അന്നം നൽകിയ യുവതിയെ മാനഭംഗശ്രമത്തിൽ നിന്ന് രക്ഷിച്ച് തെരുവുനായ

മാനഭംഗ ശ്രമത്തിൽ നിന്നു യുവതിയെ രക്ഷിച്ച് തെരുവുനായ. ഭോപ്പാലിലാണ് സംഭവം. 29 കാരിയായ യുവതി അക്രമിക്കെതിരെ പൊലീസിൽ പരാതി നൽകിയതോടെയാണ് യുവതിയെ മാനഭംഗശ്രമത്തിൽ നിന്നു രക്ഷിച്ച തെരുവുനായ വാർത്തകളിൽ നിറഞ്ഞത്.

പ്രതീകാത്മക ചിത്രം

ഭോപ്പാലിലെ ചോല എന്ന സ്ഥലത്തു താമസിക്കുന്ന യുവതി ദിവസവും തെരുവു നായയ്ക്ക് ആഹാരം നൽകുമായിരുന്നു. അങ്ങനെയൊരു ദിവസം ആഹാരം കഴിച്ച് യുവതിയുടെ വീടിനരികിൽ വിശ്രമിക്കുകയായിരുന്നു തെരുവുനായ. അപ്പോഴാണ് യുവതിയുടെ അയൽവാസിയായ സുനിൽ എന്ന യുവാവ് മദ്യപിച്ചു ലക്കുകെട്ട് യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്.

ഇതുകണ്ട തെരുവുനായ ഉടൻ തന്നെ വീടിനുള്ളിൽ പ്രവേശിച്ചു. ഈ സമയം സുനിലിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലായിരുന്നു യുവതി. തനിക്കു നേരെ പാഞ്ഞടുത്ത നായയെ കൈയിലിരുന്ന ആയുധം ഉപയോഗിച്ച് സുനിൽ മുറിവേൽപ്പിച്ചു. എന്നിട്ടും പിൻമാറാതെ നായ ഉച്ചത്തിൽ കുരച്ചും മുരണ്ടും സുനിലിനെ ഭയപ്പെടുത്തി ഓടിച്ചു. സുനിലിന്റെ ആക്രമണത്തിൽ നായയുടെ മുൻകാലിന് പരുക്കേറ്റു.

യുവതി നൽകിയ പരാതിയുടെ അടിസഥാനത്തിൽ സംഭവസ്ഥലത്തെത്തിയ പൊലീസ് തെരുവുനായയെ ആശുപത്രിയിൽ കൊണ്ടുപോകുകയും അതിനു വേണ്ട ചികിൽസ നൽകുകയും ചെയ്തു. ഷേരു എന്നാണ് തെരുവുനായയുടെ പേരെന്നും അവൻ മിടുക്കനാണെന്നും അന്വേഷണത്തിനു നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. സംഭവത്തിനു ശേഷം സുനിൽ ഒളിവിലാണെന്നും ഉടൻ തന്നെ പിടിയിലാകുമെന്നും പൊലീസ് വ്യക്തമാക്കി.

MORE IN WOMEN NEWS