ലഹരി നുണയാൻ ഇൗ രാജ്യങ്ങളിലേക്ക് പോകാം

ദോഷങ്ങൾ ഏറെയെന്നു മുന്നറിയിപ്പുണ്ടെങ്കിലും മദ്യത്തിന്റെ ലഹരി നുണയുന്നവർ നമുക്കുചുറ്റും നിരവധിയാണ്.  കല്യാണത്തിനും മരണത്തിനും ജനനത്തിനുമൊക്കെ ഇന്ന് മദ്യത്തിന്റെ അകമ്പടി കൂടിയേ തീരൂ എന്നായിട്ട് നാളുകളേറെയായി. രോഗങ്ങളും ശാരീരിക പ്രശ്നങ്ങളും കൂട്ടിനു കിട്ടുമെന്നറിയാമെങ്കിലും ആ ലഹരിയുടെ  സ്വീകാര്യത കൂടിയിട്ടേയുള്ളൂ. ഏറ്റവും മികച്ച മദ്യം ലഭിക്കുന്ന രാജ്യമേതെന്നു തിരഞ്ഞാൽ അതിൽ ബ്രിട്ടനും ഓസ്‌ട്രേലിയയും ചൈനയും ഫ്രാൻസുമൊക്കെയുണ്ട്. അതിൽ തന്നെ ഏറ്റവും മികച്ച മദ്യം ലഭിക്കുന്നത് എവിടെയെന്നറിയാനും ലഹരി നുണയാനും  ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ ഇതാ അങ്ങനെയുള്ളവർക്കായി ഒരു ലഹരിപിടിപ്പിക്കുന്ന യാത്ര.

ബ്രിട്ടൻ

തങ്ങളുടെ രാജ്യത്തോടുള്ള ശാശ്വതമായ സ്നേഹം പ്രകടിപ്പിക്കാൻ അയർലൻഡുകാർക്ക് ഒരു പ്രത്യേക മദ്യപാന ദിവസമുണ്ടെങ്കിൽ അയൽരാജ്യമായ ബ്രിട്ടനും അങ്ങനെയൊരു ദിവസമുണ്ട്. ആ ദിവസമേതെന്നു ചോദിച്ചാൽ, ‘അത് ഇന്നലെയാകാം ഇന്നാകാം നാളെയുമാകാം’ എന്നായിരിക്കും ഒരു ബ്രിട്ടിഷുകാരന്റെ വാക്കുകൾ. അതിൽനിന്നു തന്നെ കാര്യങ്ങൾ ഏകദേശം ഊഹിക്കാമല്ലോ. വർഷത്തിലെ 365 ദിവസവും മദ്യപിക്കാൻ താല്പര്യമുള്ളവരാണ് ആ രാജ്യത്തുള്ളവർ. മദ്യം വിളമ്പുന്ന നിരവധി പബ്ബുകളുള്ള രാജ്യമാണ് ബ്രിട്ടൻ. അന്നാട്ടിലെത്തി മദ്യപിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് അതുകൊണ്ടുതന്നെ മദ്യം തേടി എങ്ങും അലയേണ്ടതില്ല. ബന്ധങ്ങൾ തുടങ്ങുവാനും അവസാനിപ്പിക്കാനും ഏറ്റവും നല്ലയിടങ്ങൾ ഏതെന്നു ബ്രിട്ടനിൽചെന്ന് അന്വേഷിച്ചാൽ അതിനുത്തരവും  പബ്ബുകൾ എന്നുതന്നെയായിരിക്കും. മദ്യത്തിനൊപ്പം കഴിക്കാനായി ചെറുകടികളും ഈ പബ്ബുകളിൽ ലഭ്യമാണ്. ബ്രിട്ടനിലെ അതിവിശിഷ്ടമായ മദ്യമെന്നത് ബിറ്റർ എന്ന ഒരുതരം ബിയറാണ്. പരമ്പരാഗതമായി ബ്രിട്ടനിൽ മാത്രം ലഭിക്കുന്ന ഒരു മദ്യമാണിത്. 

ചൈന

ആഘോഷവേളകളെ ആനന്ദകരമാക്കാൻ ചൈനക്കാർ കൂടുതലായി ആശ്രയിക്കുന്നത് മദ്യത്തെയാണ്. ഷാങ്‌ഹായിയിലെ കോടിപതികൾ ആഡംബരം കാണിക്കുന്നതിനായി വാങ്ങിക്കൂട്ടുന്നത് ഒരു കുപ്പിക്കുതന്നെ ആറര ലക്ഷത്തോളം രൂപ വിലവരുന്ന ഷാത്തൂ മാർഗു എന്ന മദ്യമാണ്. വിവാഹവേളയിലും ജന്മദിനങ്ങളിലും ബിസിനസ് കാര്യങ്ങൾ  ഉറപ്പിക്കുന്ന സമയങ്ങളിലുമെല്ലാം മദ്യപിക്കുന്ന ശീലം ചൈനക്കാർക്കുണ്ട്.  ചൈനയിലെ ഏറ്റവും സവിശേഷമായ മദ്യം ബെയ്ജിയു ആണ്. 

റഷ്യ

മദ്യപാനമെന്നത് ജീവിതത്തിന്റെ ഭാഗമാണ് റഷ്യക്കാർക്ക്. ആനന്ദത്തിനു വേണ്ടി മാത്രമല്ലാതെ എന്തു പ്രധാന കാര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നാലും മദ്യത്തെ കൂട്ടുപിടിക്കുന്നവരാണ് ഇന്നാട്ടുകാർ. വോഡ്കയാണ് റഷ്യയിലെ  പ്രധാന പാനീയം. ഇവിടെയെത്തുന്ന സഞ്ചാരികളും റഷ്യൻ വോഡ്കയുടെ ലഹരി അറിയാൻ താല്‍പര്യം പ്രകടിപ്പിക്കാറുണ്ട്.

ഫ്രാൻസ് 

മറ്റുള്ള യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ചു മദ്യപാനത്തിന്റെ കാര്യത്തിൽ അപരിഷ്‌കൃതരാണ് ഫ്രാൻസിലുള്ളവർ. വൈനാണ് ഫ്രാൻസിന്റെ ദേശീയ പാനീയമെന്നു തമാശയായി വേണമെങ്കിൽ പറയാം. കാരണം അവിടെ വെള്ളത്തേക്കാൾ വിലക്കുറവുള്ളതും സുലഭവുമാണ് വൈൻ. പ്രഭാതഭക്ഷണമൊഴിച്ച്, പിന്നീടുള്ള ഭക്ഷണത്തിനൊക്കെ ഒപ്പം വൈൻ ഉപയോഗിക്കാറുണ്ട് അവിടെയുള്ളവർ. സൂപ്പർ മാർക്കറ്റുകളിലെല്ലാം മദ്യം ലഭിക്കുമെങ്കിലും അത് മറ്റു രാജ്യങ്ങളിൽ നിന്നുള്ളവയാണ്. അതേസമയം ബെൽജിയത്തിൽ നിന്നുള്ള ബീയറിന് തദ്ദേശീയർക്കിടയിൽ വലിയ ആവശ്യക്കാരില്ല എന്നതും ശ്രദ്ധേയമാണ്. ഫ്രാൻസിലെ ഏറ്റവും വിശിഷ്ടമായ മദ്യം 'ചാട്യൂനഫ്- ഡി-പാപെ' ആണ്. 

ഇക്വഡോർ 

നാടൻ  മദ്യത്തിന് പേരുകേട്ട നാടാണ് ഇക്വഡോർ. 'ഹാങ്ങോവർ ഇൻ എ ബോട്ടിൽ ' എന്നത് ഇവിടുത്തെ ഒരുതരം നാടൻ മദ്യമാണ്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ലഹരിയുടെ തോത് വളരെയധികം ഉയർന്ന ഒരിനമാണിത്. ഴാമിർ എന്ന മദ്യമാണ് ഇവിടെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്നത്. കരിമ്പിൽ നിന്നാണ് അതിന്റെ നിർമാണം. ക്രിസ്റ്റൽ എന്ന ഒരുതരം നാടൻ മദ്യത്തിനും ഇവിടെ ആവശ്യക്കാരേറെയുണ്ട്.