കോട്ടയുടെ നഗരം

സെർബിയയിലെ വലുപ്പമേറിയ നഗരങ്ങളിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നു ഡാന്യൂബ് നദിയുടെ തീരത്തെ നോവി സാഡ്.  ചരിത്രവും വാസ്തു വിദ്യയും ചേർന്ന മനോഹാരിതയാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.

ഒരു കോട്ടയും പഴയ ബംഗ്ലാവുകളും പുരാതന വീഥികളും അലങ്കാരം ചാർത്തുന്ന നഗരം, നോവി സാഡ്. സെർബിയയിലെ വലുപ്പമേറിയ നഗരങ്ങളിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നു ഡാന്യൂബ് നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന നോവി സാഡ്. സെർബിയയുടെ ഭൂപടത്തിന്റെ ഹൃദയ ഭാഗത്തും ചരിത്രത്തിന്റെ ശിരസ്സിലുമാണ് നോവി സാഡിന്റെ സ്ഥാനം. ഹാബ്സ് ബർഗ് ഭൂപ്രഭുക്കന്മാരുടെ കുലമഹിമയും വാസ്തു വിദ്യയും ചേർന്ന മനോഹാരിതയാണ് നോവി സാഡിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. ആ നാട്ടിലെ ഓരോ വീടുകളിലും പുരാതന ശൈലി  തെളി‍ഞ്ഞു നിൽക്കുന്നു. സ്വാദിന്റെ ഏതു പര്യായം തേടുന്നവരെയും തൃപ്തിപ്പെടുത്തുംവിധം ഉന്നതമാണ് നോവി സാഡിന്റെ കാപ്പി എന്ന കാര്യം എടുത്തു പറയണം.

ബെൽഗ്രേഡിൽ നിന്നു പുറപ്പെടുന്ന ബ സ്സിലാണ് ഞാൻ നോവി സാഡിലേക്കു പോയത്. ബസിന്റെ സമയവും എന്റെ സമയവും തമ്മിൽ യോജിക്കാത്തതു കൊണ്ട് അന്നു തന്നെ മടങ്ങാനുള്ള തീരുമാനത്തിൽ മാറ്റം വരുത്തി. അതൊരു നഷ്ടമായില്ല. ചുറ്റിക്കറങ്ങി ആസ്വദിക്കാനുള്ള ഒരുപാട് സംഗതികൾ ആ നഗരത്തിലുണ്ടെന്ന് ഞാൻ വൈകിയാണു മനസ്സിലാക്കിയത്. ഒരിക്കൽ വലിയ സംഭവ വികാസങ്ങൾക്കു വേദിയൊരുങ്ങിയ നഗരമാണ് നോവി സാഡ്. നഗരത്തിന്റെ പത്രാസും പൊലിമയും കാണുന്നവർക്ക് അക്കാര്യം ഒറ്റനോട്ടത്തിൽ മനസ്സിലാവും. പണ്ട് ബെൽഗ്രേഡിന്റെ തലസ്ഥാനത്തെക്കാൾ ചെറിയ നഗരമായിരുന്നു നോവി സാഡ്. പക്ഷേ, കാഴ്ചക്കാരെ പ്രകമ്പനം കൊള്ളിക്കുന്ന  സ്പന്ദനം എക്കാലത്തും ഈ നഗരത്തിനുണ്ടായിരുന്നു. ഇന്നത്തെക്കാ ൾ കൂടുതലാളുകൾ അക്കാലത്ത് ഈ നഗരത്തിലൂടെ കടന്നു പോയിരുന്നു.

സെൻഡ്രൽ സ്ക്വയർ നോവിസാഡ്

നോവി സാഡിനെ അടുത്തറിയാൻ ഒരു രാത്രിയും പകലും നീക്കിവച്ചു. നോവി സാഡിന്റെ സംസ്കാരത്തിന്റെ ഭാഗമായ കാപ്പിയിൽ നിന്നൊരു കപ്പ് രുചിച്ച ശേഷം യാത്ര തുടങ്ങാമെന്നു മനസ്സിലുറപ്പിച്ചു. ഒരു കോഫി ഷോപ്പിലെ സത്കാര ബെഞ്ചിൽ ഇരിപ്പുറപ്പിച്ചു. അപരിചിതമായ ഏതു നഗരത്തിന്റെയും പുതപ്പിനുള്ളിലേക്ക് നുഴഞ്ഞു കയറാനുള്ള എളുപ്പമാർഗം കാപ്പിയാണ്. അവിടെ, സുഗന്ധമുള്ള സൗഹൃദങ്ങൾ പൂവിടുന്നു. തടസ്സങ്ങൾ ആവിയാകുന്നു. നഗരവും നമ്മളും പരിചയക്കാരായി മാറുന്നു... ബരിസ്റ്റ എന്ന കോഫി ഷോപ്പ് എന്നിലേക്കു കാൽപനിക ചിന്തകൾ പടർത്തി. സമീപക്കാഴ്ചകളെക്കുറിച്ച് അന്വേഷിച്ചു. പെട്രൊവരദിൻ കോട്ടയിലേക്ക് അവിടെ നിന്ന് നടക്കാവുന്ന ദൂരമേയുള്ളൂ. എങ്കിലും ആ നാട്ടുകാർ ബസ്സിലേ യാത്ര ചെയ്യൂ.  ഞാനായിട്ട് അതിനു മാറ്റം വരുത്തിയില്ല. കോട്ട കാണുകയെന്ന ലക്ഷ്യത്തോടെയാണ് ഞാൻ ആ നാട്ടിലെത്തിയത്. അഥവാ, അവിടെ എത്തുന്നതുവരെ പെട്രൊവരദിൻ കോട്ടയെക്കുറിച്ചു മാത്രമേ എനിക്ക് അറിയുമായിരുന്നുള്ളൂ.

പെട്രൊവർദിൻ കോട്ട

സിറ്റി സെന്ററിനടുത്തുള്ള സ്റ്റോപ്പിൽ നിന്നു. ബസ് വന്നു. ഞാൻ അതിൽ കയറി. കാഴ്ചക്കാരെ ആകർഷിക്കുംവിധമുള്ള കടകളും നിരവധി ഷോപ്പുകളും അവിടെയുണ്ട്. എല്ലാറ്റിലും കയറണമെന്നു തോന്നിയെങ്കിലും സമയ പരിമിതിയെക്കുറിച്ച് ബോധ്യമുണ്ടായിരുന്നു. ഒരു പാലത്തിലേക്ക് ബസ് കയറിയപ്പോൾ കോട്ടയുടെ മതിൽക്കെട്ടു കണ്ടു. ബസ് അൽപ്പം കൂടി മുന്നിലേക്കു നീങ്ങിയ ശേഷം എന്നെ അവർ ഇറക്കി വിട്ടു. അവിടെ ഇറങ്ങിയ ശേഷമാണ് അതു കാർ പാർക്കിങ് ഏരിയയാണെന്നു മനസ്സിലായത്. കാൽനട യാത്രക്കാർക്കുള്ള പ്രവേശന കവാടത്തിലെത്താൻ കുറേ ദൂരം പുറകോട്ടു നടക്കേണ്ടി വന്നു.

നഗരത്തിന്റെ ഭൂരിഭാഗം കവർന്നെടുത്ത നിർമിതിയാണ് പെട്രൊവർദിൻ കോട്ട. മ്യൂസിയം, റസ്റ്ററന്റുകൾ, ആർട് ഗാലറി, ഹോട്ടൽ എന്നിവ കോട്ടയ്ക്കുള്ളിൽ പ്രവർത്തിക്കുന്നു. ചരിത്ര സൗധത്തിന്റെ പുതുക്കിയ മുഖം കാണാൻ ഞാനിറങ്ങി. ആദ്യം ചരിത്രക്കാഴ്ചകളിലേക്ക്.

പെട്രൊവർദിൻ കോട്ട ഒരിക്കൽപോലും ആ ക്രമിക്കപ്പെട്ടിട്ടില്ല. 110 ഏക്കറിലാണ് കോട്ട നില നിൽക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ കോ ട്ടയാണ് പെട്രൊവർദിൻ. ഓസ്ട്രിയൻ ചക്രവർത്തിമാരായിരുന്ന ലിയോപോൾഡ് ഒന്നാമൻ, ജോസഫ് ഒന്നാമൻ, ചാൾസ് നാലാമൻ, മരിയ തെരേസ രാജ്ഞി, ജോസഫ് രണ്ടാമൻ എന്നിവരാണ് കോട്ടയിൽ ഭരണം നടത്തിയവർ. കോട്ടയിൽ ശേഷിച്ചതെല്ലാം അതീവ ശ്രദ്ധയോടെ സംരക്ഷിച്ചിട്ടുണ്ട്. ഉയരമേറിയ മതിലുകളും കിടങ്ങുകളും എടുത്തു മാറ്റാവുന്ന പാലവും കോട്ടയ്ക്കുള്ളിലെ ഭരണം സുരക്ഷിതമാക്കി.നിങ്ങളിലാരെങ്കിലും എന്നെങ്കിലും നോവി സാഡിൽ പോവുകയാണെങ്കിൽ അണ്ടർഗ്രൗണ്ട് ഗാലറികളിൽ കയറാൻ മറക്കരുത്. ആ കോട്ട കെട്ടിയുയർത്തിയവർ അനുഭവിച്ച ത്യാഗത്തിന്റെയും കഷ്ടപ്പാടിന്റെയും കണക്കുകൾ അവിടെ കണ്ടറിയാം.

അഞ്ജലി നോവിസാഡിൽ

മൂന്നു ഭാഷകളിലെ മൂന്നു വാക്കുകളിൽ നിന്നാണ് പെട്രൊവർദിൻ എന്ന പേരുണ്ടായത്. പെട്ര എന്നതു ലാറ്റിൻ വാക്കാണ്. പാറ  എന്നർഥം. വർ എന്ന ഹംഗേറിയൻ വാക്കിന്റെയർഥം നഗരം. തുർക്കിഷ് വാക്കായ ദിൻ അർഥമാക്കുന്നത് വിശ്വാസം. പല നാടുകളുടെ കൂടിക്കലർപ്പിൽ രൂപംകൊണ്ട പെട്രൊവർദിൻ കോട്ടയുടെ ചരിത്രം ഈ മിശ്രണത്തിൽ തിരിച്ചറിയാം. കോട്ടയുടെ ചുറ്റും പരന്നു കിടക്കുന്ന മൈതാനത്തുകൂടി ഞാൻ അൽപ്പനേരം ചുറ്റിത്തിരിഞ്ഞു. കോട്ടമതിലിന്റെ മുകളിൽ കയറി. ചുറ്റുപാടുകളുടെ മനോഹാരിത അവിടെ നിന്നു ക ണ്ടാസ്വദിച്ചു. കോട്ടയുടെ നിഴലിന്റെ തണലിൽ നിൽക്കുന്ന ക്വാർട്ടേഴ്സിന്റെ സ്ഥാനം ‘വാട്ടർ ഫ്രണ്ട് ’ ആണ്. ഡാന്യൂബിന്റെ ഓളപ്പരപ്പുകളെ കണ്ടാസ്വദിച്ചാണ് പണ്ടു കാലത്ത് പെട്രൊവർദിനിലെ ചക്രവർത്തിമാർ ഭരണം നടത്തിയത്. ആകാശത്തിന്റെ നീലവെളിച്ചത്തിലേക്കു തലനീട്ടുന്ന പള്ളി ഗോപുരങ്ങളാണ് കോട്ടയിൽ നിന്നു കണ്ടാസ്വദിക്കാവുന്ന മറ്റൊരു ദൃശ്യം.

ക്ലോക്ക് ടവർ

കോട്ടയിലെത്തുന്നവരുടെ മനം കവരുന്ന സൃഷ്ടിയാണ് ക്ലോക് ടവർ. ആ വലിയ ക്ലോക്കിന്റെ ചരിത്ര പ്രാധാന്യം പിന്നീടാണ് മനസ്സിലായത്. രണ്ടു മീറ്റർ വലുപ്പമുണ്ട്  ക്ലോക്കിന്. ക്രിസ്ത്യൻ പള്ളികളുടെ നിയന്ത്രണത്തിലായിരുന്ന കാലത്ത് നിർമിച്ചതാണ് ക്ലോക്ക് ടവർ. അതുകൊണ്ടു തന്നെ റോമൻ അക്കങ്ങളിലാണ്  സമയ സൂചിക. മറ്റു ക്ലോക്കുകളിൽ നിന്ന് ഈ ഭീമാകാരൻ ക്ലോക്കിനുള്ള വ്യത്യസ്തത മറ്റൊന്നാണ്. ഈ ക്ലോക്കിൽ മണിക്കൂർ സൂചി വലുതും മിനിറ്റ് സൂചി ചെറുതുമാണ്. ഡാന്യൂബ് നദിയിലൂടെ ബോട്ട് ഓടിക്കുന്നവർക്ക് ഒറ്റ നോട്ടത്തിൽ സമയം മനസ്സിലാക്കാനാണ് ഇങ്ങനെയൊരു മാറ്റം വരുത്തി സൂചി നിർമിച്ചിട്ടുള്ളത്. ഇതിനെ ‘റിവേഴ്സ്ഡ‍് ക്ലോക്ക്’ എന്നു വിശേഷിപ്പിക്കാറുണ്ട്.  സുരക്ഷാ ഭടന്മാർക്കും പട്ടാളക്കാർക്കും ഡ്യൂട്ടി കഴിയുന്ന സമയം തിരിച്ചറിയാനും ഈ സംവിധാനം ഉപയോഗപ്പെട്ടിരിക്കാം. വർഷങ്ങൾ ഏറെ കഴിഞ്ഞെങ്കിലും ക്ലോക്ക് ഇപ്പോഴും കൃതമായി ചലിക്കുന്നു. പെട്രൊദിനിൽ എത്തുന്നവർ ക്ലോക്കിനു മുന്നിൽ നിന്നു ഫോട്ടോ എടുക്കാൻ മത്സരിച്ചു. മ്യൂസിയം എന്നു കേൾക്കുമ്പോൾ നമ്മളുടെയെല്ലാം മനസ്സിലുണ്ടാകുന്ന ചിത്രത്തിൽ ആഡംബരം കലർന്നതാണ് നോവി സാഡ് സിറ്റി മ്യൂസിയം. ചരിത്രാതീത കാലം മുതലുള്ള ശേഷിപ്പുകൾ ഇവിടെയുണ്ട്. മ്യൂസിയത്തിനുള്ളിൽ ഒബ്സർവേറ്ററി, പ്ലാനറ്റോറിയം തുടങ്ങിയവ അപ്രതീക്ഷിതമായിരുന്നു. നന്നായി ഇംഗ്ലിഷ് സംസാരിക്കുന്നവരാണ് ജോലിക്കാരെന്നത് യാത്രികർക്ക് വലിയ ആശ്വാസമാണ്.

സിനഗോഗ്

നോവി സാഡ് നഗരം പലതരം വിശ്വാസങ്ങളുടെ സംഗമ ഭൂമിയാണ്. വിവിധ മതവിശ്വാസിക ൾ നിർമിച്ച ആരാധനാലയങ്ങൾ ഇവിടെയുണ്ട്. അക്കൂട്ടത്തിൽ പഴക്കമേറിയതാണ് സിനഗോഗ്. കാലക്രമേണ ഈ സിനഗോഗ് കലാപരിപാടികൾ അവതരിപ്പിക്കാനുള്ള വേദിയായി മാറി. ആരാധനാലയത്തിന്റെ അന്തരീക്ഷത്തിൽ നിന്നു മ്യൂസിക് കൺസെർട്ട് ഹാളാക്കി മാറ്റിയവർ പ്രശംസ അർഹിക്കുന്നു. സംഗീതം അതിന്റെ പൂർണ ഭംഗിയിൽ ആസ്വദിക്കാൻ പറ്റുംവിധമുള്ള ശബ്ദ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. പണ്ടു കാലത്ത് നോവി സാഡിലുണ്ടായിരുന്ന ജൂതന്മാർ  ആരാധനയ്ക്കായി നിർമിച്ച കപ്പേളയും മേൽക്കൂരയും വലുപ്പംകൊണ്ടും അലങ്കാരം കൊണ്ടും വ്യത്യസ്തമാണ്. ഒരുപക്ഷേ, നഗരത്തിലെ ഏറ്റവും വലിയ കപ്പേളയെന്ന സ്ഥാനം സിനഗോഗിനായിരിക്കും.

1942ലെ ഹംഗേറിയൻ ഫാസിസ്റ്റ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ ഒാർമയ്ക്ക് നോവിസാഡിൽ നിർമിച്ച ശിൽപം

 സിറ്റി സെന്റർ

രണ്ടാം ദിനം രാവിലെ സിറ്റി സെന്ററിൽ ഷോപ്പിങ്ങിനു പോകാൻ തീരുമാനിച്ചു. ലോകത്ത് ഏറ്റവും നന്നായി വസ്ത്രധാരണം നടത്തുന്നവർ സെർബിയക്കാരാണ്.  ഞാൻ എത്തിയ സമയത്ത് സിറ്റി സെന്ററിലെ സ്ഥാപനങ്ങളെല്ലാം തുറന്നു വച്ചിരുന്നു. ആ സമയം ആയപ്പോഴേക്കും ഞാൻ മൂന്നു കാപ്പി കുടിച്ചു കഴിഞ്ഞിരുന്നു. മുട്ടയും ഇറച്ചിയും ചീസും ഉൾപ്പെടുന്ന വിഭവമായിരുന്നു പ്രഭാത ഭക്ഷണം. എന്നാലും അവിടുത്തെ കാലാവസ്ഥയിൽ കാപ്പിയൊരു അധികപ്പറ്റായി തോന്നിയില്ല. മാത്രമല്ല, ആരെയും ആരാധകരാക്കി മാറ്റാനുള്ള സ്വാദുണ്ട് അവിടുത്തെ കാപ്പിക്ക്. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള ആളുകൾ എത്തുന്ന നോവി സാഡ് പല സംസ്കാരങ്ങളുടെ കൂട്ടായ്മയാണ്. അവിടെ ഞാൻ കണ്ടവരുടെയെല്ലാം മുഖം പ്രസന്നമായിരുന്നു.

ലിബർട്ടി ചത്വരം

പല രാഷ്ട്രങ്ങളുടെ കൂടിക്കലർപ്പ് മുഖത്തണിഞ്ഞ നഗരമാണു നോവി സാഡ്. നൂറ്റാണ്ടുകൾ പഴക്കമുള്ള സംസ്കാരങ്ങളും മതപരമായ വൈവിധ്യവും കാഴ്ചക്കാരിൽ കൗതുകമുണ്ടാക്കുന്നു. വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്നു വന്ന പല നാട്ടുകാർ ഒരു നഗരത്തിൽ ജീവിക്കുമ്പോഴുണ്ടാകുന്ന ഐക്യത്തിനു  മാതൃകയാണ് നോവി സാഡ്.  ഒരു ചരിത്ര ഗ്രന്ഥം വായിക്കുന്നതിനു തുല്യമായി ആ നഗരം അറിവു പകരുന്നു. ഓരോ വീടുകളുടെയും നിർമാണ രീതികളിൽ വ്യത്യാസം പ്രകടമാണ്. വീടുകൾ ഏതു വിഭാഗക്കാരുടേതാണ് എന്നു തിരിച്ചറിയാൻ ഞാൻ ശ്രമം നടത്തി. അഞ്ചെണ്ണം വരെ തിരിച്ചറിയാൻ കഴിഞ്ഞു. എന്റെ ലക്ഷ്യം ഷോപ്പിങ്ങായിരുന്നു. പിന്നീട് അതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

നഗരത്തിന്റെ ലാൻഡ് മാർക്ക് എന്നു വിശേഷിപ്പിക്കാവുന്ന മന്ദിരത്തിലേക്ക് ഞാൻ ശ്രദ്ധ പതിച്ചു. ലിബർട്ടി സ്ക്വയർ (trg Slobode)  എന്ന മനോഹരമായ ചത്വരം നിറയെ സഞ്ചാരികളുണ്ടായിരുന്നു. പലതരം ആളുകൾ വന്നിരുന്ന് സൂര്യനു കീഴെയുള്ള സകല കാര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്ന സ്ഥലമാണിത്. ശാസ്ത്രമനമുസരിച്ച് ജീവിക്കുന്നവരും അലങ്കാരങ്ങളിൽ താത്പര്യമുള്ളവരും സൗന്ദര്യാസ്വാദകരും ദേശീയവാദികളും വിഘടന വാദികളുമൊക്കെ  നിത്യസന്ദർശകരാണ്.

പെട്രൊവർദിൻ കോട്ട ദീപാലങ്കാര പ്രഭയിൽ

വണ്ടി വരാൻ കുറേ നേരം ബാക്കിയുണ്ട്. ഞാൻ വയറു നിറയെ ചൈനീസ് വിഭവങ്ങൾ വാങ്ങിക്കഴിച്ചു. ബെൽഗ്രേഡിലേക്കുള്ള ട്രെയിൻ നീങ്ങിത്തുടങ്ങും വരെ നോവി സാഡിന്റെ വൈവിധ്യങ്ങളിലൂടെ എന്റെ കണ്ണുകൾ സഞ്ചരിച്ചുകൊണ്ടേയിരുന്നു.

അറിഞ്ഞ് പോകാം

സെർബിയയുടെ മറ്റു പ്രദേശങ്ങളുമായി സുഖമമായ ഗതാഗത ബന്ധമുള്ള നഗരമാണ് നോവി സാ‍ഡ്. ബെൽഗ്രേഡിൽ നിന്ന് ഒരു മണിക്കൂർ ഇടവേളകളിൽ ബസ്, ട്രെയിൻ സർവീസുണ്ട് (90 – 100 കിമീ.) മെയിൻ േസ്റ്റഷനിൽ ഇറങ്ങിയാൽ എല്ലാ വിനോദസ‍ഞ്ചാര കേന്ദ്രങ്ങളിലേക്കും എളുപ്പത്തിൽ പോയി വരാം. ബെൽഗ്രേഡിലെ നിക്കോള ടെസ്‌ല എയർപോർട്ടാണ് സമീപത്തുള്ള വിമാനത്താവളം. ബസ്, ട്രെയിൻ േസ്റ്റഷനുകൾ തമ്മിൽ അകലമില്ല. കുറഞ്ഞ തുകയ്ക്കും ഉയർന്ന വാടകയിലും താമസ സൗകര്യം ലഭ്യം. നഗരക്കാഴ്ചകൾ ആസ്വദിക്കാൻ കാൽനട യാത്രയാണ് അനുയോജ്യം. കോട്ടയിലേക്കു പോകാൻ ബസ്സിനെ ആശ്രയിക്കുക. ദി ചർച്ച് ഓഫ് വെർജിൻ, സിനഗോഗ്, ചർച്ച് ഒഫ് മാർട്ടിയർ സെന്റ് ജോർജ് എന്നിവ സഞ്ചാരികളെ ആകർഷിക്കുന്നു.

രണ്ടു ദിവസത്തെ ട്രിപ്പ് പ്ലാൻ ചെയ്താൽ ഷോപ്പിങ്ങിനും ടൂറിനുമായി ഇഷ്ടംപോലെ സ മയം ലഭിക്കും. ഷോപ്പിങ്ങിൽ താത്പര്യമുള്ളവർക്ക് ഐതിഹാസികമായ തുകൽ വസ്ത്രങ്ങൾ വാങ്ങാനായി നോവി സാഡ് തിരഞ്ഞെടുക്കാം. ബസ് േസ്റ്റഷനു സമീപത്തുള്ള ചൈനീസ് റസ്റ്ററന്റിലെ വിഭവങ്ങൾ എനിക്കിഷ്ടമായി. മാംസം ഉൾപ്പെടുത്തിയ വിഭവങ്ങളാണ് പ്രഭാത ഭക്ഷണം. സൂപ്പും ഉച്ചയൂണും ഒഴിവാക്കരുത്. ഉരുളക്കിഴങ്ങ്, അച്ചാർ എന്നിവയുടെ സ്വാദ് നമ്മൾ ഇതുവരെ പരിചയിച്ചതിൽ നിന്നു വ്യത്യസ്തം.

1942ലെ ഹംഗേറിയൻ ഫാസിസ്റ്റ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ ഒാർമയ്ക്ക് നോവിസാഡിൽ നിർമിച്ച ശിൽപം

പഴയ കോട്ടയുടെ ഒരു ഭാഗം

എങ്ങനെ എത്താം

​സെർബിയയുടെ വിസിറ്റിങ് വീസയിൽ നോവി സാഡ് സന്ദർശിക്കാം. കൊസോവോയിൽ നിന്നു സെർബിയയിലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുന്നു. യൂറോപ്യൻ പൗരത്വമുള്ളവർക്ക് വീസ ആവശ്യമില്ല. ബുദാപെസ്റ്റ് രാജ്യാന്തര വിമാനത്താവളത്തിലാണ് ചെന്നിറങ്ങുക. നോവി സാഡിലേക്ക് 247 കി.മീ. നോവിസാഡിൽ നിന്ന് 126 കി.മീ അകലെയുള്ള ടിമിസോറ വിമാനത്താവളത്തിലേക്ക് ആഭ്യന്തര സർവീസുണ്ട്.

ബെൽഗ്രേഡിൽ നിന്നു ബസ്, ട്രെയിൻ, ടാക്സി സർവീസുണ്ട്, 80 കി.മീ. നോവി സാഡിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തമ്മിൽ ഏറെ അകലമില്ല. ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ബസ് സർവീസുണ്ട്. ടാക്സിയെക്കാൾ സാമ്പത്തിക ലാഭം ബസാണ്. നടക്കാൻ തയാറായവർക്ക് നോവി സാഡിനെ കുറച്ചുകൂടി അടുത്തു മനസ്സിലാക്കാൻ അവസരം ലഭിക്കും. സൈക്കിൾ വാടകയ്ക്കെടുത്ത് ബെൽഗ്രേഡിൽ നിന്നു നോവി സാഡിലേക്ക് യാത്ര ചെയ്യുന്നവരുണ്ട്. യാത്രാ സമയത്ത് ഐഡി കാർഡ്, പാസ്പോർട്ട്, വീസയുടെ പകർപ്പ് എന്നിവ കയ്യിൽ കരുതുക. നോവി സാഡിൽ വിവിധ വാടകയിനത്തിൽ താമസ സൗകര്യം ലഭ്യം, സുരക്ഷിതം.

ഷോപ്പിങ്ങിനായി പ്രത്യേകം സ്ഥലങ്ങളുണ്ട്. രണ്ടു ദിവസത്തെ ട്രിപ്പ് പ്ലാൻ ചെയ്താൽ ഷോപ്പിങ്ങിനും ടൂറിനുമായി ഇഷ്ടംപോലെ സമയം ലഭിക്കും.

ഭക്ഷണ പ്രിയരെ തൃപ്തിപ്പെടുത്തുന്ന സ്ഥലമാണ് നോവി സാഡ്. കാപ്പി പ്രശസ്തം. വിവിധ തരം കാപ്പി കുടിച്ച് നോവി സാഡിന്റെ സംസ്കാരത്തെ അടുത്തറിയാം. മാംസം ഉൾപ്പെടുത്തിയ വിഭവങ്ങളാണ് പ്രഭാത ഭക്ഷണം. സൂപ്പും ഉച്ചയൂണും ഒഴിവാക്കരുത്.