പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നാട്ടിലൂടെ സുഖയാത്ര

കേരളത്തിന്റെ 14 ജില്ലകളിൽ പ്രകൃതി ഏറ്റവും കനിഞ്ഞനുഗ്രഹിച്ച നാടാണ് വയനാട്. ഈ നാടിന്റെ കാഴ്ചകൾ ഒരിക്കല്‍ അറിഞ്ഞവർ കരിന്തണ്ടൻ കാണിച്ചു തന്ന വഴിയിലൂടെ വീണ്ടും വീണ്ടും ചുരം കയറും. കണ്ണൂർ കോഴിക്കോട് ജില്ലകളുമായാണ് വയനാട് അതിർത്തി പങ്കിടുന്നത്. ഇരു ജില്ലകളിൽ നിന്നുമുള്ള സഞ്ചാരികൾ വാരന്ത്യയാത്രകൾക്ക് തിരഞ്ഞെടുക്കാറുള്ളതും കാടിന്റെ മണമുള്ള ഈ നാടിനെ തന്നെ. ചുരം കയറിച്ചെല്ലുന്നവരെ തണുത്ത കാറ്റുവീശി സ്വീകരിക്കുന്ന തേയിലത്തോട്ടങ്ങളും കാടിന്റെ ആരവങ്ങളും അരുവികളുടെ സംഗീതവും പൂന്തോട്ടങ്ങളുമെല്ലാം ചേർന്ന്  ഋതുഭേദമില്ലാതെ കാഴ്ചയുടെ നിറവസന്തം തീർക്കുന്നു.

ഹൃദയസരസ്സ് 

ട്രെക്കിങ്ങിൽ പരിചയമില്ലാത്തവർക്കും കുടുംബസമേതം സുരക്ഷിതമായ ട്രെക്കിങ് നടത്താവുന്നി ഇടമാണ് ചെമ്പ്ര മല. സമുദ്രനിരപ്പിൽ നിന്ന് 6900 അടി ഉയരത്തിലുള്ള ചെമ്പ്ര കുന്നിനുമുകളിലെത്താൻ നാലര കിലോമീറ്റ ർ നടക്കണം. താരതമ്യേന എളുപ്പമായ വഴികളിലൂടെ നടന്നു കയറുമ്പോൾ ചുറ്റും പച്ചപുതച്ച മലനിരകളും അതിനിടയിൽ കോട്ടകൾ പോല തലയുയർത്തി നിൽക്കുന്ന പാറക്കൂട്ടങ്ങളും കാണാം.

നടപ്പാതയിലൂടെ കാറ്റിന്റെ തണുപ്പറിഞ്ഞുള്ള നടത്തം തുടരുമ്പോൾ മേഘങ്ങള്‍ തൊട്ടടുത്തെത്തുന്നു. ചെമ്പ്രയിലേക്കുള്ള സഞ്ചാരത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ച ട്രെക്കിങ്ങിന്റെ പാതിദൂരത്തിലാണ്; ഹൃദയസരസ്സ്. പുൽമേടിനു നടുവിൽ ഹൃദയാകൃതിയിൽ കുളിർമയേകുന്ന തടാകം. ഒരു വേനലിലും വറ്റാതെ, കിളികളുടെ ദാഹമകറ്റി ആകാശത്തോടു പ്രണയം പങ്കിട്ടു നിൽക്കുന്ന ഹൃദയസരസ്സിന്റെ കാഴ്ച അതിമനോഹരമാണ്.



മേപ്പാടിയിൽ നിന്ന് ചെമ്പ്ര മലയുടെ അടിവാരം വരെ വാഹനത്തിൽ ചെന്നെത്താം. കൽപ്പറ്റയിൽ നിന്ന് 18 കിലോമീറ്ററാണ് മേപ്പാടിയിലേക്കുള്ള ദൂരം. ട്രെക്കിങിനു വനംവകുപ്പിൽ നിന്ന് അനുമതി വാങ്ങണം. രാവിലെ ഏഴു മണി മുതൽ ഉച്ചയ്ക്ക് രണ്ടു വരെയാണ് ട്രെക്കിങിനുള്ള സമയം. ഒറ്റയ്ക്കും സംഘങ്ങളായും ട്രെക്കിങ് നടത്താം. കൂടുതൽ വിവരങ്ങൾക്ക് 0493 6282001, 9947896008 

ഗുഹാ കഴ്ചകൾ 

വയനാടിന്റെ പ്രധാന കാഴ്ചകളിലൊന്നാണ് എടയ്ക്കൽ ഗുഹ. സുൽത്താൻ ബത്തേരിയിൽ നിന്നു 12 കിലോമീറ്റർ അകലെ അമ്പുകുത്തി മലയിലുള്ള ഈ ഗുഹകൾ വയനാട്ടിലെത്തുന്നവർ ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത കാഴ്ചയാണ്. ശിലായുഗത്തിലെ ചിത്രങ്ങളും എഴുത്തുകളും ഗുഹാഭിത്തിയിൽ കാണാം. എടയ്ക്കൽ ഗുഹക്ക് 7000ലധികം വർഷങ്ങളുടെ പഴക്കമുണ്ട്.

സന്ദർശനസമയം രാവിലെ 9 മുതൽ വൈകുന്നേരം 4 മണി വരെ. തിങ്കളാഴ്ച അവധിയാണ്. 20 രൂപയാണ് പ്രവേശന ഫീസ്. കൂടുതൽ വിവരങ്ങൾക്ക് : Tourist Information Office - 04936 20444, ജില്ലാ DTPC – 04936 202134, 255207, www.dtpcwayanad.com