ഇടപ്പള്ളിയിൽ കടലില്ല, 'ചീനവല'യുണ്ട്

പണ്ടു നാട്ടിൻപുറങ്ങളിൽ കാണുന്ന ഒരു കാഴ്ചയുണ്ടായിരുന്നു. അന്നത്തെ പണി കഴിഞ്ഞ് അന്തിക്കു വീട്ടിലേക്കു വരുന്ന കൂട്ടത്തിൽ കുറച്ചു പുഴമീനും വാങ്ങി വരുന്നവർ. രാത്രിയിലേക്ക് നല്ല കുടമ്പുളി ഇട്ടു കറി ആക്കുകയോ മസാല പുരട്ടി പൊരിച്ചെടുത്തോ കഴിയ്ക്കാനുള്ള പരിപാടിയിട്ടാണ് ആ വരവ്. പകലെടുത്ത പണിയുടെ ക്ഷീണമെല്ലാം അതോടെ പമ്പ കടക്കും. കാലം മാറിയപ്പോൾ ഇതൊക്കെ ഗ്രാമങ്ങളിൽ പോലും അപൂർവമായി. എങ്കിലും, വൈകീട്ടു മീൻ വാങ്ങുന്ന ശീലം മലയാളികൾ മാറ്റിയിട്ടില്ല. പക്ഷേ, ഫ്രീസറിൽ വച്ചു മരവിച്ച മീനൊക്കെ ആകും കിട്ടുക എന്നു മാത്രം. എന്നാലും മീനില്ലാതെ എങ്ങനാ!

ഇതിനേക്കാൾ നൊസ്റ്റാൾജിക്കായ വേറെ ഒരു പരിപാടിയുണ്ട്. വലയിട്ടു മീൻ പിടിച്ചു, വൃത്തിയാക്കി നേരെ മസാല പുരട്ടി വറുത്തു കഴിക്കൽ. തിരക്കിൽ നിന്നു തിരക്കിലേക്ക് ഓടുന്നതിനടയിൽ ഇക്കാര്യം ഒന്നു പറഞ്ഞാൽ പലരും പറയുന്നത് "ആഹാ... എന്തൊരു സുന്ദരമായ നടക്കാത്ത സ്വപ്നം!" എന്നാകും. ഈ ഇട്ടാവട്ടത്തിലുള്ള ദുനിയാവിൽ ജീവിച്ചിരിക്കുന്ന കാലം ഇത്തരം ചെറിയ മോഹങ്ങൾ നടന്നില്ലെങ്കിൽ പിന്നെ എന്താ ഒരു രസം? ഒരു രണ്ടു മണിക്കൂർ ഒപ്പിക്കാൻ പറ്റുമെങ്കിൽ മേൽപറഞ്ഞതിന്റെ പാതി സംഭവം നടക്കും. 

ഇടപ്പള്ളിയിലേക്ക് വണ്ടി കേറിക്കോ

മീൻ പിടിക്കാൻ ഇടപ്പള്ളിയിലേക്ക് വന്നിട്ടു കാര്യമുണ്ടോ എന്നു ചോദിച്ചാൽ കാര്യമുണ്ട്. കാരണം, ഇടപ്പള്ളിയിൽ കടലില്ലെങ്കിലും ചീനവലയുണ്ട്. അവിടെ നല്ല ഫ്രഷ് മീൻ കൊണ്ടുള്ള വിഭവങ്ങളുണ്ട്. കുറച്ചു സമയം ചെലവഴിക്കാൻ തയ്യാറാണെങ്കിൽ നമുക്കിഷ്ടമുള്ള മീൻ തെരഞ്ഞെടുത്ത് ഇഷ്ടമുള്ള രീതിയിൽ തയ്യാറാക്കി കഴിയ്ക്കാം. അതിനുള്ള സൗകര്യമൊക്കെ ചീനവലയിൽ ഒരുക്കിയിട്ടുണ്ട്. ഭക്ഷണം കഴിയ്ക്കാനെത്തുന്നവർക്ക് അവരുടെ ഇഷ്ടത്തിനു വിഭവങ്ങൾ ഒരുക്കി നൽകാൻ 'ലൈവ് അടുക്കള'യും ഇവിടെ തയ്യാർ. വീട്ടിൽ അടുക്കളയിൽ മീൻ കറി വേവുമ്പോൾ കൊതി പിടിച്ച്, അമ്മയെ ചുറ്റിപറ്റി രുചി നോക്കാൻ തക്കം പാർത്തു നടന്നിരുന്നവർക്ക് ചീനവല കുറെ ഓർമ്മകൾ സമ്മാനിക്കും. 

മാങ്ങയിട്ട ചട്ടി മീൻകറി

കുറച്ചു സമയം വച്ചു കഴിഞ്ഞാലാണ് മീൻ കറിയ്ക്ക് അതിന്റെ കിടിലോൽക്കിടിലം രുചി സെറ്റ് ആവുക. ഇതൊക്കെ അറിയാമെങ്കിലും മീൻകറി തിളച്ചു കഴിഞ്ഞാൽ അതൊന്നു കൂട്ടി കുറച്ചു ചോറോ അപ്പമോ കഴിയ്ക്കാൻ ആഗ്രഹിക്കാത്തവർ കുറവായിരിക്കും. അവർക്കുള്ളതാണ്, ചീനവലയിലെ ചട്ടി മീൻകറി.

അടുപ്പത്തു നിന്നു നേരെ മേശയിലോട്ടു എത്തുന്ന വെട്ടിത്തിളയ്ക്കുന്ന മീൻകറി. തേങ്ങ നല്ല വെണ്ണ പോലെ അരച്ചെടുത്ത്, മാങ്ങയിട്ടു കടുകു പൊട്ടിച്ച് എടുക്കുന്ന രസികൻ സംഭവം. മുളകിട്ട മീൻകറിയുടെ കടുത്ത ആരാധകർ പോലും കൊള്ളാമെന്നു പറയുന്ന ഐറ്റമാണിത്. ഉള്ളതു പറയാലോ, നല്ല ചൂടൻ അപ്പത്തിന്റെ കൂടെ കിടു കോംബോ ആയിരുന്നു ഈ ചട്ടി മീൻകറി. 

ഗ്രിൽഡ് ഫിഷുണ്ട്, മീൻ പൊള്ളിച്ചതുണ്ട്

ഗ്രിൽഡ് ചിക്കൻ നമ്മുടെ നാട്ടിൽ വളരെ സാധാരണമായിക്കഴിഞ്ഞു. ചെറിയ കടകളിൽ പോലും സംഭവം കിട്ടും. എന്നാൽ ഗ്രിൽഡ് ഫിഷിന്റെ കാര്യം അങ്ങനെയല്ല. ചീനവല അക്കാര്യത്തിൽ ഒരു വമ്പൻ സാധ്യത മുന്നോട്ടു വയ്ക്കുന്നു. വറുത്തതും പൊള്ളിച്ചതുമായ മീൻ വിഭവങ്ങൾക്കൊപ്പം ഗ്രിൽഡ് ഫിഷും ഇവിടെയുണ്ട്.

മസാല പുരട്ടി ചാർക്കോളിൽ ഗ്രിൽ ചെയ്തെടുക്കുന്ന മീൻ രുചി ഒരു വ്യത്യസ്ത അനുഭവമാണ്. അത്യാവശ്യത്തിന് എരിവും പുളിയും ഉണ്ടെന്നു മാത്രമല്ല, എണ്ണയുടെ അതിപ്രസരവുമില്ല. കൂട്ടുകാർക്കൊപ്പമോ വീട്ടുകാർക്കൊപ്പമോ കൂട്ടമായി പോവുകയാണെങ്കിൽ ഈ ഐറ്റം പരീക്ഷിക്കാം. കാരണം, വലിയ മീനുകളാകും ഗ്രിൽ ചെയ്യാൻ നല്ലത്. ഒറ്റയ്ക്കൊരു വലിയ മീനിനെ കഴിയ്ക്കാൻ വയറുണ്ടെങ്കിൽ കൂട്ടുകാരെ കാത്തു നിൽക്കണ്ട. ആക്രമണം ഒറ്റയ്ക്കുമാകാം. 

ബുഫെ@399

നത്തോലി മുതൽ ചാള, അയല, കക്ക, കൂന്തൾ എന്നിങ്ങനെ കടലിൽ നിന്നും കായലിൽ നിന്നും കിട്ടുന്ന മത്സ്യവിഭവങ്ങൾ എല്ലാം കഴിയ്ക്കാനുള്ള ബമ്പർ ലോട്ടറിയാണ് ചീനവലയുടെ ബുഫെ@399. ഇതിനൊപ്പം പേരിന് കുറച്ചു ചിക്കനും ബീഫുമൊക്കെയുണ്ട്. എന്നാലും മത്സ്യവിഭവങ്ങളാണ് താരം.

കപ്പ, അപ്പം, ചപ്പാത്തി, ചോറ്, ബിരിയാണി എന്നിവ തരം പോലെ കോമ്പിനേഷൻ ആക്കാം. ബുഫെയിൽ രണ്ടു തരത്തിലുള്ള സൂപ്പുകളുണ്ടെങ്കിലും മീൻ വൈവിധ്യങ്ങൾ കണ്ണിലുടക്കുന്നതു കൊണ്ട് മറ്റൊന്നും കാണാൻ പറ്റില്ല. ഇതിൽ എന്നെ ഹഠാദാകർഷിച്ചത് കക്ക ഫ്രൈ ആയിരുന്നു. ഓരോ തവണയും പ്ലേറ്റു നിറയ്ക്കാൻ പോകുമ്പോൾ കക്ക ഫ്രൈയും കൂടെ പോരും! കിടു സ്വാദായിരുന്നു. 

ഫുട്ബോൾ കളിയ്ക്കാനുള്ള സ്ഥലമുണ്ട്

കൂട്ടമായി പോകുമ്പോൾ ഏറ്റവും അധികം അസ്വസ്ഥത തോന്നുന്നത് സാമാധാനമായി ഇരിക്കാൻ സ്ഥലം ലഭിക്കാത്തതാണ്. അതിനും ചീനവലയിൽ പരിഹാരമുണ്ട്. ഏതൊരു വലിയ കൂട്ടവും ചീനവലയിൽ ഫിറ്റാകും.

സ്വസ്ഥമായി, സമാധാനമായി സമയമെടുത്തു കഴിയ്ക്കാം. കുട്ടികളുമായി വരുന്നവർ ഭക്ഷണം കഴിയ്ക്കാൻ ചീനവല തെരഞ്ഞെടുക്കുന്നതിനുള്ള ഒരു കാരണം ഇതാണ്. വീട്ടിലിരുന്നു കഴിയ്ക്കുന്ന പോലെ ആസ്വദിച്ച് വൈവിധ്യമാർന്ന മീൻരുചികൾ ആസ്വദിക്കാനുള്ള അവസരമാണ് ചീനവല സമ്മാനിക്കുന്നത്.