ടൂറിസം പൊലീസ്, സേവനത്തിന്റെ കേരളാ മാതൃക

കേരളം കാണാനെത്തുന്നവരുടെ സുരക്ഷയ്ക്കായി കേരള പൊലീസ് രൂപീകരിച്ചിട്ടുള്ള സഹായ സെല്ലാണ് ‘ടൂറിസം പൊലീസ്’. കാക്കി പാന്റ്സും നീല ഷർട്ടുമണിഞ്ഞ് സഞ്ചാരികൾക്കു സുരക്ഷിത പാതയൊരുക്കുന്ന പൊലീസ് സംഘത്തിന്റെ സേവനത്തിന് വിനോദ സഞ്ചാര വകുപ്പ് പുരസ്കാരം നൽകി. മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിലെ എസ്ഐ വി.ബി. റഷീദിനാണ് അവാർഡ് ലഭിച്ചത്. ജനസേവനത്തിലൂടെയാണ് ടൂറിസം പൊലീസ് ‘മാതൃക’യാവുന്നതെന്ന് റഷീദ് പറഞ്ഞു. ടൂറിസം പൊലീസ് നൽകുന്ന സേവനങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നു.

ടൂറിസം പൊലീസ്

കൊച്ചി സിറ്റി പൊലീസിന്റെ കീഴിലാണ് ടൂറിസം പൊലീസിന്റെ പ്രവർത്തനം. നീല ഷർട്ടും കാക്കി പാന്റ്സുമാണ് യൂണിഫോം. സഞ്ചാരികൾക്ക് വേണ്ട സേവനങ്ങൾ കൃത്യതയോടെ ചെയ്തു കൊടുക്കലാണ് ഡ്യൂട്ടി. ഞാൻ ജോലി ചെയ്യുന്നത് മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിലാണ്. മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, കുമ്പളങ്ങി എന്നിങ്ങനെ മൂന്ന് ലോക്കൽ പൊലീസ് സ്റ്റേഷൻ പരിധികളിലെ ടൂറിസം സുരക്ഷിതത്വം ഞങ്ങളുടെ ചുമതലയാണ്. സഞ്ചാരികളുമായി ബന്ധപ്പെട്ട കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഏത് ലോക്കൽ സ്റ്റേഷന്റെ പരിധിയിലാണെന്നു നോക്കി ടൂറിസം പൊലീസ് ഇടപെടും. കേസ് റജിസ്റ്റർ ചെയ്യും. ടൂറിസം പൊലീസിന് നേരിട്ട് കേസെടുക്കാൻ അധികാരം നൽകിക്കൊണ്ടുള്ള നോട്ടിഫിക്കേഷൻ നിലവിലില്ല.

മട്ടാഞ്ചേരി ലഹരിയുടെ നാടല്ല

സിനിമകളിൽ കാണുന്നതുപോലെ മട്ടാഞ്ചേരി അത്ര വലിയ ഗുണ്ടാകേന്ദ്രമൊന്നുമല്ല. സിനിമക്കാർ കൊച്ചിയിലെ അധോലോകമായി മട്ടാഞ്ചേരിയെ ചിത്രീകരിക്കുന്നത് നാട്ടുകാരുടെ മ നസ്സിൽ ഈ പ്രദേശത്തെക്കുറിച്ചൊരു ഭീതിജനകമായ ചിത്രമുണ്ടാക്കിയിട്ടുണ്ട്. മയക്കു മരുന്നിന്റെയും കുറ്റകൃത്യങ്ങളുടെയും നാടായിട്ടാണ് മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി ഭാഗങ്ങൾ സിനിമകളിൽ വരുന്നത്. എന്റെ അനുഭവത്തിൽ മട്ടാഞ്ചേരിയോ ഫോർട്ട് കൊച്ചിയോ അങ്ങനെയുള്ള സ്ഥലങ്ങളല്ല. വർഷത്തിൽ മൂന്നോ നാലോ കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. അപ്പോൾപ്പിന്നെ മട്ടാഞ്ചേരിയെ ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെടുന്നതിൽ എന്തു ന്യായം? ‌എല്ലാ ദിവസവും ഒട്ടേറെ വിദേശികളെ കാണാറുണ്ട്, പരിചയപ്പെടാറുണ്ട്. നമ്മുടെ നാട്ടിലെ ടൂറിസം സുരക്ഷിതത്വം മികച്ചതാണെന്ന് അവരെല്ലാം അഭിപ്രായപ്പെടുന്നു.

സഹായം സൗജന്യം

പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലെല്ലാം ടൂറിസം പൊലീസുണ്ട്. സേവനങ്ങൾ സഞ്ചാരികൾക്ക് നേരിട്ട് ലഭിക്കും. വഴി അറിയാതെ കഷ്ടപ്പെ ടുന്നവർക്കു സഹായം നൽകാനും ഞങ്ങൾ ശ്രദ്ധിക്കാറുണ്ട്. ഹർത്താൽ ദിനങ്ങളിൽ സ ഞ്ചാരികൾക്ക് ടൂറിസം പൊലീസിന്റെ സേവനം ലഭിക്കും. രാത്രി  ഒറ്റപ്പെട്ടുപോകുന്നവരെ, വഴിയറിയാതെ ബുദ്ധിമുട്ടുന്നവരെയെല്ലാം താമസ സ്ഥലത്ത് സുരക്ഷിതമായി എത്തിക്കാനായി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. വിദേശികൾക്കാണ് ഈ സേവനം ഏറെ ഉപകാരപ്പെടുക. മോഷണവും ലൈംഗികമായ ആക്രമണങ്ങളും ഉണ്ടായാൽ ഉടനടി ഞങ്ങളെ വിവരം അറിയിക്കുക. 24 മണിക്കൂറും ഞങ്ങളുടെ സഹായം ലഭിക്കും.    സഞ്ചാരികളിൽ നിന്ന് പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ നഷ്ടപ്പെടുന്ന ഒരുപാട് സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്.   FRRO (Forei gner Regional Registration Office)യുമായി ചേർന്ന്  രേഖകൾ നഷ്ടപ്പെട്ടവർക്ക് സ്വന്തം നാട്ടിലേക്ക് പോകാനുള്ള സംവിധാനമൊരുക്കാൻ ടൂറിസം പൊലീസ് ശ്രമിക്കുന്നു.

നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ്

മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, ഭാഗങ്ങളിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം മുഴുവൻ സമയം ടൂറിസം പൊലീസ് ഡ്യൂട്ടിക്കുണ്ട്. വിനോദസഞ്ചാര േകന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി കൃത്യമായി നീരീക്ഷണം നടത്തുന്നുണ്ട്.  ഹോം സ്റ്റേ, ഹോട്ടൽ, ഗസ്റ്റ് ഹൗസുക ൾ എന്നിവ കേന്ദ്രീകരിച്ചാണ് ടൂറിസം പൊലീസ് പ്രവർത്തനം കാര്യക്ഷമമാക്കുന്നത്. 

വിദേശികൾക്കു താമസ സൗകര്യം ഒരുക്കുന്ന വീടുകളിൽ കൃത്യമായി പരിശോധന നടത്താറുണ്ട്.  ഹോംസ്റ്റേ നടത്തുന്നവർക്ക് സുരക്ഷിതത്വം സംബന്ധിച്ച് നിർദേശം നൽകാറുണ്ട്. മലിനമായ വിനോദസഞ്ചാരകേന്ദ്രങ്ങൾ  ടൂറിസം പൊലീസിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുമായി സഹകരിച്ച് ശുചീകരണ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.

ഗസ്റ്റ് കെയർ

നാലു വർഷമായി ഞാൻ ടൂറിസം പൊലീസ് വിഭാഗത്തിൽ‌ പ്രവർത്തിക്കുന്നു. ആദ്യ ഘട്ടത്തിൽ ടൂറിസം പൊലീസിന്റെ സേവനം കൃത്യമായി സഞ്ചാരികളിലേക്ക് എത്തിക്കാനുള്ള സൗകര്യങ്ങളുണ്ടായിരുന്നില്ല. അതിനുള്ള പ്രവർത്തനങ്ങളെ സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെടുത്തി നടപ്പാക്കി. ലോക്കൽ പൊലീസിന്റെയും ഹോം സ്റ്റേ നടത്തിപ്പുകാരുടെയും സഹകരണത്തോടെ ‘ഗസ്റ്റ് കെയർ’ എന്നൊരു വാട്സ്അപ്പ് ഗ്രൂപ്പ് തുടങ്ങി. അതോടെ സഞ്ചാരികൾക്ക് പൊലീസിനെ നേരിട്ടു പരാതി അറിയിക്കാൻ അവസരമൊരുങ്ങി. എന്ത് പ്രശ്നങ്ങൾക്കും നിമിഷനേരം കൊണ്ട് പരിഹാരമുണ്ടായി. രാവിലെ ഒൻപത് മുതൽ രാത്രി ഒരു മണിവരെ പൊലീസ് പട്രോളിങ്ങുണ്ട്. പരാതി കിട്ടിയാൽ ഉടനെ സഹായത്തിനു പൊലീസെത്തും. പരാതി നൽകാനായി പൊലീസ് സ്റ്റേഷനിൽ വരേണ്ടതില്ല.

മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി ഭാഗത്തായി 250 ൽ കൂടുതൽ ഹോം സ്റ്റേകൾ പ്രവർത്തിക്കുന്നുണ്ട്. ടൂറിസം കേന്ദ്രങ്ങളെയും ഹോംസ്റ്റേകളും ഉൾപ്പെടുത്തി ടൂറിസം റൂട്ട് മാപ്പ് തയാറാക്കി.

വിദേശികൾ സുരക്ഷിതർ

വിദേശികളുടെ വിവരങ്ങൾ എഴുതി വാങ്ങാനായി സി ഫോം നൽകാറുണ്ടായിരുന്നു. ഇതിന്റെ പരിശോധനയും സ്ഥിരീകരണവും ഏറെ സമയ നഷ്ടമുണ്ടാക്കി. അതിനു പരിഹാരം കാണാനായി FRROയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് ഹോംസ്റ്റേ, ഹോട്ടൽ നടത്തിപ്പുകാരുടെ യോഗം വിളിച്ചു. വിദേശികൾ മുഴുവൻ വിവരങ്ങളും സി ഫോമിൽ എഴുതി നൽകണം. ഹോംേസ്റ്റ, ഹോട്ടലുകൾ സി ഫോം FRRO യിൽ റജിസ്റ്റർ ചെയ്യുന്നു. ഇതിലൂടെ ടൂറിസം പൊലീസിന് സഞ്ചാരികളുെട പൂർണ വിവരണങ്ങൾ ലഭിക്കുന്നു. പാസ്പോർട്ട് പോലുള്ള രേഖകൾ നഷ്ടപ്പെട്ടെന്ന് അറിയിച്ചാൽ ടൂറിസം പൊലീസ്  FRRO യുമായി ചേർന്ന് അന്വേഷണം നടത്തും.

2010 ഫെബ്രുവരി മാസത്തിലാണ് ഇന്റർനാഷനൽ ടൂറിസം പൊലീസ് സ്റ്റേഷൻ & മ്യൂസിയം മട്ടാഞ്ചേരിയിൽ സ്ഥാപിതമാകുന്നത്

പൊലീസ് മ്യൂസിയം

ടൂറിസം പൊലീസ് പലയിടങ്ങളിലായി ഉണ്ടെങ്കിലും അവർക്കു വേണ്ടിയൊരു സ്റ്റേഷൻ എന്നത് കേരളത്തിൽ ആദ്യത്തെ സംരംഭമാണ്. 2010 ഫെബ്രുവരി മാസത്തിലാണ് ഇന്റർനാഷനൽ ടൂറിസം പൊലീസ് സ്റ്റേഷൻ & പൊലീസ് മ്യൂസിയം സ്ഥാപിതമാകുന്നത്. പൊലീസ് ഡിപാർട്മെന്റിന്റെ കീഴിലുള്ള സ്ഥലമായിരുന്നു ഇത്. ആദ്യം ഇവിടെ ഒരു ഡീ അഡിക്‌ഷൻ സെന്റർ തുടങ്ങാൻ പദ്ധതിയിട്ടു. എന്നാൽ പല കാരണങ്ങൾ കൊണ്ടും അത് പ്രാവർ‌ത്തികമായില്ല. അങ്ങനെയാണ് ഒരു പൊലീസ് മ്യൂസിയം രൂപപ്പെടുത്തിയെടുക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്.  

കൂടുതൽ വായിക്കാം