കുട്ടിയുടെ സ്വഭാവം ആഗ്രഹിക്കും പോലെ ആവാൻ?

അച്ഛനമ്മമാർ ആഗ്രഹിക്കുന്നതു പോലെ മക്കളുടെ സ്വഭാവം മാറാൻ വഴിപാടു നേരാൻ പോലും അമ്മമാർക്കു മടിയില്ല. എന്നാൽ രണ്ടേ രണ്ടു കാര്യങ്ങൾ കൊണ്ട് കുട്ടികളുടെ സ്വഭാവ പ്രശ്നങ്ങളെ നല്ലൊരളവോളം മാറ്റിയെടുക്കാം. ഒന്ന് അഭിനന്ദനം. രണ്ട് വിമർശനം. ഈ രണ്ടു കാര്യങ്ങളും കൃത്യമായ അളവിലും രീതിയിലുമാണ് കുട്ടികൾക്കു നൽകുന്നതെങ്കിൽ അവരുടെ സ്വാഭാവം നേർവഴിയാക്കാം. 

കുട്ടി നല്ല കാര്യം ചെയ്താൽ അതിനെ അപ്പോൾ തന്നെ വേണ്ടവിധം അഭിനന്ദിക്കണം. സാധാരണ സ്വന്തം മുറി വൃത്തിയിൽ സൂക്ഷിക്കാൻ മടിയുള്ള കുട്ടി ഒരു ദിവസം അതു ഭംഗിയായി ചെയ്തിരിക്കുന്നതു കണ്ടാൽ ‘ഇന്നെങ്കിലും നിനക്കിതു ചെയ്യാൻ തോന്നിയല്ലോ...?’ എന്നു നെഗറ്റീവായി അഭിപ്രായം രേഖപ്പെടുത്തുന്നവരാണ് അധികവും. എന്നാൽ മറിച്ച്, ‘ആഹാ കൊള്ളാലോ, നിന്റെ മുറിക്ക് ഇത്രയും ഭംഗിയുണ്ടെന്ന് ഇപ്പോഴാ മനസ്സിലായത്. നന്നായി മോനേ....’ എന്നു തോളിൽ തട്ടി വളരെ പോസിറ്റീവായ അഭിനന്ദനമാണെങ്കിൽ കുട്ടി ആ ശീലം ആവർത്തിക്കാൻ ശ്രമിക്കും. 

അതു പോലെ തെറ്റായ കാര്യങ്ങൾ പറയുകയോ ചെയ്യുകയോ ചെയ്താൽ അനിഷ്ടം വ്യക്തമാക്കാനും അങ്ങനെ ചെയ്യുന്നതിന്റെ ദോഷം ബോധ്യപ്പെടുത്താനും ശ്രമിക്കണം. പരീക്ഷയ്ക്കു മാർക്ക് കുറയുന്ന കുട്ടിയെ വിഷമിപ്പിക്കും വിധം ‘നിന്നെ എന്തിനു കൊള്ളാം’ എന്നതരത്തിലൊക്കെ വഴക്കു പറയുകയോ കളിയാക്കുകയോ ചെയ്യുന്നതു കൊണ്ടു കുട്ടിയുടെ ഉള്ള ആത്മവിശ്വാസം കൂടി പോകും. പകരം ‘ഈ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിൽ അമ്മയ്ക്കും വിഷമമുണ്ട്. അൽപം കൂടി ശ്രമിച്ചാൽ തീർച്ചയായും നിനക്കു നല്ല മാർക്ക് വാങ്ങാൻ പറ്റുമെന്ന് അമ്മയ്ക്ക് ഉറപ്പുണ്ട്. അടുത്ത പരീക്ഷയ്ക്കു മോൾക്ക്/ മോന് അതിനു കഴിയും.’ ഈ വാക്കുകൾ കൂടുതൽ നന്നായി പഠിക്കാൻ പ്രചോദനമാകും. 

Read More : Health and Wellbeing