ജിംനി പുറപ്പെട്ടു, ഇപ്പോഴെത്തും

ജപ്പാനിലെത്തിയ ജിംനി ഇന്ത്യയിലേക്ക് ഒാടിത്തുടങ്ങി. ഇങ്ങനെ പോയാൽ ഇക്കൊല്ലം തന്നെ ഇന്ത്യയിലെത്തും. പൂർണമായ ഒാഫ് റോഡിങ് സൗകര്യങ്ങളുള്ള ഇന്ത്യയിലെ പ്രഥമ നാലു വീൽ െെഡ്രവ് മിനി എസ് യു വി. രൂപത്തിൽ മാത്രം എസ് യു വി ഗുണം ഒതുങ്ങി നിൽക്കുന്ന മിനി എസ് യു വികൾക്ക് കരണത്തടി പോലെ മറുപടി. 

∙ ജപ്പാനിൽ: ഈയടുത്ത നാളുകളിൽ ജിംനി, സിയേറ എന്നീ മോഡലുകളിൽ ജപ്പാനിൽ പുറത്തിറക്കിയ വാഹനത്തിന് 10 ലക്ഷം വില വരില്ല. ഏറ്റവും ഉയർന്ന മോഡലിനും 12 ലക്ഷത്തിലൊതുങ്ങും. മൂന്നു ഡോറും നാലു വീൽ െെഡ്രവും എല്ലാ മോഡലുകൾക്കുമുണ്ട്. ജൂൺ മുതൽ വാണിജ്യ ഉത്പാദനം ജപ്പാനിൽ ആരംഭിച്ചു.

Jimny 2018

∙ ജിപ്സി മുതൽ: ജിംനിയുടെ പൂർവികൻ ജിപ്സിയാണ്. 1970 മുതൽ ലോക സാന്നിധ്യമാണെങ്കിലും നമ്മൾ കണ്ടത് എൺപതുകളിലെത്തിയ രണ്ടാം തലമുറ മാത്രം. പിന്നെ ഒരു ജിപ്സിയോ ജിംനിയോ ഇന്ത്യയിൽ വന്നില്ല. ഇപ്പോഴിതാ നാലാം തലമുറയിലെത്തിയപ്പോൾ ജിംനി വീണ്ടും. ജിപ്സിയുടെ പകരക്കാരനായല്ല, മറ്റൊരു മോഡലായി. കാരണം പട്ടാളത്തിലടക്കം മാറ്റിവയ്ക്കാനാവാത്ത റോളുകൾ ജിപ്സി കളിച്ചു കൊണ്ടിരിക്കുമ്പോൾ ജിംനി കണ്ണു വയ്ക്കുന്നത് ജിപ്സിയുടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സിവിലിയൻ വിപണി.

∙ ജിംനിയും കയറും: ജിപ്സിയുടെ ആദ്യകാല പരസ്യങ്ങൾ ഒാർക്കുന്നവർക്കറിയാം ഹിറ്റായ ആ വാചകങ്ങൾ; ജിപ്സി മരത്തിലും കയറും. ജിംനിയും മരം കയറും. കാരണം വ്യത്യസ്തവും മനോഹരവുമായ ആ രൂപത്തിനുള്ളിൽ ശരിയായ ഫോർ വീൽ മെക്കാനിക്കൽ സൗകര്യങ്ങളാണ്. കുറച്ചു കൂടി കാലികമായി എന്നു മാത്രം. അടച്ചു കെട്ടും കാറിനൊത്ത ഭംഗിയുമുള്ള ജിപ്സി എന്നും വിശേഷിപ്പിക്കാം. മാത്രമല്ല ഓഫ് റോഡ് മികവിൽ ജിംനി വലിയ എസ് യു വികളെയും കടത്തിവെട്ടും. 

Jimny 2018

∙ ഇന്ത്യയിൽ: ജിംനി ഇന്ത്യയിലെത്തുമ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുക റാഡിക്കൽ എന്നു വിശേഷിപ്പിക്കാവുന്ന രൂപകൽപനയായിരിക്കും. പെട്ടി പോലൊരു രൂപം. ഇതുപോലെ വേറൊരു വാഹനവും നിലവിൽ ഇവിടെയില്ല. ജിപ്സിക്കു സമാനമായ രണ്ടു മുൻ ഡോറുകൾ. പിന്നിൽ ഹാച്ച് ഡോർ. മുഖ്യമായും രണ്ടു പേർക്ക് സഞ്ചരിക്കാവുന്ന വാഹനത്തിൽ പിൻനിര സീറ്റുകൾ മുഖാമുഖമായും മുന്നിലേക്കു നോക്കുന്ന രീതിയിലും ഘടിപ്പിക്കാം.

∙ പാരമ്പര്യം ചോരില്ല: റാഡിക്കലാണെങ്കിൽക്കൂടി ക്ലാസിക് സ്വഭാവം പൂർണമായും െെകവിടുന്നില്ല. മുൻഗ്രില്ലുകളും വട്ടത്തിലുള്ള ഹെഡ്‌ ലാംപുകളും ഹെവി ഡ്യുട്ടി ബംപറും ബ്ലാക്ക് എക്സ്ടീരിയറുമൊക്കെ പാരമ്പര്യവും ആഢ്യത്തവും നിലനിർത്തും. കറുത്ത ക്ലാഡിങ്ങുകളുള്ള വീൽ ആർച്ച്. 

Jimny 2018

∙ ആധുനികം: പുതിയ സാങ്കേതികതയിലെ ഫോർ വീൽ സൗകര്യങ്ങൾക്കു പുറമെ സുസുക്കി ഇഗ് നിസ്, ബലീനൊ, സ്വിഫ്റ്റ് കാറുകളിലുള്ളതു പലതും ജിംനിയ്ക്കകത്തും കണ്ടെത്താം. സ്മാർട്ട് പ്ലെയോടു കൂടിയ  ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റവും എയർവെന്റുകളും ഇഗ്‌നിസിനു സമാനമെങ്കിൽ ഓട്ടമാറ്റിക്ക് ക്ലൈമറ്റ് സിസ്റ്റവും കൺട്രോൾ സ്വിച്ചുകളും സ്റ്റിയറിങ്ങും സ്വിഫ്റ്റിൽ നിന്ന് കടമെടുത്തു. 

Jimny 2018

∙ സുരക്ഷിതം: സുരക്ഷയ്ക്കായി ഹിൽ ഹോൾഡ്, ഡിസന്റ് കൺട്രോൾ, 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ടയർ പ്രഷർ മോനിറ്ററിങ് സിസ്റ്റം എന്നിവയുണ്ട്. 3395 എം എം നീളം 1475 എം എം വീതി 1725 എം എം ഉയരം. വീൽബെയ്സ് 2250 എം എം. ഗ്രൗണ്ട് ക്ലിയറൻസ് 205 എം എം.

∙ എൻജിനുകൾ: ജപ്പാനീസ് വകഭേദത്തിൽ 658 സി സി 3 സിലിണ്ടർ പെട്രോൾ എൻജിൻ. 64 ബി എച്ച് പി. 100 ബി എച്ച് പിയുള്ള 1.5 ലീറ്റർ 4 സിലണ്ടർ പെട്രോൾ മോഡലുമുണ്ട്. ഇന്ത്യയിലേക്ക് ഒരു ഡീസൽ എൻജിൻ വന്നാലും അമ്പരക്കേണ്ട.

Jimny

∙ എതിരാളി: ഇന്ത്യയിലിപ്പോൾ എതിരാളികളില്ലെങ്കിലും ജിംനി വരുമ്പോഴേക്കും ജീപ്പ് റെനഗേഡ് ഒരു കരുത്തൻ എതിരാളിയായി ഉണ്ടാവും. എന്നാൽ ഫോർ വീൽ െെഡ്രവ് മികവിന്റെ കാര്യത്തിൽ ഒരു കാതം മുകളിലാണെന്നത് ജിംനിക്ക് നേട്ടമായിരിക്കും.