നടി ധന്യ മേരി വർഗീസിന്റെ സ്വപ്നയാത്രകൾ

മലയാളികൾക്ക് ഏറെ സുപരിചിതയാണ് ധന്യ മേരി വർഗീസ്. മോഡലായും അഭിനേത്രിയായും തിളങ്ങിയിരുന്ന താരം  തമിഴ് സിനിമയിലൂടെയാണ് അരങ്ങേറ്റമെങ്കിലും മലയാളത്തിലാണ് ശ്രദ്ധിക്കപ്പെട്ടത്. വിവാഹശേഷം അഭിനയരംഗത്തോട് വിടപറഞ്ഞെങ്കിലും നീണ്ട ഇടവേളക്കുശേഷം മിനിസ്ക്രീനിലൂടെ തിരിച്ചെത്തിരിക്കുകയാണ്.

വീട്ടുകാര്യവും കുഞ്ഞിന്റെ കാര്യവുമൊക്കയായി ജീവിതം മുന്നോട്ട് നയിക്കുകയായിരുന്നു താരം. വീട്ടമ്മയുടെ റോളിൽ കുഞ്ഞിന്റെയും ഭർത്താവ് ജോണിന്റെയും കാര്യങ്ങളുമൊക്കയായി തിരക്കിന്റെ ലോകത്തായിരുന്നു ധന്യ‍. "തിരക്കിട്ട ജീവിതത്തിൽ നിന്നും വിശ്രമം കിട്ടുന്നത് ചെറിയ യാത്രകളിലൂടെയാണെന്നും യാത്രകളും കാഴ്ചകളും നൽകുന്നത് പുത്തനുണർവും ഉന്മേഷവുമൊക്കയാണെന്നും ധന്യ പറയുന്നു. പ്രിയപ്പെട്ട യാത്രകളെപ്പറ്റി ധന്യ മേരി വർഗീസ് മനോരമ ഒാൺലൈനിൽ മനസ്സ് തുറക്കുന്നു.

യാത്ര നല്‍കുന്ന അനുഭവവും സന്തോഷവും അറിവും മറ്റെവിടെയും കിട്ടുകയില്ല. ജോണിന്റെ ബിസിനസ്സ് തിരക്കുകാരണം പലപ്പോഴും പ്ലാൻ ചെയ്യുന്ന യാത്രകളൊന്നും നടക്കാറില്ല. യാത്രകളെ ഒരുപാട് സ്നേഹിക്കുന്നയാളാണ് ഞാനും ജോണും. കുട്ടിക്കാലത്ത് സ്കൂളിൽ നിന്നും വിനോദയാത്ര പോകാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്, കൂട്ടുകാരുമൊത്ത് അടിച്ചുപൊളിച്ചയാത്ര ഇഷ്ടമായിരുന്നു. പക്ഷേ വീട്ടിൽ നിന്നും സമ്മതപത്രം കിട്ടാറില്ലായിരുന്നു.

വിനോദയാത്ര പോയ്ക്കോട്ടെ എന്നു ചോദിക്കുമ്പോൾ ഇപ്പോൾ പോകണ്ട എന്നതായിരുന്നു എപ്പോഴത്തെയും മറുപടി. സിനിമാലോകത്തേക്ക് എത്തിയതിനുശേഷമാണ് യാത്ര എന്ന എന്റെ സ്വപ്നം യാഥാർത്ഥ്യമാകുന്നത്. ഷൂട്ടിന്റെ ഭാഗമായി ഇന്ത്യക്കകത്തും പുറത്തുമായി ഒരുപാട് ഇടങ്ങളിലേക്ക് പോയിട്ടുണ്ട്. മോന്റെ വരവോടെ യാത്രകളും കുറവായിരുന്നു. അവന്റെ കാര്യങ്ങളോടായി ശ്രദ്ധയധികവും. പിന്നീട് അങ്ങോട്ടു ഒന്നിനും സമയം തികയത്ത അവസ്ഥയായിരുന്നു.

മോന് തിരച്ചറിവ് ആയതോടെ ഒഴിവ് സമയമൊക്കെയും അവനുമായി അടുത്തസ്ഥലങ്ങളിലോക്കെയും ചുറ്റികറങ്ങാറുണ്ട്. ബീച്ചിലാണ് ഏറ്റവുമധികം പോയിട്ടുള്ളത്. തിരക്കുകളൊക്കെയും മാറ്റിവച്ച് വൈകുന്നേരങ്ങളിൽ അവനുമായി ബീച്ചിൽ പോകും. തിരുവനന്തപുരത്ത് താമസമായതുകൊണ്ട് ബീച്ചിന് പഞ്ഞമില്ലല്ലോ. മിക്കയിടത്തും പോകാറുണ്ട്. കായല്‍ക്കാറ്റേറ്റുള്ള ബോട്ട് സവാരിയും ഫിഷിങും ഉൾപ്പടെ കുമരകത്തെ കാഴ്ചകളും ആസ്വദിച്ചിട്ടുണ്ട്.

ലോങ്ഡ്രൈവ് – തിരുവനന്തപുരം ടു കൂത്താട്ടുകുളം

ഷൂട്ടിങ്ങും തിരക്കു കാരണം യാത്രക്കായി ഇപ്പോൾ സമയം കിട്ടാറില്ല. ആകെ ആശ്വാസം എന്റെ നാട്ടിലേക്കുള്ള ഡ്രൈവാണ്. തിരുവനന്തപുരത്തു നിന്നും കൂത്താട്ടുകുളത്തേക്കുള്ള യാത്ര മാസത്തിലോ ആഴ്ചയിലോ കാണും. ഒപ്പം ജോണും ഉണ്ടാവും. തിരക്കിട്ട ജീവിതത്തിൽ നിന്നും മണിക്കൂറുകൾ നീണ്ട വിശ്രമമാണ് ആ യാത്ര. പുറത്തു നിന്നും ഭക്ഷണവുമൊക്കെ കഴിച്ചൊരു യാത്ര. ചെറിയൊരു പിക്നിക് സ്പോട്ടാണ് ഞങ്ങള്‍ക്ക് തിരുവനന്തപുരം ടു കൂത്താട്ടുകുളം യാത്ര.

വിവാഹം കഴിഞ്ഞുള്ള ആദ്യയാത്ര

വിവാഹം കഴിഞ്ഞാൽ എല്ലാവരുടെയും ചോദ്യം ഹണിമൂൺ ട്രിപ്പ് എവിടേക്കായിരിക്കുമെന്നാണ്. മിക്കവരുടെയും മനസ്സിലുള്ള ആഗ്രഹമാണ് പങ്കാളിയുമൊത്ത് ഇഷ്ടയിടത്തേക്കുള്ള യാത്ര. ഞങ്ങള്‍ തെരഞ്ഞെ‍‍‍ടുത്തത്  ഹോങ്കോങ്– സിങ്കപ്പൂർ യാത്രയായിരുന്നു. ടൂർ പാക്കേജ് ബുക്കിങ്ങിലൂടെയായിരുന്നു യാത്ര. നഗരത്തിന്റെ മാസ്മരികത തൊട്ടറിയണമെങ്കില്‍ ഹോങ്കോങിലേക്ക് യാത്ര തിരിക്കണം.

ഡിസ്നീലാന്‍ഡ്,ലന്റാവ് ദ്വീപ് ഉൾപ്പടെ നിരവധി കാഴ്ചകളുടെ മായാലോകമാണ് ഹോങ്കോങ്. അവിടുത്തെ കാഴ്ചകൾക്ക് ശേഷം സിംഗപ്പുർ കാഴ്ചകളിലേക്ക് പറന്നു. ആരും പോകാൻ കൊതിക്കുന്നയിടമാണ് സിംഗപ്പുർ. എന്നെ ഏറെ ആകർഷിച്ചത് യൂണിവേഴ്‌സല്‍ സ്റ്റുഡിയോയാണ്.ജുറാസിക് പാര്‍ക്ക്, ട്രാന്‍സ്‌ഫോര്‍മേഴ്സ്, മമ്മി റിട്ടേണ്‍സ് തുടങ്ങി മറ്റനേകം സിനിമകളുമായി ബന്ധപ്പെടുത്തിയ ലോകോത്തര നിലവാരമുള്ള ത്രില്ലിംഗ് റൈഡുകള്‍, .ഷോകള്‍, ഇവയുടെയൊക്കെ മിനിയേച്ചറുകള്‍, അല്ലാതെയുള്ള നിരവധി കാഴ്ചകളുടെ അദ്ഭുതലോകമാണവിടം.

പുതിയ കാഴ്ചകൾ എപ്പോഴും ഒരുക്കുന്ന സിംഗപ്പുര്‍ എന്നും എനിക്ക് പ്രിയമാണ്. സെന്റോസ ദ്വീപിന്റെ മനോഹരമായ കാഴ്ചയും ഒരുപാട് ഇഷ്ടപ്പെട്ടു. വളരെ ശാന്തമായ, മനസിന് കുളിര്‍മയേകുന്ന ഒരു പ്രത്യേകതരം അന്തരീക്ഷമാണ് സെന്റോസയിലുടനീളം ഉള്ളത്. സെന്റോസ മെര്‍ലയണിനു അരികിലായുള്ള ഒരു മനോഹരമായ കൃത്രിമ വെള്ളച്ചാട്ടവും മനോഹരങ്ങളായ കടല്‍ത്തീരങ്ങള്‍ ആസ്വദിക്കേണ്ടവര്‍ക്ക് പറ്റിയ ഹൃദ്യമായ ബീച്ചുകളുമൊക്കെയുണ്ടിവിടെ. സുന്ദരമായ കാഴ്ചകൾ സമ്മാനിച്ച നല്ല യാത്രയായിരുന്നു ഞങ്ങളുടേത്.

യാത്രയിലെ രസകരമായ നിമിഷം

കുടുംബവുമൊത്തുള്ള യാത്രകളാണ് മനസ്സിൽ എപ്പോഴും സന്തോഷം നിറക്കുന്നത്. ഒരിക്കല്‍ ഷൂട്ടിന്റെ ഭാഗമായി ന്യൂയോർക്ക് പോയിരുന്നു. അവിടെ ഞങ്ങൾക്ക് താമസിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. അവിടെ നിന്നും മറ്റൊരു ഇടത്തേക്ക് പ്രോഗ്രാമിനായി പോകേണ്ടിരുന്നു. എല്ലാവരും കൂട്ടമായി എയർപോർട്ടിൽ ഉണ്ടായിരുന്നു. എങ്ങനെയോ ഞങ്ങളുടെ സ്പോൺസറടക്കം എല്ലാവരും വഴിതിരിഞ്ഞു പോയി. ആർക്കും പരസ്പരം കണ്ടെത്താനായില്ല. ഫ്ളൈറ്റിന് സമയവുമായിരുന്നു. ഞാനാകെ ടെൻഷനടിച്ചു. എങ്ങനെയൊക്കേയോ ഫ്ളൈറ്റ് സമയത്ത് ഞാനും വിനീത് ശ്രീനിവാസനും എത്തിച്ചേർന്നു. ആരോടൊക്കെയോ ചോദിച്ച് മനസ്സിലാക്കിയുള്ള ഒാട്ടപ്രദർശനത്തിനൊടുവിലാണ് ഫ്ളൈറ്റിൽ കയറാൻ പറ്റിയത്. ഞങ്ങൾ എത്തിയതിന് മണിക്കൂറുകൾക്കു ശേഷമാണ് മറ്റുള്ളവർ എത്തിച്ചേർന്നത്.

അന്നത്തെ ന്യൂയോർക്ക് യാത്രയിൽ അവിടുത്തെ കാഴ്ചകളൊക്കെയും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. പ്രത്യേക സൗന്ദര്യമാണ് ന്യൂയോർക്ക് സിറ്റിക്ക്. അമേരിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരമാണ് ന്യൂയോർക്ക്. പച്ചപ്പ് നിറഞ്ഞയിടങ്ങളും ഇവിടെയുണ്ട്. ന്യൂയോർക്കിനകത്തും ചുറ്റും കാണുന്ന വനങ്ങൾ അമേരിക്കയുടെ നാഷനൽ പാർക്കുകളാണ്. സംരക്ഷിത വനങ്ങൾ. ന്യൂയോർക്കിൽ എന്നെ ആകർഷിച്ചത് എംപയർ സ്റ്റേറ്റ് ബിൽഡിങ്ങാണ്.ട്വിൻ ടവറുകളുടെ തകർച്ചയിലും ന്യൂയോർക്ക് സ്കൈലൈൻറെ തനിമ നിലനിർത്തുന്നത് ആധുനിക ലോകത്തിലേ ഏഴ് അദ്ഭുതങ്ങളിൽ ഒന്നാണിത്. മുകളിലെത്തിയാൽ ഏതാണ്ട് ന്യൂയോർക്കിന്റെ  ഭൂമിശാസ്ത്രം പിടികിട്ടും. ഇനിയും ന്യൂയോർക്കിലെ കാഴ്ചകൾ ഒരുപാട് കാണാനുണ്ട്. ഇനിയുള്ള യാത്രയും ന്യൂയോർക്കിലേക്കാകണം എന്നാണ് എന്റെ ആഗ്രഹം.

കേരളത്തിനകത്തും ഇന്ത്യക്കത്തും യാത്രകൾ കുറവാണ്. കുടുംബവുമൊത്തുള്ള മിക്ക യാത്രകളും ഇന്ത്യക്കുപുറത്താണ് പ്ലാന്‍ ചെയ്യുന്നത്. ഇനിയും ഒരുപാട് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനുണ്ട്. ജോണിന്റെയും എന്റെയും ഒഴിവുസമയം കണ്ടെത്തി വേണം യാത്രക്കുള്ള തയാറെടുപ്പുകൾ നടത്താൻ. ചൈന, നേപ്പാൾ, കുളു–മണാലി, സ്വിറ്റ്സർലണ്ട്, യൂറോപ്പ് എന്നിവിടങ്ങളാണ് എന്റെ സ്വപ്നയാത്രകൾ.