അറി‍ഞ്ഞോ... നമ്മുടെ പൊതുവിദ്യാലയങ്ങൾ ഒട്ടും മോശമല്ല !

തിരുവനന്തപുരം ∙സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നിന്നു കൊഴിഞ്ഞുപോകുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ആറു വർഷമായി കുറവ്. ഈ അധ്യയന വർഷം വെള്ളപ്പൊക്കം മൂലം പഠിത്തം നിർത്തിയ 49 വിദ്യാർഥികൾ മാത്രമാണുള്ളതെന്നു വിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമിക കണക്കെടുപ്പിൽ വ്യക്തമായി.

ലോകത്തെവിടെയും വെള്ളപ്പൊക്കത്തിനു ശേഷം വിദ്യാർഥികൾ സ്കൂളിലെത്താത്തതു പതിവാണെന്നു യുനിസെഫ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ അധ്യയന വർഷം സംസ്ഥാനത്ത് എത്ര കുട്ടികൾ പഠനം ഉപേക്ഷിച്ചെന്നു മാർച്ച് 31നു ശേഷമുള്ള കണക്കെടുപ്പിലേ വ്യക്തമാവൂ.കൊഴിഞ്ഞുപോക്ക് പൂജ്യത്തിൽ എത്തിക്കാനാണു സർക്കാർ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ അക്കാദമിക് വർഷം കൊഴിഞ്ഞുപോയത് 5,960 വിദ്യാർഥികളാണ്. ഇതുതന്നെ മുൻ വർഷങ്ങളേക്കാൾ കുറവും രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കുമാണ്. വരുന്ന ഏതാനും വർഷം കൊണ്ടു കൊഴിഞ്ഞുപോക്ക് അവസാനിപ്പിക്കാൻ വിപുലമായ പഠനവും പരിഹാര നടപടികളും വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്നുണ്ട്. സുരക്ഷിതമല്ലാത്ത യാത്ര, കുടുംബത്തിലെ സമാധാനമില്ലായ്മ, അധ്യാപകരുടെ സ്നേഹമില്ലാത്ത പെരുമാറ്റം എന്നിങ്ങനെ വിദ്യാർഥികൾ പഠനം അവസാനിപ്പിക്കുന്നത് വിവിധ കാരണങ്ങളാലാണെന്നു കണ്ടെത്തിയിരുന്നു.

മുൻ വർഷങ്ങളിലെ കൊഴിഞ്ഞുപോക്ക്

  • 2012–13    –    19,126 
  • 2013–14    –    10,343 
  • 2014–15    –    12,934 
  • 2015–16    –    8224 
  • 2016–17    –    7263