‘ആറാം തമ്പുരാനി’ലും ‘മുത്തു’വിലും അഭിനയിച്ച ആ പാലം ഇവിടെയുണ്ട്!.

ചെർപ്പുളശ്ശേരി ∙ പനങ്കൂട്ടങ്ങളുടെയും പാടത്തിന്റെയും പച്ചപ്പിൽ ഹൃദയം കുളിർക്കുന്ന കാഴ്ചയായി കിഴൂർ നീർപ്പാലം. ചുറ്റും വന്യസൗന്ദര്യം ഒരുക്കി മലനിരകളും. ഒട്ടേറെ ഹിറ്റ് സിനിമകളിൽ മുഖം കാണിച്ചിട്ടുള്ള കിഴൂർ നീർപ്പാലം (അക്വഡേറ്റ്) കാണാനും കൃത്രിമം ഇല്ലാത്ത പ്രകൃതി ഭംഗി നുകരുവാനും ഇപ്പോഴും ഇവിടേക്കു സഞ്ചാരികളുടെ ഒഴുക്കാണ്. അവധി ദിവസങ്ങളിലും പെരുന്നാൾ, ക്രിസ്മസ്, ഓണം തുടങ്ങിയ വിശേഷാവസരങ്ങളിലുമാണു കൂടുതൽ തിരക്ക്.

കിഴൂർ പണിക്കർക്കുന്നിലെ അനങ്ങൻമല ഇക്കോടൂറിസം കേന്ദ്രത്തിൽ നിന്ന് അധികം ദൂരമില്ല ഇവിടേക്ക്. ഇക്കോടൂറിസം കേന്ദ്രം കാണാനെത്തുന്നവരിൽ ഭൂരിഭാഗവും നീർപ്പാലത്തിലും ഇപ്പോൾ എത്തുന്നുണ്ട്. മോഹൻലാലിന്റെ ആറാംതമ്പുരാൻ, രജനീകാന്തിന്റെ ‘മുത്തു’, ദിലീപിന്റെ ഈ പുഴയും കടന്ന്, ജയറാമിന്റെ കാരുണ്യം തുടങ്ങി ഒട്ടേറെ മലയാളം, തമിഴ് സിനിമകളും നൂറുകണക്കിനു സീരിയലുകളും ആൽബങ്ങളും ഈ നീർപ്പാലത്തിൽ ചിത്രീകരിച്ചിട്ടുണ്ട്. അയൽ ജില്ലകളിൽ നിന്നുൾപ്പെടെ നവവധൂവരന്മാർ തങ്ങളുടെ വിവാഹ വിഡിയോ ചിത്രീകരിക്കാനായി ഇവിടെ എത്തുന്നത് ഇപ്പോഴും തുടരുന്നു.

മൂന്നു പതിറ്റാണ്ടുകൾക്കു മുൻപ് കാർഷിക ആവശ്യത്തിനു വേണ്ടി നിർമിച്ചതാണ് ഈ നീർപ്പാലം. താഴെ കനാലും മീതെ വാഹനം പോകുന്നതിനുള്ള റോഡും ചേർന്ന് അതിശയിപ്പിക്കുന്ന വിധമാണു പാലം നിർമിച്ചിരിക്കുന്നത്. പാലത്തിനു ചുറ്റും നെൽക്കൃഷിയും വിവിധ തരം പച്ചക്കറി കൃഷിയും വിളയുന്നു. മലനിരകളുടെയും പനങ്കൂട്ടങ്ങളുടെയും ചന്തം ഈ പ്രദേശത്തിനു കാഴ്ചയുടെ വസന്തമാണു സമ്മാനിക്കുന്നത്. ഒറ്റപ്പാലം ഭാഗത്തു ചിത്രീകരിക്കുന്ന സിനിമകളുടെ ഒരു സീനെങ്കിലും ഇവിടെ നിന്നായിരിക്കുമെന്ന പ്രത്യേകതയുണ്ടായിരുന്നു. എന്നാൽ രണ്ടു വർഷത്തോളമായി മലയാള സിനിമാലോകം കിഴൂർ നീർപ്പാലത്തെ അവഗണിച്ചിരിക്കുകയാണ്.