ലാൻഡ് റോവർ തന്നെ ഈ ഹാരിയർ

ഇന്നു വരെ ഇറങ്ങിയിട്ടുള്ളതിൽ ഏറ്റവും മികച്ച ടാറ്റ വാഹനം ഏതെന്ന ചോദ്യത്തിന് ഇനി സംശയമില്ലാതെ മറുപടി പറയാം: ഹാരിയർ. ലാൻഡ് റോവറിന്റെ ഒമേഗ പ്ലാറ്റ്ഫോമിൽ നിർമാണം, ഫിയറ്റിന്റെ എൻജിനും ഗിയർബോക്സും, ലോകപ്രശസ്തമായ റേസിങ് കാർ നിർമാതാക്കളായ ലോട്ടസിന്റെ സസ്പെൻഷൻ ട്യൂണിങ്. ഹാരിയർ മികവിന്റെ കൊടുമുടിയിലാണ്.

∙ ലാൻഡ്റോവർ: ഡിസ്കവറി സ്പോർട്സ്, റേഞ്ച് റോവർ ഇവോക്, ജാഗ്വർ ഇ പെയ്സ് തുടങ്ങിയ വാഹനങ്ങളൊക്കെ ഹാരിയറിന്റെ പ്ലാറ്റ്ഫോമിൽത്തന്നെ നിർമിച്ചവയാണെന്നറിയുക. ഇതേ പ്ലാറ്റ്ഫോമിലുള്ള 10 ലക്ഷത്തിലധികം എസ് യു വികൾ ലോകത്തിപ്പോൾ ഓടുന്നുണ്ട്. ഹാരിയറിന്റെ അടിത്തറ അതിശക്തമാണ് എന്നർഥം.

Tata Harrier

∙ ഡിസൈൻ 2.0: ടാറ്റയുടെ ഇംപാക്ട് ഡിസൈൻ 2.0 തത്വത്തിലൂന്നിയാണ് രൂപകൽപന. ന്യൂഡൽഹിയിൽ ഇക്കൊല്ലമാദ്യം പ്രദർശിപ്പിച്ച കൺസപ്റ്റ് വാഹനത്തിൽനിന്നു കാര്യമായ മാറ്റങ്ങളില്ല. കാലത്തിനു മുമ്പേ ജനിച്ചതെന്ന തോന്നലുണ്ടാക്കുന്ന രൂപകൽപനാചാരുത.

Tata Harrier

∙ വ്യത്യസ്തം: എല്ലാക്കാര്യങ്ങളിലും വ്യത്യസ്തത. ഹെഡ്‌ ലാംപിനു മുകളിലായുറപ്പിച്ച ഡേ ടൈം റണ്ണിങ് ലാംപുകൾ മുതൽ ലാൻഡ്റോവറുകളെ അനുസ്മരിപ്പിക്കുന്ന ഗ്രില്ലിൽ വരെ ഈ മാറ്റം കാണാം. ഡിആർഎൽ തന്നെയാണ് ടേൺ ഇൻഡിക്കേറ്റർ. ഓട്ടമാറ്റിക്ക് സെനോൺ എച്ച്ഐഡി പ്രൊഡക്ടർ ഹെഡ്‌ ലാംപുകൾ. സിൽവർ നിറമുള്ള ചിൻ ഗാർഡുള്ള ഡ്യുവൽ ടോൺ ബംപർ.

∙ ഹാരിയർ: രൂപകൽപനയിൽ ലാൻഡ്റോവറിനോടു സാദൃശ്യമില്ലെങ്കിലും വേലർ, ഇവോക് എന്നിവയിൽനിന്നു പ്രചോദനമുൾ ക്കൊണ്ടിട്ടുണ്ടെന്ന് ഉറപ്പ്. പിന്നിലേക്കിറങ്ങി വരുന്ന റൂഫ് ലൈൻ, വലിയ വീൽ ആർച്ചുകൾ, സൈഡ് ക്ലാഡിങ് ഇവയൊക്കെ ലാൻഡ് റോവറിനോടു കിടപിടിക്കും. 235/65/ആർ17 ഇഞ്ച് 5 സ്പോക്ക് സ്പോർട്ടി അലോയ് വീലുകൾ. 

Tata Harrier

∙ നീളം, വലുപ്പം: കൂടിയ വീൽ ബേസാണ് ഹാരിയറിൻറെ മികവുകളിലൊന്ന്: 2741 എംഎം. ഇത് സ്റ്റെബിലിറ്റി വർധിപ്പിക്കുന്നു, ഉള്ളിൽ സ്ഥലസൗകര്യവും ഉയർത്തുന്നു. 4598 എംഎം നീളവും 1706 എംഎം ഉയരവുമുണ്ട്. 205 എംഎം ഗ്രൗണ്ട് ക്ലിയറൻസ്. എളുപ്പത്തിൽ വാഹനത്തിനുള്ളിലേക്കു കയറാവുന്നതരം രൂപകൽപന.

∙ ആഡംബരം:  വീണ്ടും ലാൻഡ് റോവർ ഫീൽ. സോഫ്റ്റ് ഫിനിഷ് ഡാഷ്ബോർഡ് ആദ്യമായി ലഭിക്കുന്ന ടാറ്റയാണ് ഹാരിയർ. ഓക് വുഡ് ഫിനിഷും സിൽവർ ഇൻസേർട്ടുകളും പ്രീമിയം. മികച്ച തുകൽസീറ്റുകൾ. മീറ്റർ കൺസോളിലെ 7 ഇഞ്ച് ടിഎഫ്ടി കളർ ഡിസ്പ്ലെയ്ക്കു പുറമെ 8.8 ഇഞ്ച് സ്ക്രീനുള്ള എന്റർടെയ്ൻമെൻറ് സിസ്റ്റം. നാലു സ്പീക്കറും 4 ട്വീറ്ററും ഒരു സബ്‌ വൂഫറും ആംപ്ലിഫയറും അടങ്ങിയ ജെബിഎൽ സിസ്റ്റം ശബ്ദതരംഗങ്ങൾക്കു പുതിയ മാനങ്ങൾ തീർക്കുന്നു.

Tata Harrier

∙ സൗകര്യങ്ങൾ: അഞ്ചു സീറ്ററാണ്. ഏഴു സീറ്റ് മോഡൽ പിന്നീടു വന്നേക്കും. ആറു വിധത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവിങ് സീറ്റും നാലു തരം ക്രമീകരണങ്ങളുള്ള കോ ഡ്രൈവർ സീറ്റും. സ്റ്റീയറിങ്ങിൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെയും ക്രൂസ് കൺട്രോളിന്റെയും സ്വിച്ചുകൾ. ശീതികരിക്കാവുന്ന ഗ്ലൗ ബോക്സ്, സൺഗ്ലാസ് സ്റ്റോറേജ്, ഡോറുകളിൽ മൊബൈൽ ഫോണിനായി ഇടം. പിൻ യാത്രക്കാർക്കായുള്ള എസി വെന്റുകൾ ബി പില്ലറിലാണ്.

∙ കരുത്തൻ: രണ്ടു ലീറ്റർ ക്രയോടെക് ഡീസൽ എൻജിന് 140 ബിഎച്ച്പി, 350 എൻഎം ടോർക്ക്. ആറു സ്പീഡാണ് ട്രാൻസ്മിഷൻ. സിറ്റി, ഇക്കോ, സ്പോർട്സ് എന്നീ ഡ്രൈവ് മോഡുകളുണ്ട്. പുറമെ വ്യത്യസ്ത ഡ്രൈവിങ് രീതികൾക്കായി വെറ്റ്, റഫ്, നോർമൽ മോഡുകൾ.

∙ സുരക്ഷിതം: 6 എയർബാഗ്, എബിഎസ്, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം, കോർണർ സ്റ്റബിലിറ്റി കൺട്രോൾ, ഇലക്ട്രോണിക് ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, ബ്രേക് ഡിസ്ക് വൈപ്പിങ്, ഹൈഡ്രോളിങ് ബ്രേക് അസിസ്റ്റ് തുടങ്ങി സുരക്ഷയ്ക്കു പരിധിയില്ല. ഇന്ത്യയിൽ നിർമിച്ച് ആദ്യ ആഗോള ഫൈവ് സ്റ്റാർ സുരക്ഷാമികവു നേടിയ ടാറ്റാ നെക്സോണിന് ഒത്ത പിന്മുറക്കാരൻ.

Tata Harrier

∙ ഓട്ടത്തിൽ മികവ്: കരുത്തും പെർഫോമൻസും വേണ്ടുവോളം. മൂന്നു മോഡുകളിലായി ഇഷ്ടമുള്ള കരുത്ത് തിരഞ്ഞെടുക്കാം. സ്പോർട്സ് മോഡിൽ മിന്നുന്ന പ്രകടനം. സ്റ്റിയറിങ് റെസ്പോൺസ് ശ്രദ്ധേയം. യാത്രാസുഖമാണ് ഏടുത്തു പറയേണ്ട മറ്റൊരു മികവ്. ഏതു മോശം റോഡിലും സുഖയാത്ര. നാലു വീൽ ഡ്രൈവ് ഇപ്പോഴില്ലെങ്കിലും ഈ പ്ലാറ്റ്ഫോമിന് നാലു വീൽ ശേഷിയുണ്ട്.

∙ വില: 12.69 ലക്ഷം മുതൽ

ടെസ്റ്റ് ഡ്രൈവ് – 8113888883