രൂപയ്ക്ക് മൂല്യമുള്ള രാജ്യങ്ങളിലേക്ക് കീശ കാലിയാകാതെ യാത്ര

രൂപയുടെ മൂല്യമിടിയുന്നത് വിദേശ യാത്രകൾ പോകാനൊരുങ്ങുന്നവരെ ചെറുതല്ലാത്ത രീതിയിൽ തന്നെ ബാധിക്കുന്നുണ്ട്. പല രാജ്യങ്ങളിലെയും പണവുമായി തട്ടിച്ചു നോക്കുമ്പോൾ രൂപ അവയേക്കാളെല്ലാം ഏറെ താഴെയാണ്. എന്നാൽ യാത്രാപ്രേമികളുടെ മനസിളക്കുന്ന കാഴ്ചകൾ നിറഞ്ഞ ചില രാജ്യങ്ങളിലെ പണവുമായി തട്ടിച്ചു നോക്കുമ്പോൾ നമ്മുടെ രൂപ അവരെക്കാളും മുമ്പിലാണ്. ആ രാജ്യങ്ങളിലേക്കു യാത്ര പോകുകയാണെങ്കിൽ മനോഹരമായ കാഴ്ചകൾ കാണുന്നതിനൊപ്പം തന്നെ കീശ കാലിയാകില്ല എന്നൊരു വസ്തുത കൂടിയുണ്ട്. ഏതൊക്കെയാണ് ആ രാജ്യങ്ങൾ എന്നറിയേണ്ടേ?

കോസ്റ്റാറിക്ക: (ഒരു ഇന്ത്യൻ രൂപ = 7.89 കോസ്റ്റാറിക്ക കോളൻ)

കരീബീയൻ കടലിന്റെയും പസിഫിക് സമുദ്രത്തിന്റെയും തീരത്തോട് ചേർന്നുകിടക്കുന്ന, കുന്നുകളും മലകളും മഴക്കാടുകളും നിറഞ്ഞ രാജ്യമാണ് കോസ്റ്റാറിക്ക. സാൻജോസ് എന്ന തലസ്ഥാന നഗരിയിൽ നിരവധി സാംസ്കാരിക കേന്ദ്രങ്ങളുണ്ട്. പ്രീ കൊളംബിയൻ ഗോൾഡ് മ്യൂസിയമൊക്കെ സാൻജോസിലെ ചില കാഴ്ചകൾ മാത്രം.

കടൽ തീരങ്ങളും അഗ്നിപർവതങ്ങളും ജൈവ വൈവിധ്യവുമൊക്കെ കോസ്റ്റാറിക്കയുടെ അതിസുന്ദരമായ മറ്റൊരു മുഖത്തെ യാത്രികർക്ക് മുമ്പിൽ വെളിപ്പെടുത്തി തരുന്നു. രാജ്യത്തിന്റെ മുഴുവൻ ഭൂമിയുടെ കാൽഭാഗത്തോളം വനങ്ങൾ നിറഞ്ഞ, ആ വനങ്ങളിൽ നിറയെ  അപൂർവയിനം ജീവികളുള്ള കോസ്റ്റാറിക്ക സഞ്ചാരികളുടെ ഹൃദയം കവരുമെന്ന കാര്യത്തിൽ യാതൊരു സംശയത്തിനുമിടയില്ല. 

ഹംഗറി: (ഒരു ഇന്ത്യൻ രൂപ = 3. 80 ഹംഗേറിയൻ ഫോറിന്റ്)

മനോഹരമായ വാസ്തുവിദ്യകൊണ്ടു മോഹിപ്പിക്കുന്ന നാടാണ് ഹംഗറിയുടെ തലസ്ഥാനമായ ബുധാപെസ്റ്റ്. ലോകത്തിലെ ഏറ്റവും കാല്പനിക നഗരമെന്ന വിളിപ്പേരുള്ള ഈ നഗരത്തിനു ആധുനിക യൂറോപ്പിന്റെ മുഖച്ഛായയുണ്ട്. മധ്യകാലത്തെ മനോഹര ഹർമ്യങ്ങളും, കോട്ടകളുമൊക്കെ തലയെടുപ്പോടെ നിൽക്കുന്ന കാഴ്ചകൾ സഞ്ചാരികളുടെ മനസുനിറയ്ക്കും.

വിയറ്റ്നാം: (ഒരു ഇന്ത്യൻ രൂപ = 315.01 വിയറ്റ്നാമീസ് ഡോങ്ങ്)

ബീച്ചുകളും നദികളും ബുദ്ധ പഗോഡകളും തിരക്കുള്ള നഗരകാഴ്ചകളുമൊക്കെ വിറ്റ്നാമിന്റെ സൗന്ദര്യത്തിന്റെ ഭാഗമാണ്. തലസ്ഥാന നഗരമായ ഹാനോയി കച്ചവടകേന്ദ്രമെന്നതിനൊപ്പം  കലാസാംസ്കാരിക കേന്ദ്രം കൂടിയാണ്.

വലിയ മുതൽമുടക്കില്ലാതെ ആസ്വദിച്ചു കാണാൻ കഴിയുന്ന രാജ്യമെന്ന സവിശേഷത വിയറ്റ്നാമിനു സ്വന്തമാണ്.

നേപ്പാൾ:  (ഒരു ഇന്ത്യൻ രൂപ = 1.60 നേപ്പാളീസ് റുപ്പീസ്)

നമ്മുടെ അയൽരാജ്യമായ നേപ്പാൾ, മനോഹര കാഴ്ചകളുടെ ഒരു പറുദീസയാണ്. ഇന്ത്യക്കാർക്കു വലിയ പണം മുടക്കില്ലാതെ കണ്ടുമടങ്ങാൻ കഴിയുന്ന രാജ്യമെന്ന പ്രത്യേകതയും നേപ്പാളിനുണ്ട്. ഇന്ത്യൻ രൂപയ്ക്കു ഏറെ മൂല്യമുള്ളതു കൊണ്ടുതന്നെ ചെറിയൊരു ഷോപ്പിങ് കൂടി നടത്തി മടങ്ങിയാലും കീശ കാലിയാകില്ല.

ഐസ് ലാൻഡ്: (ഒരു ഇന്ത്യൻ രൂപ = 1.54 ഐസ് ലാൻഡിക്  ക്രോണ)

യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപെന്ന സവിശേഷതയുള്ള ഐസ് ലാൻഡിൽ ജന്തുവൈവിധ്യം വളരെ കുറവെങ്കിലും കാഴ്ചകൾക്കു യാതൊരു പഞ്ഞവുമില്ല. സജീവമായ അഗ്നിപർവ്വതങ്ങൾ കാണാൻ കഴിയുന്ന നാടെന്ന പ്രത്യേകതയുണ്ട് ഈ ദ്വീപിന്.

നീല ലഗൂണുകളുകളും വെള്ളച്ചാട്ടങ്ങളും നോർത്തേൺ ലൈറ്റ്സ് എന്നറിയപ്പെടുന്ന പ്രതിഭാസവുമൊക്കെ ഈ നാട്ടിലെ മനോഹര കാഴ്ചകളാണ്. അധിക ചെലവില്ലാതെ കാഴ്ചകൾ ആസ്വദിച്ചു മടങ്ങാൻ കഴിയുമെന്നതും ഐസ് ലാൻഡിന്റെ പ്രത്യേകതയാണ്.

പരാഗ്വായ്: (ഒരു ഇന്ത്യൻ രൂപ = 81.31 പരാഗ്വേയൻ ഗ്വാറാനി)

കരബന്ധിത രാജ്യമാണ് പരാഗ്വായ്. അർജന്റീന, ബൊളീവിയ, ബ്രസീൽ എന്നീ പ്രധാന രാജ്യങ്ങളുടെ നടുവിലായാണ് തെക്കേ അമേരിക്കയുടെ ഹൃദയം എന്നറിയപ്പെടുന്ന പരാഗ്വായുടെ സ്ഥാനം.

മിതോഷ്ണമേഖല വനങ്ങൾ കാണപ്പെടുന്ന, മനോഹരമായ പ്രകൃതി സൗന്ദര്യംകൊണ്ടു അനുഗ്രഹീതമായ നാടുകൂടിയാണിത്. താമസത്തിനും ഭക്ഷണത്തിനും വളരെ തുച്ഛമായ തുക മാത്രം ഈടാക്കുന്ന ഇവിടം സന്ദർശിക്കുന്നതു  കീശ കാലിയാക്കില്ലെന്നുറപ്പാണ്.