മനുഷ്യരുടെ ജന്മനാട്ടിൽ-3 

ടാൻസനിയയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരമായ ദാർ എസ് സലാമിൽനിന്ന് 25 കിലോമീറ്റർ ദൂരെയുള്ള വലിയൊരു ദ്വീപാണ് സൻസിബാർ. 2460 ചതുരശ്ര കിലോമീറ്റർ വരും വിസ്തീർണ്ണം. ലോകചരിത്രത്തിലെ ഏറ്റവും ക്രൂരമായ ചില നൂറ്റാണ്ടുകൾക്കു സാക്ഷ്യം വഹിച്ച ദ്വീപാണിത്. അതുകൊണ്ടുതന്നെ സൻസിബാർ കാണാതെ ആഫ്രിക്കൻ യാത്ര പൂർണമാകില്ല.

ദാർ എസ് സലാം നഗരം-ബോട്ടിൽ നിന്നു നോക്കുമ്പോൾ

അടിമക്കച്ചവടത്തിന്റെ ലോക തലസ്ഥാനമായിരുന്നു ഒരു കാലത്ത് ഈ ദ്വീപ്. മൃഗീയ മർദനങ്ങളിലൂടെയും കൊടുംക്രൂരതകളിലൂടെയും മെരുക്കിയെടുത്തിരുന്ന അരോഗദൃഢഗാത്രരായ മനുഷ്യരെ കന്നുകാലികളെപ്പോലെ ലേലം ചെയ്തു വിറ്റിരുന്ന ദ്വീപ്. ഇവിടെ നിന്നാണ് അടിമകളെന്നു വിളിക്കപ്പെട്ടിരുന്ന നിരാലംബരായ ആ മനുഷ്യരെ ലോകത്തിന്റെ പലഭാഗങ്ങളിലേക്കും കപ്പൽ കയറ്റിയിരുന്നത്. 1873 ൽ അടിമക്കച്ചവടം നിയമംമൂലം നിരോധിക്കുന്നതുവരെ ലോകത്തിലെ ഏറ്റവും വലിയ അടിമച്ചന്തയായി സൻസിബാർ തുടർന്നു.

ആഫ്രിക്കൻ പര്യടനം സൻസിബാറിൽ നിന്നാരംഭിക്കാമെന്നു തീരുമാനിച്ചു. ദാർ എസ് സലാമിൽനിന്ന് നിരവധി ഫെറിബോട്ടുകൾ അവിടേക്കു സർവീസ് നടത്തുന്നുണ്ട്. ഒരു ദിവസം സൻസിബാറിൽ തങ്ങിയിട്ട്, വിമാനത്തിൽ തിരിച്ചു വരാനാണു പരിപാടി. അങ്ങനെ തീരുമാനിക്കാൻ കാരണമുണ്ട്. ഉച്ച കഴിഞ്ഞ് കടൽ പ്രക്ഷുബ്ധമാകുന്ന പതിവുണ്ട്. ആ സമയത്തു ബോട്ടിൽ യാത്ര ചെയ്യുമ്പോൾ വല്ലാത്ത ഉലച്ചിൽ അനുഭവപ്പെടും. പലരും ഛർദ്ദിക്കുന്നതും പതിവാണ്. അതുകൊണ്ടാണ് രാവിലെ സൻസിബാറിലേക്കു ബോട്ടിലും തിരിച്ച് പിറ്റേന്നു വൈകിട്ടുള്ള യാത്ര വിമാനത്തിലുമാക്കാമെന്നു വിചാരിച്ചത്.

ഫെറി ടെർമിനലിലേക്

സൻസിബാറിലേക്ക് രാവിലെ ഏഴിനു പുറപ്പെടുന്ന കിളിമഞ്ജാരോ എന്ന ബോട്ടിൽ ആതിഥേയനായ സുരേഷ് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. 50 അമേരിക്കൻ ഡോളറാണ് വിഐപി ക്ലാസിലെ ടിക്കറ്റ് നിരക്ക്. 35 ഡോളറിന് ഇക്കോണമി ക്ലാസുമുണ്ട്.

എഴു മണിക്കാണ് ബോട്ട് പുറപ്പെടുന്നതെങ്കിലും ആറുമണിക്കു റിപ്പോർട്ട് ചെയ്യണം. സെക്യൂരിറ്റി, ടിക്കറ്റ് ചെക്കിങ്ങെല്ലാം കഴിഞ്ഞേ ബോട്ടിൽ പ്രവേശിക്കാനാവൂ. ശനിയാഴ്ചയായതുകൊണ്ട് സുരേഷും ഭാര്യ സുജയും മകൾ ശ്രുതിയും സൻസിബാർ യാത്രയ്ക്കു കൂട്ടുവരുന്നുണ്ട്. രാവിലെ 5.30ന് ബോട്ടുജെട്ടിയിലേക്ക് ടാക്‌സിയിൽ പുറപ്പെട്ടു. മഴമേഘങ്ങൾ നിറഞ്ഞു നിൽപ്പുണ്ടെങ്കിലും മഴ ആരംഭിച്ചിട്ടില്ല. ദാർ എസ് സലാം നഗരം തലേന്നു പെയ്ത കനത്ത മഴയിൽ നനഞ്ഞു സുന്ദരിയായി നിൽക്കുന്നു. ട്രാഫിക് ബ്ലോക്കിന്റെ കാര്യത്തിൽ കുപ്രസിദ്ധമാണ് ദാർ. വെളുപ്പിനെയായതു കൊണ്ടാണ് റോഡുകൾ ഒഴിഞ്ഞു കിടക്കുന്നതെന്ന് സുരേഷ് പറഞ്ഞു. 7.30 ഓടെ റോഡ് നിറഞ്ഞുകവിഞ്ഞു വാഹനങ്ങളെത്തും. പിന്നെ ഇഞ്ചിഞ്ചായി മാത്രമേ മുന്നോട്ടുപോകാനാവൂ. രാവിലെ 6.30ന് പുറപ്പെട്ട് 6.50ന് ഓഫിസിലെത്തുന്ന സുരേഷിന് വൈകിട്ട് തിരികെ വീട്ടിലെത്താൻ വേണ്ടി വരുന്നത് ഒന്നരമണിക്കൂറാണത്രേ!

ദാർ എസ് സലാം നഗരം-ബോട്ടിൽ നിന്നു നോക്കുമ്പോൾ

തലേന്ന് എയർപോർട്ടിൽനിന്നു പോകുംവഴി കണ്ട ദാറിന്റെ രൂപമല്ല, ഇപ്പോൾ നഗരത്തിന്. അംബരചുംബികളും വൃത്തിയുള്ള തെരുവുകളുമൊക്കെയാണ് ഈ ഭാഗത്തുള്ളത്. കിഗംബോനി എന്നാണ് ഈ സ്ഥലത്തിന്റെ പേര്.

കിളിമഞ്ജാരോ ഫെറി ബോട്ടിലേക്ക്

ഒരു പഴയ കെട്ടിടത്തിനു മുന്നിൽ ടാക്‌സി നിന്നു. ഇതാണ് ഫെറി ടെർമിനസ്. ഇവിടെ ടിക്കറ്റ് പരിശോധിച്ചിട്ട് ഞങ്ങളെ ഉള്ളിലേക്കു കടത്തിവിട്ടു. കോട്ടയം ജില്ലയിലെ വൈക്കത്തെ ഫെറി സർവീസിന്റെ കെട്ടിടമാണ് എനിക്ക് ഓർമ വന്നത്. വൈക്കം - തവണക്കടവ് ബോട്ടിനായി ചെറുപ്പത്തിൽ വൈക്കം ജെട്ടിയിൽ എത്രയോവട്ടം കാത്തുനിന്നിട്ടുണ്ട്. അത്രയൊക്കെ സൗകര്യങ്ങളേ ദാർഎസ് സലാമിലെ ഹാർബർ ടെർമിനസിനുള്ളൂ. എന്നാൽ സാൻസിബാറിലേക്കു ഞങ്ങളെയും വഹിച്ചുകൊണ്ടു പോകാൻ കാത്തു കിടക്കുന്ന 'ഫാസ്റ്റ് ഫെറി ബോട്ട്' കണ്ടപ്പോൾ ഒന്നു ഞെട്ടി. അത്യാധുനികനാണവൻ. രണ്ട് ഹള്ളുകളിലായി പടുത്തുയർത്തിയിരിക്കുന്ന ഒരു കറ്റമരൻ. ഏതാനും ദിവസം മുമ്പ് ആൻഡമാനിലെ പോർട്ട്‌ബ്ലെയറിൽനിന്നു ഹാവ്‌ലോക്ക് ദ്വീപിലേക്കുപോയത് ഇത്തരത്തിലൊരു കറ്റമരനിലാണ്.

ഉള്ളിലേക്കു കയറിയപ്പോൾ, ആൻഡമാനിലെ മക്രുസ് എന്ന ബോട്ടിനെക്കാളും ആഡംബര സമൃദ്ധമാണ് കിളിമഞ്ജാരോ എന്നു മനസ്സിലായി. സിംഹാസനം പോലുള്ള സീറ്റുകളാണ്. നിലത്ത് അതിഗംഭീരൻ കാർപ്പെറ്റ്. സീറ്റുകളിൽ ഇൻഫോടെയ്‌ൻമെന്റ് ടച്ച് സ്‌ക്രീനുകൾ. അതിൽ ഹിന്ദി സിനിമകൾ ഉൾപ്പെടെ പല ഭാഷാ സിനിമകളും മറ്റു വിഡിയോകളും.

ദാർ എസ് സലാം നഗരം-ബോട്ടിൽ നിന്നു നോക്കുമ്പോൾ

ആൻഡമാനിലെ ബോട്ടിൽനിന്ന് ഈ ബോട്ടിനുള്ള പ്രധാനവ്യത്യാസം ഇതിനു തുറന്ന ഡെക്കുമുണ്ട് എന്നതാണ്. ആൻഡമാനിലെ ബോട്ട് പൂർണമായും എസിയാണ്. പുറത്തിറങ്ങി നിൽക്കാൻ അനുവദിക്കില്ല. എന്നാൽ ദാറിലെ ഈ ബോട്ടിന്റെ വിഐപി സെക്‌ഷൻ മാത്രമേ എസിയുള്ളൂ. അതിനു പിന്നിലും മേലേയുമെല്ലാം തുറന്ന ഡെക്കിൽ നിറയെ ഇരുമ്പു കസേരകളാണ്. താഴ്ന്ന ക്ലാസിലുള്ളവർ അവിടെയിരുന്നാണ് യാത്ര ചെയ്യുന്നത്. ബോട്ട് പുറപ്പെടും മുമ്പ് സുരക്ഷാ സംവിധാനങ്ങൾ വ്യക്തമാക്കുന്ന വിഡിയോ പ്രദർശിപ്പിച്ചു.പിന്നെ, എൻജിൻ മുരണ്ടുതുടങ്ങി. കിളിമഞ്ജാരോ കരയിൽ നിന്നകന്നു.

ദാർ എസ് സലാം നഗരം-ബോട്ടിൽ നിന്നു നോക്കുമ്പോൾ

എയർകണ്ടീഷൻഡ് മുറിയിൽ അടച്ചിരുന്നാൽ കാഴ്ചകൾ കാണാനാവില്ലല്ലോ. ഞാൻ എഴുന്നേറ്റ് ഡക്കിലേക്കു നടന്നു. സീറ്റുകൾ നിറയെ യാത്രക്കാരുണ്ട്. കറുമ്പന്മാരും കറുമ്പികളും ഓമനത്തം തുടിക്കുന്ന കുട്ടിക്കുറുമ്പന്മാരും കുറുമ്പികളും അച്ചടക്കത്തോടെ പുറത്തേക്കു മിഴി നട്ടിരിക്കുന്നു. ഞാൻ സ്റ്റെപ്പുകൾ കയറി അപ്പർഡെക്കിലെത്തി. ബോട്ട് ഇപ്പോൾ ഒരു യൂടേൺ എടുത്ത് നഗരത്തിൽനിന്ന് അകലുകയാണ്. പിന്നിൽ ദാർ എസ് സലാം പട്ടണം തലയുയർത്തി നിൽക്കുന്നു. സത്യത്തിൽ ഇത്ര ഗംഭീരമായ നഗരമാണിതെന്ന് നഗരത്തിലൂടെ സഞ്ചരിക്കുമ്പോൾ തോന്നില്ല. മഴക്കാറ് കനംവെച്ചു നിൽക്കുന്ന ആകാശത്തെ തൊട്ടുരുമ്മി വമ്പൻ കെട്ടിടങ്ങൾ, അതിനിടയ്ക്ക് ജർമൻകാരും ബ്രിട്ടിഷുകാരും അവശേഷിപ്പിച്ചുപോയ കൊളോണിയൽ സ്‌റ്റൈൽ ബംഗ്ലാവുകൾ. കപ്പലുകളും ക്രെയിനുകളും നങ്കൂരമിട്ടു നിൽക്കുന്ന ഷിപ്പ്‌യാർഡും വാർഫും ഒരുവശത്ത്.

കിളിമഞ്ജാരോ ഫെറി ബോട്ടിനുള്ളിൽ

ബോട്ട് അൽപംകൂടി മുന്നോട്ടു നീങ്ങിയപ്പോൾ കരയുടെ ഒരു ഭാഗത്ത് ജനസാഗരം കണ്ടു. ഞാൻ ക്യാമറ ഫോക്കസ് ചെയ്തപ്പോൾ മനസ്സിലായി, മീൻമാർക്കറ്റാണെന്ന്. കുറഞ്ഞത് രണ്ടായിരം പേരെങ്കിലും അവിടെ മീൻ വാങ്ങാനായി തിക്കിത്തിരക്കുന്നുണ്ട്. വലിയ വൃത്തിയൊന്നുമില്ലാത്ത ആ മാർക്കറ്റിൽ പൊതുവെ മലയാളികൾ പോകാറില്ലെന്നു സുരേഷ് പറഞ്ഞു. പക്ഷേ, വില വളരെ കുറവാണ്. ബോട്ട് വേഗമെടുത്തു. വെളുത്ത നുരകൾ ചിതറിത്തെറിപ്പിച്ച് വെള്ളച്ചാൽ സൃഷ്ടിച്ചുകൊണ്ട് കിളിമഞ്ജാരോ പാഞ്ഞു. മഴയും തുടങ്ങി. ഞാൻ ഡെക്കിൽ നിന്ന് എസിയുടെ ആശ്ലേഷത്തിലേക്കു മടങ്ങി.

ദാർ എസ് സലാം നഗരം-ബോട്ടിൽ നിന്നു നോക്കുമ്പോൾ

വെളുത്ത ഷർട്ടും കറുത്ത പാന്റും ടൈയും ധരിച്ച സ്റ്റുവാർഡ് പ്രഭാത ഭക്ഷണവുമായെത്തി. വിഐപി ടിക്കറ്റിന്റെ കൂടെ പ്രഭാതഭക്ഷണം ഫ്രീയാണ്. സാൻഡ്‌വിച്ച്, ബിസ്‌ക്കറ്റ്, ചായ എന്നിങ്ങനെ അരവയർ നിറയാനുള്ള ഭക്ഷണം കിട്ടി. ബോട്ടിനുള്ളിലെ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനിൽ ഞാൻ ടാൻസനിയയെപ്പറ്റിയുള്ള വിഡിയോ കണ്ടു. കൊതിപ്പിക്കുന്ന ദൃശ്യങ്ങളുള്ള ആ വിഡിയോയിലൂടെ ടാൻസനിയയെ ഇങ്ങനെ വായിച്ചെടുക്കാം: കിഴക്കൻ ആഫ്രിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യങ്ങളിലൊന്ന്. ഉഗാണ്ട, കെനിയ, റുവാണ്ട, ബറുണ്ടി, കോംഗോ, സാംബിയ, മലാവി, മൊസാംബിക് എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു. ഒരുവശത്ത് ഇന്ത്യൻ മഹാസമുദ്രം. ഏതാണ്ട് പത്തുലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ടാൻസനിയ ലോകത്തിലെ 31-ാമത്തെ ഏറ്റവും വലിയ രാജ്യമാണ്. പക്ഷേ ജനസംഖ്യ 5.6 കോടി മാത്രമേയുള്ളൂ.

കടലിലെ മൽസ്യബന്ധന ബോട്ട് 

ഏറ്റവും വലിയ നഗരവും വ്യാവസായിക തലസ്ഥാനവുമൊക്കെ ദാർ എസ് സലാമാണെങ്കിലും രാജ്യതലസ്ഥാനം 1973 മുതൽ ദൊദോമയാണ്. ദാർ എസ് സലാമിൽ നിന്ന് 453 കി.മീ. അകലെയാണ് ദൊദോമ. ജനങ്ങളിൽ 62 ശതമാനവും ക്രിസ്തുമത വിശ്വാസികളാണ്; 36 ശതമാനം മുസ്‌ലിംകളും.

മീൻ മാർക്കറ്റ്-ബോട്ടിൽ നിന്ന് കാണുമ്പോൾ

4000 വർഷത്തെ ചരിത്രമുണ്ട് ടാൻസനിയയ്ക്ക്. അക്കാലത്ത് വിക്‌ടോറിയ, ടാങ്കനിക്ക തടാകങ്ങൾ കടന്നുവന്ന ഗോത്ര മനുഷ്യർ ടാൻസനിയിലെ ഫലഭൂയിഷ്ടയമായ ഇടങ്ങൾ കണ്ടെത്തി താമസമാരംഭിച്ചതായി ചരിത്രകാരന്മാർ പറയുന്നു. 19-ാം നൂറ്റാണ്ടിലാണ് പൊന്നുവിളയുന്ന ടാൻസനിയൻ മണ്ണിലേക്ക് യൂറോപ്യന്മാരുടെ നോട്ടം വീണത്. എന്നാൽ അതിനുമുമ്പു തന്നെ ഇന്ത്യയിൽനിന്നും അറബ് രാജ്യങ്ങളിൽനിന്നുമുള്ള കച്ചവടക്കാർ ടാൻസനിയയുമായി കച്ചവടത്തിലേർപ്പെട്ടിരുന്നു.

മീൻ മാർക്കറ്റിലെ തിരക്ക് 

യൂറോപ്യന്മാർക്കു മുമ്പു തന്നെ ഒമാനിലെ സുൽത്താൻ സെയ്ദ് ബിൻ സുൽത്താൻ 1840ൽ ഒമാന്റെ തലസ്ഥാനം സൻസിബാർ ദ്വീപിലേക്കു മാറ്റിയിരുന്നു. അക്കാലത്താണ് സൻസിബാർ അടിമക്കച്ചവട കേന്ദ്രമായതും. സൻസിബാർ ഒഴികെയുള്ള പ്രദേശങ്ങൾ ജർമൻകാർ കീഴടക്കി, ‘ജർമൻ ഈസ്റ്റ് ആഫ്രിക്ക’ എന്ന കമ്പനിയുടെ കീഴിലാക്കി. എന്നാൽ 1919ൽ ടാൻസനിയയുടെ മേലുള്ള എല്ലാ അവകാശവും ജർമനി ബ്രിട്ടനു നൽകി. ഇതിൽ പ്രതിഷേധിച്ച ബെൽജിയത്തിന് റുവാണ്ട, ബറൂണ്ടി എന്നീ രാജ്യങ്ങൾ നൽകി ബ്രിട്ടൻ സമാധാനിപ്പിച്ചു! വീണ്ടും വർഷങ്ങൾ കഴിയവേ, ആഫ്രിക്കയിലെ പല രാജ്യങ്ങളും ചേർത്ത് ‘ടാങ്കനിക്ക’ എന്ന പേരു നൽകി ബ്രിട്ടനും ബെൽജിയവും പോർച്ചുഗലും ചേർന്ന് ഭരിക്കാൻ തുടങ്ങി.

ദാർ എസ് സലാം നഗരം-ബോട്ടിൽ നിന്നു നോക്കുമ്പോൾ

1954 ലാണ് ടാൻസനിയയുടെ മഹാത്മാഗാന്ധി എന്നു വിളിക്കാവുന്ന ജൂലിയസ് ന്യെരേരേ സ്വാതന്ത്ര്യകാഹളവുമായി ടാങ്കനിക്ക ആഫ്രിക്കൻ നാഷനൽ യൂണിയൻ (ടനു) രൂപീകരിച്ചത്. 1960 ൽ ടാങ്കനിക്ക സ്വതന്ത്രമായി. ന്യെരേരേ പ്രധാനമന്ത്രിയുമായി. ഇതിനിടെ അറബികളുടെ കിരാതഭരണത്തിൽനിന്ന് 1963 ൽ സൻസിബാറും സ്വതന്ത്രമായി. 1964ൽ സൻസിബാർ കൂട്ടിച്ചേർത്ത് ടാൻസനിയ എന്നപേരിൽ പുതിയ രാഷ്ട്രമായി. ടാങ്കനിക്കയിലെ ടാനും സൻസിബാറിലെ സാനും ചേർത്താണ് ടാൻസനിയ എന്ന പേരിനു ജന്മം നൽകിയത്. തികഞ്ഞ സോഷ്യലിസ്റ്റായിരുന്ന ന്യെരേരേയാണ് ടാൻസനിയയ്ക്ക് തിളക്കമുള്ള വ്യക്തിത്വം സമ്മാനിച്ചത്. ആഫ്രിക്കൻ രാജ്യങ്ങളിൽ പലതും സ്ഥിരമായി അസ്ഥിരതയിലൂടെ കടന്നുപോകുമ്പോഴും ടാൻസനിയ കുലുങ്ങാറില്ല. ഈ മേഖലയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നുമാണിപ്പോൾ ടാൻസനിയ.

(തുടരും)