ജാവ, ലോക സഞ്ചാരികളുടെ സ്വപ്നഭൂമി

ജാവ സിംപിളാണ്. അതേ, ജാവ പവർഫുളും ആണ്. പ്രേമം സിനിമയിലെ ഡയലോഗ്‌ അല്ല. ഇന്തൊനീഷ്യയിലെ പ്രധാന ദ്വീപസമൂഹമായ ജാവയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്‌.

ചെറുതും വലുതുമായ അനവധി ദ്വീപുകൾ ചേർന്ന ദക്ഷിണപൂർവേഷ്യൻ രാജ്യം ഇന്തൊനീഷ്യയുടെ തലസ്ഥാനമായ ജക്കാർത്ത ഉൾപ്പെടുന്ന ദ്വീപ സമൂഹമാണു ജാവ. ഭൂരിഭാഗവും പർവത പ്രദേശങ്ങളാൽ നിറഞ്ഞ ജാവയിൽ നൂറ്റിപ്പന്ത്രണ്ടോളം അഗ്നിപർവതങ്ങളുണ്ട്‌. അപൂർവ സസ്യ-ജന്തു വൈവിധ്യങ്ങളാൽ നിറഞ്ഞ ഇവിടം നിരവധി മഴക്കാടുകളാലും സമ്പന്നമാണ്. ട്രാവലോണിന്റെ ഒരു ടൂർ പ്രോഗ്രാം ജക്കാർത്തയിലേക്ക്‌ എന്നറിഞ്ഞപ്പോൾ സന്തോഷത്തെക്കാളേറെ ആകാംക്ഷയായിരുന്നു. പൊറ്റെക്കാട്ടിന്റെ സഞ്ചാരസാഹിത്യത്തിലൂടെ സുപരിചിതമായ ബാലി എന്നും ഒരു സ്വപ്നം മാത്രമായിരുന്നു. അതിനും അപ്പുറത്തേക്കൊരുലോകം കാഴ്ചയിൽ വിരിയുമ്പോൾ അദ്ഭുതത്തേക്കാളേറെ ആകാംക്ഷ തന്നെയാണ് ഉടലെടുക്കുന്നത്‌.

വിനോദസഞ്ചാരകേന്ദ്രങ്ങളും ചരിത്ര സ്മാരകങ്ങളാലും സമ്പന്നമായ ജക്കാർത്തയിലെ പ്രധാന ആകർഷണങ്ങളാണു ബൊറോബുദൂരും പ്രംബനൻ ക്ഷേത്ര സമുച്ചയങ്ങളും. പ്രമുഖ വിനോദ സഞ്ചാരകേന്ദ്രമായതിനാൽ തലസ്ഥാനനഗരിയിൽനിന്ന് ഇവിടേക്ക് ടൂറിസ്റ്റ്‌ ടാക്സികളും എയർബസുകളും സുലഭമാണ്. തമാശപറഞ്ഞും പരിചയം പുതുക്കിയും വിശേഷങ്ങൾ പങ്കുവെച്ചും കുറച്ചു നല്ല നിമിഷങ്ങൾ. ജക്കാർത്ത എത്തിയത്‌ അറിഞ്ഞേയില്ല. ദീർഘദൂര യാത്രയുടെ ആലസ്യമകറ്റാൻ ചെറിയൊരു വിശ്രമവും ഷോപ്പിങ്ങും. അന്നൊരു ദിവസത്തെ വിശ്രമത്തിനു ശേഷം സന്ദർശനം തുടങ്ങാം എന്നായിരുന്നു നേരത്തെ തീരുമാനിച്ചതും. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യത്തോടെ ആ ഒരു ദിവസം ജക്കാർത്തയുടെ വഴിയോരങ്ങളിലൂടെ അലഞ്ഞു തിരിയാൻ സാധിച്ചു. ഭാഷയുടെയോ ദേശത്തിന്റെയോ അതിർവരമ്പുകൾക്കപ്പുറം സാധാരണക്കാരിൽ സാധാരണക്കാരായ കുറച്ചു മനുഷ്യർ. അപരിചിതത്തിന്റെ അസ്വാരസ്യങ്ങൾ ഇല്ലാതെ, നിറഞ്ഞ പുഞ്ചിരിയോടെ മാത്രം അതിഥികളെ സ്വീകരിക്കുന്ന അവരുടെ പ്രകൃതം പ്രശംസനീയം തന്നെ. ചെറിയൊരു വിശ്രമത്തിനു ശേഷം റസ്റ്ററന്റിലേക്ക്ു ഭക്ഷണം കഴിക്കാൻ പോയി.

യോഗ്യകർത്താ സ്വദേശിയായ തേജോ ആണ് ഗൈഡ്‌. ഇന്തൊനീഷ്യയിലെ സാമ്പ്രദായിക ഭക്ഷണം തന്നെ ആയിരുന്നു ഞങ്ങൾക്കായി ഒരുക്കിയിരുന്നത്‌. വൈവിധ്യമാർന്ന രുചികളുടെ സമ്മേളനം. Bebek Goreng   നമ്മുടെ ഫ്രൈഡ്‌ താറാവിന്റെ മറ്റൊരു രൂപമാണ്. ഇഞ്ചിയുടെയും നാടൻ മസാലകളുടെയുമൊക്കെ രുചിയാണു മുന്നിട്ടു നിൽക്കുന്നത്‌. Krerak Toelr ആയിരുന്നു മറ്റൊരു വിഭവം. എഗ്‌ ഫ്രൈഡ്‌ റൈസിനോട്‌ സാമ്യം തോന്നുന്ന ഇതിന്റെ പ്രധാനചേരുവ ചുവന്നുള്ളിയും താറാവിന്റെ മുട്ടയുമൊക്കെത്തന്നെ. Gulai Ati  എന്ന പേരിൽ കൗ ലിവറും ഇവിടുത്തെ പ്രധാന വിഭവം തന്നെ. ഭക്ഷണത്തിനു ശേഷം Es campur dessert കൂടി  കഴിച്ച്‌  യാത്ര തുടങ്ങി. ആദ്യ ലക്ഷ്യം ബൊറോബുദൂർ ബുദ്ധവിഹാരം തന്നെയായിരുന്നു. മുൻകൂട്ടി തീരുമാനിച്ച പ്രകാരമായിരുന്നു യാത്രകൾക്ക് തയാറെടുത്തത്.  ഓരോ സ്ഥലത്തും ഇത്ര സമയം മാത്രം എന്നു വ്യക്തമായ പ്ലാനോടു കൂടിയാണു തേജോയുടെ അകമ്പടിയോടെ യാത്ര തുടങ്ങിയത്‌. ആ നിലപാട്‌ പൂർണമായി എനിക്ക്‌ അത്ര രസിച്ചിരുന്നില്ല. മറ്റുള്ളവരുടെ മുഖത്തും അത്‌ പ്രകടമായിരുന്നു. സ്വതന്ത്രമായി തന്നിഷ്ടപ്രകാരം  കാഴ്ചകൾ ആസ്വദിച്ച്‌ യാത്ര ചെയ്യുന്ന സഞ്ചാര പ്രേമികൾക്ക്‌ ഈ സമയക്രമം ചെറിയ നീരസം ഉണ്ടാക്കുമെന്നത്‌ വാസ്തവം. ഇഷ്ടമുള്ള സ്ഥലങ്ങളിൽ മനസ്സു പറയുന്നത്ര നേരം ഇരിക്കുക എന്നതിലാണു യാത്രയുടെ രസം. അതുതന്നെയാണു വേണ്ടതും. തേജോ യോഗ്യകർത്താ സ്വദേശിയാണ്. സംസാരപ്രിയനായ അദ്ദേഹം യാത്രാമധ്യേ ജക്കാർത്തയിലെ ഒരോ ചെറു നിർമിതിയെക്കുറിച്ചും വാചാലനായി. ഇവിടെ പത്തുപതിനഞ്ചു വർഷത്തോളമായി ടൂറിസ്റ്റ്‌ ഗൈഡാണ്. ഭാഷാപ്രാവീണ്യവും ഇന്തൊനീഷ്യയുടെ  ചരിത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗ്രാഹ്യവും ആകാം തേജോയെ സഹായിക്കുന്നത്.

യോഗ്യകർത്തായിൽനിന്ന് 40 കിലോമീറ്ററോളം ദൂരമുണ്ട്‌ ഇവിടേക്ക്‌. ഇന്ത്യയും ജാവയുമായുണ്ടാരുന്ന ബന്ധം വാണിജ്യസീമകളും പിന്നിട്ട്‌ കലാ രാഷ്ട്രീയ സാംസ്കാരിക രംഗത്തേക്ക്‌ വ്യാപിച്ച കാലത്ത്‌ ഇവിടെ ശക്തമായ ഹിന്ദുമത സ്വാധീനം നിലനിന്നിരുന്നുവത്രെ. ശൈലേന്ദ്രന്മാർ ആയിരുന്നു ആ കാലത്ത്‌ രാജ്യം ഭരിച്ചത്‌. എട്ടാം നൂറ്റാണ്ടിൽ ഇവിടെ മാതരം എന്നൊരു ഹിന്ദുരാഷ്ട്രം തന്നെ ഉണ്ടായിരുന്നു. ഇവിടിത്തെ ചരിത്രപ്രസിദ്ധമായ ക്ഷേത്രങ്ങൾ ജാവയിൽ ഭാരതീയ സംസ്കാരം ചെലുത്തിയ സ്വാധീനത്തിന്റെ സ്മാരകമായും വിലയിരുത്താം. 

ശൈലേന്ദ്ര രാജവംശം എട്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച പ്രമുഖ ബുദ്ധമത കേന്ദ്രമാണ് ബൊരോബുദൂർ. മധ്യജാവയിലെ മഗലാന്റിലാണ് ബൊറോബുദൂർ സ്ഥിതിചെയ്യുന്നത്‌. ക്ഷേത്ര പരിസരത്തു മനോഹരമായ ഉദ്യാനം. പൂത്തുലഞ്ഞു നിൽക്കുന്ന ചെടികൾ ബൊറോബുദൂരിന്റെ പകിട്ട്‌ ഒരുപടി കൂടി കൂട്ടുന്നു എന്നു വേണേൽ പറയാം. അത്രകണ്ട്‌ മനോഹരമായി സംരക്ഷിച്ചുപോരുന്നു ഇവിടം. നിരയൊപ്പിച്ച്‌ നട്ടുപിടിപ്പിച്ചിരികുന്ന തണൽ മരങ്ങൾക്ക്‌ ചുവട്ടിൽ വിശ്രമിക്കുന്ന സഞ്ചാരികൾ. ശാന്തസുന്ദരമായ ആ അന്തരീക്ഷത്തിൽ അവർ ഗൈഡിൽ നിന്നു ബൊറോബുദൂരിന്റെ ചരിത്രം പഠിക്കുകയും ആവാം. കാഴ്ചകൾ ആസ്വദിച്ച് അവരിലൊരാളായി ഞാനും നടന്നുനീങ്ങി.

മഹായാന ബുദ്ധവിഹാരം ആണിത്‌. സംവത്സരങ്ങളായി വെയിലും മഴയുമേറ്റു നിലകൊള്ളുന്ന ചരിത്ര സ്മാരകമായ ബൊറോബുദൂർ ക്ഷേത്രം ഒന്നിനു മുകളിൽ ഒന്നായി ഒൻപതു നിലകളിലായുള്ള ബുദ്ധവിഹാരങ്ങളുടെ കൂട്ടമാണ്. ആദ്യ ആറു തട്ടുകൾ സമചതുരാകൃതിയിലും മുകളിലത്തെ മൂന്നു നിലകൾ വൃത്താകൃതിയിലുമാണ്‌. മുകളിലേക്കു പോകാൻ ഇരു വശവും കൈവരികളോടു കൂടിയ പടിക്കെട്ടുകൾ‌. ചുവരുകൾ കൊത്തുവേലകളാൽ അലങ്കരിച്ചിരിക്കുന്നു. അപ്സരസുകളും താമരയേന്തിയ സുരസുന്ദരിയും എല്ലാം ആഖ്യാനശിലാ ചിത്രങ്ങളായി നിറഞ്ഞു നിൽക്കുന്നു. ചുവരിൽ ആവിഷ്കരിച്ചിരിക്കുന്ന ലളിതവിസ്താര സൂത്ര ഗൗതമബുദ്ധന്റെ ജീവിതചക്രത്തിന്റെ നേർക്കാഴ്ചയാണു അവതരിപ്പിച്ചിരിക്കുന്നത്‌.  

എത്ര മനോഹരമായിട്ടാണ് ഇവയിപ്പോഴും സംരക്ഷിച്ചുപോരുന്നത്‌ എന്ന് അദ്ഭുതത്തോടെയേ ഓർമിക്കാനാവു. ഭൂകമ്പങ്ങളുടെയും അഗ്നിപർവത സ്ഫോടനങ്ങളുടെയുമൊക്കെ ആവർത്തനങ്ങൾക്കിടയിലും ഇവ ഇങ്ങനെയൊക്കെ നിലനിർത്തുന്നത്‌ ആരുടെയൊക്കെയോ നിശ്ചയദാർഢ്യത്തിന്റെ ഫലമാണ്. പീഠങ്ങളിൽ അഞ്ഞൂറ്റിനാലോളം ബുദ്ധപ്രതിമകൾ ഉണ്ട്‌ .ആദ്യത്തെ നാലു നിലകളുടെയും കിഴക്കുഭാഗത്തുള്ള ചിത്രത്തൂണുകളിൽ ഭൂമിസ്പർശ മുദ്രയിൽ ധ്യാനനിരതനായിരിക്കുന്ന അക്ഷോഭ്യ ബുദ്ധന്റെ പ്രതിബിംബം ആണ്. ആദ്യത്തെ നാലു നിലകളുടെയും തെക്കുഭാഗത്തെ തൂണുകളിൽ വരമുദ്ര രീതിയിൽ ധ്യാനനിരതനായിരിക്കുന്ന രത്നസംഭവ. ഈ ബിംബം ഉദാരമനസ്കതയെ പ്രതിനിധാനം ചെയ്യുന്നു.

പടിഞ്ഞാറു ഭാഗത്തായി ധ്യാനമുദ്രയിൽ ഇരിക്കുന്ന അമിതാഭ ബുദ്ധന്റെ പ്രതിമ. ഈ രൂപം ഏകാഗ്രതെയെ സൂചിപ്പിക്കുന്നു. ആദ്യത്തെ നാലു നിലകളുടെയും വടക്ക് അഭയമുദ്രയിൽ  ചിത്രസ്തൂപങ്ങളിൽ നിലകൊള്ളുന്ന അമോക്ഷസിദ്ധി ധൈര്യത്തെയും നിർഭയത്തെയും സൂചിപ്പിക്കുന്നു. അഞ്ചാം നിലയിൽ വിടാർക്ക മുദ്രയിൽ ധ്യാനനിരതനായിരിക്കുന്ന വൈരോചന ബുദ്ധ ധ്യാനിയുടെ ബിംബങ്ങളാണ്. ശ്രേഷ്ഠമായ ഈ ബിംബങ്ങൾ ധർമാചരണത്തെയും യുക്തിചിന്തയെയും പ്രതിനിധീകരിക്കുന്നു എന്നാണു വിശ്വാസം. വൃത്താകൃതിയിൽ  മൂന്നു നിലകളിലും വൈരോചന ബുദ്ധന്റെ ധർമചക്ര മുദ്രയിൽ ഉള്ള സ്തൂപങ്ങളാൽ നിറഞ്ഞിരിക്കുന്നു. വൃത്താകൃതിയിൽ  െചറുവിടവുകളോട്ു കൂടിയ സ്തൂപങ്ങളിലാണു ബിംബങ്ങൾ‌. ഇത്തരം 72  സ്തൂപങ്ങളാണ് ഇവിടെയുള്ളത്‌. ബൊറൊബുദൂർ ക്ഷേത്രം യുനസ്കോയുടെ ലോകപൈതൃക പട്ടികയിൽപ്പെടുത്തി സംരക്ഷിച്ചുപോരുന്നു.

ജക്കാർത്തയിലെ മറ്റൊരു  പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ് പ്രംബനൻ ക്ഷേത്ര സമുച്ചയം. ഇനി യാത്ര അവിടേക്കാണ്. യോഗ്യകർത്തായിൽനിന്ന് ഏകദേശം 11 കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രസമുച്ചയം ഒൻപതാം നൂറ്റാണ്ടിലാണ് പണികഴിപ്പിച്ചത്‌. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുള്ള ക്ഷേത്രത്തിന്റെ നിർമാണത്തിന് പ്രധാനമായും ഇന്തൊനീഷ്യൻ വാസ്തു ശൈലിയാണ് അവലംബിച്ചിരിക്കുന്നത്‌. നിർമാണരീതിയുടെ അടിസ്ഥാനത്തിൽ പ്രംബനൻ ക്ഷേത്രങ്ങളെ മൂന്നായി തരംതിരിക്കാം. ഒന്നാംഭാഗം ഉദ്യാനവും വിശ്രമകേന്ദ്രവുമൊക്കെയായി വിശാലമായ പാർക്ക്‌. മധ്യഭാഗത്ത്‌ കാഴ്ചയിൽ സമാനത തോന്നുന്ന 224 ചെറു ക്ഷേത്ര സമുച്ചയങ്ങൾ. ഉൾഭാഗത്തായി പ്രധാന പ്രതിഷ്ഠയുൾപ്പെടെ എട്ടു വലിയ ക്ഷേത്രങ്ങൾ. 

ശാന്തമായ അന്തരീക്ഷം നിലനിർത്തി ചെറു പൂച്ചെടികളാലും പച്ചപ്പുൽത്തകിടികളാലും സമ്പന്നമായ പാർക്കിൽ വിശ്രമസ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്‌. സന്ദർശകരിൽ അധികവും പാശ്ചാത്യരാണ്. യാത്രയുടെ ആഘോഷത്തിമിർപ്പുകളില്ലാതെ ഗൗരവഭാവം വെടിയാതെ ഉദ്യാനത്തിൽ വിശ്രമിക്കുന്നവർ. കോൺക്രീറ്റ്‌ പാകിയ വീഥികളിലൂടെ ക്ഷേത്രാങ്കണത്തിന് ഉള്ളിലേക്കെത്തിയാൽ അനവധി വിസ്മയകാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്‌. 240 ക്ഷേത്രങ്ങളുടെ കൂട്ടമാണു പ്രംബനൻ ക്ഷേത്ര സമുച്ചയം. പ്രധാന പ്രതിഷ്ഠ ത്രിമൂർത്തികളായ ബ്രഹ്മാവും വിഷ്ണുവും ശിവനും. ശൈലേന്ദ്ര രാജവംശം അതിന്റെ പ്രതാപകാലത്ത്ു പണികഴിപ്പിച്ചതാണ് ഈ പ്രൗഢഗംഭീര ക്ഷേത്രം. അഞ്ചാം നൂറ്റാണ്ടുമുതൽ ഒൻപതാം നൂറ്റാണ്ടുവരെ  ഇന്തൊനീഷ്യയിലെ പ്രബല സാമ്രാജ്യമായിരുന്നു ശ്രീവിജയയും ശൈലേന്ദ്രയും. എട്ട്‌, ഒൻപത്‌ നൂറ്റാണ്ടുകളിൽ ശൈലേന്ദ്രരുടെ ഭരണകാലത്ത്‌ കലാ സാംസ്കാരിക പ്രവർത്തനങ്ങൾ അതിന്റെ പരമോന്നതിയിൽ ആയിരുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് ഈ ക്ഷേത്ര സമുച്ചയങ്ങൾ.  

ശിവഗൃഹ എന്നറിയപ്പെടുന്ന ശിവക്ഷേത്രം വേറിട്ട  നിർമാണരീതികൾ കൊണ്ട്‌ സഞ്ചാരികളെ ആകർഷിക്കുന്നു. കാലപ്പഴക്കത്താൽ ക്ഷേത്രത്തിന്റെ ചില ഭാഗങ്ങളൊക്കെ നശിച്ചുപോയിട്ടുണ്ട്‌. പ്രതലത്തിൽനിന്ന് ഉയർന്നു നിൽക്കുന്ന, കല്ലിൽതീർത്ത ക്ഷേത്രത്തിലേക്ക്‌ പ്രവേശിക്കുവാൻ പടിക്കെട്ടുകളുണ്ട്‌.അതിന് ഇരുവശവും കല്ലിൽ കൊത്തിയെടുത്ത മൃഗരൂപങ്ങൾ കാണാം. ക്ഷേത്രഗോപുരത്തിന് 47 മീറ്റർ ഉയരമുണ്ട്‌. ചുമരുകൾക്ക്ു വെളിയിൽ ചുറ്റിനും നിരയൊപ്പിച്ച്‌ ചെറിയ സ്തൂപങ്ങൾ. ദൂരക്കാഴ്ചയിൽ ഇത്‌ ക്ഷേത്രത്തിന്റെ മാറ്റു വർധിപ്പിക്കുന്നു.ക്ഷേത്രത്തിനുള്ളിലായി പ്രതിഷ്ഠിച്ചിരിക്കുന്ന മൂന്ന് മീറ്റർ ഉയരമുള്ള ശിവന്റെ ശിലാവിഗ്രഹം. ത്രിമൂർത്തി ക്ഷേത്രത്തിൽ രണ്ടാമത്തേത്‌ വിഷ്ണുവിന്റെയാണ്. മഹാവിഷ്ണുവിന്റെ വിഗ്രഹത്തിനു പുറമേ  കംസവധവും കാളീയ മർദ്ദനവും ഉൾപ്പടെ പുരാണ ഇതിഹാസങ്ങളിലെ വിവിധ ഭാഗങ്ങൾ ശിലാചിത്രങ്ങളായി ചിത്രീകരിച്ചിട്ടുണ്ട്‌. ഈ മഹാനിർമിതിയിലേക്ക്‌ സന്ദർശനത്തിനെത്തുമ്പോൾ സമയക്കുറവ്‌ എന്നൊരു പരുമിതി അനുവദിച്ചുകൂടാ. സമയമെടുത്തുതന്നെ വിശദമായി കണ്ട്‌ ആസ്വദിക്കുക തന്നെ വേണം.

മനോഹരമായ കൊത്തുപണികളാൽ അലംകൃതമായാണ് മൂന്നാമത്തെ ദേവാലയവും കാഴ്ചയിൽ നിറയുക. സൃഷ്ടികർത്താവായ ബ്രഹ്മദേവനാണ് ഇവിടെ പ്രതിഷ്ഠ. ശ്രീരാമനും ബലരാമനും ദേവതകളും അപ്സരസ്സും ഉൾപ്പടെ അനവധി രൂപങ്ങൾ ഇവിടെ കാണാം. രാമായണത്തിലെയും മഹാഭാരതത്തിലെയും ഏടുകൾ ചിത്രശിലാ നിർമിതികളായി ചുവരുകളിൽ നിറഞ്ഞിരിക്കുന്നു.പ്രധാന ക്ഷേത്രങ്ങൾക്ക്‌ അരികിലായി നിലകൊള്ളുന്ന മൂന്ന് ഉപക്ഷേത്രങ്ങൾ. ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്‌ ശിവന്റെയും വിഷ്ണുവിന്റെയും ബ്രഹ്മാവിന്റെയും വാഹനങ്ങളായതുകൊണ്ട്‌  വാഹനക്ഷേത്രം എന്ന പേരിലാണ് ഇത്‌ അറിയപ്പെടുന്നത്‌. നന്ദിയുടെയും ഗരുഡന്റെയും ഹംസത്തിന്റെയും വിഗ്രഹങ്ങളാണു സ്ഥാപിച്ചിരിക്കുന്നത്‌. നന്ദീ വിഗ്രഹം മാത്രമേ ഇപ്പോൾ കാണാൻ സാധിക്കൂ. ബാക്കിയൊക്കെ കാലപ്പഴക്കത്താൽ നശിച്ചു.

പ്രധാനക്ഷേത്ര സമുച്ചയങ്ങൾക്ക്‌ അകത്ത്‌ നാലു ദിശകളിലായി നിർമിച്ചിരിക്കുന്ന ചെറിയ ഉപക്ഷേത്രങ്ങളാണു കെലിർ ക്ഷേത്രങ്ങൾ. സമചതുരാകൃതിയിൽ നിലകൊള്ളുന്ന ഈ ക്ഷേത്രങ്ങളിൽ കിഴക്കു ശിവനും തെക്ക്‌ അഗസ്ത്യനും പടിഞ്ഞാറു ഗണപതിയും വടക്ക് ദുർഗ്ഗാദേവിയും.

ത്രിമൂർത്തി ക്ഷേത്രങ്ങൾക്കും വാഹന ക്ഷേത്രങ്ങൾക്കും ഇടയിലായി നിർമ്മിച്ചിരിക്കുന്ന പൂജ്യസ്ഥാനങ്ങളാണു അപിത്‌ ഗോപുരങ്ങൾ. രണ്ട്‌ ദിക്കുകളിലായാണ് ഇത്‌ നിലകൊള്ളുന്നത്‌. ഉത്തരദിശയിൽ രഥത്തിനു മുകളിലായി  ചന്ദ്രദേവന്റെ പ്രതിമ. പത്ത്‌ കുതിരകൾ ചേർന്നു രഥം വലിച്ചുകൊണ്ടുപോകുന്ന സങ്കൽപത്തിലാണ് ഇത്‌‌. ദക്ഷിണഭാഗത്ത്‌ ഏഴു കുതിരകൾ ചേർന്ന് വലിക്കുന്ന രഥത്തിനു മുകളിൽ സൂര്യദേവന്റെ പ്രതിമ. നൂറ്റാണ്ടുകളുടെ പഴക്കത്താലും ഇടയ്ക്കുണ്ടായ ഭൂചലനത്താലും കേടുപാടുകൾ വന്ന് നശിച്ചിട്ടുണ്ട്‌ ചില ഭാഗങ്ങൾ.  കാലപ്പഴക്കത്താൽ പലതും പൂർണ്ണമായി നശിച്ചുപോയി എങ്കിലും കാലാകാലങ്ങളിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ വഴി തനിമ നഷ്ടപ്പെടാതെ ഇവയെല്ലാം സംരക്ഷിച്ചു പോരുന്നു. 1991 ൽ ആണു പ്രംബനൻ യുനെസ്കോ ലോക പൈതൃക കേന്ദ്രമായി അംഗീകരിച്ചത്‌ എങ്കിലും 1990 മുതൽ ഇവിടം വിനോദ സഞ്ചാര സാധ്യതാ പ്രദേശമായി ഉൾകൊള്ളിച്ചിരുന്നു. 2006 ൽ യോഗ്യകർത്തയിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ ഭൂചലനത്തിൽ ഈ മഹാനിർമിതിയുടെ ചില ഭാഗങ്ങൾക്ക്‌  കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്‌. 

ക്ഷേത്രാങ്കണത്തിൽ  നാലു നിരകളിലായി സമകേന്ദ്രീയമായി നിർമിച്ചിരിക്കുന്ന 224 ക്ഷേത്രങ്ങളുടെ കൂട്ടമാണ് പെർ വാന ക്ഷേത്രങ്ങൾ. മിക്കയിടങ്ങളിലും ക്ഷേത്രങ്ങളുടെ സ്ഥാനത്ത്‌ ശിലാവശിഷ്ടങ്ങൾ മാത്രമാണ്‌. അവശേഷിക്കുന്ന നിർമ്മിതികളിൽ ചിലതൊക്കെ ഇപ്പോൾ ധ്യാനത്തിനും മറ്റും ഉപയോഗിക്കുന്നു . 44, 52 ,60,68 എന്നിങ്ങനെയാണു ക്രമമനുസരിച്ച്‌ ഓരോ നിരയിലും ഉപക്ഷേത്രങ്ങൾ. പർവാന ക്ഷേത്രങ്ങൾ എല്ലാം രൂപത്തിൽ ഒരുപോലെയാണ്. ഓരോ നിർമിതിക്കും 14 മീറ്റർ ഉയരവും 6 മീറ്റർ വീതിയും നീളവും ഉണ്ട്‌. 

കാഴ്ചകൾ കണ്ടും ആസ്വദിച്ചും ക്യാണ്ടി പ്ലാസൺ എത്തിയത്‌ അറിഞ്ഞതേയില്ല. വിശപ്പും ദാഹവും ഒരു തോന്നലായിപ്പോലും മനസ്സിൽ അവശേഷിക്കുന്നില്ല എന്നു പറയാം. പ്രംബനൻ പാർക്കിന്റെ വടക്കേ അറ്റത്തായി സ്ഥാപിച്ചിരിക്കുന്ന ചെറിയ  സ്തൂപമാണു ക്യാണ്ടി പ്ലാസൺ. ഈ ബുദ്ധ വിഗ്രഹത്തിനു പിന്നിൽ രസകരമായ ഒരു ചരിത്രം കൂടിയുണ്ട്‌. ക്രിസ്തു വർഷാരംഭത്തിൽ കച്ചവടത്തിനായും മറ്റും ഇന്തൊനീഷ്യയിൽ കുടിയേറിയ ഇന്ത്യക്കാർ അവിടുത്തെ കുലീന ജാതിയിൽ പെട്ടവരെ വിവാഹം ചെയ്തുവെന്നും അങ്ങനെ, എണ്ണത്തിൽ കുറവായിരുന്ന അവർ ആധിപത്യം സ്ഥാപിക്കുകയും അവരുടെ പിൻഗാമികൾ അധികാരത്തിലെത്തുകയും ചെയ്തെന്നും കരുതപ്പെടുന്നു. ഹിന്ദു വിശ്വാസിയായ രാജാവു ബുദ്ധമതത്തിൽ വിശ്വസിക്കുന്ന ഭാര്യയ്ക്കുവേണ്ടി നിർമ്മിച്ചതാണ് ഈ ബുദ്ധക്ഷേത്രങ്ങൾ എന്നും വിശ്വസിക്കുന്നു. കുടിയേറ്റക്കാരുടെ സ്വാധീനവും ആധിപത്യവും കാരണം സങ്കരവർഗ്ഗ ജനവിഭാഗമായി മാറി ഇന്തൊനീഷ്യൻ നിവാസികൾ. വിചിത്രമായ സാംസ്കാരിക പാരമ്പര്യത്തിന്റെ സ്വാധീനം ഒരു പരിധിവരെ അവിടുത്തുകാരുടെ വിശ്വാസങ്ങളിലും ദൈനംദിനജീവിതത്തിലും പ്രതിഫലിക്കുന്നു. 1025 ൽ ഇന്ത്യയിൽ നിന്നുള്ള ആക്രമണം മൂലമാണത്രേ ശ്രീ വിജയ സാമ്രാജ്യം തകർന്നത്‌. ആ കാലഘട്ടത്തിന്റെ ഹിന്ദു ബുദ്ധ മതമൈത്രി വിളിച്ചോതുന്ന മറ്റനേകം നിർമ്മിതികളും ഇവിടെ കാണാം. ഹിന്ദു, ബുദ്ധ മതങ്ങൾ തുല്യശക്തിയോടെ നിലനിന്നതിന്റെ സൂചനകൾ ഈ ക്ഷേത്രങ്ങളിൽ കാണാം.

പ്രംബനൻ പാർക്കിൽ വാസ്‌ ക്യാണ്ടി പ്രംബനനിൽ ഒപക്‌ നദീതീരത്ത്‌ ഓപ്പൺ എയർ തിയറ്റർ  ഉണ്ട്‌. ഇവിടെ പ്രധാനമായും രാമായണ കഥാ സന്ദർഭത്തെ ആസ്പദമാക്കി വിവിധ കലാരൂപങ്ങൾ പ്രദർശിപ്പിക്കാറുണ്ട്‌. ഒക്ടോബർ മുതൽ മേയ്‌ വരെയാണു സാധാരണയായി രാമായണം ബാലെ നടക്കുക. വൈകുന്നേരങ്ങളിൽ നടക്കുന്ന ഈ ബാലെ കുട്ടിക്കാലത്ത്‌  കൂട്ടുംകൂടി ഉത്സവ പറമ്പുകളിൽ പോയി നാടകവും ഗാനമേളയും ബാലയുമൊക്കെ കണ്ടിരുന്നതിനെ ഓർമിപ്പിക്കും. ഇതിനു പിന്നിൽ ഒരു ചരിത്രവുമുണ്ട്‌. ശൈവമതത്തിനു പ്രചാരമുണ്ടായിരുന്ന കാലത്ത്‌ നടരാജനായ ശിവനെ പ്രസാദിപ്പിക്കാൻ നൃത്തങ്ങൾ നടത്തിയിരുന്നു. ആ കാലഘട്ടത്തിൽ നൃത്ത സംഗീത നാടകങ്ങൾക്ക്‌ ഏറെ സ്വീകാര്യത ലഭിക്കുകയും ചെയ്തു. ദൃശ്യ കാവ്യങ്ങളുടെയും പാവ നാടകങ്ങളുടെയും സ്ഥിരം വേദിയായി ഇവിടം മാറി. രാമായണത്തിലെയും മഹാഭാരതത്തിലെയും ഇതിവൃത്തങ്ങൾ സംയോജിപ്പിച്ചുകൊണ്ട് രൂപപ്പെടുത്തിയ 'മുക്തിരാമ' പ്രസിദ്ധമായൊരു കലാരൂപം ആണത്രെ. ഏർലംഗന്റെ കാലഘട്ടത്തിലാണു ജാവയിൽ ഹിന്ദു പുരാണങ്ങൾ ജാവനീസ്‌ ഭാഷയിൽ ആവിഷ്കരിച്ചു തുടങ്ങിയതെന്നും പറയുന്നു. 

വയാങ് ഒറാങ് എന്ന പേരിൽ അറിയപ്പെടുന്ന പ്രാചീന നൃത്തരൂപമാണ് ഇവിടെ നിലവിലുള്ള മറ്റൊരു പ്രധാന കലാരൂപം. വയാങ്ങ്‌ കാലിറ്റ്‌ എന്നറിയപ്പെടുന്ന ഒരുതരം പാവകളിൽ നിന്നാണത്രെ ഈ നൃത്തരൂപം രൂപം കൊണ്ടത്‌. രാമായണം, ലകോൺ നയ്‌ എന്നിവയിലെ കഥാസന്ദർഭങ്ങളെ കോർത്തിണക്കി അവതരിപ്പിക്കുന്ന വയാങ് തൊപങ് എന്ന പൊയ്‌ മുഖമണിഞ്ഞ ബാലെ പ്രദർശ്ശനവും ഇവിടെയുണ്ട്‌. വർണ്ണശബളമായ കസവു വസ്ത്രങ്ങളണിഞ്ഞ നർത്തകർ ചടുലമായ ഹസ്തവിക്ഷേപങ്ങളും നേത്രചലനങ്ങളുമായി അരങ്ങിൽ ആടി തിമിർക്കുന്ന കാഴ്ച്ച അവർണ്ണനീയം ആണു.

ബാലെയുടെ കഥാസാരം ഇങ്ങനെയാണ്. ബറോങ് എന്ന അർദ്ധ ദൈവജീവിയും വാനരനും കൂടി വനയാത്രയ്ക്കു പുറപ്പെടുന്നു. ഇവർ യാത്രാമധ്യേ കുന്തീദേവിയെ കാണാൻ പോകുന്ന രാക്ഷസിയായ രംഗദയുടെ ഭൃത്യന്മാരെ കണ്ടുമുട്ടുന്നു. സേവകരിലേക്ക്‌ പരകായ പ്രവേശം ചെയ്യുന്ന രാക്ഷസി കുന്തീദേവിയുടെ അടുത്തെത്തുകയും കുന്തീദേവിയുടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. പുത്രനായ സഹദേവനെ രംഗദയ്ക്ക്‌ ബലിയായി നൽകാം എന്ന വാഗ്ദാനം നേടിയെടുക്കുവാൻ വേണ്ടിയായിരുന്നു യാത്ര. സഹദേവനെ രംഗദയുടെ അടുത്ത്‌ കൊണ്ടുപോകുവാൻ മന്ത്രിയോട്‌ ആഞ്ജാപിക്കുന്നിടത്ത്‌ ആ രംഗം അവസാനിക്കുന്നു. തുടർഭാഗത്തിൽ വൃക്ഷത്തിൽ ബന്ധിപ്പിച്ചിരിക്കുന്ന സഹദേവനെ സാക്ഷാൽ പരമശിവൻ പ്രത്യക്ഷനായി മോചിപ്പിക്കുന്നു. തുടർന്നു രംഗദയുമായു‌ണ്ടാവുന്ന യുദ്ധത്തിൽ സഹദേവൻ രംഗദയെ വധിക്കുന്നു. രംഗദയുടെ ആത്മാവിനു സ്വർഗ്ഗത്തിൽ പ്രവേശനം ലഭിക്കുകയും രംഗദയുടെ അനുയായികളുമായി തുടരുന്ന യുദ്ധത്തിനിടയിൽ സഹദേവൻ ബറൊങ് ആയിത്തീരുകയും ചെയ്യുന്നു. ശേഷം ഒരു പുരോഹിതൻ പ്രത്യക്ഷപ്പെട്ട് എല്ലാവരുടെയും മേൽ തീർത്ഥം തളിച്ച്‌ ശാന്തരാക്കുന്നതോടുകൂടി കഥ തീരുന്നു.  ഒരു മായാലോക പ്രതീതി അനുവാചകരിൽ ജനിപ്പിക്കുന്നതിൽ ഈ നൃത്തനാടകം ഒരു പരിധിവരെ വിജയിച്ചു എന്നു വേണം കരുതാൻ. അല്ലങ്കിൽത്തന്നെ കലാസ്വാദനത്തിനു ഭാഷയോ ദേശമോ ഒരിക്കലും ഒരു അതിർവരമ്പുകളല്ല.

മൗണ്ട് മെറാപി ആണു ഇനി ലക്ഷ്യം. പ്രംബനന്റെ പരിസരത്തുനിന്നുതന്നെ അവിടേക്ക്‌ ജീപ്പുകൾ ലഭ്യമാണു. ഏകദേശം ഒരു മണിക്കൂറോളം യാത്രയുണ്ട്‌. സമുദ്ര നിരപ്പിൽ നിന്ന് 5600 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ അഗ്നിപർവതം ഇനിയും ശാന്തമാവാതെ എരിഞ്ഞുരുകികൊണ്ടിരിക്കുകയാണെന്നു തേജോ പറഞ്ഞപ്പോൾ അദ്ഭുതത്തിനും അപ്പുറം ചെറിയൊരു ആശങ്ക കൂടി. ഇടതൂർന്ന മരങ്ങളാൽ  സമ്പന്നമായ സമതലപ്രദേശവും പിന്നിട്ട്‌ സേലോ എത്തിയപ്പോളേക്കും തുടർന്നുള്ള യാത്ര ഇനി സാധ്യമല്ല എന്ന ഗ്രാമവാസികളുടെ നിർദ്ദേശം ലഭിച്ചു.

കാലാവസ്ഥയിൽ ഉണ്ടായ അപ്രതീക്ഷിത വ്യതിയാനം മൂലം ഗുനുഗ്‌ മെറാപിയിലും സമീപ പ്രദേശത്തും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്‌. സെലോ ആണു പർവതത്തിനു താഴ്‌വാരത്തുള്ള അവസാനത്തെ ജനവാസ പ്രദേശം. ഇവിടുന്നുതന്നെയാണു ഗുമുഗിലേക്കുള്ള പ്രവേശന ടിക്കറ്റും ലഭിക്കുക. കുറച്ചുനേരം അവിടെ ചിലവഴിച്ചിട്ട്‌ റ്റമൻ സരി യിലേക്ക്‌ യാത്രതിരിച്ചു. പ്രാചീനമായ രാജകീയ ഉദ്യാനമാണു റ്റമൻ സരി. യോഗ്യകർത്തായിലെ സുൽത്താൻ Tanengkubuvonoyude  ഭരണകാലത്ത്‌ പണികഴിപ്പിച്ചതാണു ഈ വിശിഷ്ട ഉദ്യാനം. തുടക്കത്തിൽ രാജവംശത്തിന്റെ അധീനതയിൽ ആയിരുന്ന ഇവിടവും ഇപ്പോൾ യുനെസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. പുറംകാഴ്ചയിൽ എല്ലാ വശവും ചുറ്റപ്പെട്ട ഒരു കോട്ടയുടെ മാതൃകയിലാണ് ഇത്‌. സുൽത്താന്റെ കാലത്താണ് ഇതിന്റെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയത്‌ എന്നു പറയുന്നു.  പ്രധാനമായും രണ്ട്‌ പ്രവേശന കവാടമാണു ഇതിനുള്ളത്‌. ഒന്ന് ഇപ്പോൾ അങ്ങനെ തുറക്കാറില്ല. കിഴക്കുഭാഗത്തുള്ള വിശാലമായ ഗേറ്റിലൂടെ ഉള്ളിലെത്തിയാൽ കാഴ്ചയുടെ വസന്തമാണ്. ഗേറ്റിനു ഇരുവശവും രണ്ടു കോണിപ്പടികൾ വീതം ഉണ്ട്‌. 

മുന്നിലത്തെ നിരയുടെ കൈവരിയിൽ നാഗരൂപങ്ങൾ‌. പടികൾ കയറി മുന്നിലെത്തിയാൽ എട്ടുകെട്ടിനു സമാനമായ വലിയൊരു നടുമുറ്റം. ഗൊദ്നെങ്ങ്‌ സേക്‌വാൻ എന്നാണു ഇത്‌ അറിയപ്പെടുന്നത്‌  .ഇവിടെ പ്രധാന കാഴ്ച മനോഹരങ്ങളായ ചെറു കൂടാരങ്ങളാണ്. രാജക്കന്മാരുടെ ശവകുടീരങ്ങളാണത്‌ എന്നു പറയുന്നു. ഉള്ളിൽ പ്രവേശിച്ചാൽ മധ്യഭാഗത്തായി വിശാലമായ മനുഷ്യനിർമിത തടാകം. ബാത്തിങ് കോംപ്ലക്സ് എന്നറിയപ്പെടുന്ന ഈ അറയ്ക്ക്‌ മൂന്ന് ഭാഗങ്ങളുണ്ട്‌. വെള്ളം കാണുമ്പോൾ തുള്ളിച്ചാടുന്ന ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തിലേക്ക്‌ അറിയാതെ ചിലപ്പോഴൊക്കെ എത്താറുണ്ട്‌. അപ്പോൾപ്പിന്നെ ഒരു ജലവിസ്മയത്തിനു മുൻപിൽ  എത്തപ്പെടുമ്പോളുള്ള കാര്യം എടുത്തുപറയേണ്ടതില്ലല്ലോ.

ചുറ്റിനും പൂച്ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ടെന്നത്‌ ഇന്നും ഇവ സംരക്ഷിച്ച്‌ പോരുവാൻ ശ്രദ്ധിക്കുന്നു എന്നതിന്റെ തെളിവാണു. മോസ്കും മെഡിറ്റേഷൻ ചേംബറുകളും സ്വിമ്മിങ് പൂളും വാട്ടർ ഗാർഡനുമൊക്കെയായി 58 ഓളം കെട്ടിടങ്ങളുടെ  കൂട്ടം ആയിരുന്നുവത്രെ ഇത്‌. 1812ൽ ബ്രിട്ടിഷുകാരുടെ ആക്രമണത്തിൽ ഈ ജലോദ്യാനത്തിന്റെ മിക്കഭാഗങ്ങളും നശിച്ചു.  കാഴ്ചകളാസ്വദിച്ച്‌ പടിഞ്ഞാറു ഭാഗത്തുള്ള ലൊപാക്‌ ൽ എത്തിയത്‌ അറിഞ്ഞില്ല. കാഴ്ചയിൽ ഗൊദ്നെങ് സെക്‌ വാനോട്‌ സമാനതകൾ ഏറെ തോന്നുന്ന ഒരു  കെട്ടിടം എന്നതൊഴിച്ചാൽ എടുത്തു പറയത്തക്ക പ്രത്യേകതകൾ ഒന്നുംതന്നെ തോന്നിയില്ല. പച്ചിലക്കാടുകളുടെയും വള്ളിപ്പടർപ്പുകളുടെയും പഴങ്ങളുടെയും പക്ഷികളുടെയുമൊക്കെ ചിത്രങ്ങളാൽ അലങ്കരിച്ചിരിക്കുന്ന മതിൽക്കെട്ടുകൾ കണ്ടപ്പോൾ ആദ്യം ഓർമയിലെത്തിയത്‌ പ്രാചീന റോമിലെ പൊമോണോ ദേവതയുടെ ചിത്രങ്ങളാണ്. എത്രകണ്ടാലും  മതിവരാത്തത്ര  കാഴ്ചകളുടെ വൈവിധ്യമാണു സഞ്ചാരികളെക്കാത്ത്‌ ഇവിടെയുള്ളത്‌.

ഒരിക്കലെങ്കിലും തിരക്കുകളിൽനിന്നൊക്കെ ഒഴിഞ്ഞുമാറി വന്നു കണ്ടിരിക്കേണ്ട സ്ഥലം. ചക്രവാളത്തിനെതിരെ സുവ്യക്തവും സുന്ദരവുമായ പ്രകൃതിദൃശ്യങ്ങൾ കാഴ്ചവയ്ക്കുന്ന ജാവ  സഞ്ചാരികളുടെ സ്വപ്നഭൂമിയാണ്.