കാൻസർ ബാധിച്ചത് ഭാഗ്യമായി കരുതുന്നു: മനീഷ കൊയ്‌രാള

കാൻസർ ജീവിതത്തിലേക്കു വന്നത് ഭാഗ്യമായാണ് താൻ കരുതുന്നതെന്ന് ബോളിവുഡ് താരം മനീഷ കൊയ്‌രാള. ഗർഭാശയ കാൻസർ ബാധിച്ച താരം രോഗത്തിൽ നിന്ന് മുക്തി നേടിയിട്ട് ആറു വർഷം പിന്നിട്ടു. കാൻസർ മനസ്സിനെ കൂടുതൽ തെളിച്ചമുള്ളതാക്കിയെന്നും , കാഴ്ചപ്പാടിനെ കൂടുതൽ മൂർച്ചയുള്ളതാക്കിയെന്നും താരം പറയുന്നു. ആശാഭംഗങ്ങളും അനിശ്ചിതത്വവും ഭയവും കടന്ന് ജീവിതത്തെ ധൈര്യത്തോടെ സമീപിക്കാൻ പഠിച്ചതിനെക്കുറിച്ച് മനീഷ തന്റെ പുസ്തകത്തിലും പരാമർശിക്കുന്നുണ്ട്.

ഹീൽഡ് എന്ന ഓർമക്കുറിപ്പിലൂടെയാണ് കാൻസർ ചികിൽസയ്ക്കായി യുഎസിലെത്തിയപ്പോഴുള്ള കാര്യങ്ങളെക്കുറിച്ചും ഓങ്കോളജിസ്റ്റുകൾ നൽകിയ കരുതലിലൂടെ ജീവിതം തിരിച്ചു പിടിച്ചതിനെക്കുറിച്ചും മനീഷ പറയുന്നത്. ആത്മാവിന്റെ ആഴങ്ങളിൽ നിന്ന്, കൊടിയ വേദനകളിൽ നിന്ന് നൂൽനൂറ്റെടുത്ത ഓർമകളെന്ന് അവയെ വിളിക്കാനാണ് താനിഷ്ടപ്പെടുന്നതെന്നാണ് മനീഷ പറയുന്നത്.

''എന്റെ അനുഭവങ്ങളെക്കുറിച്ച് തുറന്നു പറയാൻ ഒരുപാട് ധൈര്യം വേണമായിരുന്നു. എങ്കിൽ മാത്രമേ വായനക്കാർക്കു മുന്നിൽ സത്യസന്ധമായി എന്റെ കഥ അവതരിപ്പിക്കാൻ എനിക്കു കഴിയുമായിരുന്നുള്ളൂ. 2012 ലാണ് മനീഷയ്ക്ക് കാൻസർ സ്ഥിരീകരിക്കുന്നത്. താൻ പിന്തുടർന്ന മോശം ജീവിത ശൈലികളാണ് തന്റെ ജീവിതത്തിലേക്ക് കാൻസറിനെ ക്ഷണിച്ചതെന്നും താരം വെളിപ്പെടുത്തുന്നു.

ദേഷ്യവും ആകാംക്ഷയും പോലെയുള്ള പോരായ്മകൾ അകറ്റി ശാന്തമായി ചിന്തിക്കാൻ കഴിയുന്ന വിധത്തിൽ ജീവിതത്തെ മാറ്റിയെടുത്തത് കാൻസർ രോഗമാണെന്നും താരം പറയുന്നു. നേപ്പാളിലെ പേരുകേട്ട കൊയ്‌രാള കുടുംബത്തിൽ ജനിച്ച മനീഷ ബോളിവുഡിൽ ചുവടുറപ്പിച്ചത് 1991 ൽ ആണ്. 2012 ആയപ്പോഴേക്കും ഒട്ടേറെ നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിനു സാധിച്ചു. 2012 മുതൽ അഭിനയ ജീവിതത്തിൽ നിന്നു വിട്ടുനിന്ന താരം അഞ്ചുവർഷത്തിനു ശേഷം ബിടൗണിൽ വീണ്ടും സജീവമായി.

തിരിച്ചു വരവ് അത്രയെളുപ്പമായിരുന്നില്ലെന്നും തിരിച്ചുവരവിനുശേഷം ലഭിച്ച കഥാപാത്രങ്ങളായി മാറാൻ കുറേയേറെ ബുദ്ധിമുട്ടിയെന്നും താരം പറയുന്നു. നായികാ കഥാപാത്രമായി മാത്രം മുൻപ് അഭിനയിച്ചിരുന്നതുകൊണ്ടാകാം അതെന്നും പിന്നീട് താൻ അതൊരു അനുഗ്രഹമായി കാണാൻ തുടങ്ങിയെന്നും തന്റെ വികാരങ്ങളെ ആഴത്തിൽ അറിയാൻ തുടങ്ങിയപ്പോൾത്തന്നെ എത്ര സങ്കീർണ്ണതയുള്ള കഥാപാത്രത്തെയും അവതരിപ്പിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിയെന്നും അവർ വിശദീകരിക്കുന്നു.

സിനിമാ ജീവിതത്തിന്റെ തുടക്കകാലത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ തനിക്ക് സങ്കടങ്ങളും നിരാശകളും മാത്രമേയുണ്ടായിരുന്നുള്ളൂവെന്നും 19 വയസ്സിൽ പൊടുന്നനെയായിരുന്നു തന്റെ സിനിമാ പ്രവേശനമെന്നും മുംബൈ പോലൊരു നഗരത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നുപോലും തനിക്കറിയില്ലായിരുന്നുവെന്നും മനീഷ പറയുന്നു.

അപരിചിതത്വവും ഭാരിച്ച ചിലവും തന്നെ വല്ലാതെ ഭയപ്പെടുത്തിയിരുന്നുവെന്നും. അന്നത്തെ നേപ്പാൾ പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം ബോളിവുഡ് തന്നത് വളരെ ഭീതിജനകമായ അനുഭവങ്ങൾ ആയിരുന്നുവെന്നും മനീഷ പറയുന്നു. ഫിലിംസെറ്റിൽ എങ്ങനെ പെരുമാറണം, ആളുകളോട് എങ്ങനെ ഇടപെടണം എന്നതിനെക്കുറിച്ചൊന്നും തനിക്ക് യാതൊരു ധാരണയുമില്ലായിരുന്നുവെന്നും, അതുകൊണ്ടു തന്നെ പുസ്തകത്തിനുള്ളിൽ മുഖം പൂഴ്ത്തി താൻ ഇരിക്കുമായിരുന്നുവെന്നും മനീഷ വെളിപ്പെടുത്തുന്നു.

നാണവും പേടിയും മറയ്ക്കാൻ പിന്നീട് താൻ മദ്യത്തിൽ അഭയം പ്രാപിച്ചുവെന്നും അതു തനിക്ക് വളരെയേറെ ആത്മവിശ്വാസം നൽകിയെന്നും, തളർന്നു പോകുമ്പോഴും, ഇൻഹിബിഷനുകളിൽ നിന്ന് രക്ഷനേടാനുമെല്ലാം മദ്യം തന്നെ സഹായിച്ചിരുന്നെന്നും മനീഷ തുറന്നു പറഞ്ഞു. മദ്യപിച്ചു തുടങ്ങിയപ്പോൾ നാണംകുണുങ്ങുന്ന സ്വഭാവം അപ്പാടെ മാറിയതായി തനിക്കു തോന്നിയെന്നും സോഷ്യൽ ലൈഫിൽ സജീവമാകാൻ തുടങ്ങിയത് അതിനുശേഷമാണെന്നും മനീഷ പറയുന്നു. എന്നാൽ പോകെപ്പോകെ മദ്യാപാനം അമിതമായെന്നും പാർട്ടികൾ നിത്യജീവിതത്തിന്റെ ഭാഗം തന്നെയായി മാറിയെന്നും മനീഷ പറയുന്നു. ഒന്നുകിൽ മദ്യപിക്കാനായി സുഹൃത്തുക്കളെ വീട്ടിലേക്ക് വിളിക്കും അല്ലെങ്കിൽ അവരുടെ വീടുകളിലേക്ക് താൻ പോകുമായിരുന്നെന്നും താരം വെളിപ്പെടുത്തുന്നു. 

സ്കൂൾ കാലഘട്ടം മുതൽക്കേ താൻ അന്തർമുഖത്വമുള്ള കുട്ടിയായിരുന്നെന്നും പുസ്തകങ്ങളായിരുന്നു അന്നൊക്കെ അഭയമെന്നും മനീഷ ഓർക്കുന്നു. സ്കൂൾ കാലഘട്ടത്തിൽ വായനയിൽ സഹപാഠികളേക്കാൾ മുൻപന്തിയിലായിരുന്നു താനെന്നും മനീഷ ഓർക്കുന്നു. സഹപാഠികൾ മിൽസ് ആൻഡ് ബൂൺസ് ഒക്കെ വായിക്കുമ്പോൾ അയ്ൻ റാൻഡിനെയാണ് താൻ വായിച്ചിരുന്നതെന്നും മനീഷ പറയുന്നു.