വാൽപ്പാറയിലേക്കാണോ… ഇക്കാര്യങ്ങൾ ശ്രദ്ധിച്ചു പോകണം

ആദ്യമേ പറയാം. ഈ റൂട്ട് യാത്രാപ്രേമികൾക്കുള്ളതാണ്. അല്ലാതെ ലക്ഷ്യത്തിലെത്തുക എന്നതു മാത്രമാണു  യാത്ര,  ശേഷം കാഴ്ചകൾ അവിടെനിന്നു കാണാം എന്നു  കരുതുന്നവർക്ക് ഈ റൂട്ട് ഇഷ്ടമാകണമെന്നില്ല. വാൽപ്പാറ എങ്ങനെയുണ്ട് ചേട്ടാ… ഹസ്ബൻഡുമായി യാത്ര ചെയ്യണം. നല്ല സ്ഥലമാണോ… മെസഞ്ചറിൽ ഒരു സുഹൃത്തിന്റെ  ചോദ്യം. അതിനുള്ള മറുപടിയാണു നിങ്ങൾ മുകളിൽ വായിച്ചത്.

നിങ്ങൾ,  സഞ്ചാരികൾ മിക്കവരും വാൽപ്പാറയിലേക്കു ചെന്നിട്ടുണ്ടാകും.  പലതവണ. അതിനാൽ സ്ഥലവിവരണം ആവശ്യമില്ലല്ലോ? ആ റൂട്ടിൽ സഞ്ചരിക്കാനുള്ള ചില ടിപ്പുകൾ പറയാം

കാനനപാത

വാൽപ്പാറ എവിടെയാണ്?

തമിഴ്നാട്ടിലെ കൊയമ്പത്തൂർ ജില്ലയിലാണ് വാൽപ്പാറ. ഹിയ്യോ, കൊയമ്പത്തൂരോ എന്നു കരുതേണ്ട. മ്മടെ അതിരപ്പിള്ളിയും വാഴച്ചാലും കണ്ട് കണ്ടങ്ങു കാടുകയറി വണ്ടിയോടിച്ചാൽ മലക്കപ്പാറ എന്ന അതിർത്തിതൊടാം. പിന്നെയെല്ലാം വാൽപ്പാറയുടെ പേരിലാണ് അറിയപ്പെടുന്നത്. ഏറെ തേയിലത്തോട്ടങ്ങളുണ്ട് വാൽപ്പാറയിൽ. സത്യത്തിൽ വാൽപ്പാറയിൽ സാധാരണ സഞ്ചാരികൾക്കു കാണാനൊന്നുമില്ല. തേയിലത്തോട്ടങ്ങളും തണുപ്പും മഞ്ഞുമല്ലാതെ. എന്നാൽ യാത്ര ചെയ്യുകയാണു കാഴ്ചകളെക്കാൾ പ്രധാനം എന്നു കരുതുന്നവർക്ക് ഷോളയാർ കാട്ടിലൂടെയുള്ള യാത്രയും തേയിലത്തോട്ടങ്ങളിലെ സ്വകാര്യ റിസോർട്ടുകളിലെ താമസവും ഗംഭീര അനുഭവമാകും. 

വാൽപ്പാറയിലെ തേയിലത്തോട്ടങ്ങൾ

വഴിയിലെ കാഴ്ചകളെന്തൊക്കെ?

തൂമ്പൂർമുഴി ഡാമിൽ സകുടുംബം ഇറങ്ങാം. ഒരു മണിക്കൂർ ചെലവിടാനുള്ളത് ഇവിടെയുണ്ട്. തൂക്കുപാലം കടന്നപ്പുറം ചെന്നാൽ ഏഴാറ്റുമുഖം പ്രകൃതിഗ്രാമമുണ്ട്. നല്ല ഊണ് കഴിച്ച് തിരിച്ചുപോരാം. 

കേരളവിനോദസഞ്ചാരത്തിന്റെ മുഖമുദ്ര എന്നു പറയാവുന്ന, ഏറെ ഷൂട്ടിങ്ങുകൾ നടന്നിട്ടുള്ള അതിരപ്പിള്ളി വെള്ളച്ചാട്ടമാണ് പ്രധാന കാഴ്ചകളിലൊന്ന്. വെള്ളച്ചാട്ടത്തിന്റെ കവാടത്തിലെത്തുംമുൻപ് വലതുവശത്ത് അതിരപ്പിള്ളിയുടെ അതിമനോഹരമായ ദൂരക്കാഴ്ചയും ഉയരക്കാഴ്ചയും കിട്ടും. പക്ഷേ, വാഹനം വലതുമാറ്റി പാർക്ക് ചെയ്യരുത്. ഈ നോ പാർക്കിങ് സോണിൽനിന്നു മിക്കവർക്കും പിഴ കിട്ടാറുണ്ട്. കാഴ്ചകൾ കാണാനിറങ്ങുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കുമായിരിക്കും- എന്നാലും പറയാം. കാറിന്റെ ചില്ലുകൾ മുഴുവനും ഉയർത്തിവയ്ക്കുക. വാനരപ്പട കയറാതിരിക്കാനാണിത്. 

തുമ്പൂർമുഴി ‍ഡാം കവാടം

പ്രളയാനന്തര അതിരപ്പിള്ളിയിൽ ജലപാതത്തിനടുത്ത സസ്യജാലങ്ങൾ ഏറെ നശിച്ചിട്ടുണ്ട്. പണ്ടുണ്ടായിരുന്ന മുളങ്കാടിന്റെ ഭംഗി ഇപ്പോഴില്ല. നടന്നിറങ്ങുന്നവർ കയ്യിൽ ആഹാരസാധനങ്ങളോ പാനീയക്കുപ്പികളോ സൂക്ഷിക്കരുത്. പ്രത്യേകിച്ച് കുട്ടികളുടെ കയ്യിൽ.  തീർച്ചയായും  കുരങ്ങൻമാർ സംഘം ചേർന്ന് അവ കൊള്ളയടിക്കും.  രണ്ടു ദോഷങ്ങൾ ഇവ കൊണ്ടുണ്ടാകുന്നു. ഒന്ന് ചിലപ്പോൾ വാനരസേന നിങ്ങളെ പരുക്കേൽപ്പിക്കും. രണ്ട്, നമ്മുടെ കൃത്രിമ ആഹാര സാധനങ്ങൾ കഴിക്കുക വഴി അവരുടെ സ്വാഭാവിക ആഹാരക്രമം നശിക്കും. 

ഷോളയാർ ജലാശയം

അതിരപ്പിള്ളി കണ്ട് അടുത്ത വെള്ളച്ചാട്ടമായ വാഴച്ചാലും കാണാം. ഒരു ടിക്കറ്റു മതി രണ്ടിനും. അതിരപ്പിള്ളിയിൽനിന്ന് ടിക്കറ്റ് എടുക്കാം. 

ആതിരപ്പിള്ളിയിൽ പ്ലാസ്റ്റിക് കുപ്പികൾ കളയാതിരിക്കാൻ വനംവകുപ്പിന്റെ പദ്ധതി ശ്രദ്ധേയമാണ്. ഓരോ കുപ്പിയ്ക്കും പത്തു രൂപ ഈടാക്കി സ്റ്റിക്കർ പതിച്ചു വിടും. വെള്ളച്ചാട്ടം കണ്ടു തിരിച്ചു വരുമ്പോൾ കുപ്പി തിരികെ നൽകിയാൽ കാശും തിരികെക്കിട്ടും. ഇതു മൂലം വെള്ളച്ചാട്ടത്തിനരുകിൽ മാലിന്യങ്ങൾ കുറവുണ്ട്.

ഇനി വനയാത്ര

ബൈക്കേഴ്സിന് ഈ വഴിയിലൂടെ സഞ്ചരിക്കാൻ അനുമതിയില്ല. 

ചാലക്കുടി അതിരപ്പിള്ളി വഴി

വാഴച്ചാൽ ചെക്ക്പോസ്റ്റിൽ കർശനപരിശോധനയുണ്ട്. കാറിലെ പ്ലാസ്റ്റിക് കുപ്പികളുടെ എണ്ണംവരെ അവിടെ നൽകണം. നിങ്ങൾക്കു ലഭിക്കുന്ന റസീതിൽ ഈ എണ്ണവും സമയവും രേഖപ്പെടുത്തും. ഇത്രയെണ്ണം കുപ്പികൾ തന്നെ കാടുകടന്നു മലക്കപ്പാറ ചെക്ക്പോസ്റ്റിൽ കാണിക്കണം. ഇല്ലെങ്കിൽ പിഴയുണ്ട്. നിങ്ങൾ നഷ്ടപ്പെടുത്തിയ കുപ്പി കാട്ടിൽ വലിച്ചെറിഞ്ഞു എന്നാണ് അതിനർഥം.  ഇക്കാര്യം ശ്രദ്ധിക്കുമല്ലോ. 

എന്തിനാ സമയം കുറിക്കുന്നത്?

വാഴച്ചാൽ കവാടം

നിങ്ങൾക്ക് ഇത്രയും ദൂരം വനയാത്ര ചെയ്യാൻ എത്ര സമയമെടുക്കും എന്നതിന് ഉദ്യോഗസ്ഥർക്ക് ഒരു കണക്കുണ്ട്. നാൽപ്പത്തഞ്ചുകിലോമീറ്റർ ദൂരം കാടുതാണ്ടാൻ രണ്ടുമണിക്കൂർ സമയം നിങ്ങൾക്ക് അനുവദിക്കപ്പെട്ടിട്ടുണ്ട്. 

വാഴച്ചാൽ വെള്ളച്ചാട്ടം

അതിനപ്പുറം കടന്നാൽ നിങ്ങൾ ആ കാടിനെ ഒരു ടൂറിസം സോൺ ആയി കണക്കാക്കി വാഹനം പലയിടത്തുനിർത്തിയാണു വരുന്നത് എന്നാണർഥം. നിത്യഹരിതവനമേഖലയിലൂടെയാണു യാത്ര. ആനകളുടെയും പുലികളുടെയും വിഹാരരംഗം.  അതുകൊണ്ടുതന്നെ വാഹനത്തിലിരുന്നു കാഴ്ചകൾ ആസ്വദിക്കുകയാണ് ഉത്തമം.

ആളിയാർ ഡാം

കാട്ടിലൂടെയുള്ള യാത്രയിൽ അമിതവേഗമരുത്. പ്രത്യേകിച്ച് വാൽപ്പാറയിൽ. വളവുകളിൽ ആനകളെ പ്രതീക്ഷിച്ചുവേണം വണ്ടിയോടിക്കാൻ. ഈറ്റകളാണു റോഡിന്റെ അതിർത്തി. അതുകൊണ്ടുതന്നെ കാഴ്ച വല്ലാതെ കുറയും ഉള്ളിലേക്ക്. മറ്റുള്ള സാധുമൃഗങ്ങൾ റോഡ് ക്രോസ് ചെയ്യുമ്പോൾ ഇടിച്ചിടാതിരിക്കാനും മിത വേഗം സഹായിക്കും. 

വാഹനത്തിൽനിന്നിറങ്ങിനിന്നു കാഴ്ചകൾ ആസ്വദിക്കരുത്. ഒന്ന്, നിങ്ങൾക്കു പരിചയമില്ലാത്ത പ്രദേശം. രണ്ട്, വന്യമൃഗങ്ങൾ വരുത്തുന്ന അപായം. ഇവ രണ്ടും കണക്കിലെടുത്തുവേണം പുറത്തിറങ്ങാൻ. സകുടുംബം യാത്ര ചെയ്യുന്നവർ പരിസ്ഥിതിയോടു ചെയ്യുന്നൊരു ദോഷമുണ്ട്. ആഹാരം പാഴ്സൽ വാങ്ങും. എന്നിട്ടു നല്ല തണൽ കിട്ടുന്നിടത്ത് വച്ച് പ്ലാസ്റ്റിക് പാത്രങ്ങളിൽ വച്ചു കഴിച്ച് ആ മാലിന്യങ്ങൾ ഒന്നാകെ കാട്ടിലിടും. വാൽപ്പാറയിൽ ഒരിക്കലും വഴിയിൽനിർത്തി ആഹാരസാധനങ്ങൾ കഴിക്കരുത്. 

കാട്ടിൽ കയറിയാലുള്ള കാഴ്ചകൾ? 

അപ്പർ ഷോളയാർ ഡാം

ഇടതുവശത്താണു കാഴ്ചകളൊക്കെ. ബസ്സിലിരിക്കുകയാണെങ്കിൽ ഇടതുസീറ്റ് പിടിക്കുക.  പെരിങ്ങൽകുത്ത് ജലാശയം നിങ്ങളെ മാടിവിളിക്കും. അങ്ങോട്ടിറങ്ങിചെല്ലരുത്. പിന്നെ ഷോളയാർ ഡാം ക്യാച്മെന്റ് ഏരിയയുടെ അതിസുന്ദരമായ കാഴ്ചയുണ്ട്. ഒരു മലയുടെ വശങ്ങളിലൂടെയാണു യാത്ര. വളരെ താഴ്ചയിലാണ് ജലാശയം. ഇവിടെ തോട്ടപ്പുര വ്യൂപോയിന്റ് ഉണ്ട്. വാഹനം നിർത്തി ഇറങ്ങുന്നതിനു മുൻപ് വലതുവശത്തെ ഇല്ലിക്കാടുകളിലേക്കു കണ്ണയച്ചു പരിശോധിക്കുക. ആനകളുണ്ടോ എന്ന്. 

മലക്കപ്പാറയെത്തുന്നതിനുമുൻപ് സിംഹവാലൻ കുരങ്ങുകളെ കാണാൻ പറ്റുന്ന തരത്തിലുള്ള കാടുകളുണ്ട്. ശ്രദ്ധിച്ചുനോക്കി വണ്ടിയോടിച്ചാൽ ആ കാഴ്ചയും കിട്ടും. മലക്കപ്പാറയിലെത്തിയാൽ കേരള അതിർത്തി യിൽ വാഹനപരിശോധന കഴിയും. പിന്നെ തമിഴ്നാടിന്റെ വാഹനപരിശോധന. ചെറു ടൗണിൽ ആഹാരപാനീയാദികൾ കിട്ടും. വാൽപ്പാറയിൽ റിസോർട്ടുകളിൽ താമസിക്കാം. തണുപ്പാസ്വദിക്കാം. വാൽപ്പാറയിലെ തേയിലത്തോട്ടങ്ങളിലൂടെ അലസമായി വണ്ടിയോടിക്കാം. നിത്യേന കാട്ടുപോത്തുകളെത്തുന്ന വഴികളിൽ ദർശനത്തിനായി കാത്തുനിൽക്കാം. 

അപ്പർ ഷോളയാർ ഡാമിനു മുകളിലേക്കു നടന്നു കയറാം. ശേഷം, ചുരമിറങ്ങി  തമിഴ്നാട്ടിലെ സമതലങ്ങളിലേക്കു ചെല്ലാം. സായന്തനത്തിൽ ചുരമിറങ്ങുക.  താഴെ ആളിയാർ  ഡാം കണ്ട്  ഹെയർപിൻ വളവുകളിലൂടെയുള്ള ഡ്രൈവ്  രസകരമാണ്. ഇവിടെ, ചുരങ്ങളിൽ  സ്ഥലമുള്ളിടത്തു മാത്രമേ വാഹനം നിർത്താവൂ. വരയാടുകളെ റോഡിൽവച്ചു കാണാം. അതുകൊണ്ട് ഇവിടെയും അമിതവേഗം അരുത്. പൊള്ളാച്ചിയാണ് അടുത്തുള്ള പട്ടണം. 

ഇത്രയുമാണ് വാൽപ്പാറ ട്രിപ്പിന്റെ അടിസ്ഥാനവിവരണം. വാൽപ്പാറയിൽ കൂടുതൽ സമയം ചെലവിട്ട് കറങ്ങിയാൽ പിന്നെയും മലയോരക്കാഴ്ചകൾ ലഭിക്കും.  വേഴാമ്പലുകളെ കാണുന്നയിടങ്ങളൊക്കെ റിസോർട്ടുകളിലെ  ഗൈഡുമാർ പറഞ്ഞുതരും. 

സമയം

എത്ര കിലോമീറ്റർ കാട്ടിലൂടെ യാത്രയുണ്ട്- വാഴച്ചാൽ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽനിന്ന് നാൽപ്പത്തഞ്ചു കിലോമീറ്ററുണ്ട് മലക്കപ്പാറയിലേക്ക്. ഇതു മുഴുവൻ കാടുതന്നെയാണ് എന്നതു ശ്രദ്ധേയം. അതായത് നല്ല കണ്ടീഷൻ ഉള്ള വണ്ടിയുമായേ യാത്ര തിരിക്കാവൂ. ടയർ പങ്ചർ ആയാൽപ്പോലും നന്നേ ബുദ്ധിമുട്ടാണ്.  കുട്ടികൾ യാത്രയിലുണ്ടെങ്കിൽ ആഹാരവും വെള്ളവും അതിരപ്പിള്ളിയിൽനിന്നു വാങ്ങി കാറിൽ കരുതണം. അതിലുള്ള പ്ലാസ്റ്റിക് കാട്ടിൽ കളയരുതെന്നു പ്രത്യേകം ഓർമിപ്പിക്കുന്നു. 

മലക്കപ്പാറയിലേക്കു ബസ്സുണ്ടോ-?

ചാലക്കുടിയിൽനിന്ന് അതിരാവിലെ മലക്കപ്പാറയിലേക്കു പ്രൈവറ്റ് ബസ്സുണ്ട്. 

എത്ര സമയം കൊണ്ട് കാടു താണ്ടണം,രണ്ടുമണിക്കൂർ കൊണ്ട് കാടുതാണ്ടണം. 

നല്ല സമയം?

രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുവരെയാണ് സന്ദർശനസമയം. പക്ഷേ, വൈകിട്ട് മൂന്നുമണി കഴിഞ്ഞാൽ പിന്നെ യാത്ര അത്ര നല്ലതല്ല. മരങ്ങൾ റോഡിലേക്കു വീഴാൻ സാധ്യതയുള്ളതിനാൽ ചിലപ്പോൾ പണികിട്ടാം. 

ഫോണിന്റെ റേഞ്ച് ? 

ബിഎസ്എൻഎൽ കണക്ഷൻ മാത്രമേ ലഭിക്കുകയുള്ളൂ. അതും വാഴച്ചാൽ കഴിഞ്ഞ് പതിനഞ്ചു കിലോമീറ്റർ ഒക്കെ കഴിഞ്ഞാൽ ഒരു നെറ്റ് വർക്കും ഉണ്ടാകില്ല. വൈകിട്ട് പോകുന്നവർക്ക് മരം വീണോ മറ്റോ ബുദ്ധിമുട്ടുണ്ടായാൽ നാട്ടിലേക്കു ബന്ധപ്പെടാൻ വഴിയൊന്നുമില്ലെന്നു സാരം. കഴിവതും മറ്റു വാഹനങ്ങളുമായി ചേർന്നു പോകുക. 

വനംവകുപ്പിന്റെ കർശന പരിശോധനയുണ്ട്. ലഹരിപദാർഥങ്ങൾ വാഹനത്തിൽ കൊണ്ടുപോകരുത്. 

കൂടുതൽ വിവരങ്ങൾക്ക് 

വാഴച്ചാൽ വനംവകുപ്പ്-8547601915