ഈ വേനലിൽ വെറും വെള്ളം കുടിക്കേണ്ട പിന്നെയോ?

വേനലിൽ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത്  അത്യാവശ്യമാണ്. ഇടയ്ക്കിടെ വെള്ളം കുടിക്കുക, നിർജല‍ീകരണം തടയാൻ അത് സഹായിക്കും. ഇനിമുതൽ വെറും വെള്ളം കുടിക്കേണ്ട. ചില കാര്യങ്ങൾ ചേർത്ത വെള്ളം കുടിക്കുന്നത് ഏറെ ഗുണകരമാകും എന്തൊക്കെയാണ് വെള്ളത്തിൽ ചേർക്കേണ്ടതെന്നു നോക്കാം. 

നാരങ്ങ

നാരങ്ങാനീരും  തേനും ചേർത്ത വെള്ളം കുടിച്ചുകൊണ്ട് ദിവസം തുടങ്ങാം. ഇത് കരളിന്റെയും വൃക്കകളുടെയും പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. നാരങ്ങാവെള്ളം ദഹനത്തിനു സഹായിക്കുന്നതോടൊപ്പം ജീവകംസി അടങ്ങിയതിനാൽ ചർമത്തിനും നല്ലതാണ്. ശരീരത്തിലെ വിഷാംശങ്ങളെ നീക്കാൻ കഴിവുള്ളതിനാൽ നാരങ്ങാവെള്ളം ശരീരഭാരം കുറയ്ക്കാനും സഹായിക്കും 

പുതിന

പുതിന ശരീരത്തെ തണുപ്പിക്കുന്നു. കുടിക്കുന്ന വെള്ളത്തിൽ ഏതാനും പുതിനയിലകൂടി ചേർത്തോളൂ. ഫ്രഷ്  ആക്കുന്നതോടൊപ്പം ചർമത്തിന്റെ ആരോഗ്യത്തിനും ഗുണകരം. വിയർക്കുന്നമൂലവും പൊടി അടിക്കുന്നതു മൂലവും വേനൽക്കാലത്ത് മുഖക്കുരു വരാൻ‌ സാധ്യതയുണ്ട്. പുതിന, മുഖക്കുരു വരാതെ തടയുന്നതോടൊപ്പം വേദനയും അകറ്റുന്നു. 

കുക്കുമ്പർ

ജലാംശം ഏറെയുള്ള പച്ചക്കറിയായ കക്കിരിക്ക അഥവാ സാലഡ് വെള്ളരി എന്ന കുക്കുമ്പർ വേനലിൽ കഴിക്കാൻ ഏറ്റവും അനുയോജ്യമാണ്. ആന്റി ഒാക്സിഡന്റുകളും ധാതുക്കളും ജീവകങ്ങളും ധാരാളം അടങ്ങിയ കക്കിരിക്കയിൽ 95 ശതമാനവും ജലമാണ്. ദിവസവും കുടിക്കുന്ന വെള്ളത്തിൽ കഷണങ്ങളാക്കിയോ വെറുതെ തിന്നാനോ വേനൽക്കാലത്ത് ഏറ്റവും മികച്ച ഒന്നാണിത്. 

ഉലുവ

ചൂടുകാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണിത്. ഉലുവ രാത്രി വെള്ളത്തിൽ കുതിർത്തു വച്ചശേഷം രാവിലെ ഈ വെള്ളം കുടിക്കാം. ഇതിൽ വേണമെങ്കിൽ അൽപ്പം ഇന്തുപ്പും തേനും ചേർക്കാവുന്നതാണ്. ഇത് ശരീരത്തെ തണുപ്പിക്കുന്നു. കൂടാതെ കുടിക്കുന്ന വെള്ളത്തിൽ ഉലുവ ചേർത്ത് പകൽ സമയം ഈ വെള്ളം കുടിക്കാവുന്നതാണ്. 

കശകശ

വെള്ളത്തിൽ കുതിർത്ത കശകശ വേനൽക്കാലത്ത് ഏറ്റവും യോജിച്ച ഒന്നാണ്. ഇത് ശരീരത്തിന്റെ ചൂട് കുറയ്ക്കുന്നു. മിൽക്ക് ഷേക്ക്, കോക്ക്ടെയ്ൽ, ഫലൂഡ, െഎസ്ക്രീം, ഇവയിലെല്ലാം കശകശ ചേർക്കാറുണ്ട്. കശകശ ലസിയിലോ കുടിക്കുന്നവെള്ളത്തിലോ മിൽക്ക്ഷേക്കിലോ ചേർത്ത് ഉപയോഗിക്കാം. 

ഈ അഞ്ചു കാര്യങ്ങൾ വെള്ളത്തിൽ ചേർത്തുകുടിച്ചാൽ ഈ വേനലിനെ നേരിടാം. ശരീരത്തെ തണുപ്പിക്കുന്ന ഇവ  നിർജലീകരണം തടയുന്നു. ഇനി വെള്ളം വെറുതെ കുടിക്കേണ്ട. ഇവയേതെങ്കിലും ചേർത്ത് കുടിച്ച് ആരോഗ്യമുള്ള ശരീരം സ്വന്തമാക്കാം.

Read More : Health Tips