രാവിലെ ആപ്പിൾ കഴിച്ചാൽ?

ഒരു ദിവസം ഒരാപ്പിള്‍ കഴിക്കുന്നത്‌ രോഗങ്ങളെ പടിക്കു പുറത്തുനിര്‍ത്തും എന്നാണല്ലോ ചൊല്ല്. എന്നാല്‍ തോന്നിയ സമയത്ത് ആപ്പിൾ കഴിക്കുന്നതിനേക്കാള്‍ ആരോഗ്യപ്രദം ചില പ്രത്യേക സമയത്തു കഴിക്കുന്നതാണെന്നാണു ഗവേഷകര്‍ പറയുന്നത്. പ്രതിരോധശേഷി വളരെയധികം കൂട്ടാന്‍ സഹായിക്കുന്ന ഒരു പഴമാണ് ആപ്പിൾ. ആയുര്‍വേദത്തില്‍ ഓരോ പഴവും കഴിക്കാന്‍ പ്രത്യേകസമയം നിഷ്കർഷിച്ചിട്ടുണ്ട്. അതുപോലെ തന്നെയാണ് ആപ്പിളിന്റെ കാര്യവും.ആപ്പിൾ കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണ് എന്നാണു ഗവേഷകര്‍ പറയുന്നത്. 

രാത്രി ഉറങ്ങാന്‍ വൈകുന്നവരും ദഹനസംബന്ധമായ പ്രശ്നങ്ങളുള്ളവരുമാണ് മിക്കവാറും എല്ലാവരും. അതുകൊണ്ടുതന്നെ രാവിലെ ആപ്പിൾ കഴിക്കുന്നശീലം ഗുണം മാത്രമേ നല്‍കൂ. മറ്റേതു പഴത്തെക്കാളും ആപ്പിൾ രാവിലെ ശീലമാക്കുന്നതാണ് ആരോഗ്യത്തിനു ഉത്തമവും. അതുപോലെ, ആപ്പിളില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍ ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാനും കുടലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കും. കാന്‍സറിനു കാരണമാകുന്ന കാർസിയോജെൻസ് (carcinogens) നീക്കം ചെയ്യാനും ആപ്പിൾ കഴിക്കുന്നതു കൊണ്ട് സാധിക്കും. 

എന്നാല്‍ ഉച്ചനേരത്തോ വൈകിട്ടോ രാത്രിയിലോ ആണ് ആപ്പിൾ കഴിക്കുന്നതെങ്കില്‍ മേല്‍പറഞ്ഞ ഗുണം കിട്ടില്ല. രാത്രിയില്‍ ആപ്പിൾ കഴിക്കുന്നത്‌ ഗ്യാസ് ഉണ്ടാക്കും. ഇത് ഉറക്കം കെടുത്തുകയും ചെയ്യും. അതുപോലെ ഈ സമയത്ത് ആപ്പിൾ കഴിച്ചാല്‍ അതിലുള്ള ഓര്‍ഗാനിക് ആസിഡ് വയറ്റിലെ ആസിഡിന്റെ അളവ് ക്രമാതീതമായി കൂട്ടുകയും അങ്ങനെ ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.