പട്ടായ- ബാങ്കോക്ക് ; ഉടലിന്റെ ആഘോഷങ്ങൾ

ഭൂരിഭാഗം മലയാളികളും പട്ടായ എന്ന സ്ഥലത്തേക്കുറിച്ച് ആദ്യമായി കേൾക്കുന്നത് അമർ അക്ബർ ആന്റണി എന്ന മലയാളസിനിമയിലൂടെയായിരിക്കും.ഈ സിനിമയിലെ നായകന്മാരുടെ ജീവിതാഭിലാഷം തന്നെ പട്ടായയിൽ പോയി ജീവിതം ആഘോഷിക്കണമെന്നാണ്. എങ്ങോട്ടാണ് യാത്രയെന്ന് ചോദിച്ചവരോട് തായ്‌ലൻഡ് എന്ന് പറഞ്ഞപ്പോൾതന്നെ അർത്ഥഗർഭമായ ചിരിയായിരുന്നു പലരുടെയും മറുപടി.

ബാങ്കോക്ക്, പട്ടായ എന്ന് കേൾക്കുമ്പോൾത്തന്നെ ഒരു സെക്സ് ടൂറിസം ഡെസ്റ്റിനേഷന്റെ ചിത്രമാണ് ഭൂരിഭാഗത്തിന്റെയും മനസ്സിൽവരിക. എന്നാൽ വൈവിധ്യകരമായ പ്രകൃതിസൗന്ദര്യവും  ചരിത്രസ്മാരകങ്ങളും സംസ്കാരവുമെല്ലാം സമന്വയിക്കുന്ന നാടാണ് തായ്‌ലൻഡ്.
തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് 130 കി.മീ തെക്ക് സ്ഥിതി ചെയ്യുന്ന ഒരു തീരദേശ സുഖവാസകേന്ദ്രമാണ് പട്ടായ. വിയറ്റ്നാം യുദ്ധത്തിനുശേഷം വിശ്രമത്തിനും  ഉല്ലാസത്തിനുമെത്തിയ അമേരിക്കൻ പട്ടാളക്കാരിലൂടെയാണ് പട്ടായ ഒരു വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിൽ അറിയപ്പെട്ടുതുടങ്ങിയത്.

ഒരു സെക്സ് ടൂറിസം ഡെസ്റ്റിനേഷൻ എന്ന് ആഗോളതലത്തിലുള്ള ചീത്തപ്പേര് മാറ്റാനുള്ള ശ്രമങ്ങൾ ഇവിടെ കാര്യമായി നടക്കുന്നുണ്ട്. ഇപ്പോൾ കുടുംബങ്ങളും ധാരാളമായി ഇവിടെയെത്തി അവധി ആഘോഷിക്കുന്നു. ഒരു റിട്ടയർമെന്റ് ലൈഫ് ഡെസ്റ്റിനേഷനെന്ന ഖ്യാതിയും പട്ടായയ്ക്കുണ്ട്. ഇതിനായി പ്രത്യേക വീസ നൽകുന്ന വിഭാഗം തന്നെ ഇവിടെയുണ്ട്!

ആദ്യ രണ്ടു ദിവസം പട്ടായയിലും പിന്നെ മൂന്ന് ദിവസം ബാങ്കോക്കിലും. ഇതായിരുന്നു യാത്രയുടെ പ്ലാൻ. ബാങ്കോക്കിലെ  ഡോൺ മുയാങ് എയർപോർട്ടിലാണ് ലാൻഡ് ചെയ്തത്. തായ്‌ലൻഡിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങളാണ് ഡോൺ മുയാങ്, സുവർണഭൂമി, ഫുക്കറ്റ് എന്നിവ.

കൊച്ചിയിൽ നിന്ന് വിമാനത്തിൽ നാല് മണിക്കൂറാണ് ബാങ്കോക്കിലേക്ക്. ഇന്ത്യൻ സമയത്തേക്കാൾ ഒന്നര മണിക്കൂർ മുന്നിലാണ് തായ്‌ലൻഡ് സമയം. ചെന്നിറങ്ങി ബാഗേജ് കളക്ട് ചെയ്തു. വീസ കൗണ്ടറിൽ നീണ്ട നിര. ഒന്നര മണിക്കൂർ കൊണ്ട് ചടങ്ങുകളെല്ലാം കഴിഞ്ഞു പുറത്തിറങ്ങി. ഓൺലൈൻ ബുക്ക് ചെയ്തിരുന്നതു കൊണ്ട് വിമാനത്താവളത്തിൽ ഡ്രൈവർ കാത്തുനിന്നിരുന്നു. ഇവിടെ നിന്ന് കാറിൽ പട്ടായയിലേക്ക് ഏകദേശം 2 മണിക്കൂർ (160 കിമീ) യാത്രയുണ്ട്. ട്രെയിനിൽ പോകുന്നത് പോലെ സുഖകരമായ യാത്ര. രാത്രിയിലെ വിമാനയാത്രയുടെ ആലസ്യത്തിൽ കാറിലിരുന്ന് ഒന്ന് മയങ്ങി. രാവിലെ എത്തി വിശ്രമിച്ചതിനു ശേഷം നഗരവുമായി പൊരുത്തപ്പെടാനായി  പുറത്തിറങ്ങി നടന്നു.

ഇന്ത്യൻ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകൾ തേടിയായിരുന്നു യാത്ര. രാവിലെ പൊതുവെ നഗരത്തിനു ഒരാലസ്യമാണ്. എന്നാൽ രാത്രിയോടെ രതിയുടെ, വന്യകാമനകളുടെ, ആസക്തിയുടെ ഒക്കെ ഭാവങ്ങൾ വിടർത്തി നഗരം ഉണരുന്നു. ഓരോ രാത്രിയും ഇവിടെ ഒരുത്സവമാണെന്നു തോന്നും.   

ഏഷ്യയിലെ ഏറ്റവും വലിയ കടലോര വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് പട്ടായ ബീച്ച്. സഞ്ചാരികൾക്ക് വിനോദത്തിന് നിരവധി അവസരങ്ങൾ ഇവിടെ ഒരുക്കിയിരിക്കുന്നു. സ്പീഡ്ബോട്ടിൽ ബന്ധിച്ചുള്ള പാരാസെയിലിങ് മികച്ച അനുഭവമാണ്. ഒരു പക്ഷിയെപ്പോലെ ഭാരങ്ങളില്ലാതെ പറക്കുന്ന മാസ്മരിക അനുഭവം. നൂറു കണക്കിന് പേർക്ക് ഒരേസമയം പാരാസെയിൽ  ചെയ്യാനുള്ള അവസരം ഇവിടെ ഒരുക്കിയിരിക്കുന്നു. വളരെ വൈദഗ്ധ്യത്തോടെയാണ് ഇവർ നമ്മെ തിരിച്ചു ബോട്ടിൽ ലാൻഡ് ചെയ്യിക്കുന്നത്.

പട്ടായ ബീച്ചിലെ പാരാസെയ്‌ലിങ്



ഇവിടെ നിന്നും 7 കി.മീ ദൂരത്താണ് കോറൽ ഐലന്റ് സ്ഥിതി ചെയ്യുന്നത്. പട്ടായ ബീച്ചിൽ നിന്നും സ്പീഡ് ബോട്ടിൽ കോറൽ ഐലന്റിലേക്കുള്ള യാത്ര രസകരമാണ്. ഓളങ്ങളിൽ നൃത്തമാടയുള്ള യാത്ര നമ്മുടെ റോഡുകളിലൂടെ കെ എസ് ആർ ടി സി ബസിൽ പോകുന്നത് അനുസ്മരിപ്പിക്കും. ദൂരെ തലയുയർത്തി നിൽക്കുന്ന പട്ടായ നഗരക്കാഴ്ചകൾ.

കോറൽ ഐലന്റ്


അതിമനോഹരമാണ്  കോറൽ ഐലൻഡ്. സ്ഫടികം പോലെ തെളിഞ്ഞ വെള്ളവും ഇളം തിരമാലകളുമുള്ള കടൽ.  പഞ്ചാരമണൽ വിരിച്ചു നീണ്ടുകിടക്കുന്ന തീരം. ഇവിടെ വാട്ടർ സ്‌കൂട്ടർ, സ്പീഡ് ബോട്ട്, ഡൈവിങ് തുടങ്ങി നിരവധി സൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നു.



പട്ടായയിലെ ചുവന്ന തെരുവാണ് വാക്കിങ് സ്ട്രീറ്റ്. വൈകുന്നേരം 7 മണിയോടെ തെരുവ് വർണവിളക്കുകളാൽ അലംകൃതമാകും. ബാറുകൾ, പബ്ബുകൾ, മസാജ് പാർലറുകൾ, വഴിവാണിഭക്കാർ തുടങ്ങിയവരെല്ലാം സജീവമാകും. തെരുവിൽ ലൈംഗിക തൊഴിലാളികൾ ചൂണ്ടക്കൊളുത്തു പോലുള്ള കണ്ണുകളുമായി ഉപഭോക്താക്കളെ കാത്തു നിൽക്കുന്നു.


2015ലെ കണക്കുപ്രകാരം, തായ്‌ലൻഡിൽ ഏകദേശം രണ്ടര ലക്ഷത്തോളം ലൈംഗിക തൊഴിലാളികളുണ്ട്. 6.4 ബില്യൻ ഡോളറാണ് സെക്സ് ടൂറിസത്തിലൂടെയുള്ള വാർഷികവരുമാനം. രാജ്യത്തിന്റെ ജിഡിപിയുടെ 10% വരുമിത്.



നിരവധി സെക്സ് പാർലറുകൾ ഇവിടെ സ്ഥിതി ചെയ്യുന്നു. മങ്ങിയ വെളിച്ചം മിന്നുന്ന അകത്തളങ്ങളിൽ സുന്ദരികളായ പെൺകുട്ടികൾ മാടിവിളിക്കുന്ന മിഴികളുമായി നിരന്നിരിക്കുന്നു. ഒരു സൂപ്പർമാർക്കറ്റിൽ പോയി ഷോപ്പ് ചെയ്യുന്ന ലാഘവത്തോടെ ഉപഭോക്താക്കൾ ഇഷ്ടമുള്ള പെൺകുട്ടിയെ തിരഞ്ഞെടുത്ത് പണമടച്ച് ഉടലിന്റെ തൃഷ്ണകൾ ശമിപ്പിക്കുന്നു.

വാക്കിങ് സ്ട്രീറ്റിന് സമീപം അൽപം മുകളിലായാണ് വ്യൂ പോയിൻറ്. കുന്നിൻമുകളിൽ 'PATTAYA CITY' എന്ന് വർണവിളക്കുകൾ കൊണ്ടെഴുതിയിരിക്കുന്നു. പട്ടായ നഗരത്തിന്റെ വിശാലമായ കാഴ്ച ഇവിടെനിന്ന് ലഭിക്കും. രാത്രിയിൽ വിളക്കുകളാൽ സർവാഭരണവിഭൂഷിതയായ പട്ടായ നഗരത്തിന്റെ ദൃശ്യം മനോഹരമാണ്. രാത്രിയിൽ പട്ടായ ബീച്ചിൽ നിന്ന് നോക്കിയാൽ  'PATTAYA CITY' മിന്നിത്തിളങ്ങുന്നത് കാണാം.‌



പട്ടായയിലെ പ്രശസ്തമായ ഒരു കലാപരിപാടിയാണ് അൽ കസാർ കാബറെ. നൂറിലേറെ നർത്തകർ ഒരുമിക്കുന്ന വർണാഭമായ നൃത്തവിരുന്നാണിത്. ഇതിന്റെ പ്രത്യേകത എന്താണെന്നോ? ഇവരിൽ ഭൂരിഭാഗവും ഭിന്നലിംഗക്കാരാണ്!   ‌

അൽ കസാർ കാബറെ



യാദൃച്ഛികമെന്ന് പറയട്ടെ ഞങ്ങൾ തായ്‌ലൻഡിൽ കാൽകുത്തിയ ദിവസമാണ് അവിടുത്തെ രാജാവ് ഭൂമിബോൽ നിര്യാതനായത്.  ഏറ്റവും കൂടുതൽ കാലം ഒരു രാജ്യത്തിന്റെ ഭരണസാരഥ്യം വഹിച്ച വ്യക്തി (70 വർഷവും 123 ദിവസം)യെന്ന അപൂർവ റെക്കോർഡിനുടമയായിരുന്നു ഭൂമിബോൽ രാജാവ്. നിരവധി പ്രതിസന്ധിഘട്ടങ്ങൾ നിറഞ്ഞ ഒരു വലിയ കാലയളവിൽ രാജ്യത്തെ നയിച്ചതുകൊണ്ട്, തായ്‌ലൻഡിലെ ജനങ്ങൾ ദൈവിക പരിച്ഛായയാണ് ഭൂമിബോലിന് നൽകിയിരുന്നതത്രെ.



ആദ്യദിനങ്ങൾ ചെലവഴിച്ച പട്ടായയിൽ രാജാവിന്റെ നിര്യാണവാർത്ത വലിയ മാറ്റങ്ങളൊന്നും സൃഷ്ടിച്ചില്ല. പക്ഷേ അവസാന രണ്ടു ദിവസങ്ങൾ ചിലവഴിക്കാൻ ഉദ്ദേശിച്ചിരുന്ന  ബാങ്കോക്കിൽ ഔദ്യോഗിക ദു:ഖാചരണം നിലവിൽ വന്നതുമൂലം, അവിടുത്തെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രവും, തായ് രാജവംശത്തിന്റെ ഔദ്യോഗിക വസതിയുമായ ഗ്രാന്റ് പാലസിന്റെ ഉള്ളിലേക്കുള്ള പ്രവേശനം സാധ്യമായില്ല.



രണ്ടുദിവസം വളരെ പെട്ടെന്ന് പോയി. അടുത്ത ദിവസം പട്ടായയോട് വിട പറഞ്ഞു ബാങ്കോക്കിലേക്ക് വണ്ടി കയറി. ബാങ്കോക്കിൽ എത്തിയ രാത്രി ഒരു ഡിന്നർ ക്രൂയിസ് ബുക്ക് ചെയ്തിരുന്നു.ബാങ്കോക്കിന്റെ ഹൃദയഭാഗത്തുകൂടെ ഒഴുകുന്ന നദിയാണ് ചാവോ ഫ്രായ.

ബാങ്കോക്കിലെ പ്രധാന നിർമിതികളും ചരിത്രസ്മാരകങ്ങളുമെല്ലാം ഇതിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ചാവോ ഫ്രായ നദിയിലൂടെയുള്ള  ആഢംബര നൗകസവാരി മനസ്സ് കുളിർപ്പി ക്കുന്നതാണ്. പരമ്പരാഗത രീതിയിലുള്ള വസ്ത്രമണിഞ്ഞ സുന്ദരികളായ തായ് പെൺകുട്ടികൾ സഞ്ചാരികളെ നൗകയിലേക്ക് ആനയിക്കുന്നു.ബാങ്കോക്ക് നഗരത്തിന്റെ രാത്രികാല സൗന്ദര്യം ആസ്വദിച്ചുകൊണ്ടുള്ള യാത്ര. കൂടെ സ്വാദിഷ്ഠമായ തായ് വിഭവങ്ങളും തായ് കലാരൂപങ്ങളും സംഗീതവും.

ചാവോ ഫ്രായ നദിയിലൂടെയുള്ള ആഢംബരനൗകസവാരി മനസ്സ് കുളിർപ്പിക്കുന്നതാണ്.



അടുത്ത ദിവസം സഫാരി വേൾഡ് എന്ന മൃഗശാലയിലേക്ക്. ഇവിടുത്തെ  ഒറാങ്  ഉട്ടാൻ, ഡോൾഫിൻ, സീ ലയൺ പ്രദർശനങ്ങൾക്കാണ് ഏറെ  കാഴ്ചക്കാരുള്ളത്. ബാക്കിയൊക്കെ നമ്മുടെ തിരുവനന്തപുരം മൃഗശാലയിലേതു പോലെതന്നെ. ഉച്ച കഴിഞ്ഞു മാഡം തുസാദിലേക്ക്. ലോകനേതാക്കളും വെള്ളിത്തിരയിലെ വിസ്മയതാരങ്ങളും എല്ലാം ഇവിടെ സന്നിഹിതരാണ്. അവർക്കൊപ്പം ചേർന്ന് നിന്ന് ഫോട്ടോയെടുക്കാം. മഹാത്മാഗാന്ധി മുതൽ ഉലകം ചുറ്റും വാലിബാനായ നമ്മുടെ പ്രധാനമന്ത്രി വരെ ഇന്ത്യയുടെ പ്രതിനിധികളായി ചിരിച്ചു കൊണ്ടു നിൽക്കുന്നു. മോദിയുടെ കൂടെ നിന്നൊരു സെൽഫിയങ്ങെടുത്തു!

മാഡം തുസാദ്



അടുത്ത ദിവസം രാവിലെ ഫ്ലോട്ടിങ് മാർക്കറ്റിലേക്ക്. ബാങ്കോക്കിൽ നിന്ന് 120 കിമീ ഉണ്ട് ഇവിടേക്ക്. ഭൂപ്രകൃതി കൊണ്ട് ആലപ്പുഴയെയും, കുട്ടനാടിനെയും സ്മരിപ്പിക്കും ഫ്ലോട്ടിങ് മാർക്കറ്റ്. വയലുകളും ചെറു വീടുകളും അതിനിടയിലൂടെ നീണ്ടൊഴുകുന്ന കനാലുകളും. ഇതുവഴി സഞ്ചരിച്ചുവേണം ഫ്ലോട്ടിങ് മാർക്കറ്റിലെത്താൻ.

ഫ്ലോട്ടിങ് മാർക്കറ്റ്

കനാലിന്റെ ഓരങ്ങളിൽ തട്ടിട്ടുയർത്തിയ കടകൾ. കൂടുതലും അലങ്കര കരകൗശല വസ്തുക്കളാണ്. ഓരോ കടയുടെ  തീരത്തും വഞ്ചി അടുപ്പിക്കും. വിലപേശി  സാധനങ്ങൾ  മേടിക്കാം  എന്നതുകൊണ്ട് നഗരത്തിലെ മാളുകളിലെതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ ലഭിക്കും.

തായ്‌ലൻഡ് പൊതുവെ സഞ്ചാര സൗഹൃദ അന്തരീക്ഷമുള്ള രാജ്യമാണ്. ഇംഗ്ലീഷ് ഭാഷയിൽ തദ്ദേശീയരിൽ ഭൂരിഭാഗത്തിനും വലിയ അവഗാഹമില്ല എന്നത് ആശയവിനിമയത്തിന് അൽപ്പം ബുദ്ധിമുട്ടുണ്ടാക്കും.

ജഗതിയുടെ കിലുക്കത്തിലെ 'വെൽക്കം ടൂ ഊട്ടി, നൈസ് റ്റു മീറ്റ് യൂ' ശൈലിയിലാണ് പല ടൂറിസ്റ്റ് ഗൈഡുകളും പിടിച്ചു നിൽക്കുന്നത്. ഏകദേശം 40,000 രൂപ കൊണ്ട് ഒരാൾക്ക് തായ്‌ലൻഡ് - പട്ടായ കണ്ടുവരാൻ സാധിക്കും. മേക് മൈ ട്രിപ്പ് പോലെയുള്ള സൈറ്റു കളിൽ ഇപ്പോൾ നിരവധി ഓഫറുകളുണ്ട്. തായ് ബഹ്ത് ആണ് തായ്‌ലൻഡിലെ കറൻസി. 1 ബഹ്ത് ഏകദേശം 2 ഇന്ത്യൻ രൂപ വരും. വീസ ഓൺ അറൈവൽ ആണ്.



പട്ടായയിലെയും ബാങ്കോക്കിലെയും നിരത്തുകൾ വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. മിനുസമുള്ള റോഡുകൾ. ശ്രദ്ധിച്ച മറ്റൊരു കാര്യം കാൽനടസൗഹൃദമായ റോഡുകളാണ്. റോഡ് മുറിച്ചു കടക്കുമ്പോൾ വളരെ മാന്യതയോടെ വണ്ടി നിർത്തി തരുന്ന ഡ്രൈവർമാർ. തിക്കും തിരക്കും ഹോണടിയുമൊന്നുമില്ല. നമ്മൾ മലയാളികൾ കണ്ടു പഠിക്കേണ്ട ഒരു ഗതാഗത സംസ്കാരമാണ് ഇവിടെ.

ലാസ്യമായി ശയിക്കുന്ന സുന്ദരിയെപ്പോലെ ബാങ്കോക്ക് നഗരം.



അഞ്ചാം ദിവസം രാത്രി ഡോൺ മുയോങ്ങിൽ നിന്നും തിരിച്ചു കൊച്ചിയിലേക്ക്. സ്വർണാഭരണങ്ങൾ വാരിച്ചുറ്റി, ലാസ്യമായി ശയിക്കുന്ന സുന്ദരിയെപ്പോലെ താഴെ ബാങ്കോക്ക് നഗരം. മനസ്സ് മന്ത്രിച്ചു: ഇനിയും വരണം ഇവിടേക്ക്..



കാഴ്ചകളേറെയുണ്ടിനിയും. കണ്ടത് മനോഹരം കാണാത്തത് അതിമനോഹരം എന്നാണല്ലോ! ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. അനുഭൂതികളുടെയും ആസക്തികളുടെയും കാഴ്ചകളുടെയും നാടായ തായ്‌ലൻഡ് സഞ്ചാരികളെ നിരാശ്ശപ്പെടുത്തില്ല എന്ന് തീർച്ച.