അമ്മ മരിച്ചത് ഏപ്രിൽ ഒന്നിന്, ആരും വിശ്വസിച്ചില്ല; അന്ന് കാദർഖാൻ പറഞ്ഞത്

ബോളിവുഡ് താരവും എഴുത്തുകാരനും കൊമേഡിയനുമായ കാദർഖാൻ വിടവാങ്ങി ദിവസങ്ങൾ കഴിയുന്നതിനു മുൻപാണ് അദ്ദേഹം മുൻപ് നൽകിയൊരു അഭിമുഖം ചർച്ചയാകുന്നത്. അഭിമുഖത്തിൽ അമ്മയെക്കുറിച്ച് അദ്ദേഹം വികാരാധീനനായി സംസാരിക്കുന്ന രംഗമാണ് ഇപ്പോൾ പ്രചരിക്കുന്നത്.

ഒരു ദിവസം വീട്ടിൽ മടങ്ങിയെത്തിയ താൻ കാണുന്നത് അമ്മ രക്തം ഛർദ്ദിക്കുന്ന കാഴ്ചയായിരുന്നു. അപ്പോൾത്തന്നെ താൻ ഡോക്ടറെ വിളിച്ചുവെന്നും അമ്മയെ പരിശോധിച്ച ശേഷം അമ്മയിനിയില്ല വാർത്തയാണ് ഡോക്ടർ പങ്കുവച്ചതെന്നുമാണ് അന്ന് കാദർഖാൻ അഭിമുഖത്തിൽ പറഞ്ഞത്. അമ്മയുടെ മരണവാർത്ത അറിയിച്ചപ്പോൾ അത് വിശ്വസിക്കാൻ സുഹൃത്തുക്കളോ ബന്ധുക്കളോ പോലും തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

അന്ന് ഏപ്രിൽ‌ ഒന്നായിരുന്നു, അതുകൊണ്ടാണ് മരണവാർത്തയായിട്ടു പോലും ആളുകൾ അതു വിശ്വസിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കാലം അത്തരമൊരു രീതിയിൽ തന്നെ വേദനിപ്പിച്ചതുകൊണ്ട് അതിനുശേഷമുണ്ടായ ഒരു ഏപ്രിൽ ഫൂൾ ദിനത്തിലും മറ്റുള്ളവരെ പറ്റിക്കുന്നതിൽ താൻ സന്തോഷം കണ്ടെത്തിയില്ലെന്നും  അദ്ദേഹം പറഞ്ഞു.

ദീർഘകാലമായി രോഗബാധിതനായിരുന്ന കാദർഖാന്റെ അന്ത്യം കാനഡയിലെ ആശുപത്രിയിൽ ആയിരുന്നു. 1980–90കളിലെ ഹിന്ദി ചലച്ചിത്രലോകത്തെ ഒഴിവാക്കാനാകാത്ത സാന്നിധ്യമായിരുന്നു കാദർ ഖാൻ. ഭാര്യ: അസ്ര ഖാന്‍. നടനും നിര്‍മാതാവുമായ സര്‍ഫറാസ് ഖാന്‍ ഉള്‍പ്പെടെ രണ്ടു മക്കളുണ്ട്.

ഡിസംബർ 31 ന് പ്രാദേശിക സമയം വൈകുന്നേരം ആറിനായിരുന്നു അന്ത്യം. 17 ആഴ്ചയോളമായി ആശുപത്രിയിൽ ആയിരുന്നു. കാദർ ഖാന്റെ കുടുംബം മുഴുവൻ കാനഡയിലാണെന്ന് മകൻ സർഫറാസ് അറിയിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ഏറെക്കാലമായി വെന്റിലേറ്ററിൽ ആയിരുന്നു. ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടൽ, നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടൽ, മറവിരോഗം ബാധിക്കൽ തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ രോഗം.

കാബൂളിൽ ജനിച്ച കാദർ ഖാൻ 1973ൽ രാജേഷ് ഖന്നയോടൊപ്പം ദാഗ് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറിയത്. 300ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 250ൽ അധികം ചിത്രങ്ങൾക്കു സംഭാഷണമൊരുക്കിയിട്ടുണ്ട്. മിസ്റ്റര്‍ നട്‌വര്‍ലാല്‍, ലാവാറിസ്, കൂലി, അമര്‍ അക്ബര്‍ ആന്റണി തുടങ്ങി അമിതാഭ് ബച്ചന്റെ പല ഹിറ്റ് ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കിയത് കാദര്‍ ഖാനായിരുന്നു.