കുഞ്ഞുങ്ങളെ നെഞ്ചോട്‌ ചേര്‍ത്തുറക്കാറുണ്ടോ; എങ്കില്‍ ആ ശീലം ഒഴിവാക്കൂ

കൊച്ചുകുഞ്ഞുങ്ങളെ നെഞ്ചോട്‌ ചേര്‍ത്തുകിടത്തി ഉറക്കുന്നത് പതിവാണ്. എന്നാല്‍ ആ പതിവ് നിങ്ങളുടെ കുഞ്ഞിന്റെ ജീവനെടുത്താലോ? കേള്‍ക്കുമ്പോള്‍ തന്നെ ഞെട്ടല്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇതൊരു വാസ്തവമാണ്. പലപ്പോഴും നവജാതശിശുക്കളുടെ മാതാപിതാക്കള്‍ അറിയാതെ പോകുന്ന ഒരു അവസ്ഥയാണ് ഇത്. ഡോക്ടര്‍മാര്‍ പോലും ഇതിനെ കുറിച്ചു മുന്നറിയിപ്പ് നല്‍കാറില്ല. അത്രയ്ക്ക് അജ്ഞതയാണ് ഗുരുതരമായ ഈ ആരോഗ്യപ്രശ്നത്തെ കുറിച്ചു ഇന്നും നമുക്കിടയില്‍.

ഡോക്ടര്‍ സാമുവേല്‍ ഹങ്ക് തന്റെ മൂന്നാഴ്ച പ്രായമുള്ള കുഞ്ഞുമകന്‍ ചാര്‍ളിയുമായി ഒരല്പ്പ നേരം ചിലവിടാന്‍ പോയപ്പോള്‍ ഒരിക്കലും കരുതിയില്ല അത് തന്റെ കുഞ്ഞിന്റെ ജീവൻ അപഹരിക്കുമെന്ന്. പ്രസവസംബന്ധമായ അസ്വസ്ഥതകള്‍ അനുഭവിക്കുന്ന ഭാര്യയ്ക്ക് ഒരല്‍പം വിശ്രമം ലഭിക്കട്ടെ എന്ന് കരുതിയാണ് കുഞ്ഞുചാര്‍ളിയുമായി ഹങ്ക് തന്റെ മുറിയിലേക്ക് പോയത്. കുഞ്ഞിനേയും നെഞ്ചത്ത് കിടത്തി ഏറെ നേരം ടിവി കണ്ടു കൊണ്ടിരുന്നപ്പോള്‍ ഹങ്ക് ഒന്നുറങ്ങി പോയി. അച്ഛന്റെ നെഞ്ചിലെ  ചൂടേറ്റു മയങ്ങുന്ന ചാര്‍ളി പക്ഷേ പിന്നെ ഒരിക്കലും കണ്ണ്തുറന്നില്ല.  ഒരു ശിശുരോഗവിദഗ്ധനായ ഹങ്കിനു പോലും തന്റെ മകന് എന്താണ് സംഭവിച്ചതെന്ന്  ' ആദ്യം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. കുഞ്ഞിനെ നഷ്ടമായ ഷോക്കില്‍ നിന്നും അദ്ദേഹം അപ്പോഴും മുക്തനായിരുന്നില്ല. 

Sudden unexpected infant death അല്ലെങ്കില്‍  SUID അതായിരുന്നു ചാര്‍ളിയുടെ മരണത്തിന്റെ കാരണം. ഒരു ഡോക്ടര്‍ കൂടിയായ ഹങ്ക് പോലും അതിനെ കുറിച്ചു മുന്‍പ് കേട്ടിട്ടില്ല എന്നു പറയുമ്പോള്‍ വൈദ്യശാസ്ത്രം പോലും ഈ രോഗത്തെ കുറിച്ച് അധികം പഠനങ്ങള്‍ നടത്തിയിട്ടില്ല എന്നതു വ്യക്തമാകും. 

കുഞ്ഞുങ്ങളെ ചെസ്റ്റ് ടു ചെസ്റ്റ് പൊസിഷന്‍ വരുന്ന രീതിയില്‍ കിടത്തുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രശ്നമാണ് SUID. നവജാതശിശുക്കളില്‍ ആണ്  ഈ പ്രശ്നം സങ്കീര്‍ണമാകുന്നത്.  1995 - 2014 കാലത്ത്  8,869  കുഞ്ഞുങ്ങളാണ് ജനിച്ചു ഒരു മാസത്തിനകം SUID മൂലം മരണമടഞ്ഞത്. അതില്‍ 2,593 കുഞ്ഞുങ്ങള്‍ക്കും മരണം സംഭവിച്ചത്  ജനിച്ചു ആദ്യത്തെ ആറു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആയിരുന്നു. 1,317 കുഞ്ഞുങ്ങള്‍ ആദ്യ ദിവസവും 625  കുഞ്ഞുജീവനുകള്‍ ജനിച്ചു ആദ്യ മണിക്കൂറുകളിലും പൊലിഞ്ഞു. 

Read More : കുട്ടികളെ ഭക്ഷണം കഴിപ്പിക്കാൻ 8 വഴികൾ...

എവിടെയാണ് കുഞ്ഞുങ്ങളെ കിടത്തുന്ന ഈ രീതിയില്‍ പാകപ്പിഴ സംഭവിക്കുന്നത്‌? ജനിച്ച ഉടന്‍ അമ്മയുടെ ശരീരത്തിന്റെ ചൂടറിയാന്‍ കുഞ്ഞിനെ അമ്മയ്ക്കൊപ്പം ചേര്‍ത്തുകിടത്തുന്നത് പതിവാണ്. എന്നാല്‍ ഇത് ആശുപത്രിയില്‍ ഡോക്ടർമാരുടെയോ നഴ്സിന്റെയോ മേല്‍നോട്ടത്തില്‍ ആയിരിക്കും. നവജാത ശിശുവിനെ വീട്ടില്‍ കൊണ്ട് പോയ ശേഷവും തുടരുന്നതാണ് മിക്കപ്പോഴും ആപത്തു ക്ഷണിച്ചു വരുത്തുന്നത്. 

കുഞ്ഞുങ്ങളെ കിടത്തുമ്പോള്‍ എത്രത്തോളം ശ്രദ്ധ നല്‍കണം എന്നാണു ഈ വാര്‍ത്ത നല്‍കുന്ന മുന്നറിയിപ്പ്. 

അപകടകരമായ രീതിയില്‍ നവജാതശിശുക്കളെ കിടത്തുന്നത് അവര്‍ക്ക് ശ്വാസതടസ്സം ഉണ്ടാക്കാന്‍ കാരണമാകും. നമ്മള്‍ സുരക്ഷിതം എന്ന് കരുതുന്ന പൊസിഷനുകള്‍ പോലും ചിലപ്പോള്‍ കുഞ്ഞിന്റെ ജീവന് ആപത്താകുന്നത് ഇങ്ങനെയാണ്. 

തങ്ങളുടെ അറിവില്ലായ്മ മൂലം നഷ്ടമായ മകന്‍ ചാര്‍ളിയുടെ സ്മരണയ്ക്കായി 2011 മുതല്‍  ചാര്‍ളി കിഡ്സ്‌ ഫൗണ്ടേഷന്‍ വഴി ഈ അപകടത്തെ കുറിച്ചു കൂടുതല്‍ മാതാപിതാക്കളെ ബോധവാന്മാരാക്കാന്‍ കാംപയിന്‍ നടത്തുകയാണ് ഡോക്ടര്‍ ഹങ്കും ഭാര്യയും.  നഷ്ടമായ മകനെ തിരികെ ലഭിക്കില്ലെന്ന അറിവിലും മറ്റൊരു കുഞ്ഞിനും ഈ അപകടം സംഭവിക്കാന്‍ പാടില്ലെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്. 

SUID മുന്‍കരുതലുകള്‍ 

∙ കുഞ്ഞുങ്ങളെ മാതാപിതാക്കള്‍ ഉറങ്ങുന്ന മുറിയില്‍ തന്നെ ഉറങ്ങാന്‍ കിടത്തുക. 

∙ എന്നാല്‍ അവര്‍ക്ക് വൃത്തിയും സുരക്ഷിതവുമായ മറ്റൊരു കിടക്ക ഉറപ്പായും ഒരുക്കുക. 

∙ ഒരിക്കലും പുകവലിക്കുന്നവരുടെ അടുത്തു കുഞ്ഞിനെ കിടത്തരുത് 

∙ കുഞ്ഞുങ്ങളെ കിടത്തുന്ന കട്ടിലിനു നല്ല ഉറപ്പുഉണ്ടാകണം. പതുപതുത്ത മെത്തയില്‍ കിടത്തുന്നത് ചിലപ്പോള്‍ ശ്വാസതടസത്തിനു കാരണമാകും.

∙ കുഞ്ഞുങ്ങളെ കമഴ്ത്തി കിടത്തി ഉറക്കരുത്. 

∙ തീരെ ചെറിയ കുഞ്ഞുങ്ങളെ അച്ഛനോ അമ്മയോ നെഞ്ചത്ത് കിടത്തി ഉറക്കുന്നതും ഒഴിവാക്കാം. 

Read More : Health Magazine