തായ്‌ലാൻഡിലെത്തിയാൽ ഇവിടം ഒഴിവാക്കരുത്

തെക്കുകിഴക്കൻ ഏഷ്യയിലെ അതിസുന്ദരങ്ങളായ ദ്വീപുകളാണ് ഫി ഫി ദ്വീപുകൾ. സഞ്ചാരികളുടെ മനം മയക്കുന്ന നിരവധി കാഴ്ചകളും സാഹസിക വിനോദങ്ങളും സമ്മാനിക്കാൻ കഴിയുമെന്നുള്ളത് കൊണ്ട് തന്നെ പല യാത്രികരുടെയും പ്രിയയിടങ്ങളാണ്  ഈ ദ്വീപുകൾ. അതിമനോഹരമായ ബീച്ചുകളും കടൽത്തീരങ്ങളും ഫി ഫി ദ്വീപുകളുടെ സവിശേഷതകളാണ് . വിവിധ രൂപങ്ങൾ കൊണ്ട് അതിശയിപ്പിക്കുന്ന പാറകളും നീലജലത്തിന്റെ മനോഹാരിതയുമെല്ലാം ഈ കടൽത്തീരത്തേക്കു സഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നു.

ആറു ദ്വീപുകളുടെ സംഗമമാണ് ഫി ഫി  ദ്വീപുകൾ. തായ്‌ലാൻഡിലാണിത് സ്ഥിതി ചെയ്യുന്നത്. ദ്വീപിന്റെ ഭരണ ചുമതല ക്രാബി പ്രവിശ്യക്കാണ്.  ക്രാബിയിൽ നിന്നും ഫുകേട്ടിൽ നിന്നും സ്പീഡ് ബോട്ടിലോ ഫെറിയിലോ  ദ്വീപിലെത്തി ചേരാവുന്നതാണ്. സ്പീഡ് ബോട്ടിലാണെങ്കിൽ 45 മിനിറ്റ് യാത്രയുണ്ട്. ഫെറിയിൽ 90 മിനിറ്റ് യാത്ര ചെയ്താൽ ദ്വീപിലെത്താം. നീളമേറിയ കടൽത്തീരവും അത്യാധുനിക സൗകര്യങ്ങൾ നിറഞ്ഞ റിസോർട്ടുകളുമൊക്കെ ഈ ദ്വീപിലുണ്ട്.  ആഡംബരം നിറഞ്ഞതും ശാന്തവുമായ ഇവിടുത്തെ റിസോർട്ടുകൾ ഏതൊരു സഞ്ചാരിയെയും ആകർഷിക്കാൻ തക്കതാണ്. 

ഏറ്റവും കൂടുതൽ സഞ്ചാരികൾ തങ്ങളുടെ ഒഴിവുകാലം ചെലവഴിക്കാനായി എത്തുന്ന തെക്കൻ തായ്‌ലൻഡിലെ പ്രധാന കേന്ദ്രമാണിവിടം. വെള്ള മണൽ വിരിച്ച കടൽത്തീരങ്ങൾ തന്നെയാണ് ഈ ദ്വീപുകളുടെ പ്രധാന സവിശേഷത. ഉത്സവാന്തരീക്ഷം സമ്മാനിക്കുന്നവയാണ് ഓരോ ബീച്ചുകളും. ആട്ടവും പാട്ടുമായി സഞ്ചാരികളെ ശരിക്കും ആനന്ദിപ്പിക്കും ഇവിടുത്തെ ബീച്ചുകൾ. മധുവിധു ആഘോഷിക്കാനെത്തുന്നവർക്കും സുന്ദരമായ, വിസ്മരിക്കാൻ കഴിയാത്ത ഓർമ്മകൾ സമ്മാനിക്കാൻ ഫി ഫി  ദ്വീപുകൾക്കു കഴിയും. കാഴ്ചകൾ കാണാനും സമയം ചെലവഴിക്കാനും ഇവിടെ നിരവധി ബീച്ചുകളുണ്ട്. രുചി നിറഞ്ഞ ഭക്ഷണത്തോടൊപ്പം രാത്രി നിറയെ ആഘോഷങ്ങളുമായി സന്തോഷിപ്പിക്കാനും ടോൺസായി എന്ന ഗ്രാമത്തിലെ റിസോർട്ടുകൾക്കു സാധിക്കും. വിവിധ നിരക്കിലുള്ള ഹോട്ടൽ മുറികൾ ബീച്ചിനടുത്തായി തന്നെ ലഭ്യമാണ്. താത്പര്യമനുസരിച്ച് അവ തെരെഞ്ഞെടുക്കാവുന്നതാണ്. 

മൂന്നു ഭാഗവും മലകളാൽ ചുറ്റപ്പെട്ട, മയാ കടലിടുക്ക് സഞ്ചാരികളെ വശീകരിക്കുന്ന അതിമനോഹര കാഴ്ചകളിലൊന്നാണ്. പവിഴപ്പുറ്റുകൾ കൊണ്ടും തെളിഞ്ഞ നീല ജലം കൊണ്ടും വളരെയധികം ആകര്‍‍ഷകമാണിവിടം.  ഫി ഫി ദ്വീപുകളിലെ പ്രധാനാകര്‍ഷണമായ ഈ ബീച്ചിനെ 1999 ൽ സിനിമയിലെടുത്തു. അതും ലിയനാർഡോ ഡികാപ്രിയോ അഭിനയിച്ച ദി ബീച്ച് എന്ന ചിത്രത്തിലൂടെ. അന്നുമുതൽ സഞ്ചാരികൾക്കിടയിൽ ഈ ബീച്ചും താരമാണ്. നവംബര് മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഇവിടം സന്ദർശിക്കുന്നതാണുത്തമം. ആ സമയത്തു കടൽ തീർത്തും ശാന്തവും കാലാവസ്ഥ വളരെയധികം അനുകൂലവുമായിരിക്കും. സ്‌നോർക്ലിങും ഡൈവിങ്ങുമാണ് പ്രധാന വിനോദങ്ങൾ. താല്പര്യമുള്ളവർക്ക് കയാക്കിങ്ങിനും സൗകര്യമുണ്ട്. 

കടലിന്റെ സൗന്ദര്യവും കാഴ്ചകളും കാണാൻ തക്ക ഒരു വ്യൂപോയിന്റ് ഫി ഫി യിലുണ്ട്. 186 മീറ്റർ ഉയരത്തിൽ നിന്നുള്ള ഇവിടുത്തെ കാഴ്ചകൾ അതിസുന്ദരം തന്നെയാണ്. മുപ്പതു മിനിറ്റോളം നടന്നു കയറിയാൽ മുകളിലേക്കെത്താം. പരന്ന പാറകളുടെ മുകളിൽ ഇരുന്നുകൊണ്ട് താഴെയുള്ള  ദൃശ്യങ്ങൾ ആസ്വദിക്കാവുന്നതാണ്. ഫി ഫി ലേ യും ടോൺസായി ഗ്രാമവും ലോ ഡാലും മലയിടുക്കുകളുമൊക്കെ മുകളിൽ നിന്നും കാണുവാൻ കഴിയും. ഡംബെല്ലിന്റെ രൂപത്തിലുള്ള ഈ ദ്വീപിന്റെ സൗന്ദര്യം ഏറ്റവും ഭംഗിയായി കാണുവാൻ കഴിയുന്നത് ഈ വ്യൂപോയിന്റിൽ നിന്നാണ്. 

കോഹ് പായ് എന്ന് തദ്ദേശീയമായി അറിയപ്പെടുന്ന ബാംബൂ ദ്വീപും സഞ്ചാരികളുടെ ഹൃദയം കീഴടക്കുന്ന ഫി ഫിയിലെ കാഴ്ചയാണ്. വലിയ തിരക്കനുഭവപ്പെടാത്ത ഈ കുഞ്ഞൻ ദ്വീപിന് ഹൃദയത്തിന്റെ ആകൃതിയാണ്. വെള്ളമണൽ വിരിച്ച ഇതിന്റെ അഞ്ചു കിലോമീറ്റർ നീളമുള്ള കടൽ തീരങ്ങളിൽ സീസൺ സമയത്ത് ധാരാളം യാത്രികർ എത്താറുണ്ട്. തീരങ്ങളിൽ നിറയെ മുളകളും കാറ്റാടി മരങ്ങളുമാണ്. മുളകൾ  നിറഞ്ഞു നിൽക്കുന്നതുകൊണ്ടാണ് ഈ ദ്വീപിനു ബാംബൂ ദ്വീപ് എന്ന പേര് ലഭിച്ചത്. സ്‌നോർക്ലിങ് ചെയ്യാൻ താല്പര്യമുള്ളവർക്ക് അത്തരത്തിലുള്ള വിനോദങ്ങളിൽ ഏർപ്പെടാനുള്ള ഏറ്റവും മികച്ചൊരു ബീച്ചാണിത്. പവിഴപ്പുറ്റുകൾ നിറഞ്ഞ ബാംബൂ ദ്വീപിലെ കടൽകാഴ്ചകൾ കാണാനും യാത്രികർക്ക് അവസരമുണ്ട്. 

തായ്‌ലാൻഡിന്റെ തനതുരുചികൾ മുതൽ എല്ലാ വിഭവങ്ങളും ലഭിക്കുന്ന നിരവധി ഭക്ഷ്യശാലകൾ ഫി ഫി ദ്വീപിലുണ്ട്. പലരാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികരെ മുഴുവൻ മുന്നിൽ കണ്ടുകൊണ്ടു ഒരുക്കിയിട്ടുള്ളതാണ്  ഇവിടുത്തെ ഓരോ ഭക്ഷ്യശാലകളും. കടൽത്തീരത്തോടു ചേർന്ന് സ്ഥിതിചെയ്യുന്നത് കൊണ്ട് തന്നെ ഭക്ഷണം രുചിക്കുന്നതിനൊപ്പം ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനുള്ള സൗകര്യങ്ങളുമുണ്ട്.

വിനോദ സഞ്ചാരത്തിന് ഏറെ പ്രാമുഖ്യം നൽകുന്ന തായ്‌ലാൻഡിന്റെ ഏറെ വ്യത്യസ്തമായ, സുന്ദരമായ ഒരു മുഖമാണ് ഫി ഫി ദ്വീപുകൾ. സിനിമകളിലെ ഗാനങ്ങളിൽ ഏറെ ആകർഷിച്ച കടൽത്തീരങ്ങളുടെ യഥാർത്ഥവും മനോഹരവുമായ കാഴ്ചകൾ സമ്മാനിക്കാൻ ഈ ദ്വീപിനു കഴിയും. അതുകൊണ്ടു തന്നെ തായ്‌ലാൻഡിലേക്കു ഒരു യാത്ര പോകുന്നുണ്ടെങ്കിൽ മറക്കാതെ സന്ദർശിക്കേണ്ട ഒരു സ്ഥലമാണ് ഫി ഫി ദ്വീപുകൾ. ഒരു സഞ്ചാരിയെയും നിരാശരാക്കില്ല ദ്വീപിലെ കാഴ്ചകൾ എന്നത് ഉറപ്പുള്ള കാര്യമാണ്.