പാചകത്തിലെ ഈ അബദ്ധങ്ങള്‍ പൊണ്ണത്തടിയുണ്ടാക്കും

വണ്ണം കുറയ്ക്കാന്‍ മിക്കവരും ചെയ്യുന്ന സംഗതിയാണ് പുറത്തുനിന്നുള്ള ആഹാരം ഒഴിവാക്കി വീട്ടില്‍ത്തന്നെ പാകം ചെയ്ത ആഹാരം കഴിക്കുക എന്നത്. വീട്ടിലുണ്ടാക്കുന്ന ആഹാരത്തിനു കാലറി കുറവായിരിക്കുമെന്നാണ് പൊതുവേ പറയുക. സ്വയം പാകം ചെയ്യുമ്പോള്‍ എണ്ണയും മറ്റും കുറവായിരിക്കും എന്നതും മറ്റും ഇതിനു കാരണമായി പറയാറുണ്ട്‌. എന്നാല്‍ നമ്മുടെ പാചകരീതി ശരിയാണോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?

എന്തു കഴിക്കുന്നു എന്നതു പോലെ തന്നെ പ്രധാനമാണ് നമ്മള്‍ എങ്ങനെ ആഹാരം ഉണ്ടാക്കുന്നു എന്നതും. ആഹാരത്തിന്റെ പോഷകഫലങ്ങള്‍ ഇല്ലാതാക്കിക്കൊണ്ടാണ് പാചകമെങ്കില്‍ അതു വീട്ടില്‍ ഉണ്ടാക്കിയിട്ടു കാര്യമില്ലെന്നു സാരം. പാചകത്തില്‍ നമ്മളറിയാതെ സംഭവിക്കുന്ന ചില പാകപ്പിഴകള്‍ നോക്കാം.

ഉപയോഗിച്ച എണ്ണ തന്നെയാണോ വീണ്ടും ഉപയോഗിക്കുന്നത് ?

ഒരിക്കല്‍ പാകം ചെയ്യാന്‍ ഉപയോഗിച്ച എണ്ണതന്നെ വീണ്ടും ഉപയോഗിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ ചെയ്യുന്നതു തെറ്റാണ്. എന്തെങ്കിലും വറുക്കാനോ മറ്റോ ഉപയോഗിച്ച ശേഷം ബാക്കി വന്ന എണ്ണ വീണ്ടും ഉപയോഗിക്കുന്നതു നല്ലതല്ല. ഇത് എണ്ണയെ carcinogenic ആക്കും. ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് ആവശ്യത്തിനു മാത്രം എണ്ണ എടുക്കുക. ബാക്കി വന്നത് വീണ്ടും ഉപയോഗിക്കാതെ നോക്കുക.

പാകം ചെയ്യുന്നതിനിടയില്‍ കഴിക്കാറുണ്ടോ ?

വീട്ടമ്മമാര്‍ ചെയ്യാറുള്ളതാണ് പാചകം ചെയ്യുന്നതിനിടയില്‍ ആഹാരത്തിന്റെ രുചിയും വേവും മറ്റും നോക്കാന്‍ ഇത്തിരി എടുത്തു കഴിക്കുക എന്നത്. മറ്റു ചിലര്‍ കൊതി കൂടുമ്പോഴാണ് ഇങ്ങനെ ഇടയ്ക്കിടെ കഴിക്കുന്നത്‌. ഇതു രണ്ടും നല്ല ശീലമല്ല. അമിത കാലറി ശരീരത്തില്‍ എത്താന്‍ മാത്രമേ ഇതു കാരണമാകൂ.

പകരം വേണ്ട

നെയ്യോ ബട്ടറോ ഉപയോഗിക്കുന്നതിനു പകരം മറ്റു പലതും ഉപയോഗിക്കുന്നവര്‍ ഉണ്ട്. കാലറി കുറയ്ക്കാന്‍ എന്ന പേരിലാണ് ഈ പ്രവൃത്തി. എന്നാല്‍ ഇതു മണ്ടത്തരമാണ്. ഒരു ടേബിള്‍ സ്പൂണ്‍ ബട്ടറില്‍ 103.5 കാലറി ആണുള്ളത്. അതേസമയം ഇതിനു പകരം ഉപയോഗിക്കുന്ന ഒരു സ്പൂണ്‍ വനസ്പതിയിലോ 122.4 കാലറിയും.

വൈറ്റ് ബ്രെഡും ബ്രൗണ്‍ ബ്രെഡും

ബ്രൗണ്‍ ബ്രെഡ്‌ പൊതുവേ ആരോഗ്യകരമാണെന്നു ചിന്തിക്കുന്നവര്‍ ഉണ്ട്. ഇത് തീര്‍ത്തും തെറ്റാണ്. ഇനി ബ്രൗണ്‍ ബ്രെഡ്‌ തന്നെ വേണം എന്നുണ്ടെങ്കില്‍ ഹോള്‍ ഗ്രൈന്‍ ബ്രെഡ്‌ വാങ്ങുക (wholegrain bread). ഫൈബര്‍, വൈറ്റമിന്‍ എന്നിവയെല്ലാം ധാരാളം അടങ്ങിയതാണ് ഈ ബ്രെഡ്‌.

Read More : Health Tips