യാത്രകൾ കൊണ്ട് പണക്കാരായ ദമ്പതികൾ

ആറക്കസംഖ്യ വരുമാനമുള്ള ജോലികളഞ്ഞ് ലോകംചുറ്റാനിറങ്ങിയ ആ ദമ്പതികൾക്ക് ഭ്രാന്താണെന്ന് പലരും പറഞ്ഞു. യാത്ര എന്ന ഭ്രാന്തിനു പിന്നാലെ ഇറങ്ങിത്തിരിച്ചാൽ ഇങ്ങനെ പലതും കേൾക്കേണ്ടി വരുമെന്നറിഞ്ഞുകൊണ്ട് തന്നെ ആ കനേഡിയൻ ദമ്പതികൾ അതിനെ ചിരിച്ചു തള്ളി.

ഇരുപതു വയസിൻറെ ചോരത്തിളപ്പിൽ ഉള്ളതെല്ലാം വിറ്റുപെറുക്കി അന്നോളം സമ്പാദിച്ചതെല്ലാം കൈയ്യിലെടുത്ത് നിക്ക് വാർട്ടൺ– ഡറീസ് സ്വിഫ്റ്റ് ദമ്പതികൾ ആദ്യമായി മെക്സിക്കോയിലേക്ക് യാത്ര പോയി. പ്രിൻറിങ് പ്രസ് ഓപ്പറേറ്ററായ വാർട്ടണും റിയൽ എസ്റ്റേറ്റ് പാരാലീഗലായ സ്വിഫ്റ്റും യാത്രതുടങ്ങിയത് വിവാഹശേഷം ഏകദേശം ഒരുവർഷത്തോളം കഴിഞ്ഞാണ്. $100,000 കനേഡിയൻ ഡോളർ( ഏകദേശം 6709545.00 ഇന്ത്യൻ രൂപ) വരുമാനം കിട്ടുന്ന ജോലി ഉപേക്ഷിച്ചാണ് സ്വിഫ്റ്റ് ഉലകം ചുറ്റാനിറങ്ങിയത്.

Incredible Island.Photo Credit: goatsontheroad

യാത്രയ്ക്കായി പദ്ധതിയിടും മുമ്പേ തന്നെ കൂടുതൽ സമയം ജോലിസ്ഥലത്ത് ചിലവഴിക്കാൻ ഇവർ ശ്രമിക്കും.യാത്രക്കാവശ്യമായ പണം ലഭിച്ചാലുടൻ അടുത്ത യാത്ര പുറപ്പെടും. ചിലപ്പോൾ ഓരോ യാത്രയ്ക്കുമിടെ മാസങ്ങളുടെ ഇടവേളയുണ്ടാകും. പിന്നീട് ജോലിയുടെ സൗകര്യാർത്ഥം ഇവർ സൗത്ത് ഈസ്റ്റ് ഏഷ്യയിലേക്ക് മാറി. ജോലികൾ മാറിമാറി പരീക്ഷിച്ച് ഒരു തുകയെത്തുമ്പോൾ വീണ്ടും യാത്രപുറപ്പെടും. ഈ രീതി മടുത്തു തുടങ്ങിയപ്പോഴാണ് എന്തുകൊണ്ട് യാത്രയിലൂടെത്തന്നെ ഒരു സ്ഥിരവരുമാനം ഉണ്ടാക്കിക്കൂട എന്ന ചിന്ത അവരുടെ മനസ്സിൽ മൊട്ടിട്ടത്. ആ ചിന്തയിൽ നിന്നാണ് ഗോട്ട്സ് ഓൺ ദ് റോഡ് (Goats on the Road) എന്ന ട്രാവൽ ബ്ലോഗിൻെറ പിറവി.

Nick Wharton and Dariece Swift. Photo Credit : Goats on the Road.

ട്രാവൽ ബ്ലോഗിലേക്ക് നിരവധി പരസ്യക്കമ്പനികളുടെ ഓഫർ കൂടി വന്നതോടെ അതിൽ നിന്ന് മികച്ച വരുമാനം കണ്ടെത്താൻ അവർക്കായി. ഇപ്പോൾ മാസം 234867.33 നും 335375.00 നും ഇടയിൽ വരുമാനം ഈ ട്രാവൽ ബ്ലോഗിൽ നിന്നു തന്നെ ഈ ദമ്പതികൾ സമ്പാദിക്കുന്നുണ്ട്. തങ്ങളുടെ ജീവിതത്തിൽ ബ്ലോഗ് വഴിത്തിരിവായതു പോലെ മറ്റുപലർക്കും ഇത് പ്രചോദനമേകാൻ വേണ്ടി എങ്ങനെ ഒരു ട്രാവൽ ബ്ലോഗ് തുടങ്ങാം എന്ന് ഇവർ മറ്റുള്ളവർക്ക് പഠിപ്പിച്ചുകൊടുക്കുന്നുണ്ട്.

A man's best friend in Mongolia is his horse. Photo Credit: goatsontheroad

ഇപ്പോൾ ഈ ദമ്പതികൾക്ക് 31 വയസുണ്ട് 11 വർഷത്തിലേറെയായ യാത്രാനുഭവങ്ങൾ നൽകിയവെളിച്ചത്തിൽ അവർ ഒരു തീരുമാനം എടുത്തിട്ടുണ്ട്. ഏതെങ്കിലും ഒരു സ്ഥലത്തേക്ക് യാത്രതിരിച്ചാൽ അവിടെയുള്ള ഒരു സ്ഥലത്ത് കുറച്ചു മാസങ്ങൾ താമസിക്കും ആ സ്ഥലത്തെ സംസ്കാരവും ജീവിതശൈലിയും അനുഭവിച്ചറിഞ്ഞ് വളരെ സാവധാനം മാത്രമേ പുതിയ ഒരു സ്ഥലത്തേക്കുള്ള യാത്രയെപറ്റി ആലോചിക്കൂ.

ഇനി അടുത്ത യാത്ര ജർമിനിയിലേക്കാണ് ദമ്പതികൾ പ്ലാൻ ചെയ്യുന്നത്.ബ്ലോഗ് വഴി ലഭിക്കുന്ന വരുമാനത്തിൽ നിന്ന് ഒരു പങ്ക് യാത്രയിൽ നിന്ന് റിട്ടയർ ചെയ്യുന്ന ഒരു കാലത്തേക്ക് നീക്കിവെച്ചിട്ടുണ്ടെന്നും ദമ്പതികൾ പറയുന്നു. ജീവിതം ഇത്രയും സുന്ദരമായി മാറുമെന്ന് തങ്ങൾ പ്രതീക്ഷിച്ചിരുന്നില്ലെന്നും അപാരമായ സ്വാതന്ത്രത്തോടെയാണ് ജീവിതം ആസ്വദിക്കുന്നതെന്നുമാണ് അവർ പറയുന്നത്.

Nick Wharton and Dariece Swift. Photo Credit : Goats on the Road.

കുഞ്ഞുങ്ങളെക്കുറിച്ച് ആലോചിച്ചു തുടങ്ങിയിട്ടില്ലെന്നും ഈ യാത്രക്കിടയിൽ ഇനി ഒരു കുഞ്ഞതിഥി കൂടി എത്തിയാൽ അതൊരു ഭാരമായി കരുതാതെ ഒരു കുഞ്ഞു ലെഗേജ് കൂടെ യാത്രക്കായി ഒരുക്കി യാത്രകൾ തുടരുമെന്നും ഇവർ പറയുന്നു.