പേടിക്കണ്ട! ഈ കണ്ണാടിപ്പാലം സൂപ്പറാ

ഒരു കണ്ണാടിയുടെ മുകളിലൂടെ നടക്കുന്ന കാര്യം ഒന്ന് സങ്കൽപ്പിച്ചു നോക്കിയേ! എന്തൊക്കെ ഭയങ്ങളാണ്. അതെങ്ങാനും പൊട്ടി പോകുമോയെന്ന ഭയം, പൊട്ടി പോയാൽ ആകാശം മുട്ടുന്ന ഉയരത്തിൽ നിന്നും താഴെ വീഴുമെന്ന കാര്യം ഉറപ്പാണ്. താഴെ എത്തുന്നതിനു മുൻപ് എന്തായാലും ആളിന്റ കഥ കഴിഞ്ഞിരിക്കും. ഇങ്ങനെ ഇത്ര പേടിച്ചു ആരെങ്കിലും കണ്ണാടിയിലൂടെ നടക്കുമോ! നേരെ ചൈനയിലെ സാന്‍ഗ്ജിയാജിയിലേക്ക് യാത്ര ചെയ്തോളൂ, ലോകത്തിലെ ഏറ്റവും കൂടുതൽ സഞ്ചാരികളെ അമ്പരപ്പിച്ച ആ കണ്ണാടിപ്പാലം അവിടെയാണ്.

2016 ൽ സഞ്ചാരികൾക്കായി തുറന്നു കൊടുത്ത ചൈനയിലെ കണ്ണാടിപ്പാലമാണിത്. അന്നുതൊട്ട് ഇന്നോളം ഇവിടെ യാത്രികരുടെ തിരക്കൊഴിഞ്ഞ നേരവുമില്ല. രണ്ടു മലകളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് ഇതിനു മുൻപ് ഇവിടെയുണ്ടായിരുന്ന മരത്തിന്റെ പാലം നീക്കം ചെയ്ത ശേഷമാണ് ഇതേ മലകളെ തമ്മിൽ തന്നെ ബന്ധിപ്പിച്ചു കൊണ്ട് കണ്ണാടിയുടെ പാലം നിർമ്മിച്ചത്. ഒരേ സമയം എണ്ണൂറോളം സഞ്ചാരികൾക്ക് ഈ പാലത്തിലൂടെ നടക്കാമെന്നുള്ള ഉറപ്പു ഇതിന്റെ നിർമ്മാതാക്കൾ അവകാശപ്പെടുന്നുണ്ട്.

സ്റ്റീൽ ഫ്രയിമാണ് ഈ പാലത്തിനായി ഉപയോഗിച്ചിരിക്കുന്നത്. സാധാരണ ഉപയോഗിക്കുന്ന ഗ്ലാസ് അല്ല നിർമാണത്തിനുപയോഗിച്ചിരിക്കുന്നത്. പൊട്ടിപോകാത്ത, മികച്ച ബലം അവകാശപ്പെടാൻ കഴിയുന്ന ഗ്ലാസുകൊണ്ടാണ് നിർമ്മാണം. ഇസ്രായേൽ ആർക്കിടെക്ട് ഹൈം ടോട്ടൻ ആണ്  ഇതിന്റെ നിർമ്മാതാവ്. പക്ഷെ സുരക്ഷയെക്കുറിച്ചുള്ള വാദഗതികളൊന്നും ഇത് ആസ്വദിക്കാൻ വേണ്ടി വരുന്ന സഞ്ചാരികളെ തെല്ലും ആശ്വസിപ്പിക്കുന്നില്ല എന്നതാണ് സത്യം.

കണ്ണാടി പാലത്തിലൂടെ യാത്രികർ പോകുന്ന കാഴ്ച വളരെ രസകരമാണ്. പലരും നിന്നും ഇരുന്നും നിരങ്ങിയും ഒക്കെയാണ് ഈ പാലം കടക്കുന്നത്. എങ്ങനെയെങ്കിലും പകുതി വരെ എത്തിയവർ തിരിഞ്ഞു നടക്കാനോ മുന്നോട്ടു പോകണോ പറ്റാതെ പേടിച്ച് പിടിച്ചു നിൽക്കുന്ന കാഴ്ചയും ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. നടക്കുന്ന വഴിയ്ക്ക് ഒന്ന് താഴേയ്ക്ക് നോക്കിപ്പോയാൽ അടികൾ ആകൃതിയില്ലാത്ത പാറക്കെട്ടുകൾ നമ്മെയും കാത്തിരിക്കുകയാണെന്ന് തോന്നും. ഭയം അരിച്ചെത്തി കാലുകൾ മുന്നോട്ടു വയ്ക്കാൻ പറ്റാതെയാകും. എന്നാൽ പലരും ധൈര്യം സംഭരിച്ചു പാലത്തിലൂടെ സഞ്ചരിക്കാറുണ്ട്.

ഈ പാലത്തിന്റെ ഡിസൈൻ, അതിന്റെ നിർമ്മാണ മികവ് എന്നിവയ്ക്ക് പത്തു ലോക റെക്കോർഡുകളാണ് ഇതുവരെ കണ്ണാടിപ്പാലം സ്വന്തമാക്കിയത്. പൊതു ജനങ്ങൾക്കായി തുറന്ന് പതിമൂന്നാം ദിവസം പാലം അടച്ചിട്ടു. പാലത്തിനു താങ്ങാവുന്നതിലുമധികം സന്ദർശകർ വന്നതാണ് കാരണം. ആളുകളെ നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണം നടത്തുവാൻ വേണ്ടിയാണ് താൽക്കാലികമായി പാലം അടച്ചത്. പിന്നീട് കാർ പാർക്കിങ് ഉൾപ്പെടെ പല സൗകര്യങ്ങളും ഏർപ്പാടാക്കിയ ശേഷം ദിവസങ്ങൾക്കു ശേഷമാണ് വീണ്ടും പാലം തുറന്നത്.

നാഷണൽ ഫോറസ്റ്റ് പാർക്ക്

ചൈനയിൽ സാന്‍ഗ്ജിയാജിയിലേക്ക് ചെന്നാൽ ഈ കണ്ണാടി പാലം മാത്രമാണ് കാണാനുള്ളത് എന്ന് കരുതരുത്. ഈ കണ്ണാടി പാലത്തിന്റെ ഒരു ഭാഗം ചേർത്ത് വച്ചിരിക്കുന്നത് ഇവിടുത്തെ ഒരു പ്രധാന ദേശീയ ഉദ്യാനം രൂപപ്പെടുത്തിയിരിക്കുന്ന മലയിലേക്കാണ്. പന്ത്രണ്ടായിരത്തിലധികം ഏക്കറുകളിൽ വ്യാപിച്ചു കിടക്കുന്ന ഈ പാർക്ക് 1982 ലാണ് ദേശീയ ഉദ്യാനമാക്കി മാറ്റിയത്. യുനെസ്‌കോയുടെ ലോക ഹെറിറ്റേജ് ഭൂപടത്തിലും ഈ ഉദ്യാനമുണ്ട്.

ലൈം സ്റ്റോൺ ആണ് ഈ ഉദ്യാനത്തിലെ പ്രധാന ആകർഷണം. ആരാലും ഉണ്ടാക്കിയതല്ല ഇവിടുത്തെ ഈ കല്ലുകൾ. മറിച്ചു വർഷങ്ങളുടെ ഫലമായി അത്തരത്തിൽ ആയി തീർന്നതാണ് അവ. "Avatar Hallelujah Mountain" എന്ന് പേരിട്ടിരിക്കുന്ന ഇവിടുത്തെ ഉയരമുള്ള മല നമ്മുടെ അവതാർ സിനിമയിലെ ആകാശത്തിലൂടെ ഒഴുകി നടക്കുന്നു എന്ന് തോന്നിപ്പിക്കുന്ന മലകളെ ഓർമ്മിപ്പിക്കും. അതുകൊണ്ടു തന്നെയാണ് ഈ മല ഇത്തരത്തിൽ പേരിടപ്പെട്ടതും. ഈ ഉദ്യാനത്തിലെ മാലയെയും താഴ്്വരയെയും തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് ഒരു എലവേറ്ററുണ്ട്. ബൈലോങ് എലവേറ്റർ എന്നാണു ഇതിന്റെ പേര്. ലോകത്തിലെ ഏറ്റവും നീളം കൂടിയ എലവേറ്ററാണ് ഇത്. 1070 ഫീറ്റ് ആണ് ഇതിന്റെ ഉയരം. ഒരേ സമയം അമ്പതു പേർക്ക് വരെ ഇതിലൂടെ സഞ്ചരിക്കാൻ കഴിയും.

സാഹസിക സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടമാണ് ഈ കണ്ണാടി പാലവും ഇവിടുത്തെ ദേശീയ ഉദ്യാനവും. ലോകത്തെ ഏറ്റവും വലിയ നീളമുള്ള ഈ കണ്ണാടിപ്പാലം ഭയപ്പെടുത്തിയാലും സഞ്ചാരികൾക്ക് ഒഴിവാക്കാൻ വയ്യാത്ത ഒന്നായി ഇപ്പോഴും തുടരുന്നു.