ബ്രെറ്റ് ലീ ആളൊരു സംഭവം തന്നെ!

ഓസ്ട്രേലിയൻ ഫാസ്റ്റ് ബോളർ, ഒഴിവുവേളകളിലെ ഫുട്ബോളർ, സൂപ്പർ മ്യുസീഷൻ, ഫാഷൻ ഐക്കൺ, നടൻ, കമന്റേറ്റർ – ഹാവൂ... ബ്രെറ്റ് ലീ എന്ന കൂട്ടുകാരുടെ ബിൻഗ ആളൊരു സംഭവം തന്നെ. 

കഴിഞ്ഞദിവസം കോഴിക്കോട്ടെത്തിയ ബ്രെറ്റ് ലീയെ കണ്ടവരിൽ ഒരാൾ പറഞ്ഞു, ‘ട്യൂബ് ലൈറ്റ് തെളിഞ്ഞു നിൽക്കുന്നതു പോലെ ഒരു മനുഷ്യൻ! ‘ എന്തൊരു പോസിറ്റീവ് സ്പിരിറ്റ്’. 

16–ാം വയസ്സിൽ നട്ടെല്ലിനു പരുക്കേറ്റപ്പോൾ ഡോക്ടർ പറഞ്ഞതാണ്, ഇനി ക്രിക്കറ്റ് കളിക്കാൻ പോയിട്ട് പന്തുവെറുതെ ഉരുട്ടാൻ പോലും പറ്റില്ലെന്ന്. ബിൻഗ വിട്ടില്ല, ‘ഞാൻ ക്രിക്കറ്റ് കളിക്കും, ആദ്യ ടെസ്റ്റിന്റെ ടിക്കറ്റ് അയച്ചു തരും. ഡോക്ടർ വന്നു കളി കാണണം’ എന്നങ്ങു കാച്ചി. അങ്ങനെ തന്നെ ചെയ്യുകയും ചെയ്തു! ഈ കക്ഷിക്കു പിന്നെ പോസിറ്റീവ് സ്പിരിറ്റ് കുറയുമോ?

'വയസ്സന്‍' ബ്രെറ്റ്

അപ്പൂപ്പന്റെ വേഷം കെട്ടി ഇന്ത്യൻ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന ബ്രെറ്റ് ലീ കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. ഇത്തരം കുസൃതികളാണു തന്റെ യൂത്ത്ഫുൾ എനർജിക്കു പിന്നിലെന്നും അദ്ദേഹം പറയുന്നു.

മൈതാനത്തും പുറത്തും പ്രകാശം പരത്തുന്ന മുഖമാകാൻ എങ്ങനെ കഴിയുന്നു എന്ന ചോദ്യത്തിന് ബ്രെറ്റ് ലീയുടെ വെബ്സൈറ്റിൽ ഉത്തരം റെഡി:

ക്രിക്കറ്റ്, സംഗീതം – ഇതു രണ്ടും എന്റെ ജീവനാണ്. ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങളാണു ഞാൻ ചെയ്യുന്നത്. പൂർണമായി ആസ്വദിച്ച്. അതുകൊണ്ടു തന്നെ ഉള്ളിൽ നിറയെ സന്തോഷമാണ്.

എന്തിനാണ് ഏറ്റവും മുൻഗണന?

കുടുംബം, കുടുംബം, കുടുംബം. ക്രിക്കറ്റോ മ്യൂസിക്കോ ഫാഷൻ ആക്ടിവിറ്റികളോ എന്റെ കുടുംബത്തിന്റെ നല്ലതിനു വേണ്ടി ഉപേക്ഷിക്കണമെന്നു പറഞ്ഞാൽ ഞാൻ ചെയ്യും.

യുവാക്കളോട് എന്താണു പറയാനുള്ളത്?

സന്തോഷമായിരിക്കൂ, ജീവിതം ആസ്വദിക്കൂ

ഏറ്റവും നല്ല ഉപദേശം?

ഒന്നും വെറുതെ ഊഹിക്കരുത്.

ലക്ഷ്യം?

നമുക്ക് ആകാൻ കഴിയുന്നതിന്റെ ഏറ്റവും ബെസ്റ്റ് ആയി മാറുക.

ചെറുപ്പത്തിലുണ്ടായിരുന്ന സ്വപ്നം?

ഏറ്റവും വലിയ ഫാസ്റ്റ് ബോളറാകുക! അല്ലാതെന്ത്

Read More : Celebrity Fitness