ഗ്രീസ് തന്നെക്കാളും സുന്ദരി,കാജൽ അഗർവാൾ

ഗ്രീസ് തന്നെക്കാളും സുന്ദരിയാണോ എന്ന ശങ്കയിലാണ് തെന്നിന്ത്യയുടെ പ്രിയനടി കാജൽ അഗർവാൾ. കാജൽ മാത്രമല്ല, ആരാധകരും അതെ സംശയത്തിൽ തന്നെയാണ്.  അത്രെയേറെ സുന്ദരമാണ് കാജൽ തന്റെ യാത്രാവിശേഷങ്ങളുൾപ്പെടുത്തി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഗ്രീസിന്റെ ചിത്രങ്ങൾ. മനോഹരമായ അവിടുത്തെ പ്രകൃതിയും പൗരാണികതയുടെ സ്മരണകൾ ഉണർത്തുന്ന നിരവധി കാഴ്ചകളും ആരെയും വശീകരിക്കും. തെന്നിന്ത്യൻ സുന്ദരിയുടെ ഉള്ളു കവർന്നതിൽ ഗ്രീസിലെ പുരാതന ക്ഷേത്രമായ പൊസൈഡോണും പാർഥിനോണും ഏജിയൻ കടലും മൊണാസ്റ്റീരാക്കി സ്ക്വയറും ലിസബെറ്റസ് മലനിരകളുമൊക്കെയുണ്ട്. 

കഥകളിലും പാഠപുസ്തകങ്ങളിലും  മാത്രം വായിച്ചറിഞ്ഞ ചിലയിടങ്ങൾ കാണുമ്പോൾ, അവ ഒരു പാട് സന്തോഷം നൽകുന്നുവെന്ന് കാജലിന്റെ ഓരോ ചിത്രങ്ങളും അതിനു നൽകിയിരിക്കുന്ന അടിക്കുറിപ്പുകളും സൂചിപ്പിക്കുന്നു. ഗ്രീസിലെ അതിപുരാതന ക്ഷേത്രമായ  പൊസൈഡോൺ സന്ദർശനം ഏറെ ഹൃദ്യമായിരുന്നുവെന്നാണ് പ്രിയതാരത്തിന്റെ കുറിപ്പ് വെളിപ്പെടുത്തുന്നത്. ബി സി 440 ൽ പെരിക്ലിസ് ആണിത് നിർമിക്കാൻ നേതൃത്വം നൽകിയത്. സമുദ്രത്തിന്റെയും ഭൂചലനത്തിന്റെയും ദേവനായ പൊസൈഡോണിനു വേണ്ടി നിർമിക്കപ്പെട്ടതാണ് ഈ ക്ഷേത്രമെന്ന്  വിശ്വസിക്കപ്പെടുന്നു. 

ഏറെ സുന്ദരമാണ് ഏജിയൻ കടലിന്റെ കാഴ്ച. സൂര്യനെ മുഖത്തേക്കും കാറ്റിനെ മുടിയിഴകളിലേക്കും ആവാഹിച്ചുകൊണ്ട് മനോഹരമായ കടൽ തീരത്തെ കാജലിന്റെ ചിത്രത്തിനു ഭംഗി അല്പം കൂടുതലാണ്. ആ നീലയിൽ മുങ്ങിയ കടലിനൊപ്പം ചേരാൻ നീല നിറത്തിലുള്ള വസ്ത്രവും അണിഞ്ഞാണ് താരം കടൽകാഴ്ചകൾ ആസ്വദിക്കുന്നത്. 

മൊണാസ്റ്റീരാക്കി സ്ക്വയർ പുരാതന ഗ്രീസിന്റെ മുഖമുള്ള ഒരു പട്ടണമാണ്. ആ നാടിന്റെ കയ്യൊപ്പു പതിഞ്ഞ നിരവധി ഉത്പന്നങ്ങൾ വിൽക്കപ്പെടുന്ന ഒരു വാണിജ്യകേന്ദ്രം കൂടിയാണ്. ഏറെ മനോഹരമായ വസ്തുക്കൾ കാണാൻ കഴിയും എന്നത് തന്നെയാണ് ഏതെൻസിലെ ഈ പട്ടണത്തിന്റെ പ്രത്യേകത. വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു നൽകുന്ന നിരവധി ബോട്ടിക്കുകളുള്ള ഈ  പട്ടണത്തിൽ തനിക്ക് പിറന്നാൾ  സമ്മാനമായി വസ്ത്രം നൽകിയ ഒരു സ്ഥാപനത്തിന് നന്ദിയറിയിച്ചുകൊണ്ട്, ആ വസ്ത്രം അണിഞ്ഞുള്ള കാജലിന്റെ ഫോട്ടോയും അതിമനോഹരമാണ്. 

ഗ്രീസിന്റെ പഴയ മുഖം മാത്രമല്ല, ആധുനികതയും ആസ്വദിക്കുന്ന തിരക്കിലാണ് പ്രിയതാരമിപ്പോൾ. ഏറെ മനോഹരമായ ആ ചിത്രങ്ങൾ ഗ്രീസ് എന്ന ചരിത്രമുറങ്ങുന്ന നാട്ടിലെ കാഴ്ചകൾ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുന്നു കൂടിയുണ്ട്.