മകൾക്കായി ''ചുവന്ന അക്കങ്ങളില്ലാത്ത കലണ്ടർ'' ഒരുക്കാൻ പൊലീസുകാരനായ അച്ഛൻ; മനംതൊടും കുറിപ്പ്

കലണ്ടർ കൈയിൽ കിട്ടിയാൽ ഒരു നിമിഷത്തേക്ക് മുതിർന്നവരെല്ലാം കുട്ടികളെപ്പോലെയാകാറുണ്ട്. കലണ്ടറിലെ ചുവന്ന മഷി പുരണ്ട അക്കങ്ങളെണ്ണി രഹസ്യമായി സന്തോഷിക്കുന്നവരുമുണ്ട്. എന്നാൽ കലണ്ടറിലെ ചുവന്ന മഷി പുരണ്ട അക്കങ്ങളുള്ള ദിവസങ്ങളിൽപ്പോലും കൈമെയ് മറന്നു ജോലിചെയ്യുന്നവരും ഈ സമൂഹത്തിലുണ്ടെന്ന് ഓർമപ്പെടുത്തുകയാണ് ഇവിടെയൊരു എഫ്ബി പോസ്റ്റ്. അച്ഛനൊപ്പം സമയം ചിലവഴിക്കാൻ കൊതിച്ചു നടക്കുന്ന മകളെ മനപൂർമല്ലെങ്കിലും പറഞ്ഞു പറ്റിക്കേണ്ടി വന്ന അച്ഛന്റെ നിസ്സഹായതയും മനോവേദനയുമാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ഷബീർ എന്ന പൊലീസ് ഉദ്യോഗസ്ഥൻ പങ്കുവയ്ക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥരായ ഓരോ അച്ഛനമ്മമാരും കുഞ്ഞുങ്ങളിൽ നിന്നും നിരന്തരം കേൾക്കേണ്ടി വരുന്ന പരാതിയും ഉത്തരവാദിത്തപ്പെട്ട ജോലിക്കായി നേരവും കാലവും അവധിയും നോക്കാതെ ജോലിചെയ്യുന്ന ഒരുപാട് പൊലീസ് ഉദ്യോഗസ്ഥരുടെ മാനസികാവസ്ഥയും വ്യക്തമാക്കുന്നതാണ് മലപ്പുറം സ്വദേശിയായ ഈ പൊലീസ് ഉദ്യോഗസ്ഥന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.

സമൂഹത്തിന്റെ ക്രമസമാധാനം പാലിക്കാൻ പുറപ്പെടുമ്പോൾ ചില ദിവസങ്ങളിൽ കലണ്ടറിലെ ചുവന്ന അക്കങ്ങളേക്കാൾ ചുവപ്പ് കാക്കിയിൽ പടരാറുണ്ടെന്നും ഈ കുറിപ്പ് പറഞ്ഞുവയ്ക്കുന്നു. ഉത്തരവാദിത്തമുള്ള ജോലി പൂർത്തിയാക്കാനായി കുടുംബത്തിന്റെ ചെറിയ ചെറിയ സന്തോഷങ്ങളെ ബലികഴിക്കേണ്ടി വരുന്ന, കുഞ്ഞുമകളെ പറഞ്ഞു പറ്റിക്കുമ്പോൾ ഒരു അച്ഛന്റെ മനസ്സിലുണ്ടാകുന്ന വേദനയുടെ കഥ പറയുന്ന ചുവന്ന അക്കങ്ങളില്ലാത്ത കലണ്ടർ എന്ന ഫെയ്സ്ബുക്ക് കുറിപ്പ് നെഞ്ചിൽ ഒരു നീറ്റലോടെയല്ലാതെ വായിച്ചു തീർക്കാനാവില്ല...

ഷബീറിന്റെ ഫെയ്സ്ബുക്ക് കുറിപ്പിങ്ങനെ:-

''ചുവന്ന അക്കങ്ങളില്ലാത്ത കലണ്ടര്‍..''

ഒരു ശനിയാഴ്ച്ച രാത്രി വീട്ടിലെത്തിയപ്പോള്‍ മകള്‍..

അച്ഛാ.. നാളെ അച്ഛന് ലീവല്ലേ..??

അല്ല മോളൂ.. രാവിലെ പോണം..

അച്ഛന്‍ കള്ളം പറയുന്നതല്ലേ..

നാളെ കലണ്ടറില്‍ ചുവപ്പാണല്ലോ..

നമുക്ക് നാളെ ബീച്ചിലും പാര്‍ക്കിലും പോകാ അച്ഛാ..

ശരി.. നാളെയല്ലേ.. രാവിലെ ആകട്ടെ.. നോക്കാം..

മോള് കിടന്നുറങ്ങിക്കോ..

അഞ്ചുവയസ്സുകാരിയെ പറഞ്ഞു പറ്റിക്കാന്‍ വലിയ ബുദ്ധിമുട്ട് വന്നില്ല..

ഉറങ്ങാന്‍ കിടന്നപ്പോള്‍ കലണ്ടറിനെക്കുറിച്ചും കലണ്ടറിലെ ചുവപ്പിനെക്കുറിച്ചും ചിന്തിച്ചു..

വര്‍ഷങ്ങളായി കലണ്ടറിലെ ചുവപ്പ് മാഞ്ഞുപോയിട്ട്..

കലണ്ടറിലെ ചുവപ്പ് കാക്കിയിലെ പടരുന്ന ചുവപ്പുകളായി കണ്ടുതുടങ്ങി.. 

ഹര്‍ത്താലോ.. മാര്‍ച്ചോ.. സമരങ്ങളോ വന്നാല്‍

കലണ്ടറിലെ ചുവപ്പിനേക്കാള്‍ ചുവപ്പ് കാക്കിയില്‍ കാണാം....

എന്തൊക്കെയോ ആലോചിച്ച് രാവിലത്തേക്ക് അലാറം സെറ്റ് ചെയ്ത് ഉറങ്ങി..

മോളുണരും മുന്‍പ് ഉണര്‍ന്ന്

റെഡിയായി ജോലി സ്ഥലത്തേക്ക്...

ടൂവീലറില്‍ പോകുന്നതിനിടയില്‍ ചിന്തിച്ചു.....

ഒരു കലണ്ടര്‍ പ്രിന്റ് ചെയ്ത് വാങ്ങിയാലോ...

അഞ്ചുവയസ്സുകാരിക്ക് അവധി കണ്ടെത്താന്‍ പറ്റാത്ത ഒരു കലണ്ടര്‍...

''ചുവന്ന അക്കങ്ങളില്ലാത്ത കലണ്ടര്‍''

MORE IN WOMEN NEWS