മാരിയയുടെ നിഗൂഢ ജീവിതം വീണ്ടും ചർച്ച; ദുരൂഹത നീങ്ങാതെ പെൺപോര്

രണ്ടു സ്ത്രീകൾ തമ്മിലുള്ള വാക്പോര് എല്ലാ പരിധികളും ലംഘിച്ച് നിയമപ്പോരാട്ടത്തിൽ വരെ എത്തി നിൽക്കുന്ന വാർത്തയുളവാക്കിയ അമ്പരപ്പിലാണ് ആരാധകർ. തങ്ങൾക്കേറെ പ്രിയമുള്ള ഒരു ഗായികയെപ്പറ്റി ഒരു കാലത്ത് അവരുടെ വിശ്വസ്തയായിരുന്ന സ്ത്രീ ഉന്നയിക്കുന്ന ആരോപണങ്ങളാണ് ആരാധകരെ തളർത്തുന്നത്.

അമേരിക്കന്‍ ഗായിക മാരിയ കെയ്റിയും മുന്‍ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ലിയന്ന ഷകനസറിയനും തമ്മിലുള്ള നിമയപ്പോരാട്ടമാണ് ഇപ്പോൾ മറ്റൊരു തലത്തിലേക്ക് നീങ്ങിയിരിക്കുന്നത്. മാരിയ തന്നെ വംശീയ വിവേചനത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് പുതിയ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ് ലിയന്ന. തനിക്കെതിരായ മാരിയ കെയ്‌രിയുടെ പരാതി നിസാരവും വൃത്തികെട്ടതുമാണെന്ന് ആരോപിച്ച ഷക്നസറിയാന്‍ മാരിയയുടെ ആരോപണങ്ങളെല്ലാം കെട്ടിചമച്ചതാണെന്നും പറയുന്നു. പരസ്പര ആരോപണങ്ങളുമായി രണ്ടുപേരും രംഗത്തെത്തിയതോടെ ദുരൂഹതയും നിഗൂഡതയും നിറഞ്ഞ മാരിയയുടെ അണിയറ ജീവിതം ഒരിക്കല്‍ക്കൂടി മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

ബുധനാഴ്ച വൈകിട്ട് ലൊസാഞ്ചല്‍സിലാണ് ഷക്നസറിയാന്‍ കെയ്റിക്ക് എതിരെയുള്ള പുതിയ ആരോപണങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കെയ്റിക്കൊപ്പം അവരുടെ മുന്‍ മാനേജര്‍ സ്റ്റെല്ല ബുലോചിനോവിക്കിനെതിരെയും കടുത്ത ആരോപണങ്ങളാണ് മുപ്പത്തിയാറുകാരി ഷക്നസറിയാന്‍ ഉന്നയിക്കുന്നത്. 

ഇവരുടെയൊപ്പം ജോലിചെയ്യേണ്ടി വന്നപ്പോഴൊക്കെ താന്‍ വൈകാരികമായ അരക്ഷിതാവസ്ഥ അനുഭവിച്ചുവെന്നും ഒരുതരത്തിലും ന്യായീകരിക്കാനാവാത്ത പെരുമാറ്റമാണ് ഇരുവരില്‍നിന്നുമുണ്ടായതെന്നും ലിയന്ന പറയുന്നു. വംശീയ വിവേചനത്തിന് ഇരയാക്കിയെന്നതിനുപുറമെ മുന്നറിയിപ്പില്ലാതെ തന്നെ പുറത്താക്കിയെന്നും ഷക്നസറിയാന്‍ പറയുന്നു. മാരിയയുടെ സാന്നിധ്യത്തില്‍ ബുലോചിനോവിക് അസഭ്യ പദങ്ങളാല്‍ തന്നെ ആക്ഷേപിച്ചെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ബുലോചിനോവിക്ക് തന്നെ  ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയും അവര്‍ ഉന്നയിക്കുന്നുണ്ട്. തന്റെ മാറിടത്തിലുള്‍പ്പെടെ ബുലോചിനോവിക് മര്‍ദിച്ചതിന്റെ അടയാളങ്ങള്‍ അവശേഷിച്ചിട്ടുണ്ടെന്നും അവര്‍ പരാതിപ്പെടുന്നു. തന്നെ അപമാനിക്കാന്‍വേണ്ടി ടെലിവിഷന്‍ റിമോട്ടും ഐഫോണും ഉള്‍പ്പെടെ തന്റെ മാറിടത്തിനു പിന്നില്‍ വയ്ക്കുന്ന പതിവും ബുലോചിനോവിക്കിന് ഉണ്ടായിരുന്നതായും ഷക്നസറിയാന്‍ ആരോപിക്കുന്നു.

നാല്‍പത്തിയെട്ടുകാരി കെയ്റിക്കൊപ്പം 2015 മാര്‍ച്ച് മുതല്‍ 2017 നവംബര്‍ വരെ ജോലി ചെയ്തിരുന്നു ഷക്നസറിയാന്‍.  ഷക്നസറിയാന്‍ തന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാമ്പത്തിക തിരിമറിക്ക് ശ്രമിച്ചതായാണ് ബുധനാഴ്ച രാവിലെ ന്യൂയോര്‍ക്കില്‍ ഫയല്‍ ചെയ്ത പരാതിയില്‍ കെയ്റി ആരോപിക്കുന്നത്. താനറിയാതെ തന്റെ രഹസ്യരംഗങ്ങള്‍ ഷക്നസറിയാന്‍ വീഡിയോയില്‍ ചിത്രീകരിച്ചിരുന്നുവെന്നും പണം തിരിമറിയെക്കുറിച്ച് ചോദിച്ചപ്പോള്‍ രഹസ്യവിഡിയോ പുറത്തുവിടുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയാതും കെയ്റി ആരോപിക്കുന്നു. കടകളില്‍നിന്നു സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ തന്റെ പേരു പറഞ്ഞ് ഷക്നസറിയാന്‍ വലിയ സൗജന്യങ്ങള്‍ കൈപ്പറ്ററാണ്ടുയിരുന്നെന്നും ആരോപണങ്ങളിലുണ്ട്. 

രണ്ടുപേരും ആരോപണ പ്രത്യാരോപണങ്ങളിലൂടെ മുന്നേറുമ്പോള്‍ കെയ്റിയുടെ ആരാധകരുള്‍പ്പെടെ തരിച്ചിരിക്കുകയാണ്. ആരെ വിശ്വസിക്കണം, അവിശ്വസിക്കണം എന്ന അങ്കാലപ്പിലാണ് ലോകം.