ഭാരതരത്നയ്ക്ക് പിന്നിലെ അഭിമാന 'കൽപന'

കല്‍പന ലജ്മി എന്ന പെണ്‍കുട്ടി ഭൂപേന്‍ ഹസാരികയെ കാണുന്നതു 17-ാം വയസ്സില്‍. അപ്പോള്‍ ഹസാരികയ്ക്ക് 45 വയസ്സിനുമുകളില്‍ പ്രായം. മുതിര്‍ന്ന ഗുരുവിന്റെ മുന്നില്‍ വിനീതശിഷ്യയെന്നതുപോലെയായിരുന്നു തുടക്കത്തില്‍ അവരുടെ ബന്ധം. എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ ഹസാരിക ആസ്സാമില്‍നിന്ന് ഭാരതത്തോളം വളര്‍ന്ന് രാജ്യത്തിന്റെ അഭിമാനമാകുകയും കല്‍പന ലജ്മി മികച്ച സമാന്തര സിനിമകളെടുത്ത് പേരെടുക്കുകയും ചെയ്തപ്പോള്‍ അവരിരുവും തമ്മിലുള്ള ബന്ധവും ദൃഡമായി. യാഥാസ്ഥിതിക മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് അളക്കാനോ രേഖപ്പെടുത്താനോ കഴിയാത്ത അപൂര്‍വ ബന്ധം.

വ്യത്യസ്ത സരണികളിലൂടെ മുന്നോട്ടുപോകുമ്പോഴും ഒരുമിച്ചായിരുന്നു അവര്‍. സഹപ്രവര്‍ത്തകര്‍ എന്നതിനേക്കാള്‍ മുകളില്‍. ഗുരുവും ശിഷ്യയും എന്നതിനേക്കാള്‍ അപ്പുറം. പ്രശസ്തനായ ഗായകന്റെ മാനേജര്‍ എന്നതിനേക്കാള്‍ ഉപരി. അപൂര്‍വവും അതിശയകരവുമായ ഒരു സ്നേഹബന്ധം. ഇപ്പോള്‍ ഭാരതരത്നത്താല്‍ ഹസാരിക ആദരിക്കപ്പെടുമ്പോള്‍ അതു കണ്ടാനന്ദിക്കാന്‍ ജീവിച്ചിരിപ്പില്ലെങ്കിലും ഏറ്റവും കൂടുതല്‍ ആഹ്ളാദിക്കുന്നതും അഭിമാനിക്കുന്നതും കല്‍പന തന്നെയായിരിക്കും. അവരുടെ ആത്മാവ്. പ്രണയസാഗരത്തെ ഏറ്റുവാങ്ങിയ ആത്മാവ്. നിറഞ്ഞ പ്രശസ്തിയുടെ ഔന്നത്യങ്ങളില്‍ അരാജക ജീവിതത്തിന്റെ ചെളിക്കുണ്ടില്‍ വീണുപോയ ഹസാരികയെ പിടിച്ചെഴുന്നേല്‍പിച്ചതും അടുക്കും ചിട്ടയുമില്ലാത്ത ജീവിതത്തില്‍ അച്ചടക്കമുണ്ടാക്കിയതും കല്‍പന. അമ്മയുള്‍പ്പെടെ സ്വന്തം കുടുംബാംഗങ്ങളും സമൂഹവും എതിരുനിന്നിട്ടും, വിവാദങ്ങളുടെ മലവെള്ളപ്പാച്ചിലില്‍ പതറാതെനിന്ന്, ഒരു രേഖയും ഉടമ്പടിയുമില്ലാതെ ജീവിതത്തിലുടനീളം ഹസാരികയോടൊപ്പം ജീവിച്ച കല്‍പന. ആ ഇതിഹാസത്തിന്റെ നിഴലില്‍ സ്നേഹവും സംതൃപ്തിയും കണ്ടെടുത്ത കല്‍പന. ഹസാരിക എന്ന സൂര്യന്‍ കോടിസൂര്യപ്രഭയില്‍ രാജ്യത്തിന്റെ ആകാശത്ത് ജ്വലിച്ചുനിന്നപ്പോള്‍ ആ പ്രകാശത്തില്‍ വിരിയുകയും ആടുകയും ഉലയുകയും, തന്റെ സൂര്യനൊപ്പം യാത്ര ചെയ്യുകയും ചെയ്ത സൂര്യകാന്തി.

ഒരിക്കലല്ല, എത്രയോ തവണ ഹസാരികയുടെ സുഹൃത്തുക്കളുമായി വഴക്കുണ്ടാക്കേണ്ടിവന്നിട്ടുണ്ട് കല്‍പന ലജ്മിക്ക്. നിയന്ത്രണമില്ലാതെ അധികഅളവില്‍ മദ്യം അദ്ദേഹത്തിന് കൊണ്ടുകൊടുത്തിരുന്നതും സല്‍ക്കരിച്ചതും സുഹൃത്തുക്കള്‍. അവരോടൊത്ത് ലഹരിയുടെ നിലയില്ലാക്കയത്തില്‍ വീണുപോയ ഹസാരികയ്ക്കു മുന്നില്‍ കല്‍പന ഒരു നിബന്ധന വച്ചു: ദിവസം രണ്ടു പെഗ്. അതില്‍ക്കൂടുതല്‍  മദ്യം അദ്ദേഹം ആവശ്യപ്പെടുകയോ സുഹൃത്തുക്കള്‍ എത്തിക്കുകയോ ചെയ്താല്‍ അവര്‍ക്ക് കല്‍പനയെ നേരിടേണ്ടിവരും. ഒളിച്ചോടേണ്ടിയും വരും.

പ്രതിഭയാല്‍ അനുഗ്രഹിക്കപ്പെട്ടതെങ്കിലും അരാജക ജീവിതത്താല്‍ ഹസാരിക പ്രതിഭ ധൂര്‍ത്തടിച്ചപ്പോഴായിരുന്നു കല്‍പന അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഇളംകാറ്റുപോലെ വന്നത്. അവര്‍ ഏര്‍പ്പെടുത്തിയ ചിട്ടകളും നിയന്ത്രണങ്ങളും അച്ചടക്കവുമാണ് കൂടുതല്‍ ഗൗരവമുള്ള സൃഷ്ടികളിലേക്ക് അദ്ദേഹത്തെ നയിച്ചത്. ഹസാരികയുടെ മികച്ച സിനിമകളുടെ പിന്നിലെ മനസ്സും ശരീരവും ആത്മാവും കല്‍പന തന്നെ. സ്വന്തം സിനിമകളിലും അവര്‍ അദ്ദേഹത്തിന്റെ ഗാനങ്ങളും കവിതകളും ഉപയോഗിച്ചിട്ടുണ്ട്. ഒപ്പം ഓരോ സാഹചര്യത്തിനും അനുയോജിക്കുന്ന അദ്ദേഹത്തിന്റെ കവിതകള്‍ കണ്ടെടുത്തതും കല്‍പന തന്നെ. രാജ്യത്തെ മികവിന്റെ പര്യായമായ ഏതാണ്ടെല്ലാം ബഹുമതികളിലേക്കും ഹസാരിക അടിവച്ചപ്പോള്‍ ഒരു അവകാശവാദമുമില്ലാതെ സ്വന്തം പ്രണയത്തില്‍ അഭയം കണ്ടെത്തി കല്‍പന സായൂജ്യമടഞ്ഞു.

ആറു ഫീച്ചര്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട് കല്‍പന ലജ്മി എന്ന ചലച്ചിത്രപ്രതിഭ. മഹാശ്വേതാ ദേവിയുടെ ചെറുകഥയെ ആസ്പദമാക്കി 1993-ല്‍ സംവിധാനം ചെയ്ത രുദാലി ഏറ്റവും പ്രശസ്ത ചിത്രം. ഹസാരികയുടെ ഏറ്റവും ഹൃദയസ്പര്‍ശിയായ ഗാനങ്ങളിലൊന്ന് രുദാലിയിലാണ്. അവര്‍ തമ്മിലുള്ള ബന്ധം പോലെ വിശുദ്ധമായതും തീവ്രമായതും മനസ്സിനെ സ്പര്‍ശിക്കുന്നതും. ബന്ധുവായ ശ്യാം ബനഗലിന്റെ അസിസ്റ്റന്റായി തുടങ്ങി 1978- ലാണ് അവര്‍ ആദ്യചിത്രം സംവിധാനം ചെയ്യുന്നത്. പിന്നീട് ഇടവേളകളില്‍ ചിത്രങ്ങളും ജീവിതത്തില്‍ ഹസാരികയുടെ ഒപ്പവും കല്‍പന യാത്ര തുടര്‍ന്നു; എല്ലാ കോണുകളില്‍നിന്നുമുള്ള എല്ലാവിധ എതിര്‍പ്പുകളെയും നേരിട്ടുകൊണ്ട്. എനിക്കറിയാവുന്ന ഭൂപേന്‍ ഹസാരിക എന്ന പേരില്‍ അവര്‍ ഒരു പുസ്തകവും എഴുതിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ സമാന്തര സിനിമ സംവിധായികമാരില്‍ ഒരാളായി ഉയര്‍ന്നപ്പോള്‍ തന്നെ ഒരു അമ്മയെപ്പോലെ ഹസാരികയുടെ അടുത്തിരുന്ന് അദ്ദേഹത്തിന് ഗുളികകള്‍ ഒന്നൊന്നായി എടുത്തുകൊടുക്കുന്ന കല്‍പനയേയും കാണാമായിരുന്നു. ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയ ഒരു പ്രണയചിത്രം പോലെയായിരുന്നു അവരുടെ ജീവിതവും.

85-ാം വയസ്സില്‍ 2011 ലാണ് ഹസാരിക വിടവാങ്ങുന്നത്. ഹസാരികയും കല്‍പനയും തമ്മില്‍ 28 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നെങ്കിലും ഹസാരിക ഇല്ലാത്ത ലോകത്ത് ഏഴുവര്‍ഷം മാത്രമേ അവര്‍ ജീവിച്ചുള്ളൂ. ഇക്കഴിഞ്ഞ വര്‍ഷം 64-ാം വയസ്സില്‍ പാതിനിര്‍ത്തിയ പ്രണയഗാനം പോലെ കല്‍പന പോയ്മറഞ്ഞു. ഒരു വര്‍ഷം കൂടി ജീവിച്ചിരുന്നെങ്കില്‍ ഇന്നിപ്പോള്‍ ഭാരതത്തിലെ ഏറ്റവും സന്തോഷിക്കുന്ന വ്യക്തിയായി ഹസാരികയുടെ ഭാരത രത്നം മാറോടടുക്കിപ്പിടിക്കാമായിരുന്നു കല്‍പനയ്ക്ക്.

MORE IN FEATURES