചേരി കൊട്ടാരത്തിന്റെ അകത്തളത്തിലേക്കായിരുന്നു പിന്നീട് പോയത്. അകത്ത് വിലപിടിച്ച ചുമർ ചിത്രങ്ങൾ കഥ പറയുന്നു. ട്രെയിനിനുളള സമയമായെന്നു ഗൈഡ് സതീശൻ ഓർമിപ്പിച്ചു. പക്ഷേ, കാഴ്ചകളിൽ നിന്നു മടങ്ങി പോകാൻ ആർക്കും ഇഷ്ടമില്ലാത്തതു പോലെ...

ജനശതാബ്ദിയിലെ അസ്തമയം

വൈകിട്ട് അഞ്ച് മുപ്പത്. ആലപ്പുഴ വഴി തിരുവനന്തപുരം വരെ പോവുന്ന ജനശതാബ്ദി എക്സ്പ്രസ് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് അൽപസമയത്തിനുളളിൽ എത്തുമെന്ന് അറിയിപ്പു വന്നിട്ടും ആർക്കും ഒരുഷാറില്ല.

ഐസ്ക്രീം കഴിഞ്ഞിട്ടും കപ്പ് കളയാൻ മടിയുളള കുട്ടിയെപ്പോലെ, ബാക്കി ഓർമയിൽ നുണയാമെന്നു പറ‍ഞ്ഞ് ട്രെയിനിലേക്കു കയറി. അതുവരെ യാത്രയെക്കുറിച്ചു മാത്രം പറഞ്ഞിരുന്നവർ അടുത്ത ദിവസം ഓഫിസിൽ‌ പോവേണ്ട കാര്യങ്ങളെക്കുറിച്ച് ഓർത്തു തുടങ്ങി. മറ്റു ചിലർ ഫെയ്സ്ബുക്കിൽ ഫോട്ടോ പോസ്റ്റ് ചെയ്യുന്ന തിരക്കിലാണ്.... രാവിലെ പല്ലു തിരഞ്ഞിറങ്ങിയ പാർവതി അപ്പൂപ്പൻ പറഞ്ഞു കൊടുത്തതൊക്കെ കഥയാണെന്ന തിരിച്ചറിവിൽ ഉറക്കത്തിലേക്ക് വീണു...

ജനശതാബ്ദിയിൽ മടക്കയാത്ര. ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ആലപ്പുഴ കഴിഞ്ഞപ്പോഴേക്കും ജനലിനപ്പുറം കൂട്ടായി ചുവന്ന സൂര്യനെത്തി. ഇനി മനസ്സിൽ ഓർമകൾ ചൂളം വിളിക്കട്ടെ...

ട്രാവൽ പോകും മുമ്പ്

‘‘കേരള സർക്കാരിന്റെ ‘യൂണിക് സർവീസ് ’ എന്നാണ് വൺ ഡേ വണ്ടറിനെ വിശേഷിപ്പിക്കുന്നത്. പലരുടെയും സ്വപ്നമാണ് വിമാനയാത്ര. കുറഞ്ഞ തുകയ്ക്ക് ടൂർഫെഡ് അതു സാധ്യമാക്കുന്നു. ഇരുപത്തിമൂവായിരത്തിലധികം പേർ ടൂർ ഫെഡ് വഴി ഈ ട്രിപ്പിൽ യാത്ര ചെയ്തിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും പുറത്തുമായി ഒട്ടേറെ യാത്രകൾ ടൂർഫെഡ് നടത്തുന്നുണ്ട്.’’ കേരള സ്റ്റേറ്റ് ടൂർഫെഡ് എംഡി ഐ.സി മഹേഷ് പറയുന്നു.

മാസത്തിൽ എല്ലാ ഞായറാഴ്ചയും രണ്ടാമത്തെ ശനിയാഴ്ച യുമാണ് സാധാരണയായി ടൂർഫെഡിന്റെ വൺ ഡേ വണ്ടർ എന്ന പാക്കേജ്. മുൻകൂട്ടി ബുക്ക് ചെയ്യണം. 50 പേരിലധികമുണ്ടെങ്കിൽ മറ്റു ദിവസങ്ങളിലും യാത്ര പ്ലാൻ ചെയ്യാം.3700 രൂപയാണ് ഭക്ഷണം ഉൾപ്പെടെ ഒരാൾക്കുളള യാത്രാക്കൂലി. അഞ്ചു വയസ്സിന് താഴെയുളള കുട്ടികൾക്ക് ഇളവുണ്ട്. കൂടുതൽ വിവരങ്ങൾക്ക്.

www.tourfed.com, ഫോൺ: 0471–2305075/2305023