മറ്റൊരാളുടെ ഹെൽമറ്റ് ഉപയോഗിച്ചാൽ?

ഹെൽമറ്റ് തിരഞ്ഞെടുക്കുമ്പോൾ ശരിയായ അളവിലുള്ളതായിരിക്കണം. നല്ല ഗുണമേന്മയുള്ളതും ഫുൾ കവറിങ് ഉള്ളതുമായ ഹെൽമറ്റ് ആണ് ഉചിതം. ഹെൽമറ്റ് ധരിക്കുമ്പോൾ മുടിക്കു പിന്നിലേക്കു വലിവ് ഇല്ലാതിരിക്കാൻശ്രദ്ധിക്കണം. വലിവ് ഉണ്ടെങ്കിൽ മുടിയുടെ ബലം കുറയാനും പെട്ടെന്നു പൊഴിഞ്ഞുപോകാനും കാരണം ആകും. ഹെൽമറ്റിന്റെ മുൻഭാഗം ഉരഞ്ഞു നെറ്റിയിൽ കറുത്ത പാടുണ്ടാകാം. അകവശം മൃദുവായ ഹെൽമറ്റ് തിരഞ്ഞെടുക്കുക. മറ്റൊരാളുടെ ഹെൽമറ്റ് ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം. താരൻ, ഫംഗസ്, അണുബാധ എന്നിവ ഉണ്ടെങ്കിൽ അതു പകരാൻ സാധ്യത കൂടുതലാണ്.ഹെൽമറ്റ് തുടർച്ചയായി ഉപയോഗിക്ക‍ുമ്പോൾ തലവിയർക്കും. എണ്ണയും വിയർപ്പും കൂടിച്ചേർന്നു താരൻ ഉണ്ടാകും. ഇതിനൊരു പരിഹാരമാണ് സ്കാർഫ്. ഇത് വിയർപ്പ‍ു വലിച്ചെടുക്കും കോട്ടൺ സ്കാർഫ് ആണ് ഏറ്റവും നല്ലത്. സ്കാർഫ് എന്നും കഴുകി ഉണക്കുക. 

ഫംഗസ് ഇൻഫക്ഷൻ
ഫംഗസ്, ബാക്ടീരിയ എന്നിവയുടെ അണുബാധയുണ്ടായാൽ രോമകൂപങ്ങളിൽ പഴുപ്പ്, വട്ടത്തിൽ മുടി പൊഴിച്ചിൽ എന്നിവ ഉണ്ടാകാം. ഹെൽമറ്റ് എപ്പോഴും തുടച്ചു വൃത്തിയായി വയ്ക്കുക. മഴ നനഞ്ഞിട്ടുണ്ടെങ്കിൽ വെയിലത്ത് ഉണക്കുക. ദീർഘദൂരം യാത്ര ചെയ്യേണ്ടിവരുമ്പോൾ ഇടയ്ക്കു വണ്ടി നിർത്തി വിശ്രമിക്കുക. ഹെൽമറ്റ് ഊരി കാറ്റ് കൊള്ള‍ുക. ഹെൽമറ്റിനകത്തെ വിയർപ്പു തുടയ്ക്കുക, വെള്ളം ധാരാളം കുടിക്കുക തുടങ്ങിയവയല്ലാം മുടിയുടെയും ചർമത്തിന്റെയും ആരോഗ്യത്തിനു വളരെ നല്ലതാണ്.