ആഫ്രിക്ക; പച്ചപ്പിന്റെ മഹാസാഗരം!

മനുഷ്യന്റെ ജൻമനാട്ടിൽ അധ്യായം 2

കെനിയ എയർവേയ്‌സ് വിമാനം ആറു മണിക്കൂർ അറബിക്കടലിനു മേലെ പറന്നു. പിന്നെ കരയെ സ്പർശിച്ചു. പച്ചപ്പിന്റെ മഹാസാഗരം! ആഫ്രിക്കയുടെ ഹരിതഭംഗി ഞാൻ ആദ്യമായി  കാണുകയാണ്. മരങ്ങളും പുൽമൈതാനങ്ങളും മലകളും പുഴകളുമെല്ലാം ഇടകലർന്നു കാണുന്ന പ്രകൃതിയുടെ ചേതോഹരമായ കാൻവാസ് ചിത്രം.

‘ഇടതുവശത്തു കാണുന്നതാണ് ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ കിളിമഞ്ജരോ’ - പൈലറ്റ് അനൗൺസ് ചെയ്തു. മൂന്നു നിര സീറ്റുകളുള്ള ബോയിങ് 787 -8 ന്റെ വലത്തേയറ്റത്തെ നിരയിൽ ഇരിക്കുന്ന ഞാൻ ആവുന്നത്ര കുനിഞ്ഞ് ഇടത്തേയറ്റത്തെ ജനലിലേക്കു കണ്ണെറിഞ്ഞു. ഒന്നും കാണാൻ കഴിയുന്നില്ല. ചാടിയെഴുന്നേറ്റ് പിൻഭാഗത്ത് എയർഹോസ്റ്റസുമാർ ഇരിക്കുന്നിടത്തേക്ക് ഓടി. ‘യു വാണ്ട് കോഫി ഓർ സംതിങ്?’ - എന്റെ പരവേശം കണ്ട്, കറുത്തു സുന്ദരിയായ എയർഹോസ്റ്റസ് ചോദിച്ചു. ‘നോ... സെർച്ചിങ് ഫോർ കിളിമഞ്ജാരോ’ എന്ന് പറഞ്ഞിട്ട് ഞാൻ ജനൽ ഗ്ലാസിലൂടെ പാളി നോക്കി. ആ ദൃശ്യം കടന്നു പോയിരിക്കുന്നു. ഇച്ഛാഭംഗത്തോടെ നിൽക്കുമ്പോൾ അടുത്ത അനൗൺസ്‌മെന്റ് വന്നു- ‘ഇപ്പോൾ നിങ്ങൾ കാണുന്നത് ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കൊടുമുടിയാണ് -മൗണ്ട് കെനിയ’.

ടാൻസാനിയായുടെ തലസ്ഥാനമായ ദാർ  എസ് സലാം

വിമാനത്തിന് തിരശ്ചീനമായി മൗണ്ട് കെനിയ തെളിഞ്ഞു വന്നു. ശിരസ്സിൽ ഹിമമണിഞ്ഞ്, ആഢ്യത്വത്തോടെ തലയുയർത്തിപ്പിടിച്ച് ഒരു വമ്പൻ കൊടുമുടി. മേഘജാലങ്ങൾ അടുത്തുവരാൻ മടിച്ചു നിൽക്കുന്നതുപോലെ, അതുകൊണ്ടുതന്നെ തെളിമയോടെ മൗണ്ട് കെനിയ കാണാനും സാധിച്ചു.

സീറ്റ് ബെൽറ്റ് മുറുക്കാൻ അനൗൺസ്‌മെന്റ് മുഴങ്ങി. വിമാനം കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിൽ ഇറങ്ങുകയാണ്. ഞാൻ ചാടിയോടി സീറ്റിൽ പോയിരുന്നു.

ടാൻസാനിയായുടെ തലസ്ഥാനമായ ദാർ  എസ് സലാം

ചാറ്റൽ മഴ തുടങ്ങി. ആഫ്രിക്കൻ യാത്രയ്ക്കു പദ്ധതിയിട്ടപ്പോൾത്തന്നെ സുരേഷ് മുന്നറിയിപ്പു തന്നിരുന്നു, മഴക്കാലമാണെന്ന്. പക്ഷേ പുതിയൊരു രാജ്യം കാണാനുള്ള ‘ആക്രാന്തം’ മൂലം ഞാനതൊന്നും ഗൗനിച്ചില്ല. തന്നെയുമല്ല, സക്കറിയയുടെ ‘ആഫ്രിക്കൻ യാത്ര’യിൽ ആഫ്രിക്കയിലെ മഴയുടെ ഭാവമാറ്റങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ‘തുള്ളിക്കൊരുകുടം പേമാരി’ എന്നൊക്കെ പറയുന്നത് ആഫ്രിക്കൻ മഴയ്ക്കാണ് ചേരുക എന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. അങ്ങനെയെങ്കിൽ ആ മഴയും ഒന്നു കാണണമല്ലോ. എന്തായാലും ആഫ്രിക്കൻ മഴയുടെ ട്രെയിലർ കെനിയയിൽ നിന്നേ തുടങ്ങിയെന്നു പറയാം.

ടാൻസാനിയായുടെ തലസ്ഥാനമായ ദാർ  എസ് സലാം

നെയ്‌റോബി എയർപോർട്ട് ആഫ്രിക്കൻ നഗരങ്ങളിലെ വലിയ വിമാനത്താവളങ്ങളിൽ ഒന്നാണ്. നല്ല തിരക്കുണ്ട്. അധികവും ട്രാൻസിറ്റ് യാത്രക്കാരാണ്. അതായത്, ഏതെങ്കിലുമൊക്കെ രാജ്യങ്ങളിൽ നിന്നു വന്ന്, ആഫ്രിക്കയിലെ വിവിധ നഗരങ്ങളിലേക്കു തുടർയാത്ര നടത്തേണ്ടവർ, ഞാനും അങ്ങനെയൊരാളാണല്ലോ. അതുകൊണ്ടുതന്നെ വിമാനമിറങ്ങിയവരെല്ലാം അടുത്ത വിമാനം പിടിക്കാനുള്ള ഓട്ടത്തിലാണ്.

ടാൻസാനിയായുടെ തലസ്ഥാനമായ ദാർ  എസ് സലാം

ദാർ എസ് സലാമിലേക്കുള്ള വിമാനം ഗേറ്റ് നമ്പർ 11ൽ നിന്നാണ് പുറപ്പെടുന്നത്. അവിടേക്കുള്ള സെക്യൂരിറ്റി ചെക്ക് നടക്കുന്നു. മറ്റു വിമാനത്താവളങ്ങളിൽ ബെൽറ്റും ഷൂസുമെല്ലാം അഴിപ്പിച്ച്, ഉദ്യോഗസ്ഥർ നിന്ന് ദേഹ പരിശോധന നടത്തുമ്പോൾ, നെയ്‌റോബി എയർപോർട്ടിൽ അതെല്ലാം മെഷീനാണ് ചെയ്യുന്നത്. ഒരു ‘മെറ്റൽഗുഹ’യിൽ കയറി നിന്ന് കൈ വിടർത്തിപ്പിടിക്കുക. അതിനുള്ളിലെ എക്‌സ്‌റേ മെഷീൻ നമ്മളെ രണ്ടു സെക്കൻഡ് കൊണ്ടു സ്‌കാൻ ചെയ്യും. പച്ച ലൈറ്റ് കത്തുമ്പോൾ ഇറങ്ങിപ്പോകാം. വളരെ എളുപ്പമാണ് കാര്യങ്ങൾ. ആഫ്രിക്കയിൽ ദാരിദ്ര്യവും പുരാതന ടെക്‌നോളജിയുമൊക്കെ പ്രതീക്ഷിച്ചു ചെന്ന എനിക്കു ജാള്യം തോന്നി.

ടാൻസാനിയായുടെ തലസ്ഥാനമായ ദാർ  എസ് സലാം

പിന്നെയാണ് ഓർത്തത്, വന്യമൃഗ സഫാരിക്കു വേണ്ടി ലോകത്തിലെ ധനാഢ്യന്മാരെല്ലാം എത്തിച്ചേരുന്ന രാജ്യമാണല്ലോ കെനിയ എന്ന്. ഇവിടുത്തെ 'മസായിമാര' എന്ന വനപ്രദേശമാണ് ‘ആഫ്രിക്കൻ സഫാരി’യുടെ പ്രധാനകേന്ദ്രം. വനത്തിനുള്ളിൽ ചെറിയ വിമാനത്താവളമുണ്ടത്രേ. നെയ്‌റോബി എയർപോർട്ടിൽനിന്ന് ചാർട്ടേഡ് ഫ്ലൈറ്റുകളിൽ നേരെ മസായിമാരയിൽ ചെന്നിറങ്ങാം, താമസമേതുമില്ലാതെ മൃഗങ്ങളുടെ സാമ്രാജ്യത്തിൽ പ്രവേശിക്കുകയും ചെയ്യാം. നെയ്‌റോബി എയർപോർട്ടിൽ നിർത്തിയിട്ടിരിക്കുന്ന നിരവധി വിമാനങ്ങൾ കണ്ടു. അതെല്ലാം ലോകത്തിലെ കോടീശ്വരന്മാരുടെ ബിസിനസ് ജെറ്റുകളാണ്. വിവിധ രാജ്യങ്ങളിൽനിന്നു പറന്നെത്തിയ കോടീശ്വരന്മാർ മസായിമാരയിലേക്ക് ചെറുവിമാനങ്ങളിൽ പോയിരിക്കുകയാണ്.

സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ് ഏറെ നേരം ഇരിക്കേണ്ടി വന്നില്ല. അനൗൺസ്‌മെന്റ് വന്നു - ദാർ എസ് സലാം വിമാനത്തിന്റെ ബോർഡിങ് ആരംഭിക്കുന്നു.

ടാൻസാനിയായുടെ തലസ്ഥാനമായ ദാർ  എസ് സലാം

എംബ്രായർ എന്ന, അത്ര വലിപ്പമില്ലാത്ത എയർക്രാഫ്റ്റാണ് കെനിയ എയർവേയ്‌സ് ടാൻസാനിയയിലേക്കു പറപ്പിക്കുന്നത്. വമ്പൻ ബോയിങ്ങിൽ മുംബൈയിൽനിന്നു വന്നിറങ്ങിയ ഞാൻ ചെറുതായിട്ടൊന്ന് പരിഭ്രമിച്ചു. മഴക്കാലമല്ലേ. പെരുമഴ, ഇടിമിന്നൽ, കറുകറുത്ത മേഘക്കൂട്ടങ്ങൾ എന്നിവയെ നേരിടാൻ എംബ്രായറിന് ത്രാണിയുണ്ടോ ആവോ!

വിമാനം ഉയർന്നുപൊങ്ങി. മേഘങ്ങൾക്കിടയിലൂടെ ചാടിയും ഉലഞ്ഞും യാത്ര തുടങ്ങി. ഞാൻ ഇന്ത്യൻ ദൈവങ്ങളേയും ഒപ്പം ആഫ്രിക്കൻ ഗോത്രദൈവങ്ങളെയും മനസ്സാ സ്മരിച്ച് ശ്വാസമടക്കിപ്പിടിച്ച് സീറ്റ് ബെൽറ്റ് ചിഹ്നം ഓഫാകുന്നതും കാത്തിരുന്നു. ഒരു മണിക്കൂറേ വേണ്ടി വന്നുള്ളു, ദാർ എസ് സലാമിലെ ജൂലിയസ് ന്യെരേരേ ഇന്റർനാഷനൽ എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ. അപ്പോഴും മഴ തകർത്തു പെയ്യുന്നുണ്ടായിരുന്നു.

ടാൻസാനിയായുടെ തലസ്ഥാനമായ ദാർ  എസ് സലാം

ഒരു വൻനഗരത്തിന് ചേരുന്ന എയർപോർട്ടാണിതെന്നു പറഞ്ഞുകൂടാ. സൗകര്യങ്ങളൊക്കെ വളരെ കുറവ്. പഴയ ചെന്നൈ എയർപോർട്ടാണ് ഓർമ വന്നത്. എന്നാൽ പുറത്തുനിന്നു നോക്കുമ്പോൾ ഒരു ഗമയൊക്കെ തോന്നിക്കുന്ന രീതിയിൽ വലിയ കോൺക്രീറ്റ് കുടകളൊക്കെ നിർമിച്ചുവെച്ചിട്ടുണ്ട്. ഇപ്പോൾ പുതിയൊരു കെട്ടിടം- ടെർമിനൽ 3- പണി പൂർത്തിയായി വരുന്നുണ്ട്. പ്രതിവർഷം 90 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ പറ്റുന്ന വമ്പൻ ടെർമിനലാണത്രേ അത്. 

ടാൻസാനിയായുടെ തലസ്ഥാനമായ ദാർ  എസ് സലാം

എയർപോർട്ടിനുള്ളിലെ വീസ ഓൺ അറൈവൽ കൗണ്ടറിൽ പൂരിപ്പിച്ച അറൈവൽഫോമും 50 ഡോളറും പാസ്‌പോർട്ടും കൊടുത്ത ശേഷം അരമണിക്കൂറിലേറെ കാത്തിരിക്കേണ്ടി വന്നു. സർക്കാരാശുപത്രിയിൽ ഹെഡ്‌നഴ്‌സ് തങ്കമ്മ പേരുവിളിക്കുന്നതുപോലെ ഒരു തടിച്ചിപ്പോലീസുകാരി ആരോടോ പക പോകുന്ന ശബ്ദത്തിൽ പേരുകൾ വിളിച്ചു കൊണ്ടിരുന്നു. ഒടുവിൽ കഷ്ടപ്പെട്ട് എന്റെ പേരും വിളിച്ചു. 20 ദിവസം ടാൻസാനിയയിൽ നിരുപാധികം തങ്ങാനുള്ള വീസ പതിച്ചു കിട്ടിയിരിക്കുന്നു.

എയർപോർട്ടിനു പുറത്തിറങ്ങിയപ്പോൾ സുജയും ശ്രുതിയും, ഒപ്പം മനോജും നിൽക്കുന്നതു കണ്ടു. മനോജ് വർഷങ്ങളായി എന്റെ ഫെയ്സ്ബുക് ഫ്രണ്ടാണ്. വാഹനപ്രേമിയായ മനോജ് എന്റെ  മാസികയിൽ ആഫ്രിക്കയിലെ വാഹനങ്ങളെക്കുറിച്ചു ഫീച്ചർ എഴുതിയിട്ടുമുണ്ട്. ആദ്യമായാണ് ഞങ്ങൾ തമ്മിൽ കാണുന്നത്. സുജയുടെ ഭർത്താവായ സുരേഷിന് ജോലിത്തിരക്കുമൂലം എയർപോർട്ടിൽ എത്താൻ കഴിഞ്ഞില്ല. അന്നാട്ടിലെ ഏറ്റവും വലിയ പ്രിന്റിങ് പ്രസ്സായ ടാൻസാനിയ പ്രിന്റേഴ്‌സിന്റെ പ്രിന്റിങ് വിഭാഗം മേധാവിയാണ് സുരേഷ്. മനോജ്, ഒരു വമ്പൻ ഫർണിച്ചർ കമ്പനിയുടെ മാർക്കറ്റിങ് ഹെഡുമാണ്.

ടാൻസാനിയായുടെ തലസ്ഥാനമായ ദാർ  എസ് സലാം

നഗരത്തിൽനിന്നു 12 കി.മീ ദൂരെയാണ് എയർപോർട്ട്. ഞങ്ങൾക്കു പോകേണ്ടത് നഗരമധ്യത്തിലേക്കാണ്.സുരേഷിന്റെ ഫ്ലാറ്റ് അവിടെയാണ്.

ടാൻസാനിയായുടെ തലസ്ഥാനമായ ദാർ  എസ് സലാം

മനോജിന്റെ കാറിൽ കയറി യാത്ര തുടങ്ങി. വാഹനപ്രേമിയായ എന്റെ കണ്ണിൽ ആദ്യം പെട്ടത് ഓട്ടോറിക്ഷകളുടെ ബാഹുല്യമാണ്. എല്ലാം നമ്മുടെ ടിവിഎസ് വക. ഇന്ത്യയിൽ ഓട്ടോറിക്ഷ നിർമാതാക്കളിൽ മുൻപന്തിയിൽ ബജാജും ആപ്പെയുമാണെങ്കിലും ആഫ്രിക്കൻ രാജ്യങ്ങളിൽ ടിവിഎസിന്റെ ഓട്ടോകൾക്കാണ് ജനപ്രിയത കൂടുതൽ. ഒന്നുരണ്ട് ഓട്ടോറിക്ഷക്കാരുടെ ഡ്രൈവിങ് കണ്ടപ്പോൾ ഒരു കാര്യം ബോധ്യപ്പെട്ടു. ഇന്ത്യയിലെ ഓട്ടോ ഡ്രൈവർമാരെക്കാൾ ഒട്ടും ഭേദമല്ല ആഫ്രിക്കയിലെ ഓട്ടോക്കാർ. കുത്തിക്കയറ്റലും ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യലുമെല്ലാം തകൃതിയായി നടക്കുന്നുണ്ട്. ‘ഇന്ത്യയിൽനിന്നു കയറ്റി വിടുന്ന ഓട്ടോറിക്ഷകൾക്കൊപ്പം ഇതെങ്ങനെ ഓടിക്കാമെന്ന സിഡി കൂടി കൊടുത്തു വിടാറുണ്ടെന്ന് ഞങ്ങൾ തമാശ പറയാറുണ്ട്’- മനോജ് പറഞ്ഞു. സത്യമായിരിക്കും. അല്ലെങ്കിൽ ഇന്ത്യയിലെ അതേ സ്റ്റൈലിൽ ഓട്ടോറിക്ഷ ഓടിക്കാൻ കറുമ്പന്മാർ പഠിച്ചതെങ്ങനെ!

മുമ്പൊക്കെ ഒരു രാജ്യം നശിക്കണമെങ്കിൽ അവിടെ അണുബോംബോ മറ്റോ ഇടണമായിരുന്നു. എന്നാൽ ഇന്ത്യയ്ക്ക് ഒരു രാജ്യം നശിപ്പിക്കണം എന്നു തോന്നിയാൽ അവിടേക്ക് ഓട്ടോറിക്ഷ കയറ്റുമതി ചെയ്‌താൽ മാത്രം മതി! ഈജിപ്ത്, ശ്രീലങ്ക, ടാൻസാനിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ട്രാഫിക് സംസ്കാരം നശിപ്പിച്ച് ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു ഭീഷണിയായി ഇന്ത്യൻ ഓട്ടോകൾ ഓടിത്തിമിർക്കുകയാണ്. അണുബോംബ് ഇതിനേക്കാൾ എത്രയോ ഭേദം!

ടാൻസാനിയായുടെ തലസ്ഥാനമായ ദാർ  എസ് സലാം

ടിവിഎസ് കൂടാതെ ബജാജിന്റെ ബോക്‌സർ എന്ന ബൈക്കും ടാൻസാനിയയിൽ എവിടെയും കാണാം. ബജാജിന്റെ മറ്റു ബൈക്കുകളെ അപേക്ഷിച്ച്, വലിയ വിജയമാകാതെ പോയ മോഡലാണ് ബോക്‌സർ. അത് ടാൻസാനിയയിൽ ചൂടപ്പം പോലെ വിറ്റുപോകുന്നതിന്റെ രഹസ്യം ഇന്ത്യക്കാർക്കു പോലും ഇതുവരെ മനസ്സിലായിട്ടില്ല!

കളവും കവർച്ചയും പിടിച്ചുപറിയുമൊക്കെ സാധാരണമാണെങ്കിലും, സംസ്‌കാരസമ്പന്നരെന്ന് അഭിമാനിക്കുന്ന മലയാളികളെക്കാൾ എത്രയോ ഭംഗിയായി കറുമ്പന്മാർ ഗതാഗത സംസ്‌കാരം പിന്തുടരുന്നു എന്നു ഞാൻ ശ്രദ്ധിച്ചു. ഹോണടിയില്ല, കുത്തിക്കയറ്റലില്ല, (ഓട്ടോറിക്ഷകളെ വിട്ടേക്ക്!). റോഡ് ക്രോസ് ചെയ്യാൻ നിൽക്കുന്നവർക്കു വേണ്ടി വാഹനം നിർത്തിക്കൊടുക്കാൻ മടിക്കുന്നില്ല, ചുവന്ന ലൈറ്റ് തെറ്റിച്ച് ഓടിക്കുന്നില്ല- മലയാളികൾ ഗതാഗത സംസ്‌കാരം കണ്ടുപഠിക്കാൻ ഗൾഫിലേക്കൊന്നും പോകണ്ട, ടാൻസാനിയ എന്ന ‘അപരിഷ്‌കൃത’ രാജ്യത്തേക്കു വന്നാൽ മതി.

ഫ്‌ളാറ്റെത്തുന്നതുവരെ ടാൻസാനിയയിലെ ജീവിതത്തെക്കുറിച്ചായിരുന്നു സുജയും മനോജും സംസാരിച്ചുകൊണ്ടിരുന്നത്. 18 വർഷമായി ദാർ എസ് സലാമിൽ ജോലി ചെയ്യുന്ന മനോജ് എല്ലാം അവസാനിപ്പിച്ച് നാട്ടിലേക്കു പോകാനുള്ള തയാറെടുപ്പിലാണ്.കേരളത്തിൽ എന്തെങ്കിലും ബിസിനസ്സ് ചെയ്ത്, പാലക്കാടിന്റെ പച്ചപ്പ് നുകർന്ന് ഇനിയുള്ള കാലം ജീവിക്കാനാണ് മനോജിന്റെ ഉദ്ദേശം.  

കഥ പറഞ്ഞുകൊണ്ടിരിക്കെ സുജയുടെ അപ്പാർട്ട്മെന്റിലെത്തി. നിറയെ ജ്വല്ലറി ഷോപ്പുകളുള്ള ആ റോഡിന്റെ പേര് കണ്ടപ്പോൾ സന്തോഷം തോന്നി- ഇന്ദിരാഗാന്ധി സ്ട്രീറ്റ്. 

(തുടരും)

ബൈജു എൻ നായർ 

ഓട്ടോമൊബൈൽ ജേർണലിസ്റ്റ് ,യാത്രികൻ.ഇന്ത്യയിൽ നിന്ന് 27 രാജ്യങ്ങളും 27000 കിലോമീറ്ററും താണ്ടി റോഡ് മാർഗം ആദ്യമായി ലണ്ടനിലെത്തിയ വ്യക്തി.97 രാജ്യങ്ങൾ സന്ദർശിച്ചു.ലണ്ടനിലേക്കൊരു റോഡ് യാത്ര,ദേശാടനം,ഉല്ലാസ യാത്രകൾ,സിൽക്ക് റൂട്ട് എന്നീ യാത്രാ വിവരണ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.