ഒക്കിനാവക്കാരുടെ ദീർഘായുസ്സിന്റെ രഹസ്യം; കേട്ടാൽതന്നെ കൊതി വരും

രണ്ടാംലോക മഹായുദ്ധം വലിച്ചുകീറിയ നാടാണ് ജപ്പാനിലെ ഒക്കിനാവ ദ്വീപ്. കൊല്ലപ്പെട്ടതു രണ്ടുലക്ഷത്തിലേറെപ്പേർ. ക്ഷാമം പിന്നെയും വർഷങ്ങൾ നീണ്ടു. പക്ഷേ, ഇന്ന് ഒക്കിനാവ അറിയപ്പെടുന്നതിനു പിന്നിൽ ആ സഹനങ്ങളല്ല, ഒരു രഹസ്യമാണ്; ദീർഘായുസ്സിന്റെ രഹസ്യം. ലോകത്ത് ഏറ്റവും അധികം ആയുർദൈർഘ്യമുള്ള ‘ബ്ലൂസോണുകളിൽ’ ഒന്ന് ഇവിടമാണ്. എൺപതും തൊണ്ണൂറുമൊക്കെ കടന്നവർ ഇവിടെ ന്യൂജെൻ. അർബുദവും ഹൃദയാഘാതവും പൊതുവേ ഇവരെ തൊടാറില്ല. എന്തുകൊണ്ടാണ് ഒക്കിനാവയിലെ ജീവിതം യൗവനതീക്ഷ്‌ണവും ആയുസ്സ് സുരഭിലവുമാകുന്നത്? 

1. ഇക്കിഗായി 

ഈ ജാപ്പനീസ് വാക്കിനെ ഇംഗ്ലിഷിലേക്ക് മൊഴിമാറ്റുക പ്രയാസം. ദിവസവും നമ്മെ കിടക്കയിൽനിന്നു പിടിച്ചെഴുന്നേൽപ്പിക്കുന്ന കാരണമാണ് ഇക്കിഗായി. ഒതുങ്ങിക്കൂടാതെ, ഉഷാറായി ജീവിതത്തിരക്കുകളിൽ മുഴുകുന്നതിന്റെ സന്തോഷമെന്നു വിളിക്കാം ഇതിനെ. ഇക്കിഗായിയിൽ വിശ്വസിക്കുന്നവരാണ് ഒക്കിനാവക്കാർ. ചടഞ്ഞുകൂടാതെ ജീവിതാനന്ദത്തിലേക്കു ചാടിയിറങ്ങുന്നവർ. 

2. മുല്ലപ്പൂ ചായ 

ഗ്രീൻ ടീ ചെറുപ്പം കാത്തുസൂക്ഷിക്കാൻ നല്ലതാണെന്നു പഠനങ്ങളിൽ തെളിഞ്ഞിട്ടുള്ളതാണ്. ഒക്കിനാവക്കാർ കുടിക്കുന്നതാകട്ടെ വെറും ഗ്രീൻ ടീയല്ല. മുല്ലപ്പൂക്കളും ഗ്രീൻ ടീയും ചേർന്ന സൻപിൻ ചായ!. ഹൃദ്രോഗം ചെറുക്കാനും സമ്മർദം കുറയ്‌ക്കാനും ഉണർവോടെയിരിക്കാനും ഇതു സഹായിക്കുന്നു. 

3. ഒക്കിനാവൻ മെനു 

വാരിവലിച്ചു തിന്നു വയർ നിറയ്‌ക്കില്ല. നിറഞ്ഞെന്ന തോന്നലിനും മുൻപേ കഴിക്കുന്നതു നിർത്തും. ആഹാരം വിളമ്പുന്നതു തന്നെ ചെറിയ പിഞ്ഞാണങ്ങളിൽ. ദിവസവും പഴങ്ങളും പച്ചക്കറിയും പലവട്ടം കഴിക്കും. ആഴ്‌ചയിൽ മൂന്നുദിവസമെങ്കിലും ചൂര പോലുള്ള മീനുകളുടെ കറി. മധുരക്കിഴങ്ങും സോയാ മിൽക്കിൽനിന്നുണ്ടാക്കുന്ന ടൊഫുവും പതിവ്. കടുത്ത പഞ്ചസാര വിരോധികൾ. കഴിയുന്നതും ഉപയോഗിക്കാതെ നോക്കും. ഉപ്പും കുറവ്. പഞ്ചസാരയുടെയും ഉപ്പിന്റെയും ദോഷങ്ങളെക്കുറിച്ചു പുറത്തുവരുന്ന ഗവേഷണങ്ങൾ ഒക്കിനാവയുടെ ആയുർദൈർഘ്യത്തിലേക്കു കൂടിയാണു വിരൽ ചൂണ്ടുന്നത്. നാരങ്ങ പോലുള്ള ഷികുവസയെന്ന മാന്ത്രികഫലം ആയുസ്സു കൂട്ടുന്നെന്നും ഒക്കിനാവക്കാർ കരുതുന്നു. തീൻമേശയിലെ പലമയാണു മറ്റൊരു പ്രത്യേകത. 206 ഇനങ്ങളിൽപ്പെട്ട ആഹാര പദാർഥങ്ങളാണിവിടെ ഉപയോഗിക്കുന്നത്. ദിവസവും കുറഞ്ഞതു 18 തരത്തിലുള്ള ഇനങ്ങൾ പതിവ്. കോശങ്ങളുടെ പ്രായം കൂട്ടുന്ന ഫ്രീ റാഡിക്കലുകൾ കുറവാണ് ഒക്കിനാവ ഡയറ്റിൽ. 

4. നാട്, നടത്തം, നൻമ 

കഴിയുന്നതും വീടിനു പുറത്തിറങ്ങാനാണ് ഇവിടത്തുകാർക്കിഷ്ടം. വാഹനങ്ങൾ ഉപയോഗിക്കാതെ നടന്നുപോകുന്നതാണു ശീലം. വാർധക്യത്തിന്റെ ഒറ്റപ്പെടലും ഇല്ല. ഏകാന്തതയുടെയല്ല, ‘കൂട്ടാന്തത’യുടെ നൂറുവർഷങ്ങളാണ് ഇവർ ആഘോഷിക്കുന്നത്. കൂട്ടായ്‌മകളിലൂടെ ചെറുപ്പം നിലനിർത്തുന്നു. അറിയാത്തവരോടു പോലും തികഞ്ഞ മൈത്രിയോടെയാണ് പെരുമാറ്റം. നാളെയെക്കുറിച്ചുള്ള ആകുലതകളില്ലാതെ, ഈ നിമിഷം മാത്രമേ ഉള്ളൂ എന്ന മട്ടിൽ മുഴുകുന്നവരാണ് ഇവർ. ഇവിടെ, ചിരിയില്ലാത്ത ചുണ്ടുകൾ കുറവാണ്. 

Read More : Health Tips

MORE IN WELL BEING