മകൻ ഐആര്‍എസ്; പക്ഷേ ആ ജോലി അച്ഛൻ കളഞ്ഞില്ല

20 വര്‍ഷമായി ലഖ്‌നൗ സര്‍വകലാശാലയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സൂര്യകാന്ത് ദ്വിവേദി. ബച്‌രാവണ്‍ എന്ന ചെറുപട്ടണത്തില്‍നിന്ന് ഒന്നര മണിക്കൂറോളം ട്രെയിനില്‍ യാത്ര ചെയ്താണു സൂര്യകാന്ത് ദിവസവും ലഖ്‌നൗവിലെത്തുന്നത്. പകലന്തിയോളം നീളുന്ന കാവലിനു ലഭിക്കുന്നത് പ്രതിമാസം 6000 രൂപ. ഈ തുക കൊണ്ടു കഴിയേണ്ടത് സൂര്യകാന്ത് ഉള്‍പ്പെടുന്ന ആറംഗ കുടുംബം. പന്ത്രണ്ടാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ. ഭാര്യ മഞ്ജുവാകട്ടെ അഞ്ചാം ക്ലാസില്‍ പഠനം നിര്‍ത്തി. എന്നിട്ടും കൊടിയ ദാരിദ്ര്യത്തിനിടയില്‍നിന്നു കൊണ്ട് ഇവര്‍ മക്കളെ നാലു പേരെയും പഠിപ്പിച്ചു. 

ഇത്രയും കഷ്ടപ്പെടുന്ന മാതാപിതാക്കള്‍ക്ക് എന്തു സമ്മാനമാണ് ഈ മക്കള്‍ തിരികെ നല്‍കുക. സൂര്യകാന്ത്-മഞ്ജു ദമ്പതികളുടെ ഇളയ മകന്‍ കുല്‍ദീപ് ദ്വിവേദി ഇവര്‍ക്കു നല്‍കിയ സമ്മാനം സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒരു റാങ്കാണ്. ഇവരുടെ വിയര്‍പ്പിനും അധ്വാനത്തിനും അർഥമുണ്ടാക്കി 2015 ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 242-ാം റാങ്കാണ് കുല്‍ദീപ് നേടിയത്. ഇന്ത്യന്‍ റവന്യൂ സര്‍വീസിലെ ഉദ്യോഗസ്ഥനാണ് കുല്‍ദീപ് ഇപ്പോള്‍. 

ഏഴാം ക്ലാസ് മുതല്‍ തന്നെ കുല്‍ദീപിന്റെയുള്ളില്‍ കയറിക്കൂടിയതാണ് സിവില്‍ സര്‍വീസ് മോഹം. അലഹാബാദ് സര്‍വകലാശാലയില്‍നിന്നു ഹിന്ദിയില്‍ ബിഎയും ജിയോഗ്രഫിയില്‍ എംഎയും പാസ്സായ ശേഷം കുല്‍ദീപ് ഇതിനായി ഡല്‍ഹിക്കു വണ്ടി കയറി. ന്യൂഡല്‍ഹി മുഖര്‍ജി നഗറിലെ ഒറ്റമുറി വീട്ടില്‍നിന്നായിരുന്നു പഠനം. കൂട്ടുകാരെ പോലെ കോച്ചിങ് ക്ലാസിനു ചേരാനൊന്നും പണമുണ്ടായിരുന്നില്ല. 6000 രൂപ ശമ്പളക്കാരനായ പിതാവിന് 2500 രൂപയില്‍ കൂടുതലൊന്നും മകന് അയച്ചു കൊടുക്കാനാകില്ലായിരുന്നു. ഇന്റര്‍നെറ്റൊക്കെ വിദൂര സ്വപ്‌നമായിരുന്നു. 

ആദ്യത്തെ ശ്രമത്തില്‍ പ്രിലിമിനറി കടക്കാനാകാത്തതു കുല്‍ദീപിന് വലിയ നിരാശയുണ്ടാക്കി. എല്ലാ ദിവസവും വീട്ടിലേക്കു വിളിച്ചിരുന്ന സ്ഥാനത്തു മൂന്നു ദിവസം കൂടുമ്പോഴൊക്കെയായി ഫോണ്‍ വിളി. എന്നെക്കൊണ്ട് ഇതു സാധിക്കില്ല എന്നു പറഞ്ഞ് ഇടയ്ക്കു പൊട്ടിക്കരയും. അപ്പോഴൊക്കെ മകനേക്കാൾ വിശ്വാസം മകനില്‍ പുലര്‍ത്തിയതു പിതാവാണ്. രണ്ടാം ശ്രമത്തില്‍ പ്രിലിമിനറി താണ്ടിയെങ്കിലും മെയിന്‍ പരീക്ഷയില്‍ തട്ടി വീണു. അപ്പോഴേക്കും പരിചയക്കാരും ബന്ധുക്കളുമൊക്കെ മുറുമുറുപ്പു തുടങ്ങി. 

പഠിക്കാന്‍ തുടങ്ങിയിട്ട് എട്ടു വര്‍ഷമായില്ലേ, ഇനിയും ജോലിക്കു നോക്കാത്തതെന്താ, ഇങ്ങനെ പഠിച്ചു കൊണ്ടിരുന്നാല്‍ എങ്ങനെ ശരിയാകും എന്നു തുടങ്ങി കുറ്റപ്പെടുത്തലുകള്‍ പെരുകി. കുടുംബത്തിനുമേലുള്ള സമ്മർദം വർധിച്ചു വന്നപ്പോള്‍ അമ്മ മകനോട് ഒരു ജോലി നേടാന്‍ ആവശ്യപ്പെട്ടു. 2013 ല്‍ അങ്ങനെ അതിര്‍ത്തി രക്ഷാ സേനയില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് പരീക്ഷ പാസ്സായി. താന്‍ അഭിമുഖത്തിനു പോകുമെങ്കിലും സേനയില്‍ ചേരില്ലെന്നു കുല്‍ദീപ് അമ്മയോട് വ്യക്തമാക്കി. കാരണം തന്റെ ലക്ഷ്യം സിവില്‍ സര്‍വീസാണ്. സുഹൃത്തുക്കളുടെയും മുതിര്‍ന്നവരുടെയും പ്രചോദനങ്ങളോടെ മൂന്നാം തവണയും കുല്‍ദീപ് പരീക്ഷയ്ക്കിരുന്നു. ഇത്തവണ പരീക്ഷ ഈ ചെറുപ്പക്കാരന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ തല കുനിച്ചു. 

മകന്‍ ഐആര്‍എസ് ഉദ്യോഗസ്ഥനായിട്ടും സൂര്യകാന്ത് തന്റെ ജോലി ഉപേക്ഷിച്ചില്ല. ഇത്ര നാളും വിഷമ ഘട്ടങ്ങളിലെല്ലാം പിടിച്ചു നിന്നത് ഈ ജോലി കൊണ്ടാണ്. ആ ജോലി ഉപേക്ഷിക്കുന്ന പ്രശ്‌നമില്ലെന്ന് അഭിമാനക്കൊടുമുടിയില്‍നിന്ന് ഈ പിതാവ് പറയുന്നു. 

More Success Stories >>