കുഞ്ഞുങ്ങള്‍ക്ക്‌ ഫുട്ബോള്‍ പരിശീലനം നല്‍കുന്നതിന്റെ ഗുണങ്ങള്‍?

പ്രായഭേദമന്യേ എല്ലാവർക്കും ഇഷ്ടമുള്ള കായികവിനോദമാണ് ഫുട്ബോള്‍. കളിയുടെ ആവേശം വലിയവരിലും ചെറിയകുട്ടികളിലും ഒരുപോലെയാണ്. പണ്ടൊക്കെ പാടത്തും പറമ്പിലും ഫുട്ബോള്‍ കളിച്ചാണ് കുട്ടികള്‍ വളരുന്നത്‌. എന്നാല്‍ ഇന്ന് കുട്ടികളുടെ കഴിവുകള്‍ നേരത്തെ മനസ്സിലാക്കി മാതാപിതാക്കള്‍ പലപ്പോഴും അവര്‍ക്ക് മികച്ച പരിശീലനം നല്‍കാന്‍ ശ്രമിക്കാറുണ്ട്. നല്ല ഫുട്ബോള്‍ അക്കാദമികള്‍ കണ്ടെത്തി അവിടെ പരിശീലനത്തിന് വിടാന്‍ ശ്രമിക്കുന്ന മാതാപിതാക്കളുമുണ്ട്.

എന്നാല്‍ ഈ ഫുട്ബോള്‍ പരിശീലനം കുട്ടികള്‍ക്ക് ശാരീരികവും മാനസികവുമായ ഒട്ടനവധി കഴിവുകള്‍ വളര്‍ത്താന്‍ സഹായിക്കുമെന്ന് അറിയാമോ ? അതേ, കുട്ടികളില്‍ പോസിറ്റീവ് എനര്‍ജി വളര്‍ത്താനും അവരെ കൂടുതല്‍ ആത്മവിശ്വാസം ഉള്ളവരാക്കാനും ഈ പരിശീലനം സഹായിക്കും. എന്തൊക്കെയാണ് കുട്ടികളില്‍ ഫുട്ബോള്‍ കളി കൊണ്ട് ലഭിക്കുന്ന ശാരീരികമാനസികസാമൂഹിക മേന്മകള്‍ എന്നു നോക്കാം.

ആത്മവിശ്വാസം വളര്‍ത്തും 

അതേ, ചെറിയ പ്രായത്തില്‍ത്തന്നെ ഫുട്ബോള്‍ കളിക്കാന്‍ തുടങ്ങുന്ന കുട്ടികളില്‍ ആത്മവിശ്വാസവും സ്വയംബഹുമാനവും ഏറുമെന്നു വിദഗ്ദര്‍ പറയുന്നു. ഇഷ്ടമുള്ളൊരു വിനോദം കൂട്ടുകാര്‍ക്കൊപ്പം കളിക്കുമ്പോള്‍ അതവരില്‍ പോസിറ്റീവായ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാക്കും. ഒരു ടീമിന്റെ ഭാഗമായി കളിക്കുമ്പോള്‍ ആശയവിനിമയത്തിനുള്ള സാധ്യത വളര്‍ത്തും. ഒപ്പം എങ്ങനെ ആളുകളുമായി ഇടപെടണം, എങ്ങനെ പെരുമാറണം എന്നെല്ലാം മനസ്സിലാക്കാന്‍ സാധിക്കും.

പരസ്പരസഹകരണം 

ഒരു ടീമിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോള്‍ അത് കുട്ടികളില്‍ പരസ്പരസഹകരണം വളര്‍ത്തും. എങ്ങനെ കൂട്ടായ പ്രവര്‍ത്തനം ഒരു ടീമിനെ വിജയത്തിലേക്ക് എത്തിക്കുമെന്ന് ഇതുവഴി പഠിക്കാന്‍ സാധിക്കും.

ശ്രദ്ധ വളര്‍ത്തും 

ഇഷ്ടമുള്ള ഒരു കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് കുട്ടികളില്‍ കോണ്‍സന്‍ട്രേഷന്‍ വളര്‍ത്തും. എന്തു ചെയ്യാനും പൂര്‍ണശ്രദ്ധ നല്‍കാനുള്ള പരിശീലനം ഇതുവഴി കിട്ടും.

പുതിയ ആളുകള്‍ പുതിയ സൗഹൃദം 

ഒരു കായികവിനോദത്തില്‍ ഏര്‍പ്പെടുമ്പോള്‍ കിട്ടുന്ന ഏറ്റവും വലിയ സന്തോഷം പുതിയ പുതിയ പരിചയങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയ ആളുകളെ അടുത്തറിയാനും പുതിയ സൗഹൃദങ്ങള്‍ വികസിപ്പിക്കാനും ഇത് സഹായിക്കും.

പഠനത്തില്‍ മിടുക്ക് 

കായികയിനങ്ങളില്‍ മേന്മ പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് പഠനകാര്യത്തിലും മികവു പുലര്‍ത്താന്‍ സാധിക്കുമെന്നാണ് പഠനം പറയുന്നത്. കഠിനാധ്വാനം, ശ്രദ്ധ എന്നിവ അവര്‍ കായിനയിനത്തില്‍ പുലര്‍ത്തുന്നത് പോലെ തന്നെയാകും പഠനത്തിലും.

അച്ചടക്കം 

കളിക്കളത്തില്‍ ഏറ്റവും പ്രധാനം അച്ചടക്കമാണല്ലോ. അതുകൊണ്ടുതന്നെ കായികവിനോദങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ പൊതുവേ അച്ചടക്കം പാലിക്കുന്നവരാണ്. നിയമങ്ങള്‍ പാലിച്ചാണ് കളിക്കേണ്ടത്. ആ പരിശീലനം അവരുടെ ജീവിതത്തിലും ഉണ്ടാകും.

മാനസികാരോഗ്യം 

കളിക്കളത്തില്‍ ആക്ടീവ് ആയിരിക്കുന്ന കുട്ടികളില്‍ മാനസികാരോഗ്യം തൃപ്തികരമായിരിക്കും. സന്തോഷം, ഉന്മേഷം എന്നിവ ഇവരില്‍ എപ്പോഴും കാണാം. മാനസികമായി സന്തോഷവാന്മാരായിരിക്കാന്‍ കുട്ടികളെ കളികളില്‍ ഏര്‍പ്പെടുത്തണമെന്നു പറയുന്നത് ഇതുകൊണ്ടാണ്.

സ്‌ട്രെസ്സ്, വിഷാദം 

ഇവ രണ്ടും കളിക്കാരില്‍ കുറവായിരിക്കും. കളിക്കളത്തില്‍ പലപ്പോഴും സ്ട്രെസ് ഉണ്ടാകുമെങ്കിലും അവര്‍ക്കു ലഭിക്കുന്ന പരിശീലനം അതിനെ അതിജീവിക്കാന്‍ സഹായിക്കും. സ്ട്രെസ്സ് ഹോര്‍മോണ്‍ ഉത്പാദനം കുറയ്ക്കാന്‍ അവര്‍ക്ക് സാധിക്കുമെന്ന് വിദഗ്ദര്‍ പറയുന്നു.

ഉറക്കം 

എന്തു കാര്യത്തിനും ഏറ്റവും ആവശ്യം നല്ലയുറക്കം ലഭിക്കുക എന്നതാണ്. ഫുട്ബോള്‍ പരിശീലിക്കുന്നവര്‍ക്ക് നല്ല ഉറക്കം ലഭിക്കുമെന്നത് വലിയൊരു ഗുണമാണ്. സുഖകരവും ആഴത്തിലുമുള്ള ഉറക്കം ലഭിക്കാൻ പകല്‍ നേരത്തെ പരിശീലനം സഹായിക്കും. 

ഭാരം ക്രമീകരിക്കും 

ഏറെ ആയാസമുള്ള കായികവിനോദമാണ് ഫുട്ബോള്‍. അതുകൊണ്ടുതന്നെ ഇതൊരു മികച്ച വ്യായാമം തന്നെ. ഫുട്ബോള്‍ സ്ഥിരമായി കളിച്ചാല്‍ ഭാരം കൃത്യമായി ക്രമപ്പെടുത്തന്‍ സാധിക്കും. അമിതകാലറി പുറംതള്ളി ആരോഗ്യത്തോടെ ഇരിക്കാന്‍ ഇത് സഹായിക്കും.

രക്തയോട്ടം വര്‍ധിപ്പിക്കും , എല്ലുകളെ ബലപ്പെടുത്തും 

ഫുട്ബോള്‍ കളിക്കുമ്പോള്‍ ശരീരത്തിലേക്ക് ആവശ്യത്തിനു വായൂ സഞ്ചാരമുണ്ടാകും. ഇത് രക്തയോട്ടം കൂട്ടും. രക്തയോട്ടം കൂട്ടുക മാത്രമല്ല ഹീമോഗ്ലോബിന്‍ നില കൂട്ടാനും ഇതു സഹായിക്കും. ഒപ്പംതന്നെ എല്ലുകളുടെ ബലം കൂട്ടാനും മസ്സിലുകള്‍ ഉറയ്ക്കാനും സഹായിക്കും. മറ്റൊരു വര്‍ക്ക്‌ ഔട്ടും നടത്താതെ തന്നെ ശരീരം കരുത്തുള്ളതാക്കാന്‍ ചെറുപ്പത്തില്‍ തന്നെയുള്ള ഫുട്ബോള്‍ കളി കുട്ടികളെ സഹായിക്കും. 

Read More : Health and Wellbeing