ആഡംബര യാത്രക്കപ്പൽ സിൽവർ ഡിസ്കവറർ എത്തി

വിഴിഞ്ഞം∙ ഒഴുകുന്ന കൊട്ടാരത്തിൽ ഉലകം ചുറ്റലിനിടെ സഞ്ചാരികൾ തീരത്തിറങ്ങി. കാത്തുനിന്ന തീരവാസികൾക്കു കൗതുകം. നങ്കൂരമിട്ട ആഡംബര യാത്രാക്കപ്പൽ സിൽവർ ഡിസ്കവററിൽ നിന്നാണു ടൂറിസം സീസണിന്റെ അലകളുയർത്തി സഞ്ചാരികളിറങ്ങിയത്. പുറംകടലിൽ നങ്കൂരമിട്ട കപ്പലിൽനിന്നു വലിയ ഡിങ്കി ബോട്ടുകളിൽ എത്തിയ സഞ്ചാരികളോരുത്തരായി കരയിലിറങ്ങിയപ്പോൾ സ്വീകരിക്കാൻ നാട്ടുകാരുടെ സംഘം എത്തി.

സമീപത്തു കാത്തു കിടന്ന ടൂറിസ്റ്റ് ബസുകളിൽ സഞ്ചാരികൾ കയറി യാത്രയായി. തക്കലയിലെ പത്മനാഭപുരം കൊട്ടാരക്കാഴ്ചകൾ കാണുകയായിരുന്നു ലക്ഷ്യം. രാവിലെ എട്ടോടെ എത്തിയ കപ്പലിൽ തുറമുഖ പർസർ സി.സുരേന്ദ്രനാഥ്, കൺസർവേറ്റർ അനിത എ.നായർ, വാർഫ് സൂപ്പർവൈസർ എം.എസ്.അജീഷ്, അസി. മറൈൻ എൻജിനീയർ മരിയപ്രോൺ, സിഗ്നലർ സുനിമോൾ, കസ്റ്റംസ് സൂപ്രണ്ട്് ശോഭൻ സിന്ധു, ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെട്ട സംഘമെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനെത്തുടർന്നായിരുന്നു സഞ്ചാരികളെ കരയിലെത്തിച്ചത്.

 85 സഞ്ചാരികളിൽ  കൂടുതൽ പേർ  യുകെ, യുഎസ് എന്നിവിടങ്ങളിൽ നിന്നാണ് 21 പേർ വീതം.  കൊട്ടാരക്കാഴ്ചകൾ കണ്ടു  മടങ്ങിയ സഞ്ചാരികളുമായി കപ്പൽ വൈകിട്ടോടെ ശ്രീലങ്കയിലെ തുറമുഖത്തേക്കു പോയി.

പോളണ്ടുകാരനായ ഡാരിയസ് ആൻഡ്രൂസ്ഗ്രീസ് ലാക് ക്യാപ്റ്റനായ സിൽവർ ഡിസ്കവറർ കഴിഞ്ഞ ഡിസംബറിൽ ശ്രീലങ്കയിൽ നിന്നു തുടങ്ങിയ യാത്രയാണ് അടുത്ത ദിവസം അവിടെത്തന്നെ  അവസാനിപ്പിക്കുന്നത്. ഈ സീസണിലെ രണ്ടാമത്തെ യാത്രാക്കപ്പൽ അമേഡിയ അടുത്തമാസം 29 നു വിഴിഞ്ഞത്ത് അടുക്കും.