പത്തോളം റാങ്ക് ലിസ്റ്റുകൾ; അപർണയുടെ വിജയരഹസ്യം ഇങ്ങനെ

അർപ്പണ മനോഭാവത്തോടെ പഠിക്കാൻ തയാറുള്ളവർക്ക് അപ്രാപ്യമല്ല സർക്കാരുദ്യോഗമെന്ന് തെളിയിച്ചിരിക്കുകയാണ് അപർണ. ഒന്നിനു പിറകെ ഒന്നായി പത്തോളം പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടും പഠനം ഇപ്പോഴും തുടരുകയാണ് ഈ എംഎസ്‌സി ബിഎഡുകാരി.  പാലക്കാട് ജില്ലയിൽ പ്രസിദ്ധീകരിച്ച യുപി സ്കൂൾ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കാണ് അപർണയുടെ ഏറ്റവും പുതിയ വിജയം.

പാലക്കാട് പെരുവെമ്പ് മാമിലിക്കാട് സതീഷ് കുമാറിന്റെ ഭാര്യയായ എസ്. അപർണ പിഎസ്‌സി റാങ്ക് ലിസ്റ്റുകളിലെ സ്ഥിരസാന്നിധ്യമാണ്.  സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ബെവ്കോ അസിസ്റ്റന്റ്, സർവകലാശാല അസിസ്റ്റന്റ്, എൽഡിസി, സെയിൽസ് അസിസ്റ്റന്റ്, പാലക്കാട് ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തുടങ്ങി പത്തോളം റാങ്ക് ലിസ്റ്റുകളിൽ മികച്ച റാങ്കുകൾ കരസ്ഥമാക്കിയിട്ടുണ്ട്. സർവകലാശാല അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്ന് കേരള സർവകലാശാലയിലായിരുന്നു ആദ്യ നിയമനം. ഇവിടെ നിന്ന് ഇന്റർ യൂണിവേഴ്സിറ്റി ട്രാൻസ്ഫർ വഴി കാർഷിക സർവകലാശാലയുടെ ആസ്ഥാന ഒാഫിസിൽ ഇപ്പോൾ ജോലി ചെയ്യുന്നു. യുപി സ്കൂൾ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്നു നിയമനശുപാർശ ലഭിച്ചാലും ജോലിയിൽ പ്രവേശിക്കണോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. 

രണ്ടുമൂന്നു വർഷത്തെ ചിട്ടയായ പഠനമാണ് പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ മികച്ച വിജയം നേടാൻ കാരണമായതെന്ന് അപർണ വ്യക്തമാക്കുന്നു. പഠനത്തിന് കൃത്യമായ ടൈംടേബിൾ ഉണ്ടായിരുന്നു. പത്രവായന മുടക്കാറില്ല. തൊഴിൽവീഥിയും കോംപറ്റീഷൻ വിന്നറും പഠനത്തിനുപയോഗിച്ചിട്ടുണ്ട്. ഇതോടൊപ്പം പാലക്കാട് ഫോക്കസ് അക്കാദമിയിലും പരീക്ഷാ പരിശീലനം നടത്തിയിരുന്നു. എംഎസ്‌സി കെമിസ്ട്രി, ബിഎഡ്, സെറ്റ് എന്നീ യോഗ്യതകളുള്ള അപർണയ്ക്ക് ഹയർസെക്കൻഡറി അധ്യാപികയാകാനാണു താൽപര്യം. ഇതിനുള്ള ശ്രമങ്ങൾ തുടരുന്നു. ഭർത്താവ് സതീഷ് കുമാർ പാലക്കാട് ടൗൺ പ്ലാനിങ് വകുപ്പിൽ യുഡി ക്ലാർക്കാണ്. എൽകെജി വിദ്യാർഥി സാത്വിക് ഏക മകൻ. 

പിഎസ്‌സി പരീക്ഷയ്ക്ക് ഒരുങ്ങാം