വില്യം ഷെയ്ക്സ്‌പിയറിന്റെ ജന്മദേശത്തേക്ക് യാത്ര

ലണ്ടനിലെ വിക്‌ടോറിയ റെയിൽവേ സ്‌റ്റേഷനു സമീപം ഗ്ലോബൽ ടൂർ കമ്പനിയുടെ പാർക്കിങ്ങിൽ ടൂറിസ്‌റ്റ് ഗൈഡ് നിക് ജോൺസ് തണുത്തു വിറച്ചു നിൽക്കുന്ന യാത്രക്കാരുടെ കയ്യിൽ ടാഗ് കെട്ടിക്കുകയാണ്. അടിയന്തര ഫോൺ നമ്പർ അതിലുണ്ട്. അക്ഷരങ്ങളെ പ്രണയിക്കുകയും സാഹിത്യപ്രതിഭകളെ ആരാധിക്കുകയും ചെയ്യുന്നവരുടെ തീർഥാടന കേന്ദ്രമായ, സാഹിത്യ നായകൻ വില്യം ഷെയ്ക്സ്‌പിയറുടെ ജന്മദേശമായ സ്ട്രാറ്റ്ഫഡ് അപോൺ ആവോണിലേക്കാണ് ആദ്യ യാത്ര. 

മുന്നൂറു കൊല്ലം ലോകം അടക്കിവാണതിന്റെ വല്യഭാവമൊന്നും ഇന്ന് ബ്രിട്ടിഷുകാർക്കില്ല. കാഴ്‌ചകളുടെ പൂരം കാണാൻ അവർ നമ്മളെയും ക്ഷണിക്കുകയാണ്. 

വാർവിക് കൊട്ടാരം. ഷെയ്ക്സ്‌പിയറുടെ ജന്മഗൃഹത്തിലേക്കുള്ള യാത്രാമധ്യേയുള്ള പുരാതന കൊട്ടാരത്തിന്റെ ആകാശക്കാഴ്ച.

ചരിത്രമയമാണ് ലണ്ടൻ. ഓരോ മൈൽക്കുറ്റിയും ചത്വരങ്ങളും നൂറ്റാണ്ടുകളുടെ കഥ പറയും. കൊട്ടാരങ്ങളും മണിമന്ദിരങ്ങളും പ്രതിമകളും ശിൽപങ്ങളും മഹാനഗരത്തെ സ്വപ്‌നത്തിലെ അനുഭവമാക്കുന്നു. 

ഷെയ്ക്സ്‌പിയറുടെ ജന്മഗൃഹത്തിനു പുറത്ത് സഞ്ചാരികൾ അദ്ദേഹത്തിന്റെ നാടകം അവതരിപ്പിക്കുന്നു.

ലണ്ടനിൽനിന്ന് സ്ട്രാറ്റ്ഫഡിലേക്ക് 144 കിലോമീറ്റർ. ട്രെയിനിലായാലും ബസിലായാലും യാത്രാസമയം രണ്ടര മണിക്കൂർ. 25 പൗണ്ട് മുതൽ ടിക്കറ്റ് ലഭിക്കും. ഗൈഡിന്റെ സേവനവും വഴിയോര കാഴ്‌ചകളുടെ വൈവിധ്യവും കണക്കാക്കുമ്പോൾ ബസാണ് മെച്ചം. നിക്കിനെപ്പോലെ സാമാന്യത്തിലേറെ അറിവുള്ള ഗൈഡിനെ ലഭിച്ചാൽ യാത്ര അറിവിന്റെ ഖനി തുരന്നു മുന്നേറുന്നതുപോലെ.... 

ഹോളി ട്രിനിറ്റി പള്ളി. ഇവിടെയാണ് ഷെയ്ക്സ്‌പിയറെയും ഭാര്യ ആനിയെയും മകളെയും സംസ്കരിച്ചത്.

പുറപ്പെട്ടതു മുതൽ ഗൈഡിന് ആവേശം കത്തിക്കയറി. ഓരോ കെട്ടിടവും പാതയോരവും കഥകളായി. പ്രശസ്‌തമായ സെന്റ് മേരീസ് ആശുപത്രിയുടെ മുന്നിലൂടെ കടന്നുപോകുമ്പോൾ, അലക്‌സാണ്ടർ ഫ്‌ളെമിങ് അവിടെ വിദ്യാർഥിയായിരുന്ന കഥയും പെൻസിലിൻ കണ്ടുപിടിച്ചതും വിശദീകരിച്ചു. ആന്റിബയോട്ടിക്കുകൾ ലക്ഷക്കണക്കിനു ജീവൻ രക്ഷിച്ചതു പറയുന്നതിനിടെ യൂറോപ്പിലെ ഏറ്റവും വലിയ ഷോപ്പിങ് മാളായ വെസ്‌റ്റ് ഫീൽഡ് കടന്നുപോയി. കുറഞ്ഞ വിലയ്‌ക്ക് വസ്‌ത്രങ്ങളും ബാഗുകളും മറ്റും ലഭിക്കുന്ന പ്രമർക് (primark) സ്‌റ്റോറാണ് വെസ്‌റ്റ് ഫീൽഡിലെയും മുഖ്യ ആകർഷണം.

കോളനി വിഭവങ്ങൾ തുറമുഖത്ത് എത്തിച്ച ശേഷം സ്‌റ്റോക് ചെയ്യാൻ നിർമിച്ച ഗോഡൗണുകൾ വഴിനീളെ കാണാം; അക്കാലത്തു പണിത പാർപ്പിട സമുച്ചയങ്ങളും. ഇവയെ നമ്മുടെ നാടും മനസ്സുമായി ബന്ധിപ്പിക്കുന്നത് മേച്ചിൽ ഓടുകളാണ്. കേരളത്തിലെ പഴയ കെട്ടിടങ്ങളിൽ കാണുന്ന അതേതരം ഓടുകൾ. 

ആൻസ് കോട്ടേജ്

കന്നുകാലികളും പന്നികളും മേയുന്ന മൈതാനങ്ങളും പുൽമേടുകളും പിന്നിട്ട് ഒന്നരമണിക്കൂറിനകം വാഹനം ചെറുപട്ടണമായ വാർവിക്കിലെത്തി. എഡി 1061 ൽ വില്യം ദ് കോൺക്വറർ ഈവൻ നദിക്കരയിൽ നിർമിച്ച കൊട്ടാരമാണ് ഇവിടുത്തെ കാഴ്‌ച. 

പ്രവേശന കവാടത്തിനരികെത്തന്നെ സ്‌ഥാപിച്ചിരിക്കുന്ന പല വലുപ്പത്തിലുള്ള ഗില്ലറ്റിൻ അക്കാലത്തെ യൂറോപ്യൻ രാജവംശങ്ങളുടെ അടിസ്‌ഥാന സ്വഭാവം വ്യക്‌തമാക്കുന്നതാണ്. ഭരണകൂടത്തിന്റെ അപ്രീതിക്കിരയായി ശിരച്‌ഛേദം ചെയ്യപ്പെട്ട നൂറുകണക്കിനു പരേതാത്മാക്കളെ കുറിച്ചുള്ള ഓർമപ്പെടുത്തലുകൾ. 

ഷെയ്ക്സ്‌പിയർ ജന്മഗൃഹത്തിന്റെ പിന്നിൽ നിന്നുള്ള ദൃശ്യം.

മട്ടുപ്പാവിൽനിന്ന് പട്ടണത്തിന്റെ ആകാശക്കാഴ്‌ച കണ്ടശേഷം തിരികെ വാഹനത്തിലേക്ക്. സ്ട്രാറ്റ്ഫഡിൽ എത്തും മുമ്പ് ഉച്ചഭക്ഷണം കഴിക്കണം. പായ്‌ക്കറ്റ് ലഞ്ച് ദരിദ്രമാണ്. കോൺബ്രഡ് സാൻഡ്‌വിച് ഉച്ചയ്‌ക്ക് ‘ഇട്ടിക്കണ്ടപ്പൻ’ ചോറ് ഉണ്ടു ശീലിച്ച മലയാളിക്ക് പിടിക്കില്ല. 

മുക്കാൽ മണിക്കൂറിനകം സ്ട്രാറ്റ്ഫഡിൽ എത്തും. സഹയാത്രികർ ഷെയ്ക്സ്‌പിയറുടെ വിവരങ്ങൾ കൈവശമുള്ള പുസ്‌തകത്തിൽ നോക്കി ഒന്നുകൂടി ഉറപ്പിക്കുകയാണ്. അവരിൽ ഒരു കൂട്ടർ യുഎസിൽ നിന്നാണ്. ചൈനയിൽനിന്നും ഓസ്‌ട്രേലിയയിൽനിന്നും വന്നവരുമുണ്ട്. ബ്രിട്ടിഷ് സാമ്രാജ്യത്വം ലോകം കീഴടക്കിയതോടൊപ്പം ഷെയ്ക്സ്‌പിയറും ഭൂഖണ്ഡങ്ങൾക്കപ്പുറം പ്രശസ്‌തനായി. 

നട്ടുച്ചയാണെങ്കിലും സാമാന്യം തണുപ്പുണ്ട്. പാർക്കിങ്ങിൽ വാഹനം നിർത്തിയ ഉടൻ ഗൈഡ് പ്രവേശന കവാടത്തിലേക്കു തിടുക്കത്തിൽ നടന്നു. വേഗം ക്യൂ നിന്നാൽ ആദ്യം കയറാം. 

ഷെയ്ക്സ്‌പിയറുടെ ഓർമകളിലാണ് സ്ട്രാറ്റ്ഫഡിലെ ജനങ്ങൾ ജീവിക്കുന്നത്. അദ്ദേഹത്തിന്റെ സ്‌മരണകൾ തുടിക്കുന്ന 5 കേന്ദ്രങ്ങൾ സ്‌മാരക ട്രസ്‌റ്റ് നമുക്കായി ഒരുക്കിയിട്ടുണ്ട്. എല്ലാത്തിലും കയറണമെങ്കിൽ 20.25 പൗണ്ട്. 

തുകൽ കയ്യുറകൾ നിർമിച്ച് ഉപജീവനം കഴിച്ചിരുന്ന ജോൺ ഷെയ്ക്സ്‌പിയറുടെയും മേരി ആർഡന്റെയും മകനാണ് വില്യം. 1564 ഏപ്രിൽ 25ന് ജനിച്ച് ബാല്യകാലവും വിവാഹശേഷമുള്ള 5 വർഷവും അദ്ദേഹം താമസിച്ച ഹെൻലി സ്‌ട്രീറ്റിലെ വീടാണ് ആദ്യം കാണേണ്ടത്. 

കെട്ടിടത്തിന്റെ കൽഭിത്തികളും ഓക് തടികൊണ്ടുള്ള തുലാനുകളും ചിമ്മിനിയും എല്ലാം അതേപടി നിലനിർത്തിയിരിക്കുന്നു. കുഞ്ഞു‌ വില്യം അമ്മയുടെ ചൂടേറ്റ് ഉറങ്ങിയിരുന്ന മുറി ‘ബോയ്‌സ് റൂം’ എന്ന പേരിൽ ചുവന്ന വിരിപ്പിട്ട് അലങ്കരിച്ചിട്ടുണ്ട്. അവരുടെ അടുക്കളയും ജോണിന്റെ പണിപ്പുരയും സ്‌റ്റോർ മുറിയുമെല്ലാം പുനർരൂപകൽപന ചെയ്‌തതാണ്. 

വീടിന്റെ ഒരുഭാഗത്ത് ഏതാനും ചില്ലു ജാലകങ്ങളിൽ പ്രമുഖ സന്ദർശകർ ഓട്ടോഗ്രഫ് രേഖപ്പെടുത്തിയതു കാണാം. ചാൾസ് ഡിക്കൻസ് ഉൾപ്പെടെ ഇംഗ്ലിഷ് സാഹിത്യത്തിലെ മഹാരഥന്മാരിൽ പലരുടെയും കയ്യൊപ്പ്. 

‘‘വില്യമിന് 5 വയസായപ്പോൾ നഗരത്തിൽ പ്ലേഗ് രോഗം പടർന്നു. എലികളുടെ കടിയേൽക്കാതെ കുട്ടിയെ കുറച്ചകലെ മേരിയുടെ വീട്ടിലേക്കു മാറ്റി. അവിടെനിന്നു ലണ്ടനിലേക്കു പോയ വില്യം പിന്നീട് 18 ാം വയസിൽ ആനിയുമായുള്ള വിവാഹശേഷമാണ് ഇവിടെ വന്നത്. ഇരുപത്താറുകാരിയായ ആനി അന്ന് മകൾ സൂസന്നയെ ഗർഭിണിയായിരുന്നു”– ഷേക്‌സ്‌പിയർ ജന്മദേശ ട്രസ്‌റ്റിന്റെ ഗവേഷണവിഭാഗം തലവൻ ഡോ. പോൾ എഡ്‌മണ്ട്‌സൺ വിശദീകരിച്ചു. 

5 വർഷത്തിനു ശേഷം ഷെയ്ക്സ്‌പിയർ സ്വന്തമായി വാങ്ങിയ ‘ന്യൂ പ്ലേസ്’ എന്ന വീട്ടിലേക്കു ദമ്പതികൾ താമസം മാറി. 19 വർഷത്തിനു വിശ്വസാഹിത്യകാരൻ അരങ്ങൊഴിഞ്ഞതു ന്യൂ പ്ലേസിൽ വച്ചാണ്. 

ജന്മഗൃഹത്തിന്റെ മുറ്റം പകൽ മുഴുവൻ സജീവമായിരിക്കും. വിവിധ ദേശങ്ങളിൽ നിന്നെത്തിയവർ ഷേക്‌സ്‌പിയർ കൃതികളെ അടിസ്‌ഥാനമാക്കിയുള്ള നാടകങ്ങളും സംഗീതശിൽപങ്ങളും അവതരിപ്പിക്കും. ഡെസ്‌റ്റിമോനയുടെയും ഒഥല്ലോയുടെയും വേഷം കെട്ടിയ യുവാക്കൾ വികാരതീവ്രമായ രംഗം തകർത്തഭിനയിക്കുന്നു. ‘‘ഓൾ ദ് വേൾഡ് ഈസ് എ സ്റ്റേജ്’’– അനുവാചകർ ഒന്നും മറക്കുന്നില്ല. 

ഇതിനു ചുറ്റുമുള്ള പൂന്തോട്ടത്തിൽ അദ്ദേഹത്തിന്റെ നാടകങ്ങളിൽ വർണിച്ചിട്ടുള്ള വിവിധതരം പൂക്കളും ചെടികളുമാണ് നട്ടുവളർത്തിയിട്ടുള്ളത്. 

‘ആൻ ഹാത്ത്‌വേയ്‌സ് കൊട്ടേജ്’ എന്ന മനോഹര ഭവനത്തിൽ പ്രണയത്തിന്റെ ഓർമകൾ പൂത്തുനിൽക്കുന്നു. വില്യം ആനിയെ കാണുന്നതും അവർ പ്രണയിച്ചതും ഇവിടെ വച്ചാണ്. മകൾ സൂസന്നയുടെയും ഭർത്താവ് ഡോ. ജോൺ ഹാളിന്റെയും വസതിയാണ് ഹാൾസ് ക്രോഫ്‌റ്റ്. 

വില്യമിന്റെ ആദ്യ സ്‌കൂളിലേക്ക്– കിങ്‌സ് ന്യൂ സ്‌കൂൾ– അൽപം നടക്കണം. ഇവിടെ വച്ചാണ് വില്യം ആദ്യമായി നാടകം കാണുന്നത്. ഇപ്പോഴും സ്‌കൂൾ പ്രവർത്തിക്കുന്നുണ്ട്. 

ഷെയ്ക്സ്‌പിയറുടെ 52 വർഷത്തെ ജീവിതത്തിൽ ആദ്യന്തം നിറഞ്ഞുനിന്ന ഹോളി ട്രിനിറ്റി ചർച്ച് തൊട്ടടുത്ത്. ജനിച്ച് മൂന്നാം ദിവസം വില്യമിനെ മാമോദീസ മുക്കിയതും 52 വർഷത്തിനു ശേഷം സംസ്കരിച്ചതും ഇവിടെയാണ്. അൾത്താരയ്‌ക്കു തൊട്ടു മുന്നിലായി അദ്ദേഹത്തെ അടക്കംചെയ്ത ഭാഗം ഇരുമ്പു ഫ്രെയിമിൽ വേർതിരിച്ചു കാണിച്ചിട്ടുണ്ട്. ഏതാനും വർഷങ്ങൾക്കു ശേഷം ആനിനും സൂസന്നയ്‌ക്കും സമീപത്തു തന്നെ അന്ത്യവിശ്രമം ഒരുക്കി. ഇതിന്റെയെല്ലാം രേഖകൾ ഇടവക റജിസ്‌റ്ററിൽ ഇപ്പോഴുമുണ്ട്. 

സ്ട്രാറ്റ്ഫഡിൽനിന്ന് ഓക്‌സ്‌ഫഡിലേക്കുള്ള യാത്രാമധ്യേ മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി വിൻസ്‌റ്റൺ ചർച്ചലിന്റെ ജന്മഗൃഹം കടന്നുപോയി. ഇന്ത്യക്കാരെ അവജ്‌ഞയോടെ കണ്ട ചർച്ചിൽ പക്ഷേ, ബ്രിട്ടിഷുകാർക്ക് ഇപ്പോഴും പ്രിയപ്പെട്ടവനാണ്. ചർച്ചിൽ ഹിറ്റ്‌ലർക്കു തുല്യനാണെന്നും ബംഗാൾ ക്ഷാമത്തിന് ഉത്തരവാദി അദ്ദേഹമാണെന്നും ശശി തരൂർ പറഞ്ഞത് ഓർമ വന്നു. 

ഓക്‌സ്‌ഫഡിൽ ക്ലാസുകൾ തുടങ്ങിയതിനാൽ ചുറ്റും നടന്നു കാണുകയേ മാർഗമുള്ളൂ. കോളജുകളുടെ അകത്തേക്ക് ടൂറിസ്‌റ്റുകൾക്ക് പ്രവേശനമില്ല. 1249 ൽ ആരംഭിച്ച യൂണിവേഴ്‌സിറ്റി കോളജ് മുതൽ 38 കോളജുകൾ. ക്ലാസിക്, ഗോഥിക് ശൈലികളിൽ പണിത രമ്യഹർമങ്ങൾ. 

കോളജുകൾ പോലെ തന്നെ പ്രശസ്‌തമാണ് അവയുടെ ലൈബ്രറികളും. ദശലക്ഷക്കണക്കിനു പ്രമാണ ഗ്രന്ഥങ്ങളും ഗവേഷണ പ്രബന്ധങ്ങളും സജ്ജീകരിച്ചിട്ടുള്ള അവയിൽ ഓരോന്നിന്റെയും ഇടനാഴികൾക്ക് 10–15 കിലോമീറ്റർ ദൈർഘ്യമുണ്ട്. 

‘‘വിജ്‌ഞാനകേന്ദ്രമെന്നതിനേക്കാൾ ഹാരി പോട്ടർ കഥകളുടെ പശ്‌ചാത്തലം എന്ന നിലയിലാണ് ഇപ്പോൾ കൂടുതൽ പേരെത്തുന്നത്.’’– ഗൈഡ് വിശദീകരിച്ചു. 

അസ്‌തമയം എപ്പോഴേ കഴിഞ്ഞു. ഇരുട്ടു പരന്നതോടെ തണുപ്പ് കൂടി വന്നു. സഞ്ചാരികൾ കമ്പിളിവസ്‌ത്രങ്ങളിൽ അഭയം തേടുമ്പോൾ യുവാക്കൾ ബീർ പബുകൾക്കു മുന്നിൽ സിഗരറ്റ് പുകയ്‌ക്കുള്ളിൽ സൊറ പറഞ്ഞു നിന്നു.

ഷെയ്ക്സ്‌പിയറുടെ അങ്കണത്തിൽ ഗുരുജി 

ഷെയ്ക്സ്‌പിയറുടെ ജന്മഗൃഹത്തിനു പുറത്തെ പൂന്തോട്ടത്തിൽ ഇന്ത്യക്കാരെ ആവേശം കൊള്ളിക്കുന്ന കാഴ്‌ചയാണ് മഹാകവി രബീന്ദ്രനാഥ ടഗോറിന്റെ അർധകായ പ്രതിമ. പ്രശസ്‌ത ശിൽപി ദേബബ്രത ചക്രവർത്തി നിർമിച്ച് ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസു ട്രസ്‌റ്റിനു കൈമാറിയ വെങ്കല പ്രതിമ 1995 ലാണ് ഉദ്യാനത്തിൽ സ്‌ഥാപിച്ചത്. 

ഷെയ്ക്സ്‌പിയറുടെ കടുത്ത ആരാധകനായിരുന്നു ടഗോൾ. 1916 ൽ അദ്ദേഹത്തിന്റെ മുന്നൂറാം ചരമ വാർഷികത്തിന് കവിത രചിച്ചിരുന്നു.