സ്‌കൂൾ ബാഗിന്റെ കനം കുറയ്ക്കാന്‍ ഒരു പ്രിന്‍സിപ്പലിന്റെ ഐഡിയ

എടുത്താല്‍ പൊങ്ങാത്ത ഭാരവുമായി സ്‌കൂളിലേക്കു പോകുന്ന ബാല്യമാണ് ഇന്നിന്റെ കാഴ്ച. സ്‌കൂള്‍ ബാഗുകളുടെ ഭാരത്തെ കുറിച്ചൊക്കെ ചര്‍ച്ചകള്‍ അനവധി നടന്നു കഴിഞ്ഞു. കുട്ടിയുടെ ശരീരഭാരത്തിന്റെ പത്തു ശതമാനത്തിലധികം സ്‌കൂള്‍ ബാഗിനു ഭാരം വരാന്‍ പാടില്ല എന്നു നിര്‍ദ്ദേശിക്കുന്ന ബില്ലും രാജ്യം പാസ്സാക്കി. എന്നാല്‍ പല നിയമങ്ങളെയും പോലെ പലപ്പോഴും അവയുടെ ഏട്ടിലെ പശുവാകുന്നു. ഈ സാഹചര്യത്തിലാണു കുട്ടികളുടെ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ കിടിലനൊരു ആശയം ഗുജറാത്തിലെ ഒരു പ്രൈമറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നടപ്പാക്കിയത്. 

അഹമ്മദാബാദിലെ ഭഗത് ഗവണ്‍മെന്റ് പ്രൈമറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനന്ദ്കുമാര്‍ ഖലാസ് ചെയ്തതു വളരെ ലളിതമായ ഒരു കാര്യമാണ്. പക്ഷേ, അതു മൂലം കുട്ടികള്‍ക്കുണ്ടായ ആശ്വാസം വളരെ വലുതായിരുന്നു. 

കുട്ടികള്‍ സാധാരണ എല്ലാ വിഷയങ്ങളുടെയും ടെക്സ്റ്റ്ബുക്കുകള്‍ ദിവസവും ചുമന്നു കൊണ്ടു സ്‌കൂളില്‍ വരാറുണ്ട്. പല വിഷയങ്ങളും അന്നത്തെ ടൈംടേബിളില്‍ ഉണ്ടാകും താനും. എന്നാല്‍ ഈ പുസ്തകത്തിലെ എല്ലാ പേജും ഒരു മാസം കൊണ്ട് ഒരു അധ്യാപകനും പഠിപ്പിച്ചു തീര്‍ക്കാന്‍ കഴിയില്ലല്ലോ. അതു കൊണ്ടു സിലബസ് അനുസരിച്ച് ഈ പാഠപുസ്തകങ്ങളെ അനന്ദ് കുമാര്‍ പത്തായി പകുത്തു. 

ഒരു മാസം പഠിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഭാഗങ്ങള്‍ കുത്തിക്കെട്ടി ഒരു പുസ്തകമാക്കി. അങ്ങനെ ഓരോ മാസത്തേക്കും ഓരോ ചെറിയ പുസ്തകങ്ങള്‍. അതോടെ അതാതു മാസം പഠിപ്പിക്കേണ്ട ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ ചെറു പുസ്തകങ്ങള്‍ മാത്രം കുട്ടികള്‍ സ്‌കൂളില്‍ കൊണ്ടു വരാന്‍ തുടങ്ങി. ആശയം അവതരിപ്പിച്ച പ്രിന്‍സിപ്പലും ഹാപ്പി. ഭാരമൊഴിഞ്ഞ വിദ്യാർഥികള്‍ ഡബിള്‍ ഹാപ്പി.