ഈ അമ്മ ചോദിക്കുന്നു, "പ്രായം എന്തിനാണ് തടസ്സം നിൽക്കുന്നത്?"

എഴുപത്തിരണ്ട് വയസ്സുള്ള ഒരു വീട്ടമ്മയ്ക്ക് എന്തൊക്കെ ജോലി ചെയ്യാം. പ്രായം ഒരു തടസ്സമല്ലാതെ ജോലിചെയ്യുന്നവരെയും, നിരത്തിൽ നൃത്തം ചെയ്യുന്നവരെയുമൊക്കെ വിദേശ രാജ്യങ്ങളിൽ കാണാം, പക്ഷേ കേരളത്തിലോ?. അറുപതു വയസ്സു കഴിയുമ്പോൾ തന്നെ എടുത്താൽ പൊങ്ങാത്ത ജീവിത ഭാരവും ഒഴിയാത്ത ഉത്തരവാദിത്തങ്ങളുമായി തളർന്നിരിക്കുകയാണ് നമ്മുടെ അമ്മമാരും അച്ഛന്മാരും. കുഞ്ഞു കുട്ടികളെയും നോക്കി, വീടും നോക്കി തനിച്ചിരിക്കേണ്ടി വരുന്ന മാതാപിതാക്കളും നിരവധിയുണ്ട്. അവരോട് ആരെങ്കിലും അവർക്ക് കുട്ടിക്കാലത്ത് എന്തെങ്കിലും കഴിവുകളുണ്ടായിരുന്നോ? അത് തുടർന്ന് പോയിട്ടുണ്ടോ? പിന്നെ എന്തിനാണ് അവയൊക്കെ വേണ്ടന്നു വച്ചത് എന്നൊക്കെ ചോദിച്ചിട്ടുണ്ടോ? ഇവിടെ ഒരമ്മ വർഷങ്ങൾക്കിപ്പുറം താൻ വരച്ചുകൂട്ടിയ ചിത്രങ്ങളുടെ ഒരു പ്രദർശനം നടത്തുകയാണ്. അമ്മയുടെ പേര് എം. കമലാ ദേവി. ആറ്റിങ്ങൽ സ്വദേശിനിയായ ഈ അമ്മയ്ക്ക് വയസ്സ് 72.

ജനനം അങ്ങ് കോട്ടക്കലിൽ

കോട്ടയ്ക്കലാണ് ജനനം, പണ്ട് സ്‌കൂളിൽ ഡ്രോയിങ് പഠിപ്പിക്കാൻ പ്രത്യേകം സമയമുണ്ടായിരുന്നു, അതുപോലെ തുന്നൽ ഒക്കെയും. അങ്ങനെയാണ് വരച്ചു തുടങ്ങിയത്. പക്ഷേ പിന്നീട് പഠിത്തവും, വിവാഹവും കുട്ടികളുമൊക്കെ ആയപ്പോൾ എല്ലാം അവസാനിച്ചു. ജീവിതത്തിന്റെ പുറകേയങ്ങു കൂടി. പിന്നീട് വെറുതെയിരിക്കുമ്പോൾ സ്വാഭാവികമായി ഓരോന്നൊക്കെ ചെയ്യാൻ തുടങ്ങി. ആദ്യം ചിത്രത്തുന്നാലാണ് ആരംഭിച്ചത്. വർണ മുത്തുകൾ കൊണ്ട് മണിപ്പേഴ്‌സ്, ഹാൻഡ് ബാഗ്, പ്ലാസ്റ്റിക് വയറു കൊണ്ട് പാവകൾ തുടങ്ങിയതൊക്കെ ഉണ്ടാക്കി. അത് പലർക്കും പഠിപ്പിച്ചു കൊടുത്തിട്ടുമുണ്ട്. കമ്പിളി നൂലുകൾ കൊണ്ട് കുഞ്ഞുടുപ്പുകൾ തുന്നാൻ വലിയ ഇഷ്ടമായിരുന്നു. പിന്നെ പാവകളൊക്കെ നിർമ്മിച്ച് തുടങ്ങി. മോൾക്ക് വാങ്ങിയ പാവ അഴിച്ച് അതിന്റെ സൂത്രപ്പണികൾ പഠിച്ച ശേഷമായിരുന്നു സ്വയം നിർമ്മാണം. പിന്നെ അത്തരം കുറെ പാവകളുണ്ടാക്കി.

ചിത്രം വരയ്ക്കാൻ അനുഗ്രഹം മൂകാംബിക ദേവി

കുട്ടിക്കാലത്തെ കയ്യിലുണ്ടായിരുന്ന ചിത്ര രചന ഈ ചിത്രതുന്നൽ കൊണ്ട് മുന്നോട്ടു പോയപ്പോഴാണ് വീണ്ടും കയ്യിലേക്ക് വര തെളിഞ്ഞു വന്നത്. വെറുതെ വരച്ചു തുടങ്ങി. കൈ നന്നായി വഴങ്ങിത്തന്നു. ഇപ്പോൾ ഞാൻ പൂർണമായും വരയിലേയ്ക്കു തിരിഞ്ഞു. മാനസികമായ പ്രയാസങ്ങളൊക്കെ ഈ വരകളും നിറങ്ങളും കൊണ്ട് എനിക്ക് മറക്കാൻ സാധിക്കുന്നു, അതുകൊണ്ട് തന്നെ ഈ കലയെ ഞാൻ സ്നേഹിക്കുന്നു ആരാധിക്കുന്നു.

കമലാ ദേവി ചിത്രം വരയ്ക്കിടയിൽ

ഞാൻ സംഘടനയിലുമുണ്ട്

ഇവിടെ എൻ എസ് എസ് വളരെ ഉഷാറാണ്. ഞാൻ അതിലും വളരെ ആക്റ്റീവ് ആണ്, കുടുംബശ്രീ പോലെയൊരു കൂട്ടായ്മ വേണമെന്ന് ആവശ്യം വന്നപ്പോൾ ഞാനുൾപ്പെടെയാണ് പതിനാറു പേര് ചേർന്നാണ് അത് രൂപപ്പെടുത്തിയത്. ഇപ്പോൾ അതിന്റെ പ്രസിഡന്റ് ആണ് ഞാൻ. ഞങ്ങൾ പല മേഖലയിലും സജീവമായി ഇടപെടുന്നുണ്ട്.

ആരോഗ്യ പ്രശ്നങ്ങളുണ്ട്...

പ്രായത്തിന്റേതായ ആരോഗ്യ പ്രശ്നങ്ങൾ എല്ലാം ഉണ്ട്. പക്ഷേ അതിനെയെല്ലാം മറികടക്കാൻ ഞാനിപ്പോൾ നിറങ്ങൾ ഉപയോഗിക്കുന്നു. ജീവിതത്തെ ധൈര്യമായി നേരിടണമെന്ന് ചിന്ത എന്നെ ദൈവം തോന്നിപ്പിച്ചതാണ് എന്നേ കരുതുന്നുള്ളൂ. പൊതുവെ സ്ത്രീകളുടെ ധാരണ കുടുംബവും ഭർത്താവുമൊക്കെയാണ് വലുത് എന്നാണ്. അത് കഴിഞ്ഞ് അവർക്ക് അവരുടേതായ ഒരു ലോകമില്ല. അവർ അവരുടെ കാര്യങ്ങളിലേയ്ക്കോ സ്വന്തം ഇഷ്ടങ്ങളിലേക്കോ നോക്കാറേയില്ല,  ഉള്ളിൽ  കഴിവുകളുള്ള എത്ര പേരുണ്ട്. പക്ഷേ അതൊന്നും മിക്കവരും പുറത്തു പ്രകടിപ്പിക്കുന്നില്ല. പുരുഷന്മാരുടെ മേധാവിത്വത്തെ ഭയന്ന് പല സ്ത്രീകളും അതൊക്കെ ഉള്ളിലടക്കുകയാണ്. അത്തരം അനുഭവങ്ങളൊക്കെ എനിക്കുമുണ്ട്. വീട്ടിൽ അത്ര താല്പര്യമുണ്ടായിട്ടൊന്നുമല്ല, പക്ഷേ മറ്റുള്ളവർ എന്തു കരുതും എന്നു ഭയന്ന് ഞാൻ ഒന്നും ചെയ്യാതെ ഇരിക്കുന്നില്ല. നമ്മുടേതായ സന്തോഷങ്ങൾ ലഭിക്കണമെങ്കിൽ കുറച്ചു ധൈര്യം സ്ത്രീകൾ കാട്ടിയെ പറ്റൂ. 

എന്തുകൊണ്ട് മ്യൂറൽ?

കമലാദേവി ചിത്രം വരയ്ക്കിടയിൽ

ഞാൻ ചുമർചിത്ര കലയാണ് വരയിൽ സങ്കേതമായി ഉപയോഗിക്കുന്നത്. ചെയ്യുന്നതൊക്കെ വീട്ടിൽ പ്രദർശിപ്പിക്കാറുണ്ട്, ചിത്രത്തുന്നലുണ്ടായിരുന്നപ്പോൾ അതിന്റേതായ വസ്തുക്കളും, വരയ്ക്കുന്ന ചിത്രങ്ങളും വീട്ടിൽ പ്രദർശിപ്പിച്ചിരുന്നു, പിന്നെ  അങ്ങനെ ഒരാൾ വീട്ടിൽ വന്നപ്പോൾ ചോദിച്ചു, എന്തുകൊണ്ട് ചുമർ ചിത്രകലയിൽ ശ്രദ്ധിച്ചൂടാ എന്ന്. അങ്ങനെ അതിനെ കുറിച്ച് ചിന്തിച്ചു. ആ സമയത്തും കുട്ടികളുടെ വസ്ത്രത്തിനൊക്കെ വേണ്ടി വരയ്ക്കുമായിരുന്നു.  എന്നാൽ പിന്നെ മ്യൂറൽ പെയിന്റ് പഠിച്ചാൽ എന്താണ് എന്ന ചിന്തയായി. അങ്ങനെ പ്രിൻസ് തോന്നയ്ക്കൽ എന്ന ഗുരുവിനെ സ്വീകരിച്ചു. അവിടെ ക്ലാസ്സിൽ ചേർന്ന് പഠിച്ചു . പിന്നീട് അദ്ദേഹത്തോടൊപ്പം ചേർന്ന് ഒരു ക്ഷേത്രത്തിൽ ചുമർ ചിത്രങ്ങൾ വരച്ചു. അത് വലിയൊരു സന്തോഷമാണ്. ഗൾഫ് നാടുകളിലേയ്ക്കും ലണ്ടനിലേയ്ക്കുമൊക്കെ ആൾക്കാർക്ക് സാരിയിലും ഷർട്ടിലും ചിത്രങ്ങൾ വരച്ചു ധാരാളം കൊടുത്തിട്ടുണ്ട്. 

കൂടെ നിൽക്കുന്നത് മക്കൾ

മക്കൾ തന്നെയാണ് ഏറ്റവും വലിയ ശക്തി. വിദേശത്തുള്ള ഓർഡാറുകളൊക്കെ മകൻ രാജീവാണു ശരിയാക്കിയത്. രാജീവാണു ബ്രഷും നിറങ്ങളുമൊക്കെ കൊണ്ടുത്തരുന്നതും. ഒരാൾ മാത്രമല്ല മക്കൾ മൂന്ന് പേരും മരുമക്കളും മറ്റുള്ള എല്ലാവരും ഒപ്പം നിൽക്കുന്നുണ്ട്. എനിക്ക് തോന്നുന്നത് പ്രായം ചെല്ലുമ്പോൾ നമ്മളിലുള്ള കഴിവുകൾ തിരിച്ചറിയാൻ കഴിഞ്ഞെങ്കിൽ അവർ ഒറ്റപ്പെടാതെ ഇരുന്നേനെ. പ്രായം ചെന്നവരുടെ ഏറ്റവും വലിയ പരാതിയും ഒറ്റപ്പെടുന്നതാണല്ലോ. ഞാൻ ഇപ്പോൾ സംസ്കൃതവും പഠിക്കുന്നുണ്ട് അതും വിശ്വ സംസ്കൃത പ്രതിഷ്ഠാനത്തിനു കീഴിൽ. നമ്മൾ എന്താകണമെന്ന് നമ്മൾ തീരുമാനിക്കണം. പ്രായമാകുന്നത് ഒറ്റപ്പെടാനല്ല, നമ്മുടെ കഴിവുകൾ കണ്ടറിഞ്ഞ് അതിൽ കൂടുതൽ ഇടപെടാനാണ്. പ്രായം കൂടും മുൻപ് തന്നെ സ്ത്രീകൾ അവരുടേതായ കഴിവുകളെ കണ്ടറിഞ്ഞു സ്വയം അതിനു സമയം നൽകി അതിൽ മുഴുകണം. അപ്പോൾ വയസ്സാകുമ്പോൾ അതും ഒപ്പമുണ്ടാകും. ഒറ്റപ്പെടൽ ഉണ്ടാവുകയുമില്ല. 

അമ്പതു വയസ്സിനു ശേഷമാണ് നിരവധി ഘട്ടങ്ങളിലൂടെ കടന്നു കമലമ്മ ദേവി ചിത്ര രചനയിലേയ്ക്ക് തിരിയുന്നത്. ഇതിനു മുൻപ് ഗണപതി ചിത്രങ്ങളുടെ മാത്രം ഒരു പ്രദർശനവും ഈ 'അമ്മ സംഘടിപ്പിച്ചിരുന്നു, മാത്രമല്ല വീടിനു സമീപത്തുള്ള പലർക്കും ചിത്ര രചനയിൽ ക്ലാസ്സെടുക്കുന്നുമുണ്ട്. അതുകൊണ്ടു തന്നെ വാർധക്യകാലത്തെ അസുഖങ്ങൾ അലട്ടുമ്പോഴും മനസ്സുകൊണ്ട് ലോകം ഒപ്പം നിൽക്കുന്നതിന്റെ സന്തോഷത്തിലാണ് കമലമ്മ ദേവി.

കമലാ ദേവി

കമലാ ദേവി

ജാനകിവില്ല

പാലസ് റോഡ്

ആറ്റിങ്ങൽ

695101

MORE IN INTERVIEWS