ബിഎംഡബ്ല്യുവിന്റെ അത്യാഡംബരം ഇനി ദിലീപിന് സ്വന്തം

ജനപ്രിയ നായകൻ ദിലീപ്  ബി എം ഡബ്ല്യു വിന്റെ ആഡംബര വാഹനമായ 7 സീരീസ് സ്വന്തമാക്കി. ദിലീപും അമ്മയും ചേർന്നാണ് വാഹനത്തിന്റെ താക്കോൽ സ്വീകരിച്ചത്. ആഡംബര വാഹനങ്ങളുടെ ഒരു നിര തന്നെ സ്വന്തമായുള്ള ദിലീപിന്റെ ഗാരേജിലേക്കു വാഹനലോകത്തെ പുതിയൊരു താരം കൂടി എത്തിച്ചേർന്ന സന്തോഷം ആഘോഷിക്കുന്ന തിരക്കിലാണ് ആരാധക വൃന്ദം. കൊച്ചിയിലെ ബിഎംഡബ്ല്യു ഷോറൂമിൽ നിന്നാണ് താരം പുതിയ വാഹനം സ്വന്തമാക്കിയത്. നേരത്തെ യുവതാരം ടൊവിനോയും 7 സീരിസ് സ്വന്തമാക്കിയിരുന്നു.

2016 ലെ ലോക കാറായി തിരഞ്ഞെടുത്ത മോഡലാണ് ബിഎംഡബ്ല്യു 7 സീരീസ്. പെട്രോൾ, ഡീസൽ വകഭേദങ്ങളിൽ 7 സീരിസ് ലഭിക്കും. 2998 സിസി എൻജിൻ ഉപയോഗിക്കുന്ന പെട്രോൾ പതിപ്പിന്  322 ബിഎച്ച്പി കരുത്തുണ്ട്. പൂജ്യത്തിൽ നിന്ന് 100 കീ.മി വേഗം കൈവരിക്കാൻ 5.6 സെക്കന്റുകൾ മാത്രം മതി. 2993 സിസി എൻജിൻ ഉപയോഗിക്കുന്ന ഡീസൽ പതിപ്പിന് 262 ബിഎച്ച്പിയാണ് കരുത്ത്. പൂജ്യത്തിൽ നിന്ന് 100 കീ.മി വേഗം കൈവരിക്കാൻ 6.2 സെക്കന്റുകൾ മാത്രം മതി. 1.24 കോടി മുതൽ 1.34 കോടി വരെയാണ് വിവിധ മോഡലുകളുടെ വില.