സർക്കാർ സഹായം വഴിമാറ്റിച്ചെലവഴിച്ച് ആർത്തവപ്പുരകൾ നിർമിച്ചു; വിവാദം

സർക്കാർ ധനസഹായത്തിലെ കുറവുമൂലം പദ്ധതികൾ മുടങ്ങിക്കിടക്കുന്നതിനെക്കുറിച്ച് ചർച്ചകൾ ഉയരാറുണ്ട്. സഹായം അർഹതപ്പെട്ട കൈകളിൽ എത്തിച്ചേരാത്ത സംഭവങ്ങളുമുണ്ട്. ഇതിൽനിന്നെല്ലാം വ്യത്യസ്തമായി സർക്കാർ സഹായം വഴിമാറ്റിച്ചെലവഴിച്ച് അനാചാരവും അന്ധവിശ്വാസവും വളർത്തുന്ന സംഭവവും വെളിപ്പെട്ടിരിക്കുന്നു. ഉത്തരാഖണ്ഡിലാണ് സംഭവം. ചംപാവത് ജില്ലയിൽ വികസനപദ്ധതികൾക്ക് അനുവദിച്ച പണം ചെലവഴിച്ച് ആർത്തവസമയത്ത് സ്ത്രീകളെ താമസിപ്പിക്കാൻ കെട്ടിടം നിർമിച്ചിരിക്കുന്നു. 

ഒറ്റമുറി വീടുകളാണ് ഇത്തരത്തിൽ ചംപാവത്തിൽ‌ നിർമിച്ചിരിക്കുന്നത്. സംഭവം വിവാദമായതിനെത്തുടർന്ന് വീടുകൾ അടച്ചുപൂട്ടാനും സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും ഉത്തരവിട്ടിരിക്കുകയാണ് ജില്ലാ അധികൃതർ. ചംപാവത് ജില്ലയിലെ ഗുർചും ഗ്രാമവാസി രമേശ് ചന്ദ്ര ജോഷി തിങ്കളാഴ്ച ജില്ലാ മജിസ്ട്രേറ്റിന് പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവന്നതും വിവാദമായതും. ഗ്രാമത്തിലെ വിജനമായ സ്ഥലത്ത് ഒറപ്പെട്ട ഒറ്റമുറി വീടുകൾ നിർമിച്ച് സ്ത്രീകളെ താമസിപ്പിക്കുകയാണെന്നാണ് പരാതി. ആർത്തവഘട്ടത്തിലൂടെ കടന്നുപോകുന്ന സ്ത്രീകളെയാണത്രേ ഇത്തരം വീടുകളിൽ പാർപ്പിക്കുന്നത്. 450 പേർ താമസിക്കുന്ന ഗ്രാമത്തിൽ പകുതിയോളം സ്ത്രീകളാണ്. 2017–ലാണ് ഇത്തരത്തിൽ ആദ്യമായി ആർത്തവപ്പുരകൾ നിർമിച്ചതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 

സംഭവം വിവാദമായതിനെത്തുടർന്ന് വിശദീകരണവുമായി ജില്ലാ മജിസ്ട്രേറ്റ് രംഗത്തെത്തി. വികസനപദ്ധതികൾക്ക് അനുവദിച്ച പണം ഉപയോഗിച്ച് ‘ആർത്തവപ്പുര’കൾ നിർമിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സർക്കാരിന് അങ്ങനെ ഒരു ഉദ്ദേശ്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആർത്തവത്തെ അശുദ്ധമായി കാണുകയും ഒളിച്ചുവയ്ക്കേണ്ട സംഭവമായി കരുതുകയും ചെയ്യുന്ന ജനങ്ങൾ ഇപ്പോഴുമുണ്ടെന്നത് അതിശയകരമാണ്. ബോധവത്കരണത്തിന്റെ അഭാവമാണ് ഇത് കാണിക്കുന്നത്. മനുഷ്യതത്വരഹിതമായ ആചാരങ്ങളും അന്ധവിശ്വാസങ്ങളും അവസാനിപ്പിക്കാൻ പുതിയ പദ്ധതികൾ നടപ്പാക്കുന്നതിനെക്കുറിച്ചും ജില്ലാ ഭരണകൂടം ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

രണ്ടുലക്ഷം രൂപ വീതം ചെലവഴിച്ചാണ് ആർത്തവപ്പുരകൾ നിർമിച്ചതെന്ന് വില്ലേജ് ഗ്രാമപ്രധാൻ മുകേഷ് ജോഷി സമ്മതിച്ചു. പക്ഷേ, സ്ത്രീകൾക്കുവേണ്ടിയുള്ള സ്വകാര്യസ്ഥലമായല്ല, പൊതുയോഗങ്ങൾക്കുള്ള ഇടമായാണ് വീട് നിർമിച്ചതെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. തന്റെ എതിർകക്ഷികൾ നടത്തുന്ന നുണപ്രചാരണമാണ് മാധ്യമങ്ങൾ ഏറ്റെടുത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. കഴിഞ്ഞവർഷവും പരാതികൾ ഉയരുകയും അന്വേഷണം നടത്തുകയും ചെയ്തതാണെന്നും തെറ്റായി ഒന്നും കണ്ടെത്തിയില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു. 

ഉത്തരാഖണ്ഡിലെ മലയോരപ്രദേശങ്ങളിൽ ഇപ്പോഴും ആർത്തവത്തെ അനാചാരങ്ങളുമായി ബന്ധപ്പെടുത്തുന്നത് പതിവാണ്. സ്ത്രീകളെ ഒറ്റപ്പെടുത്തുന്ന സംഭവങ്ങളുമുണ്ട്. ആർത്തവസമയത്ത് പെൺകുട്ടികൾ സ്കൂളിൽനിന്നു വീട്ടുനിൽക്കുന്ന സംഭവങ്ങളും ഇവിടെയുണ്ടാകാറുണ്ട്. പെൺകുട്ടികൾ സ്കൂളിലേക്ക് നടന്നുപോകുന്ന വഴിയോരങ്ങളിൽ ക്ഷേത്രങ്ങളുള്ളതിനാലാണ് അവരെ സ്കൂളിലേക്ക് യാത്ര ചെയ്യുന്നതിൽനിന്നു വിലക്കുന്നത്.