കാർ പെർഫ്യൂം പൊട്ടിത്തെറിക്കുമോ?– വിഡിയോ

വാഹനത്തിൽ എപ്പോഴും സുഗന്ധം നിറഞ്ഞു നിൽക്കാൻ ആഗ്രഹിക്കുന്നവരാണ് നാം. അതിനായി കാർപെർഫ്യൂമുകളെയാണ് എല്ലാവരും ആശ്രയിക്കാറ്. എന്നാൽ കാർ പെർഫ്യൂമുകൾ ഉപയോഗിക്കാൻ മടിയുള്ളവർ ബോഡി സ്പ്രെയും റൂം ഫ്രെഷ്ണറും കാറിനുള്ളിൽ ഉപയോഗിക്കാറുണ്ട്. ഉപയോഗശേഷം പലപ്പോഴും അവ സൂക്ഷിക്കുന്നത് ഗ്ലൗബോക്സിനകത്താണ്. അന്തരീക്ഷ താപനില കൂടി ഇരിക്കുന്ന അവസരത്തിൽ ഗ്ലൗബോക്സിൽ പെർഫ്യൂമുകൾ സൂക്ഷിക്കുന്നത് ഒട്ടും സുരക്ഷിതമല്ല. 

ചൂടു കൂടിയാൽ അപകടം

കഴിഞ്ഞ ദിവസം ഒരു യുവാവ് തനിക്ക് സംഭവിച്ചത്  എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോ  ഗ്ലൗബോക്സിൽ പെർഫ്യൂം സൂക്ഷിച്ചതു മൂലമുണ്ടായ അപകടത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നു. ഗ്ലൗബോക്സിനുള്ളിൽ സൂക്ഷിച്ചിരുന്ന ബോഡി സ്പ്രെ പൊട്ടിത്തെറിച്ച് തകർന്നത് കാറിന്റെ ഡാഷ് ബോർഡ് മുഴുവനാണ്. വെയിലത്ത് പാർക്ക് ചെയ്ത് പോയപ്പോള്‍ ചൂടുകൂടി പൊട്ടിത്തെറിച്ചതാണെന്നാണ് വിഡിയോയിൽ പറയുന്നത്.

വെയിലത്ത് പാർക്ക് ചെയ്തിട്ട് പോകുന്ന കാറിനുള്ളിലെ താപനില പുറത്തെ താപനിലയെ അപേക്ഷിച്ച് ഇരട്ടിയിൽ അധികമായിരിക്കും. പുറത്തെ താപനില 30 ഡിഗ്രിയാണെങ്കിൽ കാറിനകത്ത് ചിലപ്പോൾ 60 ഡിഗ്രിവരെ ചൂട് വരാം. പ്രഷറൈസ് ചെയ്ത് അടച്ചുവെച്ചിരിക്കുന്ന അത്തരം കുപ്പികൾ കാറിനുള്ളിൽ സൂക്ഷിക്കുമ്പോൾ പൊട്ടിത്തെറിക്കാനും ആൽക്കഹോളിന്റെ സാന്നിധ്യമൂലം ചിലപ്പോൾ തീപിടിക്കാനും വരെ സാധ്യതയുണ്ട്. 

അതുകൊണ്ട് തന്നെ വെയിലത്ത് പാർക്ക് ചെയ്ത വാഹനത്തിനുള്ള ബോഡി സ്പ്രെയും റൂം ഫ്രെഷ്ണറും സിഗരറ്റ് ലൈറ്ററുകളും സൂക്ഷിക്കുന്നത് ഒട്ടും സുരക്ഷിതമല്ല. നമ്മുടെ  നാട്ടിൽ ഇത്തരത്തിലൂള്ള അപകടങ്ങൾ കുറവാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെങ്കിലും  ചൂടുകൂടുതലുള്ള രാജ്യങ്ങളിൽ ഇത്തരത്തിലുള്ള  സംഭവങ്ങൾ നിത്യേനെ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്.