നെടുമ്പാശേരി വിമാനത്താവളത്തിൽ വൈപ്പിൻകാരന്റെ റോക്കറ്റ്

കൊച്ചി∙ നെടുമ്പാശേരി വിമാനത്താവളത്തിൽ പക്ഷികളെ തുരത്താൻ ഉപയോഗിക്കുന്നത് വൈപ്പിൻ സ്വദേശി പി.കെ. പുഷ്പാംഗദന്റെ കണ്ടു പിടിത്തമായ റോക്കറ്റ്. നാലു വർഷം മുമ്പാണ് സംഗതി ഉപയോഗിച്ചു തുടങ്ങിയത്. പാടത്ത് കൃഷിയിടത്ത് ഇറങ്ങുന്ന നീർകാക്കകളെയും മറ്റു പക്ഷികളെയും തുരത്തുന്നതിനാണ് ആദ്യം പുഷ്പാംഗദൻ ഈ കണ്ടു പിടുത്തം നടത്തിയത്. സംഗതി വാർത്തയായതോടെ സിയാൽ ഉദ്യോഗസ്ഥർ അന്വേഷിച്ചെത്തുകയായിരുന്നു. സംഗതി ഇഷ്ടപ്പെട്ടതുകൊണ്ടു തന്നെ അവർ 30 ‘റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങൾ’ ബുക്കു ചെയ്തെന്ന് അദ്ദേഹം പറയുന്നു. 

പക്ഷികൾ ഇടിച്ചും മറ്റും വിമാനത്താവളങ്ങളിൽ അപകടങ്ങൾ പതിവാണ്. ഇതൊഴിവാക്കാൻ പടക്കം എറിഞ്ഞായിരുന്നത്രെ നേരത്തെ പക്ഷികളെ തുരത്തിയിരുന്നത്. ഒരു തവണ പടക്കം കയ്യിലിരുന്നു പൊട്ടിയതോടെ മറ്റെന്താണ് ഒരു വഴി എന്ന് ഉദ്യോഗസ്ഥർ ആലോചിക്കുന്നതിനിടെ പുഷ്പാംഗദന്റെ കണ്ടു പിടിത്തത്തെക്കുറിച്ച് പത്രത്തിൽ വാർത്ത വരുന്നത്. ഇതു കണ്ടാണ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ സമീപിച്ചത്. പുഷ്പാംഗദന്റെ ഈ കണ്ടു പിടിത്തവും കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ (റീജനൽ സ്‌പോർട്‌സ് സെന്റർ) മലയാള മനോരമ- ഐബിഎസ് യുവ മാസ്റ്റർമൈൻഡ് സീസൺ 9 ഗ്രാൻഡ് ഫിനാലെയിൽ പ്രദർശനത്തിനുണ്ട്. 

ആർക്കും വളരെ എളുപ്പത്തിൽ നിർമിക്കാവുന്നതാണ് ഈ റോക്കറ്റ് വിക്ഷേപണ കേന്ദ്രം. പക്ഷി ശല്യം ഉള്ള സ്ഥലത്തിനടുത്ത് ഉറപ്പിക്കുന്ന ഒരു കുറ്റിയിൽ നിന്നാണ് റോക്കറ്റ് വിക്ഷേപണം നടത്തുന്നത്. റോക്കറ്റ് എന്നാൽ നമ്മൾ ഉൽസവകാലത്തും മറ്റും ആകാശത്തേയ്ക്ക് അയയ്ക്കുന്ന വാണം. കുറ്റിയിൽ നിന്നു എവിടേയ്ക്കാണോ ഈ വാണം പറത്തേണ്ടത് അവിടേയ്ക്ക് ഒരു 2.5എംഎം പ്ലാസ്റ്റിക് വള്ളി വലിച്ചു കെട്ടുന്നു. തയ്യൽ മെഷീനുകളിൽ നൂൽ ചുറ്റി വരുന്ന കടലാസ് കുഴലുകൾ കോർത്താണ് ഇത് വലിച്ചു കെട്ടേണ്ടത്. ഈ കുഴലുകളിൽ വാണം ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ച് ചേർത്തു വയ്ക്കണം. 

തീ കെട്ടു പോകാത്ത ചണച്ചരടാണ് ഇതിനായി ഉപയോഗിക്കുന്ന മറ്റൊരു വസ്തു. ഇത് വാണത്തിന്റെ തിരിയോട് ചേർത്തു വച്ചിട്ടുണ്ടാകും. ചരട് കത്തി വാണത്തിനടുത്തെത്തുമ്പോൾ തിരിക്ക് തീ പിടിക്കും. വാണം ഈ ചരടിലൂടെ നിശ്ചിത സ്ഥലത്തെത്തി പൊട്ടിത്തെറിക്കുന്നു. ഇത് ശബ്ദമുണ്ടാക്കി പാഞ്ഞു ചെല്ലുകയും ലക്ഷ്യ സ്ഥലത്തെത്തി പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. പ്ലാസ്റ്റിക് വള്ളിയുടെ അവസാനത്തിൽ ചെന്നാണ് ഇത് പൊട്ടുന്നത്. അതുകൊണ്ടു തന്നെ മറ്റ് സ്ഥലങ്ങളിലേയ്ക്ക് എത്തി സാധാരണ സംഭവിക്കാറുള്ളതു പോലെയുള്ള അപകടങ്ങൾ ഉണ്ടാകുകയും ഇല്ല. 

ചണച്ചരട് ഒരു അടി നീളത്തിൽ ഇടവിട്ട് വാണം സ്ഥാപിക്കുകയാണെങ്കിൽ രണ്ടു മണിക്കൂറിനുള്ളിൽ ഒരു വാണം എന്ന നിലയിൽ തനിയേ പൊട്ടിക്കൊള്ളും. പക്ഷിശല്യം, കൃഷി സ്ഥലങ്ങളിൽ രാത്രിയിലുള്ള മൃഗശല്യം തുടങ്ങിയവ ഒഴിവാക്കാൻ ഈ തന്ത്രം പ്രയോഗിക്കാമെന്ന് പുഷ്പാംഗദൻ പറയുന്നു. പുല്ലു വെട്ട് യന്ത്രം ഉപയോഗിച്ച് നെല്ലും കൊയ്യുന്ന മെഷീൻ ഉൾപ്പടെ അഞ്ചോളം കണ്ടു പിടുത്തങ്ങൾ നടത്തിയിട്ടുള്ള റിട്ടയേർഡ് സിഐഎഫ്ടി ഉദ്യോഗസ്ഥനായ ഇദ്ദേഹം ഒന്നിനു പോലും കോപ്പി റൈറ്റ് എടുത്തിട്ടില്ല. തന്റെ കണ്ടെത്തലുകൾ ജനങ്ങൾക്ക് ഉപകാരപ്രദമാകുക എന്നതാണ് പ്രധാനം എന്നതാണ് പ്രധാനം എന്ന് ഇദ്ദേഹം പറയുന്നു. കേൾക്കുമ്പോൾ വല്യ സംഗതിയാണെന്നു തോന്നിയില്ലെങ്കിലും കൃഷിക്കാർക്കും മറ്റും ഇത് ഏറെ പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം പറയുന്നു.