അമ്മയെ സംസ്കരിക്കാന്‍ ‘ഭ്രാന്തമായി’ ഓടുന്ന യുവാവ്; മാനസികാരോഗ്യമില്ലാത്തയാളെന്ന് അധികൃതര്‍!

70 വയസ്സിലധികം പ്രായമുള്ള അമ്മയുടെ മൃതശരീരം 18 ദിവസത്തോളമാണ് ആ മകൻ വീട്ടിൽ സൂക്ഷിച്ചത്. കൊൽക്കത്തയിലാണ് സംഭവം. അയൽവീട്ടിൽ നിന്ന് കനത്ത ദുർഗന്ധം വമിക്കുന്നുവെന്ന പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസാണ് അഴുകി പുഴുവരിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അമ്മയുടെ ശവശരീരത്തിന് ദിവസങ്ങളോളം കാവൽ നിന്ന മകനെയും പൊലീസ് കണ്ടെത്തിയത്. പിന്നീട് നടത്തിയ പരിശോധനയിൽ 18 ദിവസത്തോളം പഴക്കമുള്ള മൃതശരീരത്തിനാണ് അയാൾ കാവൽ നിന്നതെന്ന് പൊലീസ് മനസ്സിലാക്കി. അമ്മയുടെ മൃതശരീരം വീട്ടിൽ നിന്നു നീക്കം ചെയ്യാനുള്ള ഏർപ്പാടുകൾ ചെയ്ത ശേഷം 38 വയസ്സുകാരനായ മകൻ മൈത്രേയ ഭട്ടാചാര്യയെ പൊലീസ് മാനസികരോഗാശുപത്രിയിലാക്കി.

മൈത്രേയന്റെ വിചിത്ര സ്വഭാവത്തെപ്പറ്റിയും അയാളുടെ പരിതാപകരമായ അവസ്ഥയെപ്പറ്റിയും അയൽക്കാർ പറയുന്നതിങ്ങനെ :-

'' വാതിലില്‍ ആരോ ശക്തമായി തട്ടുന്നതു കേട്ട് ഉണർന്നപ്പോഴാണ്  വാതിലിനപ്പുറത്ത് മൈത്രേയനെ കണ്ടത്''.'ഞാന്‍ ആശുപത്രിയിൽ നിന്ന് ഓടിവരികയാണ്. എന്റെ മസ്തിഷ്കം ഉള്‍പ്പെടെയെല്ലാം ഡോക്ടർമാർ പരിശോധിച്ചു. ഒരു കുഴപ്പവുമില്ല. എനിക്ക് ആശുപത്രിയില്‍ നില്‍ക്കാന്‍ വയ്യ. അതുകൊണ്ടാണ് ഓടിപ്പോന്നത്. ഇനി അധിക സമയമില്ല. വേഗം അമ്മയുടെ മൃതദേഹം സംസ്കരിക്കണം''. ' അയാളോട് എന്തു പറയണം എന്നു ഞങ്ങൾക്കറിയില്ലായിരുന്നു. പുറത്തെ തണുപ്പില്‍ മൈത്രേയ തണുത്തു വിറയ്ക്കുന്നുണ്ടായിരുന്നു.വിശക്കുന്നുവെന്നും പറഞ്ഞുകൊണ്ടിരുന്നു. കുട്ടിക്കാലം മുതലേ കാണുന്ന ചെറുപ്പക്കാരനല്ലേ എന്നു കരുതി കഷ്ടം തോന്നി ഞങ്ങൾ അയാൾക്ക് കഴിക്കാൻ ആഹാരവും, ധരിക്കാനൊരു ജാക്കറ്റും നൽകി.''

കൊല്‍ക്കത്ത സാള്‍ട്ട് ലേക് കോടതിയുടെ നിര്‍ദേശപ്രകാരം ബിധന്‍നഗര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥർ മൈത്രേയനെ പാവ്‍ലോവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയില്‍ മാനസികആരോഗ്യമില്ലാത്തയാള്‍ എന്നു തെളിഞ്ഞതിനെത്തുടര്‍ന്നാണ് ആശുപത്രിയിലാക്കിയത്. പക്ഷേ, പെട്ടെന്നൊരു ദിവസം ആശുപത്രിയില്‍നിന്നും രക്ഷപ്പെട്ട് അയാള്‍ വീട്ടിലെത്തുകയും അമ്മയുടെ മൃതദേഹം സംസ്കരിക്കാന്‍ തിടുക്കപ്പെടുകയും ചെയ്തു.വീട് പൂട്ടിക്കിടക്കുന്നതു കണ്ടാണ്  അയാള്‍ അയല്‍പക്കത്തെ വീട്ടിലെത്തിയത്.

''എനിക്ക് ആശുപത്രിയിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ വയ്യ. അവിടെവച്ച് എനിക്ക് വയറിന് സുഖമില്ലാതായി.'' ആശുപത്രിയില്‍നിന്നു രക്ഷപ്പെടാനുള്ള കാരണത്തെക്കുറിച്ച്  അയാൾ വിശദീകരിക്കുന്നതിങ്ങനെ. 'ഒരവസരം കിട്ടിയപ്പോള്‍ ഞാന്‍ ആസ്ബറ്റോസ് ഷീറ്റ് ചാടിക്കടന്ന് റോഡിലെത്തി. ഒരു ടാക്സി കിട്ടി. അതില്‍ രക്ഷപ്പെടുകയായിരുന്നു'. ആദ്യം ഒരു ബന്ധുവിന്റെ വീട്ടിലേക്കാണ് പോയത്.  അവിടെയുള്ളവർ അയാളെ അകത്തേക്ക് പ്രവേശിപ്പിക്കുക പോലും ചെയ്തില്ല. അങ്ങനെയാണ്  അയൽവീട്ടിലെത്തിയത്. ആഹാരം കഴിച്ചതിനുശേഷം അടുത്തുതന്നെയുള്ള ഒരു ബാങ്കില്‍  പോവുകയും അമ്മയുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ, പണം കൊടുക്കാന്‍ ബാങ്ക് അധികൃതര്‍ തയാറായില്ല. ഒടുവില്‍ അയല്‍ക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ബിധന്‍നനഗര്‍ പൊലീസ് സ്ഥലത്തെത്തുകയും മൈത്രേയനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

പൊലീസ് ബന്ധപ്പെട്ടപ്പോൾ മൈത്രേയയെ കാണാനില്ലെന്ന് തങ്ങള്‍ മനസ്സിലാക്കിയിരുന്നെന്നും ഡയറിയില്‍ അതു രേഖപ്പെടുത്തിയെന്നും എന്നാല്‍ എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് മനസ്സിലായില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. അനാസ്ഥ ആരുടെ ഭാഗത്തുനിന്നാണെന്നു കണ്ടെത്തി ഉചിതമായ നടപടിയെടുക്കുമെന്നും അവര്‍ അറിയിച്ചു. 

MORE IN FEATURES