രോഗങ്ങൾ അകറ്റാൻ ചെയ്യേണ്ട കാര്യങ്ങൾ

മഴ പെയ്തു തോർന്നിട്ടും ദുരിതങ്ങൾ തോരുന്നില്ല. വെള്ളപ്പൊക്കബാധിത മേഖലകളിലെ ദുരിതാശ്വാസ ക്യാംപുകളിൽ നിന്നു മടങ്ങുന്നവരുടെ മുന്നിൽ വീടു വലിയ ചോദ്യചിഹ്നമായി നിൽക്കുന്നു. വീടിനുള്ളിൽ കാൽതാഴ്ന്നുപോകുന്ന വിധത്തിൽ ചെളി നിറഞ്ഞു. വീട്ടിൽ, ചിലപ്പോൾ ഇഴജന്തുക്കൾ ഒളിച്ചിരിപ്പുണ്ടാകും. 

പല വീടുകളിലും വിഷപ്പാമ്പുകളെവരെ കണ്ടു. ശുചിമുറികൾ ഉപയോഗ ശൂന്യം. പലതും ചെളിവന്നു മൂടിപ്പോയി. വീടിനുള്ളിലുണ്ടായിരുന്ന പ്രധാന രേഖകൾ അടക്കം സർവതും നനഞ്ഞലിഞ്ഞു നശിച്ചു. കിണറുകളിൽ മാലിന്യം നിറഞ്ഞു...

ഇനി ശുദ്ധീകരണ യജ്ഞമാണ്. വീടുകൾ വൃത്തിയാക്കി, വാസയോഗ്യമാക്കി, അണുവിമുക്തമാക്കിയുള്ള പുനഃപ്രവേശം. എലിപ്പനി, ടൈഫോയ്ഡ്, ജലജന്യരോഗങ്ങൾ എന്നിവ പടരാൻ സാധ്യതയുള്ളതിനാൽ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥർ പറയുന്ന മുൻകരുതലുകൾ കൃത്യമായി സ്വീകരിക്കണം. 

സെപ്ടിക് ടാങ്കുകളിലെയും ഓടകളിലെയും മാലിന്യം ജലസ്രോതസുകളിൽ കടന്നതിനാൽ അതീവ ജാഗ്രത വേണം. എലിമാളങ്ങളിലും വെള്ളം കയറിയതിനാൽ എലിപ്പനി പകരാനുള്ള സാധ്യത കൂടുതലാണ്. ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെല്ലാം 20 വീടിന് ഒരു ഉദ്യോഗസ്ഥനെന്ന നിലയിൽ ആരോഗ്യവകുപ്പിന്റെ ദൗത്യം തുടരുകയാണ്. കൂടാതെ നഴ്സുമാരും ആശാ വർക്കർമാരും അങ്കണവാടി ജീവനക്കാരും സന്നദ്ധ സംഘടനകളുമെല്ലാം ഈ ശുദ്ധീകരണ യ‍ജ്ഞത്തിനൊപ്പമുണ്ട്. മാർഗനിർദേശങ്ങളനുസരിച്ചു മാത്രം, കരുതലോടെ വീട്ടിലേക്കു മടങ്ങാം.

വീടു വൃത്തിയാക്കാൻ

വീടിനകത്തെ ചെളി വടിച്ചുമാറ്റി, ബ്ലീച്ചിങ് പൗഡർ ലായനി ഒഴിച്ചു വൃത്തിയായി കഴുകണം. തുടർന്നു ഫിനോയിൽ മിശ്രിതം കൊണ്ടും കഴുകണം. ഇങ്ങനെ വൃത്തിയാക്കൽ ഇടവിട്ടു ചെയ്യണം. വീടു വൃത്തിയായി, രോഗങ്ങളുണ്ടാകുന്ന സാഹചര്യമില്ല എന്നുറപ്പുവരുത്തി മാത്രമേ, വീടിനുള്ളിലേക്കു കയറാവൂ. ഓരോ വീടിന്റെയും സാഹചര്യം മനസിലാക്കി ആവശ്യമുള്ള അളവിൽ ബ്ലീച്ചിങ് പൗഡറും ഫിനോയിലും ആരോഗ്യ വകുപ്പു നൽകുന്നുണ്ട്. വീടിനുള്ളിലുള്ള പായലും വഴുക്കലും പോകാനും ബ്ലീച്ചിങ് പൗഡർ സഹായിക്കും.  വീട് ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചു വൃത്തിയാക്കുമ്പോൾ പ്രത്യേകം ശ്രദ്ധ വേണം. പൗഡറിന്റെ അളവു കൂടിയാൽ സിമന്റും ടൈലും മങ്ങാനും നിറം പോകാനും സാധ്യതയുണ്ട്. എന്നാൽ, ദുർഗന്ധം അകറ്റാനും അണുക്കളെ നശിപ്പിക്കാനും ബ്ലീച്ചിങ് പൗഡർ നിർബന്ധമായി  ഉപയോഗിക്കണം. കുമ്മായം ഇടുന്നതും നല്ലതാണ്. വീടിന്റെ പരിസരങ്ങളിലും കുമ്മായവും ബ്ലീച്ചിങ് പൗഡറും ഇടണം. മഴ പെയ്താൽ ഇവ വീണ്ടുമിടണം. 

ചെളിവെള്ളത്തിലിറങ്ങിയാൽ

ഓടകളിലെയും സെപ്ടിക് ടാങ്കുകളിലെയും മാലിന്യങ്ങൾ കലർന്ന വെള്ളത്തിലോ ചെളിയിലോ ഇറങ്ങുമ്പോൾ ബൂട്ടും ഗ്ലൗസുമുപയോഗിക്കണമെന്ന് ഹെൽത്ത് ഓഫിസർ പി.എൻ. ശ്രീനിവാസൻ പറയുന്നു. വൃത്തിയാക്കിലിനു ശേഷം അണുനാശിനിയും സോപ്പുമുപയോഗിച്ചു കൈകാലുകൾ കഴുകണം. 

കാലിലെ വളംകടിയിലൂടെ എലിപ്പനി പകരാം. വളംകടിക്കു ലോഷനുകൾ, മരുന്നുകൾ എന്നിവ പുരട്ടണം. ചെളിവെള്ളത്തിലിറങ്ങിയാൽ ഡോക്ടറുടെ നിർദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികകൾ കഴിക്കാം. കൊതുകിന്റെ ലാർവ വളരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം.

കിണറിനു വേണം സൂപ്പർക്ലോറിനേഷൻ

കിണറ്റിലെ വെള്ളം കൃത്യമായ ക്ലോറിനേഷനിലൂടെ വൃത്തിയാക്കിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ. സൂപ്പർ ക്ലോറിനേഷനാണു കിണറുകൾക്കു വേണ്ടത്. വെള്ളം മോട്ടർ ഉപയോഗിച്ചു പൂർണമായി വറ്റിച്ചെടുക്കണം. വന്നടിഞ്ഞ ഖരമാലിന്യം നീക്കം ചെയ്യണം. ചെളി മുഴുവൻ കോരിക്കളയണം.

കിണറിന്റെ പരിസരവും വൃത്തിയാക്കണം. വീണ്ടും വെള്ളം വന്നതിനു ശേഷമാണു ക്ലോറിനേഷൻ നടത്തേണ്ടത്. നാലു ഗ്രാം ബ്ലീച്ചിങ് പൗഡർ 1000 ലീറ്ററിന് എന്ന രീതിയിലാണു കലക്കി ഒഴിക്കേണ്ടത്. വെള്ളം ഓരോ ഘട്ടത്തിലും പരിശോധിക്കണം. തുടർന്നു ബ്ലീച്ചിങ് പൗഡറിന്റെ അളവു രണ്ടര ഗ്രാമാക്കി കുറയ്ക്കാം. ഒരാഴ്ച ഇങ്ങനെ ക്ലോറിനേഷൻ തുടരണം. 

പാത്രം കഴുകാനും മറ്റും ക്ലോറിനേഷൻ നടത്തിയ വെള്ളം ഉപയോഗിക്കാം. ക്ലോറിൻ ടാബ്‌ലെറ്റുകൾ ഇതിനായി ഉപയോഗിക്കാം. 20 ലീറ്റർ വെള്ളത്തിന് ഒരു ടാബ്‌ലെറ്റ് എന്ന രീതിയിൽ പൊടിച്ചുചേർത്ത്, വെള്ളം ബാക്ടീരിയ വിമുക്തമാക്കിയ ശേഷം കുടിക്കാനല്ലാതുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. ഈ ക്ലോറിനേഷനിലൂടെ രോഗങ്ങൾ പരത്തുന്ന ഇ–കോളി ബാക്ടീരിയ നശിച്ചുപോകും.

ശുചിമുറികളുടെ കാര്യത്തിലും ശ്രദ്ധ വേണം

സെപ്റ്റിക് ടാങ്കുകൾ പലതും നിറയാനും ക്ലോസറ്റുകൾ ചെളി വന്ന് അടയാനുമൊക്കെ പ്രളയം കാരണമായിട്ടുണ്ട്. ശുചിമുറിയിലെ ചെളി കോരിക്കളഞ്ഞു വൃത്തിയാക്കിയതിനു ശേഷം ക്ലോസറ്റിൽ വെള്ളമൊഴിച്ചു നോക്കുക. ഫ്ലഷ് സംവിധാനം കൃത്യമായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ മാത്രമേ ശുചിമുറി വീണ്ടും ഉപയോഗിക്കാനാവൂ. 

ക്ലോറിൻ ലായനിയും തുടർന്നു ക്ലീനറുകളുമുപയോഗിച്ചു വൃത്തിയാക്കിയതിനു ശേഷം ഫ്ലഷ് പ്രവർത്തിക്കുന്ന ശുചിമുറികൾ ഉപയോഗിക്കാം. ഫ്ലഷ് ടാങ്കുകളിൽ ചിലപ്പോൾ മാലിന്യം നിറഞ്ഞിട്ടുണ്ടാകും. ഈ സാഹചര്യത്തിൽ ശുചിമുറികൾ ഉപയോഗിക്കരുത്. 

വ്യക്തിശുചിത്വവും പ്രധാനം

ചർമത്തിലെ ചൊറി, വളംകടി, എലിപ്പനി, ചിക്കൻപോക്സ്, വയറിളക്കം, ഛർദി, അതിസാരം, കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ പടരാൻ സാധ്യത കൂടുതലാണ്. അതിനാൽ വ്യക്തിശുചിത്വത്തിൽ പ്രത്യേക ശ്രദ്ധ വേണം. തിളപ്പിച്ചവെള്ളവും ചൂടുള്ള ആഹാരങ്ങളും മാത്രമേ കഴിക്കാവൂ. വൃത്തിഹീനമായ സാഹചര്യങ്ങളിൽ തയാറാക്കിയ ആഹാരം കഴിക്കരുത്.

ശുദ്ധജല ദൗർലഭ്യമുള്ള സാഹചര്യത്തിൽ വെള്ളം പാഴാക്കാതെ, ശ്രദ്ധയോടെ ഉപയോഗിക്കുകയും വേണം. കൈകാലുകളിൽ മുറിവുള്ളവർ കഴിവതും വൃത്തിയാക്കലിനായി ചെളിവെള്ളത്തിലിറങ്ങരുത്. കൊച്ചുകുട്ടികൾ അഴുക്കു വെള്ളത്തിൽ കളിക്കുന്നതു തടയുകയും വേണം.

ഇഴജന്തുക്കൾ–കരുതൽ വേണം

വെള്ളമൊഴുകിപ്പോയെങ്കിലും വെള്ളത്തോടൊപ്പം വന്ന പല ഇഴജന്തുക്കളും പോകാൻ മടിച്ചു വീടിന്റെ ഏതെങ്കിലും ഭാഗത്ത് ഒളിച്ചിരിക്കുന്നുണ്ടാകും. പെട്ടെന്നു വീടുകളിലേക്കു കയറാതെ പാമ്പോ മറ്റു ജീവികളോ ഉണ്ടോയെന്നു ശ്രദ്ധിക്കണം. വെള്ളമൊഴുകിപ്പോയ പ്രദേശങ്ങളിൽ മലമ്പാമ്പിനെ വരെ കാണാനുള്ള സാധ്യതയുണ്ട്. ഇടുക്കി, ഇടമലയാർ ഡാമുകൾ തുറന്നുവിട്ടപ്പോഴെത്തിയ വെള്ളത്തിനൊപ്പം ചീങ്കണ്ണിയെ കണ്ടതായി സൂചനയുണ്ട്. ആലുവ, ഏലൂർ പ്രദേശങ്ങളിൽ പല വീടുകളിലും പാമ്പിനെ കണ്ടതോടെ കരുതൽ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകുന്നു. ക്ലോറിനേഷൻ ഇഴജന്തുക്കളെ തുരത്തും. ക്ലോറിന്റെ മണമടിക്കുമ്പോൾ പാമ്പുകൾ ഓടിപ്പോകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

Read More : Health Tips