പുരുഷന്മാരുടെ ശബ്ദം കേൾക്കാനാവില്ല; ഒരു രാത്രിയിരുട്ടി വെളുത്തപ്പോൾ‌ യുവതിക്ക് സംഭവിച്ചത്

കൂട്ടുകാരനോട് കലപിലെ സംസാരിച്ചും അവൻ പറഞ്ഞ കാര്യങ്ങൾ മുഴുവനും സന്തോഷത്തോടെ കേട്ടതിനു ശേഷമാണ് ആ യുവതി ഉറങ്ങാൻ കിടന്നത്. രാത്രിയിലെപ്പോഴോ ചെവിക്ക് ലേശം അസ്വസ്ഥത തോന്നിയെങ്കിലും അതു കാര്യമാക്കാതെ അവൾ ഉറക്കം തുടർന്നു. രാവിലെ ഉണരുന്നതു മുതൽ കൂട്ടുകാരനെ കാണുന്നതുവരെ എല്ലാം ശുഭമായിരുന്നു. പക്ഷേ അവൻ പറയുന്നതൊന്നും കേൾക്കാനാകാതെ വന്നതോടെ അവൾക്കെന്തോ പന്തികേടു തോന്നി.

ചൈനയിലെ ക്സിയാമെൻ നഗരത്തിലെ ചെൻ എന്ന യുവതിയ്ക്കാണ് ഒരു രാത്രി ഉറങ്ങിയെഴുന്നേറ്റപ്പോൾ പുരുഷന്മാരുടെ ശബ്ദം കേൾക്കാനാകാതെ വന്നത്. സ്ത്രീകൾ പറയുന്നതെല്ലാം വളരെ വ്യക്തമായി കേൾക്കാൻ സാധിക്കുമായിരുന്നതുകൊണ്ട് തന്റെ കേൾവിക്കെന്തെങ്കിലും തകരാറ് പറ്റിയതായി യുവതിക്ക് തോന്നിയിരുന്നില്ല. കൂട്ടുകാരൻ പറയുന്നതൊന്നും കേൾക്കാനാകാതെ വന്നതോടെയാണ് അവൾ പരിഭ്രാന്തയായി ഡോക്ടറെ സമീപിച്ചത്.

പുരുഷന്മാരുടെ ശബ്ദവും സ്ത്രീകൾ ഉച്ചരിക്കുന്ന ചില്ലക്ഷരങ്ങളുടെ ശബ്ദവും യുവതിക്ക് കേൾക്കാൻ കഴിയില്ലെന്നായിരുന്നു ഡോക്ടർമാരുടെ കണ്ടെത്തൽ. റിവേഴ്സ് സ്ലോപ് ഹിയറിങ് എന്ന അവസ്ഥയാണ് യുവതിക്കെന്നും. ഈ അവസ്ഥയിലുള്ള ആളുകൾക്ക് ഹൈ ഫ്രീക്വൻസിയിലുള്ള ശബ്ദം മാത്രമേ കേൾക്കാൻ കഴിയുകയുള്ളൂവെന്നുമായിരുന്നു ഡോക്ടർമാരുടെ വിശദീകരണം. ഇതുകൊണ്ടാണ് ലോ ഫ്രീക്വൻസിയിലുള്ള പുരുഷന്മാരുടെ ശബ്ദം യുവതിക്ക് കേൾക്കാൻ സാധിക്കാത്തതെന്നും അവർ പറയുന്നു.

അടുത്തിടെയായി ഒരുപാടു ദിവസം ഉറക്കമൊഴിച്ചു താൻ ജോലി ചെയ്തിരുന്നെന്നും തന്റെ ശരീരത്തിന് ഒരുപാട് സമ്മർദ്ദം നൽകിയിരുന്നെന്നും ചെൻ പറയുന്നു. ജനിതകപരമായ കാരണങ്ങൾ കൊണ്ടോ, ചെവിക്കുണ്ടാകുന്ന അണുബാധ കൊണ്ടോ ഇത്തരം പ്രശ്നങ്ങളുണ്ടാകാമെന്നും 13000 പേരിൽ ഒരാൾക്ക് വീതം ഇത്തരം അവസ്ഥ ഉണ്ടായേക്കാമെന്നും ഡോക്ടർമാർ പറയുന്നു.

MORE IN WOMEN NEWS