കള്ളക്കടത്തുകാരില്‍ നിന്നു പിടിച്ചെടുത്ത ആനക്കൊമ്പുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന അദ്ഭുതം!

ലോകത്തു വേട്ടയാടപ്പെടുന്ന ആനകളുടെ ഏറ്റവും വലിയ വിപണന കേന്ദ്രമാണ് ചൈന ഉള്‍പ്പടെയുള്ള കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍. ആനക്കൊമ്പിന്‍റെ ഏറ്റവും വലിയ വിപണിയായ ചൈന ഔദ്യോഗികമായി ഇറക്കുമതി നിരോധിച്ചെങ്കിലും കള്ളക്കടത്ത് ഇപ്പോഴും സജീവമാണ്. ഈ രാജ്യങ്ങളിലേക്കുള്ള ആനക്കൊമ്പു കള്ളക്കടത്തിന്‍റെ കവാടമായാണ് കമ്പോഡിയയെ കണക്കാക്കുന്നത്. കമ്പോഡിയയിലൂടെയാണ് കിഴക്കേ ഏഷ്യയിലേക്കുള്ള ആനക്കൊമ്പുകള്‍ എത്തുന്നതെന്ന് പല രാജ്യാന്തര വന്യജീവി സംഘടനകളും ഇതിനകം കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പരിശോധന ശക്തമായ സാഹചര്യത്തില്‍ ടണ്‍ കണക്കിന് ആനക്കൊമ്പുകളാണ് കമ്പോഡിയന്‍ തുറമുഖങ്ങളില്‍ നിന്നും പിടിച്ചെടുക്കുന്നതും.

ഇങ്ങനെ നടന്ന ഒരു പരിശോധനയ്ക്കിടെയാണ് ആനക്കൊമ്പുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന അദ്ഭുതം ഗവേഷകര്‍ കണ്ടെത്തിയത്. ബ്രിട്ടനിലെ റോയല്‍ സുവോളജിക്കല്‍ സൊസൈറ്റിയില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് ഇതു വെളിവായത്. ചില കൊമ്പുകളുടെ കാലപ്പഴക്കത്തില്‍ സംശയം തോന്നിയതോടെ ഇതു കണ്ടെത്തിയ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇവ വിദഗ്ധ പരിശോധനയ്ക്കായി ലണ്ടനിലേക്ക് അയയ്ക്കുകയായിരുന്നു. പതിനയ്യായിരത്തിലധികം വര്‍ഷം പഴക്കമുള്ള കൊമ്പുകളാണ് ഇവയെന്നും, വംശനാശം സംഭവിച്ച മാമത്തുകളുടേതാണു കൊമ്പെന്നും റോയല്‍ സുവോളജിക്കല്‍ സൊസൈറ്റിയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞു.

കമ്പോഡിയയിലേക്ക് മാമത്ത് കൊമ്പുകളെത്തിയതിനു പിന്നില്‍

ഭൂമധ്യരേഖയോട് അടുത്തു സ്ഥിതി ചെയ്യുന്ന കമ്പോഡിയില്‍ എങ്ങനെ ധ്രുവപ്രദേശത്തു മാത്രം കാണപ്പെട്ടിരുന്ന മാമത്തിന്‍റെ കൊമ്പുകളെത്തി എന്നതായിരുന്നു പരിസ്ഥിതി പ്രവര്‍ത്തകരെയും ഗവേഷകരെയും അമ്പരപ്പിച്ചത്. ആര്‍ട്ടിക്കിനോട് ചേര്‍ന്നുള്ള ടുണ്ട്ര പ്രദേശത്ത് നിന്നു കുഴിച്ചെടുത്തവയാണ് ഈ കൊമ്പുകളെന്ന് പിന്നീട് വ്യക്തമായി. പക്ഷെ കമ്പോഡിയയില്‍ ഈ കൊമ്പുകള്‍ വില്‍ക്കാന്‍ വച്ചിരുന്ന കടയുടമയ്ക്കോ, ഇയാള്‍ക്കു കൊമ്പുകളെത്തിച്ചു നല്‍കിയ വ്യക്തിക്കോ തങ്ങളുടെ കൈവശമുള്ളത് ആനക്കൊമ്പുകളല്ലെന്ന് വ്യക്തമായിരുന്നില്ല.

ആഫ്രിക്കയില്‍ നിന്നെത്തിച്ച ആനക്കൊമ്പുകള്‍ക്കൊപ്പം മാമത്ത് കൊമ്പുകള്‍ ചേര്‍ത്തത് കള്ളക്കടത്തുകാരായിക്കാം എന്നാണു കരുതുന്നത്. പതിനയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ വംശനാശം സംഭവിച്ച ജീവിയായതിനാല്‍ മാമത്തുകളുടെ കൊമ്പുകള്‍ വില്‍ക്കുന്നതിനോ വാങ്ങുന്നതിനോ നിയമതടസ്സമില്ല. അതുകൊണ്ട് തന്നെ റഷ്യയും മറ്റും തങ്ങളുടെ പരിധിയില്‍ നിന്നു ലഭിക്കുന്ന മാമത്തിന്‍റെ കൊമ്പുകള്‍  ചൈനയിലേക്കു വില്‍പ്പന നടത്താന്‍ അനുവദിക്കാറുണ്ട്. ഇങ്ങനെ വില്‍ക്കുന്ന കൊമ്പിന് ഒരു കിലോയ്ക്ക് 1000 യുഎസ് ഡോളര്‍ വരെയാണ് വില ലഭിക്കുക.

റഷ്യയിലെ മാമത്ത് കൊമ്പുകളുടെ ശേഖരം

റഷ്യയിലെ യാകുതിയ മേഖലയിലാണ് ഏറ്റവമധികം മാമത്തുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. ഈ പ്രദേശത്തിനു ഫ്രാന്‍സിന്‍റെ അഞ്ചിരട്ടി വലുപ്പം വരും. ഈ മേഖലയില്‍ ഏതാണ്ട് അഞ്ച് ലക്ഷത്തോളം ടണ്‍ മാമത്ത് കൊമ്പുകള്‍  ഇനിയും ലഭിച്ചേക്കുമെന്നാണു ഗവേഷകര്‍ കണക്കു കൂട്ടുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 72 ടണ്‍ കൊമ്പുകളാണ് ഈ പ്രദേശത്തു നിന്നു ലഭിച്ചത്. ഇവയെല്ലാം തന്നെ കുഴിച്ചെടുത്തവര്‍ ചൈനയിലേക്കു കൊമ്പുകളെത്തിക്കുന്ന ഇടനിലക്കാര്‍ക്കു വില്‍ക്കുകയായിരുന്നു. 

മാമത്തിന്‍റെ ശരീരഭാഗങ്ങള്‍ വില്‍പ്പന നടത്തുന്നതും പിന്നീട് കൊമ്പുകൾ ഉൽപന്നങ്ങളാക്കി മാറ്റുന്നത് തടയാനും രാജ്യാന്തര തലത്തില്‍ നിയമം വേണമെന്നാണു പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. ഇല്ലെങ്കില്‍ കുഴിച്ചെടുക്കുന്ന കൊമ്പുകള്‍ മുഴുവന്‍ കരകൌശല വസ്തുക്കളായി മാത്രം തീരുമെന്ന് ഇവര്‍ ആശങ്കപ്പെടുന്നു. അതുകൊണ്ട് തന്നെ വംശനാശം സംഭവിച്ചെങ്കിലും മാമത്തുകള്‍ക്കു വംശനാശഭീഷണി നേരിടുന്ന ജീവിയുടെ പദവി നല്‍കി ശരീരഭാഗങ്ങളുടെ വില്‍പ്പന നടത്തുന്നത് തടയണമെന്ന് പരിസ്ഥിതി സംഘടനകള്‍ ഐയുസിഎന്നിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. 

മാത്രമല്ല ഇങ്ങനെ മാമത്ത് കൊമ്പുകളുടെ വില്‍പ്പന തടയുന്നതിലൂടെ ആനക്കൊമ്പ് കള്ളക്കടത്തും തടയാമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ കണക്കു കൂട്ടുന്നു. കാരണം കൃത്യമായ പരിശോധനയുടെ അഭാവം മൂലം മാമത്തിന്‍റെ കൊമ്പെന്ന വ്യാജേന സുലഭമായി ആനക്കൊമ്പും ചൈനയിലേക്കു കടത്തുന്നുണ്ടെന്നും ഇവര്‍ ആശങ്കപ്പെടുന്നു. ആനക്കൊമ്പിനേക്കാള്‍ പതിന്മടങ്ങു വിലയാണ് മാമത്തിന്റെ കൊമ്പിനു ലഭിക്കുക. വാങ്ങുന്നവര്‍ക്ക് ഇവ തമ്മില്‍ എളുപ്പത്തില്‍ തിരിച്ചറിയാനും കഴിയില്ല. അതിനാല്‍ തന്നെ ആനക്കൊമ്പ് കടത്തുന്നതിന്  ഇപ്പോള്‍ കള്ളക്കടത്തുകാര്‍ക്കു ലഭിച്ചിരിക്കുന്ന പോംവഴിയാണ് മാമത്തിന്‍റെ കൊമ്പു കച്ചവടം ചെയ്യാനുള്ള സ്വാതന്ത്ര്യമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നു.